പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെ ഒന്നര വര്‍ഷംമുമ്പ് കൊന്നെന്നു കേസെടുത്ത് ഭാര്യ അഫ്‌സാനയെ അറസ്റ്റു ചെയ്തു തെളിവെടുപ്പു നടത്തിക്കൊണ്ടിരിക്കേ, നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തി. തൊമ്മന്‍കുത്തില്‍നിന്നു കണ്ടെത്തിയ നൗഷാദിനെ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. നൗഷാദിന്റെ ഭാര്യ അഫ്‌സാന പറഞ്ഞ എല്ലാ മൊഴികളും കളവാണെന്നാണ് പൊലീസ് പറയുന്നത്. നൗഷാദിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. കൊല്ലപ്പെട്ടേക്കാമെന്നു പേടിയുള്ളതിനാലാണ് ഫോണ്‍പോലും ഉപയോഗിക്കാതെ ഒളിച്ചു കഴിഞ്ഞതെന്നാണ് നൗഷാദിന്റെ പ്രതികരണം. കൊലക്കേസ് പ്രതിയെന്ന നിലയില്‍ അഫ്‌സാനയെ കോടതി റിമാന്‍ഡു ചെയ്തിരിക്കുകയാണ്.
ഏക സിവില്‍ കോഡിനെതിരേ സ്വകാര്യ ബില്ലുമായി ബിജെപി എംപി രംഗത്ത്. ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും സംരക്ഷണം വേണമെന്നാണ് ബില്ലിലെ ആവശ്യം. ബിജെപി എംപി സുനില്‍ കുമാര്‍ സിംഗാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. നേരത്തെ, ബിജെപി എംപി കിരോഡി ലാല്‍ മീണ ഏക സിവില്‍ കോഡിനെതിരേ സ്വകാര്യബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു.
പാര്‍ലമെന്റില്‍ ഏഴാം ദിവസവും ബഹളം. സഭാനടപടികള്‍ തടസപ്പെട്ടു. മണിപ്പൂര്‍ വിഷയം ഇന്നുതന്നെ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം ബഹളംവച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലെ ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം വേണമെന്ന് അതിജീവിത. പരിശോധന നടത്തിയ ഡോക്ടര്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി.
മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്ന് മുസ്ലിം ലീ?ഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. സംഘടനാ പ്രവര്‍ത്തകര്‍ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉള്‍ക്കൊള്ളണം. ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
കോഴിക്കോട് പോലീസിന്റെ നിയന്ത്രണത്തിലുള്ള മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്ര നടത്തിപ്പിനു ശമ്പളത്തില്‍നിന്ന് മാസം 20 രൂപ വീതം പിരിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് സ്ഥലംമാറ്റം. ആന്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിനെ മലപ്പുറത്തേക്കാണു മാറ്റിയത്.
തിരുവനന്തപുരം അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് പിടിയിലായത്. ഭര്‍ത്താവ് നേരത്തെ മരിച്ച ജൂലിക്ക് അവിഹിത ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടന്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വയനാട് ജില്ലയിലെ വെണ്ണിയോട് അഞ്ചുവയസുകാരിയായ കുഞ്ഞുമൊത്ത് ഗര്‍ഭിണിയായ യുവതി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കു ജാമ്യമില്ല. ഭര്‍ത്താവ് ഓം പ്രകാശ്, ഇയാളുടെ പിതാവ് ഋഷഭ രാജന്‍, അമ്മ ബ്രാഹ്‌മില എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കേടതി തള്ളിയത്. കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി. വിജയകുമാര്‍-വിശാലാക്ഷി ദമ്പതികളുടെ മകള്‍ ദര്‍ശന(32), ദര്‍ശനയുടെ മകള്‍ ദക്ഷ (അഞ്ച്) എന്നിവരാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.
തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്.
റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ വിധി നാളെ. വിദേശത്ത് വച്ച് ഗൂഢാലോചന നടത്തിയ പ്രതികള്‍ കേരളത്തിലെത്തി സ്റ്റുഡിയോക്കുള്ളില്‍ രാജേഷിനെ വെട്ടിക്കൊന്നെന്നാണു കേസ്. പ്രോസിക്യൂഷനുണ്ടായ വീഴ്ച കാരണം വിചാരണക്കിടെ സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി നിയമിച്ചിരുന്നു. 2018 മാര്‍ച്ച് 26 നായിരുന്നു കൊലപാതകം. ഖത്തറിലെ വ്യവസായി സത്താറിന്റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദത്തിലുണ്ടായ സംശയത്തെത്തുടര്‍ന്നാണു കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. സത്താറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ സാലിഹ് എന്ന അലിബായി വഴിയാണ് ക്വട്ടേഷന്‍ നടപ്പാക്കിയത്.
തിരുവനന്തപുരം മാറനല്ലൂരില്‍ സിപിഎം പ്രവര്‍ത്തകനെതിരേ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയും സിപിഐ പ്രവര്‍ത്തകനുമായ സജികുമാര്‍ ആത്മഹത്യ ചെയ്ത സംഭവം സിപിഐ ജില്ലാ നേതൃത്വം അന്വേഷിക്കും. കാട്ടാക്കട മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തില്‍ രണ്ടംഗ സംഘമാണ് അന്വേഷണം നടത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ആലപ്പുഴയില്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ നഗ്‌ന ചിത്രം പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി തഴവ പാനാറ തെക്കതില്‍ രതീഷ് (39), വള്ളികുന്നം കടുവിനാല്‍ കാഞ്ഞുകളീക്കല്‍ വീട്ടില്‍ ഗിരീഷ് കുമാര്‍ (36), വള്ളികുന്നം ഇലിപ്പക്കുളം വിഷ്ണുഭവനത്തില്‍ വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്.
മണിപ്പൂരില്‍ സ്ത്രീകളുടെ നഗ്‌ന വീഡിയോ പകര്‍ത്തിയ യുവാവിനെ കണ്ടെത്തിയെന്നും ഫോണ്‍ പിടിച്ചെടുത്തെന്നും കേന്ദ്രം. നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
മണിപ്പൂരിലേത് മതസംഘര്‍ഷമല്ലെന്ന് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്. രണ്ടു ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരിലേത്. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരണം. പള്ളികളും മുന്നോട്ടു വരണമെന്നും ബോംബെ ആര്‍ച്ച് ബിഷപ്പ് ഒസ്വാള്‍ഡ് ഗ്രേഷ്യസ് ആവശ്യപ്പെട്ടു.
ഭര്‍ത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞ ഭാര്യയെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണു സംഭവം. ഗജ്റൗള മേഖലയിലെ ശിവനഗര്‍ സ്വദേശിയായ 55 കാരനായ രാം പാലിനെയാണ് ഭാര്യ ദുലാരോ ദേവി കൊലപ്പെടുത്തിയത്.
റഷ്യയിലെ കൂലിപ്പടയായ വാഗ്നറിന്റെ മേധാവി യവ്ഗനി പ്രിഗോഷിന്‍ ആഫ്രിക്കയിലെ പ്രമുഖനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്ത്. പ്രിഗോഷിനെ പുടിന്‍ ഭരണകൂടം കൊലപ്പെടുത്തിയെന്ന് അഭ്യൂഹങ്ങള്‍ പരന്നിരിക്കേയാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.