night news hd 3

ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം നടത്തിയ ഹമാസ് സംഘത്തെ നയിച്ച കമാണ്ടർ അലി ഖാദിയെ വധിച്ചതായി ഇസ്രയേൽ. ഹമാസ് ഉന്നതൻ മിലിട്ടറി കമാൻഡർ അബു മുറാദിനെയും വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായും ഇസ്രയേൽ അറിയിച്ചു.

ഓപ്പറേഷൻ അജയ് യുടെ ഭാ​ഗമായി രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യക്കാരുമായി ഇസ്രയേലിൽ നിന്ന് പുറപ്പെടും. ഇസ്രയേലിൽ നിന്ന് തിരികെ എത്തുന്ന ഇന്ത്യക്കാരിൽ മലയാളികളുമുണ്ട്.ഓപ്പറേഷൻ അജയ് യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും എത്തിയ ആദ്യ സംഘത്തിലെ കേരളത്തില്‍ നിന്നുളള ഏഴു പേരില്‍ അഞ്ച് പേര്‍ നാട്ടില്‍ തിരിച്ചെത്തി.

ഇസ്രയേലിൽ അതിർത്തി കടന്ന് ആക്രമിച്ച ഹമാസിൻറേത് ഭീകരവാദമെന്ന ഇന്ത്യയുടെ നിലപാടിനോട് വിയോജിച്ച് പലസ്തീൻ. ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്‌നൻ അബു അൽഹൈജയാണ് ഇന്ത്യയുടെ നിലപാടിനെ വിമർശിച്ചത്. പലസ്തീനിൽ അധിനിവേശം നടത്തുന്ന ഇസ്രേയലാണ് ഭീകരവാദികളെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്എഫ്ഇയില്‍ ഗുരുതരക്രമക്കേട് നടക്കുന്നുവെന്നും സഹകരണ സ്ഥാപനങ്ങളില്‍നിന്ന് ഇഡി ഇന്നല്ലെങ്കില്‍ നാളെ കെഎസ്എഫ്ഇയിലുമെത്തുമെന്നുള്ള വിമര്‍ശനം വിവാദമായതോടെ വിശദീകരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂനിയന്‍റെ പതിനേഴാം സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

​ഗണേഷ്കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭ വികൃതമാകുമെന്ന് പരിഹസിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിമാരെ മാറ്റിയിട്ട് കാര്യമുണ്ടോ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് സൗജന്യ നിയമ സഹായം നൽകാൻ ബിജെപി ലീഗൽ സെൽ. തൃശ്ശൂരിൽ ചേർന്ന മേഖല സമ്മേളനത്തിലാണ് തീരുമാനം.

കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിലും ഇഡി അന്വേഷണം. കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി.

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്കും തിരിച്ചും ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങൾ ഒക്ടോബർ 18 വരെ എയർ ഇന്ത്യ റദ്ദാക്കി.

ലോകത്ത് തന്നെയുള്ള ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തുറമുഖത്തിന്റെ പിതൃത്വം പലരും അവകാശപ്പെടുന്നുണ്ട്. ഇടതു പക്ഷ മുന്നണി അധികാരത്തിൽ എത്തിയപ്പോഴാണ് പദ്ധതി മുന്നോട്ട് പോയതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുത്തില്ലെങ്കില്‍ അവര്‍ക്കിടയില്‍ ഹമാസുകള്‍ ജനിക്കും, അത് സ്വാഭാവികമാണെന്ന് കെടി ജലീല്‍. അത്തരക്കാര്‍ ഉണ്ടാവാതിരിക്കണമെങ്കില്‍ നിസഹായരായ മനുഷ്യരെ കൊന്നൊടുക്കുന്ന ഭരണകൂട-സാമ്രാജ്യത്വ-ഇസ്രായേലുകള്‍ നടത്തുന്ന കൊടും ഭീകരത അവസാനിപ്പിക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം.തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ നേരത്തെ തന്നെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളിൽ ശാശ്വത പരിഹാരം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമാണ് മൂന്നാർ ഹിൽ അതോറിറ്റി. വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് ഒപ്പം അനധികൃത നിർമ്മാണങ്ങളും നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം ഡിസിസി പ്രസിഡന്‍റിനെതിരെ ആരോപണങ്ങളുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ രംഗത്തെത്തി. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വിമത പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന് എല്‍ദോസ് കുന്നപ്പിള്ളി ആരോപിച്ചു.

കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ ആർക്കൊക്കെ നൽകണമെന്ന് തീരുമാനിച്ചത് സിപിഎമ്മാണെന്ന ഇഡിയുടെ റിപ്പോർട്ട് തട്ടിപ്പിലെ സിപിഎം പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

കിലെയിലെ പിന്‍വാതില്‍ നിയമനത്തില്‍ ന്യായീകരണവുമായി മന്ത്രി വി.ശിവന്‍കുട്ടി.ഡിവൈഎഫ്ഐ നേതാവ് സൂര്യ ഹേമന്‍ യോഗ്യതയുള്ള ആളാണെന്നും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ആളെ കിട്ടാഞ്ഞതുകൊണ്ടാണ് അവരെ നിയമിച്ചതെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികളുടെ എല്ലാ മാതാപിതാക്കള്‍ക്കും 3 മാസത്തിനുള്ളില്‍ ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

പത്തനംതിട്ട കാർഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്. 25 വർഷമായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്കാണ് എൽഡിഎഫ് പിടിച്ചെടുത്തത്. എൽഡിഎഫ് പാനലിലെ 13 പേരും-വിജയിച്ചു.

ആരെയും യുഎപിഎ ചുമത്തി ജയിലിൽ ഇടുന്ന നടപടിയാണ് ഇപ്പോൾ ഉളളതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സർക്കാർ. രാഷ്ട്രീയ ലക്ഷ്യത്തിന് കേന്ദ്രസർക്കാർ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു. ഏഴു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കാൻ നടപടി സ്വീകരിച്ചു.

ഷെൻ ഹുവ -15 ചരക്കുകപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിടുന്നതോടെ നാടിന്റെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിറ്റാണ്ടുകൾ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യത്തെ കപ്പൽ നാളെ എത്തിച്ചേരും.

40 വര്‍ഷത്തിന് ശേഷം തമിഴ്‌നാട്ടില്‍ നിന്നും ശ്രീലങ്കയ്ക്ക് നടത്തുന്ന ഫെറി സര്‍വീസിന് തുടക്കമായി. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഫ്ളാഗ് ഓഫ് ചെയ്തതോടെയാണ് സര്‍വീസിന് വീണ്ടും ആരംഭമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു.

മധ്യ ഓവറുകളിലെ മികച്ച പ്രകടനത്തിലൂടെ പാകിസ്താനെ പിടിച്ചുകെട്ടിയ ഇന്ത്യയ്ക്ക് 192 റണ്‍സ് വിജയലക്ഷ്യം. ബൗളര്‍മാരുടെ മികച്ച പ്രകടനവും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ണായക ബൗളിങ് മാറ്റങ്ങളുമാണ് നിര്‍ണായകമായത്. ടോസ് നേടി പാകിസ്താനെ ബാറ്റിങ്ങിനയച്ച ഇന്ത്യ അവരെ 42.5 ഓവറില്‍ 191 റണ്‍സിന് പുറത്താക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *