ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ പേടിപ്പിച്ച ‘വലാക്’ എന്ന പ്രേതം വീണ്ടുമെത്തുന്നു. ദ് നണ് 2 എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരെ പേടിപ്പിക്കാന്‍ വലാക്കിന്റെ രണ്ടാം വരവ്. 2018 ല്‍ പുറത്തിറങ്ങിയ ദ് നണ്ണിന്റെ തുടര്‍ച്ചയായ ഈ സിനിമ കണ്‍ജറിങ് യൂണിവേഴ്സിലെ ഒന്‍പതാമത്തെ ചിത്രമാണ്. കണ്‍ജറിങ് 2 വിലെ വലാക് എന്ന കന്യാസ്ത്രീയെ ആസ്പദമാക്കിയെടുക്കുന്ന ആദ്യ മുഴുനീള ചിത്രമായിരുന്നു ദ് നണ്. ദ് നണ് സിനിമയുടെ ക്ലൈമാക്സിനു ശേഷം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞ് നടക്കുന്ന കഥയാണിത്. 1950 കളിലെ ഫ്രാന്‍സ് ആണ് പശ്ചാത്തലം. സിസ്റ്റര്‍ ഐറീനെ തേടി വലാക് എന്ന പ്രേതം വീണ്ടുമെത്തുന്നതും അതിനെ നേരിടുന്നതുമാണ് കഥ. ബോണി ആരന്‍സ് ആണ് ഇത്തവണയും വലാകിനെ അവതരിപ്പിക്കുക. മൈക്കള്‍ ഷാവേസ് ആണ് സംവിധാനം. ദ് കഴ്സ് ഓഫ് ലാ ലൊറോണ, ദ് കണ്‍ജറിങ്: ദ് ഡെവിള്‍ മേഡ് മി ഡു ഇറ്റ് എന്നീ ചിത്രങ്ങളൊരുക്കിയ മൈക്കളിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ദ് നണ് 2. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.