ഒരേ വീട്ടിലുള്ളവര്‍ ഒരു സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് നല്ലതല്ലെന്ന് പഠനം. സോപ്പിലും ചിലതരം അണുക്കള്‍ നിലനില്‍ക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സോപ്പില്‍ തുടരുന്ന ബാക്ടീരിയകള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. രണ്ട് മുതല്‍ അഞ്ച് വരെ വ്യത്യസ്ത തരം അണുക്കള്‍ സോപ്പില്‍ നിലനില്‍ക്കാമെന്നാണ് 2006ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. 2015ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിലാകട്ടെ 62 ശതമാനം ബാര്‍ സോപ്പുകളും അണുക്കളുടെ സാന്നിധ്യമുള്ളവയാണെന്നാണ് കണ്ടെത്തിയത്. ഇ-കോളി, സാല്‍മണെല്ല, ഷിഗെല്ല ബാക്ടീരിയകളും നോറോവൈറസ്, റോട്ടാവൈറസ്, സ്റ്റാഫ് പോലുള്ള വൈറസുകളും സോപ്പില്‍ തങ്ങി നിന്ന് ശരീരത്തിലെ മുറിവിലൂടെയും മറ്റും അകത്ത് കടക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ലിക്വിഡ് സോപ്പോ ബോഡി വാഷോ ഉപയോഗിക്കുന്നത് സോപ്പ് പങ്കുവയ്‌ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ നല്ലതാണ്. ഉപയോഗശേഷം സോപ്പ് കട്ട ഉണക്കി സൂക്ഷിക്കാനും മറക്കരുത്. കാരണം, നനഞ്ഞ പ്രതലങ്ങളിലാണ് ബാക്ടീരിയ വളരാന്‍ സാധ്യതയുള്ളത്. മറ്റൊരാള്‍ ഉപയോഗിച്ച സോപ്പ് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ടിവരുമ്പോള്‍ രണ്ട് തവണയെങ്കിലും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.