ഒരു രാജ്യം, ഒറ്റ വോട്ടെടുപ്പ് എന്ന ആശയം രാജ്യത്തിന്റെ ഭരണഘടനയ്ക്കും സംസ്ഥാനങ്ങള്‍ക്കും എതിരാണഎന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. സംസ്ഥാനങ്ങളുടെ യൂണിയനാണ് ഈ രാജ്യം. സംസ്ഥാനങ്ങള്‍, യൂണിയന്‍, ഫെഡറലിസം എന്നീ ആശയങ്ങളെ ഇല്ലാതാക്കാനാണ് നീക്കമെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ആവേശോജ്വലമായി. റോഡ് ഷോകളുമായി മൂന്നു മുന്നണികളുടെയും നേതാക്കള്‍ പുതുപ്പള്ളിയിലെ പാമ്പാടിയില്‍ നിറഞ്ഞുനിന്നു. കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പോത്ത് പരാമര്‍ശവും ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോയുമാണ് അവസാന ലാപ്പിലെ പ്രചാരണായുധങ്ങള്‍. പരസ്യപ്രചാരണം അവസാനിച്ച പുതുപ്പള്ളിയില്‍ ചൊവ്വാഴ്ചയാണു വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണും.
പുരാവസ്തു തട്ടിപ്പു കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ ബിന്ദുലേഖയ്ക്കും പങ്കുണ്ടെന്നാണു ക്രൈംബ്രാഞ്ചിന്റെ ആരോപണം.
എ ഐ ക്യാമറ വിഷയത്തില്‍ ഹൈക്കോടതി വിലക്ക് നിലനില്‍ക്കേ എസ് ആര്‍ ഐ ടി കമ്പനി ആദ്യ ഗഡു ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കമ്പനിക്ക് തല്‍ക്കാലം തുക നല്‍കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
കോഴിക്കോട് മലപ്പുറം അതിര്‍ത്തിപ്രദേശമായ കക്കാടംപൊയില്‍ കോനൂര്‍ക്കണ്ടി മരത്തോട് റോഡില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്കു മറിഞ്ഞു ഒരാള്‍ മരിച്ചു. കൊടിയത്തൂര്‍ കുളങ്ങര സ്വദേശി അബ്ദുല്‍ സലാം ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രിയെ പോത്ത് എന്ന് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനുതന്നെയാണ് ആ പേരു ചേരുന്നതെന്ന് മന്ത്രി വിഎന്‍ വാസവന്‍. കെപിസിസി പ്രസിഡന്റിനു യോജിക്കാത്ത പരാമര്‍ശമാണ് സുധാകരന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന് മാനസിക രോഗമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമത്തില്‍ സീനിയര്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് ബലാത്സംഗകുറ്റം ചുമത്തി കേസെടുത്തു. ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെയാണ് കേസ്. 2019 ല്‍ ഹൗസ് സര്‍ജന്‍സിക്കിടെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി.
ബിരുദധാരികളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റിസുമാരായി നിയമിക്കുന്നു. കേരളത്തില്‍ 424 ഒഴിവുകള്‍ അടക്കം മൊത്തം 6,160 ഒഴിവുകളുണ്ട്. ഈ മാസം 21 വരെ എസ്ബിഐയുടെ വെബ് സൈറ്റിലൂടെ അപേക്ഷിക്കാം.
കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ കെഎസ് ഈശ്വരപ്പ. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം കര്‍ണാടകയില്‍ കോണ്‍ഗ്രസ് അവശേഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിശയിപ്പിക്കുന്ന വേഗതയുമായി റിലയന്‍സിന്റെ ജിയോ എയര്‍ഫൈബര്‍ ഗണേശ ചതുര്‍ത്ഥി ദിനമായ 19 ന് ലോഞ്ച് ചെയ്യുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. ജിയോയുടെ 5 ജി സേവനങ്ങള്‍ ഡിസംബറോടെ ലഭ്യമാക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 46-ാമത് എജിഎമ്മിലാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം.
പ്രതിപക്ഷ മഹാസഖ്യമായ ‘ഇന്ത്യ’യുടെ ഹിന്ദു മത വിദ്വേഷമാണ് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാതന ധര്‍മത്തിനെതിരായ പ്രസംഗത്തിലൂടെ കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ പൈതൃകത്തിനെതിരായ ആക്രമണമാണ് ഇതെന്നും അമിത് ഷാ രാജസ്ഥാനിലെ ഡുംഗര്‍പൂരിലെ ബിജെപി സമ്മേളനത്തില്‍ ആരോപിച്ചു.
അമ്മയേയും സഹോദരനേയും കൊന്ന് മൃതദേഹം ബെഡ് ബോക്‌സിനുള്ളില്‍ തള്ളി മൂത്തമകന്‍ മുങ്ങി. മഹാരാഷ്ട്രയിലെ അമരാവതിയില്‍ 45 കാരിയായ നീലിമ ഗണേഷ് കപ്സെ, 22 കാരനായ മകന്‍ ആയുഷ് കപ്സെ എന്നിവരാണ് കൊല്ലപ്പെട്ടത്. നീലിമയുടെ മൂത്തമകനെ പോലീസ് തെരയുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.