ട്രെയിന്‍ തീവയ്പു കേസില്‍ പ്രതിയായ ഷാറൂഖ് സെയ്ഫിയെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. ആശുപത്രിയില്‍ നിന്ന് ഇന്നു ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്കു മാറ്റും. ഇയാള്‍ക്കു കാര്യമായ പൊള്ളലേറ്റിട്ടില്ലെങ്കിലും കരളിന്റെ പ്രവര്‍ത്തനം തകരാറിലാണെന്നാണു വൈദ്യ പരിശോധനാഫലം. രണ്ട് കൈകളിലായി ഒരു ശതമാനത്തില്‍ താഴെ മാത്രമാണു പൊള്ളല്‍. ശരീരം നിറയെ ഉരഞ്ഞ പാടുകളുണ്ട്. മുഖത്തിന്റെ ഇടത് ഭാഗത്ത് ഉരുഞ്ഞുണ്ടായ പരിക്കും കണ്ണില്‍ വീക്കവുമുണ്ട്. എന്നാല്‍ കാഴ്ചയ്ക്ക് തകരാറില്ലെന്നാണു മെഡിക്കല്‍ റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഘടന പരിഷ്‌കരിക്കുന്നു. ധനസെക്രട്ടറിയുടെ അധ്യക്ഷതയില്‍ നാലംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. പങ്കാളിത്ത പെന്‍ഷനെ കൂടുതല്‍ ആകര്‍ഷകമാക്കാനാണു നീക്കം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25 ന് കൊച്ചിയില്‍ യുവാക്കളോടു സംവദിക്കുന്ന ‘യുവം’ സമ്മേളനത്തില്‍ പങ്കെടുക്കും. അനില്‍ ആന്റണിയും പങ്കെടുക്കും. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാണ് ‘യുവം’ സമ്മേളനം നടത്തുന്നത്.
ബ്രഹ്‌മപുരത്തെ വിവാദ കമ്പനിയായ സോണ്‍ട ഇന്‍ഫ്രാടെക്കിനായി മുന്‍ ചീഫ് സെക്രട്ടറി ടോം ജോസുമായി കൂടിക്കാഴ്ച നടത്തിയെന്ന് കൊച്ചിയിലെ ഇടനിലക്കാരന്‍ അജിത്ത് കുമാര്‍. സോണ്‍ട പ്രതിനിധികളുടെ ആവശ്യപ്രകാരമാണ് ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ എംഡിയായിരുന്ന ടോം ജോസിനെ കണ്ടത്. ടോം ജോസ് സംസ്ഥാന ചീഫ് സെക്രട്ടറിയായിരിക്കേ, മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദര്‍ശനത്തില്‍ സോണ്‍ടയുടെ പ്രതിനിധികളെ കണ്ടെന്നും പിറകേ കരാറില്‍ ഒപ്പുവച്ചെന്നും ഇടനിലക്കാരന്‍ വെളിപ്പെടുത്തി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദിവസേനെ അനില്‍ ആന്റണിയെ ചീത്തവിളിച്ചിരുന്നെന്നും അതിന്റെ ദേഷ്യംകൊണ്ടു കൂടിയാകാം ബിജെപിയിലേക്കു പോയതെന്നും സഹോദരന്‍ അജിത്ത് ആന്റണി. ബിജെപിയിലേക്കു പോകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. തെറ്റു തിരുത്തി കോണ്‍ഗ്രസിലേക്കു തിരിച്ചു വരുമെന്നാണ് പ്രതീക്ഷ. ബിജെപിയിലേക്കു പോയത് കുടുംബത്തിനു വലിയ ആഘാതമായി. ബിജെപി മോദി എന്ന വ്യക്തിയെ മാത്രം ആധാരമാക്കി മുന്നോട്ടുപോകന്ന പാര്‍ട്ടിയാണെന്നും അജിത് പറഞ്ഞു.
ബിജെപിയിലേക്ക് ഇടതുപക്ഷത്തുനിന്നും നേതാക്കള്‍ എത്തുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്‍. എ കെ ആന്റണിയുടെ മകന്‍ ബിജെപിയിലേക്ക് വന്നത് വലിയ മുതല്‍ക്കൂട്ടാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരായ സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്തു. സ്വപ്ന ഗൂഢാലോചന നടത്തിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ചോദ്യം ചെയ്തത്. സ്വപ്ന സുരേഷിനെ ബാംഗ്ലൂരിലെത്തി ചോദ്യം ചെയ്യും.
പീലാത്തോസിനെ പോലെ ചില കോടതികള്‍ അന്യായ വിധികള്‍ പുറപ്പെടുവിക്കുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദുഃഖവെള്ളി സന്ദേശത്തിലാണ് ഇങ്ങനെ പ്രതികരിച്ചത്. മാധ്യമ പ്രീതിയ്‌ക്കോ ജനപ്രീതിയ്‌ക്കോ ജുഡീഷ്യല്‍ ആക്ടീവിസമെന്ന നിലയിലോ ആകാം ഇത്തരം വിധികള്‍. പീലാത്തോസിന് വിധി എഴുതി നല്‍കിയത് സീസറോ ജനക്കൂട്ടമോ ആകാമെന്നതുപോലെയാണ് ഇന്നത്തെ പല ന്യായവിധികളുമെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
തൃശൂര്‍ പൂരത്തിന് കര്‍ശന സുരക്ഷ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണതേജ. വെടിക്കെട്ട് പെസോയുടെ മാര്‍ഗനിര്‍ദ്ദേശം പാലിച്ചാണു നടത്തുക. ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള യോഗം അടുത്ത യാഴ്ച നടക്കും. ഈ മാസം 30 നു ഞായറാഴ്ചയാണു തൃശൂര്‍ പൂരം.
ചിന്നക്കനാല്‍ മേഖലയില്‍ ഭീഷണിയായ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു മാറ്റാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നു മുതലമട പഞ്ചായത്ത്. ഒരു കാരണവശാലും അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരാന്‍ അനുവദിക്കില്ല. പഞ്ചായത്ത് വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗത്തിലാണു തീരുമാനം.
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ക്ക് പരിക്കേറ്റു. ഉംറക്കു പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച കാറിനു പിന്നില്‍ ലോറിയിടിക്കുകയായിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശി ഇസ്മായില്‍, മുഹമ്മദലി കട്ടിലശ്ശേരി, അഷ്‌റഫ് കരുളായി, തിരുവനന്തപുരം സ്വദേശികളായ അലി, അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്.
തലശേരിയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. തിരുവാങ്ങാട് സ്വദേശി എം.ജി. ജയരാജാണ് മരിച്ചത്. ബസ് ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു.
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ എണ്ണൂറിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 606 പേര്‍ക്കു രോഗംബാധിച്ചു. സിക്കിമില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കൊവിഡ് ആശങ്ക ചര്‍ച്ചചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവിയയുടെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രിമാരുടെ യോഗം ഇന്നു ചേരും. തിങ്കളാഴ്ച കൊവിഡ് മോക്ഡ്രില്‍ നടത്തും.
ഈ മാസം 14 ന് ബൈശാഖി ദിനത്തില്‍ സര്‍ബത് ഖല്‍സ സമ്മേളനം വിളിച്ചുകൂട്ടണമെന്ന് ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗ്. സിഖ് സംഘടനയായ അകാല്‍ തഖ്ത് മേധാവികളോടാണ് വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. അമൃത്സറിലെ അകാല്‍ തഖ്തില്‍ നിന്ന് ബത്തിന്‍ഡയിലെ ദംദാമ സാഹിബിലേക്ക് ഘോഷയാത്ര നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബില്‍ കനത്ത ജാഗ്രതാനിര്‍ദേശം.
തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ തീര്‍ഥാടനയാത്രയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് രണ്ടു തീര്‍ഥാടകര്‍ മരിച്ചു. ഗുഹാക്ഷേത്രമായ സാലേശ്വരം ലിംഗമയ്യ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനത്തിനിടെ കിണറിലേക്ക് ആളുകള്‍ വീഴുകയായിരുന്നു.
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്.
വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് അപകടകരമാണെന്ന് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കത്ത്. മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന അദ്ദേഹം രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് പുറത്തുവിട്ടിരിക്കുന്നത്.