വണ്ടര്‍ വുമണ്‍ സിനിമയിലൂടെ ശ്രദ്ധേയായ നടി ഗാല്‍ ഗാഡോട്ട് സ്പൈ വുമണ്‍ വേഷത്തില്‍ എത്തുന്ന ‘ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍’ സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. ഓഗസ്റ്റ് 11ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഹോളിവുഡ് ചിത്രം കൂടിയാണ് ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍. ഗാല്‍ ഗാഡോട്ടിന് പുറമേ ജാമി ഡോര്നന്, മത്തിയാസ് ഷ്വീഫര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആലിയ ഭട്ട് ചിത്രത്തില്‍ പ്രതിനായിക വേഷത്തിലാണ് എത്തുന്നത് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിന്റെ ലോഞ്ചിംഗ് ചടങ്ങായ ടുഡും 2023ലാണ് ട്രെയിലര്‍ അവതരിപ്പിച്ചത്. ഏജന്റ് റേച്ചല്‍ സ്റ്റോണ്‍ എന്ന കഥാപാത്രത്തെയാണ് ഗാല്‍ ഗാഡോട്ട് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലോകത്തില്‍ വിവിധയിടങ്ങളില്‍ സമാധാന പാലന ദൗത്യങ്ങള്‍ നടത്തുന്ന ഒരു ഏജന്‍സിയുടെ ഭാഗമാണ് റേച്ചല്‍. എന്നാല്‍ ഈ ഏജന്‍സിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്വത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍’ മോഷ്ടിക്കപ്പെടുന്നതോടെ കഥ മാറുന്നു. ടോം ഹാര്‍പ്പറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാറ്റി ജെങ്കിന്‍സ് സംവിധാനം ചെയ്ത വണ്ടര്‍ വുമണ്‍ സീരിസിലൂടെ ശ്രദ്ധേയായ നടിയാണ് ഗാല്‍ ഗാഡോട്ട്. അതിന് മുന്‍പ് തന്നെ മോഡലിംഗിലും മറ്റും താരം തിളങ്ങിയിരുന്നു. വണ്ടര്‍ വുമണ്‍ (2017) വന്‍ വിജയമാണ് നേടിയത്. എന്നാല്‍ വണ്ടര്‍ വുമണ്‍ 1984 (2020) ആരാധകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ സമ്മിശ്ര പ്രതികരണമാണ് നേടിയത്. വലിയ ബോക്സ് ഓഫീസ് ദുരന്തമായി ചിത്രം മാറി.