mid day hd 11

 

മൂവാറ്റുപുഴയില്‍ പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയതു ഭീകര പ്രവര്‍ത്തനമാണെന്നും കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്നും എന്‍ഐഎ കോടതി. സജില്‍, പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരാണു കുറ്റക്കാര്‍. ഷഫീക്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നീ അഞ്ചു പ്രതികളെ വെറുതെ വിട്ടു. ശിക്ഷ നാളെ പ്രസ്താവിക്കും. കുറ്റക്കാരായ ആറു പേരുടെയും ജാമ്യം റദ്ദാക്കി കാക്കനാട് ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു. ഒന്നാം പ്രതി അശമന്നൂര്‍ സവാദ് ഇപ്പോഴും ഒളിവിലാണ്.

തന്നെ ആക്രമിച്ചവരും വിചാരണ നേരിട്ടവരും വെറും ആയുധങ്ങള്‍ മാത്രമാണെന്നും കൈവെട്ടാന്‍ തീരുമാനമെടുത്തവര്‍ കാണാമറയത്താണെന്നും കൈവെട്ടിന് ഇരയായ പ്രൊഫ. ടി ജെ ജോസഫ്. പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ ഇരയ്ക്കു നീതി കിട്ടിയെന്ന വിശ്വാസം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏക സിവില്‍ കോഡ്, ലീഗ് ബന്ധം തുടങ്ങിയവയില്‍ കൂടിയാലോചന ഇല്ലാത്തതില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക് അതൃപ്തി. സിപിഎം ഒറ്റയ്ക്കു തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുന്നോട്ടു പോകുകയാണെന്നു സിപിഐ നേതാക്കള്‍ക്കിയിലും അഭിപ്രായമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കാന്‍ കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് അവസാനമായി എല്‍ഡിഎഫ് യോഗം ചേര്‍ന്നത്.

സിപിഎം സംഘടിപ്പിക്കുന്ന ഏക സിവില്‍ കോഡിനെതിരായ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതില്‍ സിപിഐയ്ക്ക് എതിര്‍പ്പുണ്ടെന്നു ചിലര്‍ നുണപ്രചാരണം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുന്നണിയില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. സിപിഐ നേതാക്കളും സെമിനാറില്‍ പങ്കെടുക്കും. മറ്റൊരു മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന മുസ്ലിം ലീഗ് പങ്കെടുക്കാത്തതു സ്വാഭാവികമാണെന്നും ഗോവിന്ദന്‍.

സിപിഎം ശനിയാഴ്ച കോഴിക്കോട്ടു നടത്തുന്ന ഏക സിവില്‍ കോഡ് സെമിനാറില്‍ സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കില്ല. ഇ.കെ. വിജയന്‍ എംഎല്‍എയാണു സിപിഐ പ്രതിനിധിയായി പങ്കെടുക്കുക. മുതിര്‍ന്ന നേതാക്കളെല്ലാം
സി.പി.ഐയുടെ ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്കു പോകും.

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. നീലേശ്വരം ക്യാമ്പസില്‍ അസോസിയേറ്റ് പ്രഫസറായാണു നിയമനം. പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റു കേസിലെ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ സമര്‍പ്പിച്ച വ്യാജരേഖ അഗളി പൊലീസ് കണ്ടെടുത്തു. ഗൂഗിളിന്റെ സഹായത്തോടെ പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് വ്യാജരേഖയുടെ പ്രിന്റ് കണ്ടെടുത്തത്. കഫേ ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയ്ക്ക് സംവരണത്തിന് ആര്‍ഹതയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രാജയുടെ പൂര്‍വീകര്‍ 1950 ന് ശേഷമാണ് കേരളത്തിലേക്ക് എത്തിയത്. 1976 വരെ രാജയുടെ മാതാപിതാക്കള്‍ക്ക് കേരളത്തില്‍ സ്വന്തമായി സ്ഥലമോ മേല്‍വിലാസമോ ഇല്ലായിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ സംവരണ അനൂകൂല്യത്തിന് അര്‍ഹനല്ലെന്നാണ് കുമാറിന്റെ വാദം.

ഏക സിവില്‍ കോഡ് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും വര്‍ഗ്ഗീയ ധ്രുവീകരണവും സൃഷ്ടിക്കുമെന്നു മുസ്ലിം ലീഗ് നിയമ കമ്മീഷനു കത്തു നല്‍കി. ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുമെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ലീഗ് കുറ്റപ്പെടുത്തി.

സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ്. കോടതിയില്‍ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്നാണു തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പരാതി. ഒരു സമരത്തില്‍ അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാന്‍ പിരിച്ചെടുത്ത എട്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണു പരാതി. കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനാല്‍ തിരികേ ലഭിച്ച ജാമ്യത്തുക പാര്‍ട്ടിക്ക് നല്‍കാതെ വെട്ടിച്ചെന്നാണ് മുന്‍ ഏരിയാ കമ്മിറ്റി അംഗത്തിന്റെ പരാതി.

മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്കു പുതിയ ട്രെയിന്‍ ആനുവദിക്കണമെന്നും തിരുവനന്തപുരത്തുനിന്ന് മധുരയിലേക്കുള്ള അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്കു നീട്ടണമെന്നും സെക്കന്തരാബാദില്‍ ചേര്‍ന്ന റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി റെയില്‍വേ ബോര്‍ഡിനോടു ശുപാര്‍ശ ചെയ്തു. യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്കു നീട്ടാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മുക്കുപണ്ടം പണയംവച്ച് ഏഴു ലക്ഷം രൂപ തട്ടിയ രണ്ടു പേര്‍ തിരുവനന്തപുരം വിഴിഞ്ഞത്ത് അറസ്റ്റിലായി. തിരുവല്ലം ആലുകാട് സാദിക് (28) അമ്പലത്തറ കുമരി ചന്തയ്ക്ക് സമീപം യാസീന്‍ (27 ) എന്നിവരാണ് അറസ്റ്റിലായത്. വെങ്ങാനൂരിലെ സൂര്യ ഫിനാന്‍സ് എന്ന സ്ഥാപനത്തിലാണ് പണയംവച്ച് പണം കൈക്കലാക്കിയത്.

കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കുനേരെ കൈയേറ്റം. ഡോ. ഭരത് കൃഷ്ണക്കുനേരെ അതിക്രമം നടത്തിയ പ്രതികളെ പോലീസ് തെരയുന്നു. വയനാട് സ്വദേശികളാണെന്നാണ് സംശയം.

ഇടപ്പള്ളി മരോട്ടിച്ചാല്‍ താല്‍ റെസ്റ്റോറന്റില്‍ പരസ്യമായി മദ്യപിച്ചതു ചോദ്യം ചെയ്തതിനു ഹോട്ടലില്‍ അക്രമം നടത്തിയ വിദ്യാര്‍ത്ഥികളില്‍ മൂന്നു പേരെ പോലീസ് പിടികൂടി. ഹോട്ടല്‍ ജീവനക്കാരെ അക്രമിക്കുകയും ഹോട്ടലിലെ ഭക്ഷണത്തില്‍ മണ്ണു വാരിയിടുകയും ചെയ്തു. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായില്‍, മുഹമ്മദ് എന്നിവരാണു പിടിയിലായത്.

പാലക്കാട് മംഗലം ഡാമിനടുത്ത് കരിങ്കയത്ത് സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. ഓട്ടോയുടെ ഡ്രൈവര്‍ വക്കാല സ്വദേശിനി വിജിഷ (35) ആണ് മരിച്ചത്.

കോയമ്പത്തൂരില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. കൊല്ലം നീണ്ടകര സ്വദേശിനി ആന്‍ഫി എന്ന പത്തൊമ്പതുകാരി മരിച്ചതിനു കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികള്‍ക്കു പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

ജി 20 ഉച്ചകോടി അടക്കമുള്ളവയുടെ രഹസ്യ വിവരങ്ങള്‍ പാകിസ്ഥാനിലേതെന്നു സംശയിക്കുന്ന നമ്പറിലേക്കു കൈമാറിയ ധനകാര്യ വകുപ്പിലെ കരാര്‍ ജീവനക്കാരന്‍ പിടിയില്‍. ഗാസിയാബാദിലെ ഭീം നഗര്‍ സ്വദേശി നവീന്‍ പാല്‍ എന്ന 27 കാരനാണ് അറസ്റ്റിലായത്.

ഇന്ത്യന്‍ സായുധ സേനകളുടെ ആദ്യത്തെ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് (ഐ.ടി.സി) പ്രഖ്യാപനം അടുത്ത മാസം നടന്നേക്കും. സേനാ വിഭാഗങ്ങള്‍ക്കിടയിലെ ഏകോപനത്തിന് ഇതു സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ആദ്യ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് സംബന്ധിച്ച പ്രഖ്യാപനം 77-ാം സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് ഉണ്ടാകുമെന്നാണു സൂചന. ആദ്യ ഘട്ടത്തില്‍ ജയ്പൂര്‍ ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിനെയാണ് ആദ്യ തീയറ്റര്‍ കമാന്‍ഡായി പ്രഖ്യാപിക്കുക.

തമിഴ് നടന്‍ വിജയ്ക്ക് പിഴ. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയിന്റെ കാര്‍ രണ്ടിലധികം സ്ഥലത്ത് സിഗ്‌നല്‍ ലംഘിച്ചതിനാണ് 500 രൂപ പിഴ ചുമത്തിയത്.

പൊട്ടുതൊട്ട് സ്‌കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ ഉഷാകുമാരി എന്ന പതിനാറുകാരിയാണ് ജീവനൊടുക്കിയത്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഡല്‍ഹിയില്‍ റോഡരില്‍ വെട്ടിമുറിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം. ഈസ്റ്റ് ഡല്‍ഹിയില്‍ ഗീത കോളനി ഫ്‌ളൈ ഓവറിനു സമീപമാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *