കുട്ടികളുടെ സ്കേറ്റിംഗ് കാണാന്‍ നല്ല രസമാണ്. എന്നാല്‍ അമ്മൂമ്മമാര് സ്കേറ്റിംഗ് നടത്തുന്നതു കണ്ടിട്ടുണ്ടോ. ആരും കണ്ടു കാണില്ല. ബഹുരസമായിരിക്കും അല്ലേ, അമ്മൂമ്മമാരുടെ സ്കേറ്റിംഗ്? അങ്ങനെയുള്ള നാലു ചിത്രങ്ങള്‍ ഇക്കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിച്ചു. ആവേശപൂര്‍വം സ്കേറ്റിംഗ് നടത്തുന്ന വയോധികരായ സ്ത്രീകള്‍ വ്യത്യസ്ത വേഷങ്ങളാണു ധരിച്ചിരിക്കുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമീണ അമ്മൂമമാര്, ഹിജാബ് ധരിച്ച മുസ്ലിം മുത്തശിമാര്‍, നായര്‍ കുലസ്ത്രീകള്‍, ചട്ടയും മുണ്ടും ധരിച്ച നസ്രാണി അമ്മൂമ്മമാര് തുടങ്ങിയവരെല്ലാം സ്കേറ്റിംഗ് ചിത്രത്തിലുണ്ട്. മുംബൈയിലുള്ള ആഷിഷ് ജോസ് എന്ന മലയാളി തര്‍കീബ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നാലു ചിത്രങ്ങളും പുറത്തുവിട്ടത്. നാനിയുടെ സ്കേറ്റിംഗ് എന്നാണു തലക്കെട്ട്. നാലു ദിവസംകൊണ്ട് രണ്ടര ലക്ഷം പേരാണു ചിത്രം കണ്ടത്. അമ്മൂമ്മമാരുടെ സ്കേറ്റിംഗ് കണ്ടവരെല്ലാം അമ്പരന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തയാറാക്കിയ ചിത്രങ്ങളാണ് ഇവ. എഐ ജനറേറ്റഡ് എന്ന് ആഷിഷ് ജോസ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ റോഡുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശേഷിയുള്ള 726 കാമറകളാണ് തുറന്നുവച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കണ്ടുപിടിച്ച് പിഴത്തുക വസൂലാക്കിയെടുത്തു ഖജനാവു നിറയ്ക്കുകയാണ് ഈ കാമറകളുടെ പണി. ഈ കാമറകള്‍ ഇനി എന്തെല്ലാം കാഴ്ചകളും കുറ്റകൃത്യങ്ങളുമെല്ലാമാണാവോ സൃഷ്ടിച്ചെടുക്കുകയെന്ന് അടുത്ത മാസം അറിയാം.
മുത്തശിമാരുടെ സ്കേറ്റിംഗ്
