ഇന്ന് ജൂണ്‍ 21. അന്താരാഷ്ട്ര യോഗ ദിനം. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന അര്‍ത്ഥം വരുന്ന ‘വസുധൈവ കുടുംബത്തിന് യോഗ’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ പ്രയോജനകരമാണ്. എന്നും രാവിലെ ഉറക്കമുണര്‍ന്നയുടന്‍ യോഗ ചെയ്യുകയാണെങ്കില്‍, അതാണ് ഏറ്റവും നല്ലത്. യോഗയ്ക്ക് മുന്‍പ് കട്ടിയുള്ള ഭക്ഷണം ഒഴിവാക്കണം. വയറുനിറച്ച് ആഹാരം കഴിച്ചവര്‍ നാല് മണിക്കൂര്‍ ശേഷം മാത്രമേ യോഗയിലേര്പ്പെടാവൂ. ലഘുവായി ഭക്ഷണം കഴിക്കുകയാണെങ്കില്‍ യോഗയ്ക്ക് മുന്‍പ് രണ്ട് മണിക്കൂറെങ്കിലും ഇടവേളവേണം. യോഗയ്ക്ക് അര മണിക്കൂര്‍ മുമ്പ് ജ്യൂസ് കുടിക്കാം. യോഗ ചെയ്യുന്നതിന് 15 മിനിറ്റ് മുന്‍പ് വെള്ളവും കുടിക്കാം. ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്സ്, തേന്‍ എന്നിവയാണ് യോഗയ്ക്ക് അനുയോജ്യമായ ആഹാരം. കാര്‍ബണേറ്റഡ് പാനീയങ്ങളും എരിവ് കൂടിയതും അമിതമായി ഉപ്പ് ഉപയോഗിച്ച് തയ്യാറാക്കിയതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. എണ്ണയില്‍ വറുത്തെടുത്തവയും യോഗ ചെയ്യുന്നവര്‍ക്ക് യോജിച്ചതല്ല. കാരണം, ഇവ പെട്ടെന്ന് ക്ഷീണവും തളര്‍ച്ചയും തോന്നാന്‍ ഇടയാക്കും. യോഗാസനങ്ങള്‍ ചെയ്ത് കഴിയുമ്പോള്‍ വിശപ്പ് വര്‍ദ്ധിച്ചതായി തോന്നുമെങ്കിലും അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പകരം, എളുപ്പത്തില്‍ ദഹിക്കുന്ന ആരോഗ്യകരമായ വിഭവങ്ങള്‍ കഴിക്കാം. യോഗ ചെയ്തുകഴിഞ്ഞയുടന്‍ ഭക്ഷണം കഴിക്കുകയും ചെയ്യരുത്. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇടവേളയിട്ട ശേഷമേ ഭക്ഷണം കഴിക്കാവൂ. യോഗ ചെയ്യുന്നതിനിടയില്‍ വെള്ളം കുടിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം, യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ പൂര്‍ണ്ണശ്രദ്ധ നല്കാന് കഴിയാതെവരും. അതുപോലെ അമിതമായി തണുത്ത വെള്ളവും ഒഴിവാക്കണം.