ഭാരം കുറയ്ക്കാനും രോഗങ്ങളില്ലാതെ ഫിറ്റായിരിക്കാനും ദിവസവുമുള്ള ഓട്ടം സഹായിക്കും. എന്നാല്‍ എപ്പോഴാണ് ഓടേണ്ടത് എന്നതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. രാവിലെ വെറും വയറ്റില്‍ ഓടുന്നതു കൊണ്ട് ഗുണവും ദോഷവുമുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍. ആദ്യം ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. എന്തെങ്കിലും കഴിച്ച ശേഷം ഓടുമ്പോള്‍ പേശികളിലോ കരളിലോ ശേഖരിച്ചു വച്ചിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റാണ് ശരീരം ഊര്‍ജത്തിനായി ഉപയോഗപ്പെടുത്തുക. നേരെ മറിച്ച് വെറും വയറ്റില്‍ ഓടിയാല്‍ ശരീരത്തിലെ കൊഴുപ്പാണ് ഊര്‍ജസ്രോതസ്സായി മാറുന്നത്. ഇത് കൊഴുപ്പിനെ കത്തിച്ച് ശരീരം സ്ലിമ്മാക്കാന്‍ സഹായിക്കും. അമിത ഭാരം കുറയ്ക്കാനും ഇത് നല്ലതാണ്. ഭക്ഷണം കഴിക്കാതെ ഓടുന്നത് ശരീരത്തിന്റെ ഓക്സിജന്‍ ക്ഷമത വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വായുവില്‍ നിന്ന് ഓക്സിജനെ വേര്‍തിരിച്ച് ശരീരം ഉപയോഗപ്പെടുത്തുന്നതിന്റെ കാര്യക്ഷമതയെ കുറിക്കുന്നതാണ് ഓക്സിജന്‍ ക്ഷമത. ദീര്‍ഘനേരം ഓടുമ്പോള്‍ ചിലര്‍ക്ക് വയര്‍ വേദന, ഓക്കാനം, ഛര്‍ദ്ദി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ വെറും വയറ്റിലുള്ള ഓട്ടം സഹായിക്കും. എന്നാല്‍ വെറും വയറ്റിലുള്ള ഓട്ടത്തിന് ചില ദോഷങ്ങളും ഉണ്ട്. അതില്‍ ഏറ്റവും മുഖ്യമായത് ഇത് വ്യായാമത്തിന്റെ തീവ്രത കുറയ്ക്കും എന്നതാണ്. പെട്ടെന്ന് ക്ഷീണം തോന്നും. ഇത് വ്യായാമത്തിന്റെ സമയത്ത് പരുക്കുകള്‍ പറ്റാന്‍ ഇടയാക്കാം. വെറും വയറ്റില്‍ രാവിലെ ഓടുന്നത് കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ തോത് ഉയര്‍ത്താം. ഇത് പേശികളിലെ കോശങ്ങളിലുള്ള പ്രോട്ടീനെ വിഘടിപ്പിക്കുകയും പേശീ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും. വെറും വയറ്റിലുള്ള ഓട്ടം പ്രമേഹ രോഗികളില്‍ കുറഞ്ഞ പഞ്ചസാര അഥവാ ഹൈപോഗ്ലൈസീമിയക്കും കാരണമാകാം. ഇക്കാരണങ്ങളാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ ഓട്ടത്തിനുള്ള സമയം തിരഞ്ഞെടുക്കാവൂ.
എപ്പോഴാണ് ഓടേണ്ടത്? ഭക്ഷണത്തിന് മുമ്പോ, ശേഷമോ?
