കനത്ത മഴ തുടരുന്നതുമൂലം കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.
പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) നാളെ യോഗം ചേരും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ഓഫീസിലാണ് യോഗം. പാര്‍ലമെന്റില്‍ മണിപ്പൂര്‍ അടക്കമുളള വിഷയങ്ങളില്‍ എന്തു ചെയ്യണമെന്നു യോഗം ചര്‍ച്ച ചെയ്യും.
ട്വിറ്ററിനേയും അതിലെ കിളിയെയും പറത്തിവിട്ടു. ഇനി ട്വിറ്ററുമില്ല, നീലക്കിളിയുമില്ല. ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റി. പുതിയ പേരായ എക്‌സ് തന്നെയാണ് കിളിക്കു പകരമുള്ള ലോഗോ. ഇലോണ്‍ മസ്‌ക് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് 8.15 ശതമാനം പലിശ നിരക്ക് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ നിരക്ക് പ്രാബല്യത്തിലുണ്ടാകും.
ഓണക്കിറ്റ് എല്ലാവര്‍ക്കും നല്‍കാനാവില്ലെന്നും ഏതെല്ലാം വിഭാഗങ്ങള്‍ക്കു നല്‍കാനാകുമെന്നു തീരുമാനിച്ചിട്ടില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ഓണക്കാലം നന്നായി കൊണ്ടുപോകണം. സപ്ലൈകോക്ക് ഈ ആഴ്ചതന്നെ കുറച്ചു പണം നല്‍കും. ധനമന്ത്രി പറഞ്ഞു.
ചലച്ചിത്ര നയം രൂപീകരിക്കാനുള്ള സര്‍ക്കാര്‍ സമിതിയില്‍നിന്ന് സംവിധായകന്‍ രാജീവ്കുമാറും നടി മഞ്ജു വാര്യരും പിന്മാറി. സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ആണു സമിതി അധ്യക്ഷന്‍. ബി. ഉണ്ണികൃഷ്ണന്‍, മുകേഷ് എംഎല്‍എ, നിര്‍മാതാവ് സന്തോഷ് ടി. കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, പത്മപ്രിയ, നിഖില വിമല്‍ എന്നിവരാണ് കമ്മറ്റിയിലുള്ളത്.
ചലച്ചിത്ര നയരൂപീകരണ കമ്മിറ്റിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്താനാവില്ലെന്ന് മന്ത്രി സജി ചെറിയാന്‍. സിനിമാ രംഗത്തെ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിനായി മൂന്നു മാസത്തിനകം മെഗാ കോണ്‍ക്ലേവ് വിളിച്ചുകൂട്ടും. ലൈറ്റ് ബോയ് മുതല്‍ മെഗാസ്റ്റാര്‍ വരെ കോണ്‍ക്ലേവില്‍ പങ്കെടുക്കും. ജസ്റ്റിസ് ഹേമ കമ്മീഷന്റെ ബൃഹത്തായ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കാവില്ലെന്നും മന്ത്രി പറഞ്ഞു.
തരംതാണ രീതിയില്‍ വേട്ടയാടിയവരെ പോലും വാക്കുകൊണ്ട് വേദനിപ്പിക്കാത്ത ആളാണ് ഉമ്മന്‍ ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഉമ്മന്‍ചാണ്ടിയാവുക എന്നതാകണം എല്ലാ രാഷ്ട്രീയക്കാരുടെയും ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകനാണ് ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മികച്ച ഭരണാധികാരി മാത്രമല്ല പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ നേതാവാണെന്നും പിണറായി പറഞ്ഞു. പിണറായി വിജയന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസില്‍നിന്ന് ഉമ്മന്‍ ചാണ്ടിക്ക് അഭിവാദ്യ മുദ്രാവാക്യങ്ങള്‍ മുഴക്കിയെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി.
പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കു പനിയും രക്തസമ്മര്‍ദം മൂലമുള്ള ശാരീരിക അസ്വസ്ഥതകളും. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്ഇബി നടപ്പാക്കേണ്ട സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിച്ച സംസ്ഥാന സര്‍ക്കാര്‍ 10,475 കോടി രൂപയുടെ കേന്ദ്രപദ്ധതി നഷ്ടപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അഴിമതി നടക്കില്ലെന്ന് മനസിലായതുകൊണ്ടാണു കേരളം നിസഹകരിക്കുന്നത്. ഇതോടെ കേരളം രാജ്യത്തെ പ്രസരണ വിതരണ നവീകരണ പദ്ധതിയില്‍നിന്നു പുറത്താകും. തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത 2000 കോടി രൂപയുടെ കേന്ദ്ര ഗ്രാന്റും ഇതോടെ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ്. സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. ഒരുമിച്ച് നീങ്ങേണ്ട രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
ചെങ്ങന്നൂര്‍ തോനയ്ക്കാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംഘര്‍ഷം. പള്ളി പുതുക്കി പണിതതില്‍ ക്രമേക്കേട് ആരോപിച്ചാണ് രണ്ടു വിഭാഗക്കാര്‍ തമ്മില്‍ തല്ലിയത്.
വാരണാസി- കൊല്‍ക്കത്ത എക്സ്പ്രസ് വേയ്ക്ക് എന്‍എച്ച് 319 ബി എന്നു നാമകരണം ചെയ്ത് ദേശീയപാതാ അതോറിറ്റി. പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഏഴു മണിക്കൂറുകൊണ്ട് യാത്ര നടത്താം. നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെയും നിരവധി നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ എക്‌സ്പ്രസ് വേ.
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 24 കാരനായ ഗുര്‍വിന്ദര്‍ നാഥാണ് കൊല്ലപ്പെട്ടത്. പഠനത്തിനൊപ്പം ഫുഡ് ഡെലിവറി ജോലി ചെയ്യുന്ന ഗുര്‍വിന്ദര്‍ നാഥിന്റെ വാഹനം മോഷ്ടിക്കാനെത്തിയവരുടെ മര്‍ദനമേറ്റാണു മരിച്ചത്.