നമ്മള്‍ കഴിക്കുന്ന പല ഭക്ഷണങ്ങളിലും കാന്‍സര്‍ കോശങ്ങളെ വളര്‍ത്താന്‍ സഹായിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. അതിനാല്‍ തന്നെ ആഹാരകാര്യങ്ങളില്‍ ശ്രദ്ധ അനിവാര്യമാണ്. ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ചില പച്ചക്കറികള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ഇതില്‍ കാന്‍സര്‍ രോഗത്തെ തടയുന്ന അഞ്ച് പച്ചക്കറികള്‍ നോക്കാം. സള്‍ഫോറാഫെയ്ന്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രൊക്കോളി. നാഷണല്‍ ലൈബ്രറി ഒഫ് മെഡിസിനിലെ റിപ്പോര്‍ട്ട് പ്രകാരം സ്തനാര്‍ബുദത്തിന്റെ സാദ്ധ്യത കുറയ്ക്കാന്‍ സള്‍ഫോറാഫെയ്ന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി, കെ, എ, ഫോളേറ്റ് എന്നിവയും കാത്സ്യം, ഫോസ്ഫറസ്, ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍, പ്രോട്ടീന്‍ എന്നിവയും അടങ്ങിയ പോഷക സമൃദ്ധമായ പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കഴിക്കുന്നത് വന്‍കുടല്‍ കാന്‍സറിനുള്ള സാദ്ധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ കാന്‍സര്‍ സാദ്ധ്യത കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. തക്കാളിയില്‍ ആന്റിഓക്‌സിഡന്റും ലൈക്കോപീനും അടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കാന്‍സര്‍ റിസര്‍ച്ച് അനുസരിച്ച്, ലൈക്കോപീന്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. ദിവസവും തക്കാളി കഴിക്കാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ എന്ന ഘടകം കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ വെളുത്തുള്ളി പതിവായി കഴിക്കുന്നത് വന്‍കുടല്‍ കാന്‍സറിനുള്ള സാദ്ധ്യത കുറയ്ക്കുന്നു. ദിവസവും രണ്ട് മുതല്‍ അഞ്ച് ഗ്രാം വെളുത്തുള്ളി വരെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. നാരുകളും പ്രോട്ടീനും അടങ്ങിയ ബീന്‍സ് വന്‍കുടല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. മുന്‍പ് വന്‍കുടലില്‍ മുഴയുണ്ടായിരുന്നവര്‍ ഭക്ഷണത്തില്‍ ബീന്‍സ് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആന്റിഓക്‌സിഡന്റുകളുടെ മികച്ച സ്രോതസ്സുകളാണ് ബീന്‍സ്. ചീര പോലുള്ള ഇലക്കറികളില്‍ ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍ എന്നീ ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. ഇത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു.
കാന്‍സര്‍ രോഗത്തെ തടയുന്ന അഞ്ച് പച്ചക്കറികള്‍
