ഗൂഗിളിലെ ഏറ്റവും പുതിയ സംവിധാനം വളരെയധികം ഉപയോഗപ്രദമാണ്. ആന്‍ഡ്രോയ്ഡ് ഫോണുകളെ ചെറിയ ഭൂകമ്പമാപിനികളാക്കി മാറ്റുന്ന ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോണിലെ സെന്‍സറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനം എന്‍ഡിഎംഎ (നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി), എന്എസ്സി (നാഷനല്‍ സീസ്മോളജി സെന്റര്‍) എന്നിവയുമായി സഹകരിച്ചാണ് വികസിപ്പിച്ചത്. ഭൂകമ്പ സാധ്യതയുള്ള മേഖലകളില്‍ പ്രാദേശിക ഭാഷകളില്‍ ഫോണില്‍ മുന്നറിയിപ്പ് സന്ദേശം ലഭിക്കും. റിക്ടര്‍ സ്കെയിലില്‍ 4.5നു മുകളില്‍ തീവ്രതയുള്ള ഭൂകമ്പസമയത്ത് ഫോണില്‍ ജാഗ്രതാ നിര്‍ദേശം ലഭിക്കും. സുരക്ഷയ്ക്കായി എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദേശവും ഫോണിന്റെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഫോണ്‍ സൈലന്റ് മോഡിലായാലും അതിനെ മറികടന്നു ഉച്ചത്തിലുള്ള അലാമും സുരക്ഷാ നടപടികള്‍ക്കായുള്ള നിര്‍ദ്ദേശവും ഫോണില്‍ പ്രത്യക്ഷപ്പെടും. സെറ്റിങ്സില്‍ സേഫ്റ്റി ആന്‍ഡ് എമര്‍ജന്‍സി ഓപ്ഷനില്‍ നിന്ന് എര്‍ത്ത്ക്വെയ്ക് അലര്‍ട്സ് ഓണ്‍ ചെയ്താല്‍ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാം. ഭൂകമ്പ തരംഗങ്ങള്‍ ഭൂമിയിലൂടെ പ്രചരിക്കുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ ഇന്റര്‍നെറ്റ് സിഗ്നലുകള്‍ സഞ്ചരിക്കും, അതിനാല്‍ ശക്തമായ കുലുക്കത്തിന് ഏതാനും സെക്കന്‍ഡുകള്‍ക്ക് മുന്‍പ് അലേര്‍ട്ടുകള്‍ ഫോണുകളില്‍ എത്തുന്നുവെന്നു ഗൂഗിള്‍ വിശദീകരിക്കുന്നു.