yt cover 47

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു നാമനിര്‍ദ്ദേശ രീതി തുടരും. പ്ളീനറി സമ്മേളനത്തിനു മുന്നോടിയായുള്ള സ്റ്റിയറിംഗ് കമ്മറ്റിയാണ് നിര്‍ണായക തീരുമാനമെടുത്തത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുപ്പു വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ടേക്ക് ഓഫ് ചെയ്ത കോഴിക്കോട് – ദമാം എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍മൂലം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. പറന്നുയര്‍ന്നതിനു ശേഷമാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടര മണിക്കൂര്‍ പറന്ന് ഇന്ധനം കുറച്ചശേഷം തിരുവനന്തപുരത്ത് അടിയന്തിര ലാന്‍ഡിംഗി നടത്തുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

തോട്ടം മേഖലയെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് വന്‍കിട തോട്ടങ്ങളില്‍നിന്നുളള സിനിയോറേജ് തുക സര്‍ക്കാര്‍ വേണ്ടെന്നുവച്ചതെന്നു റിപ്പോര്‍ട്ട്. സിനിയോറേജ് തുക കുറയ്ക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തപ്പോള്‍ തുക പൂര്‍ണമായും ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഹാരിസണിന്റെ 11 തോട്ടങ്ങളില്‍നിന്ന് വന്‍തോതില്‍ മരങ്ങള്‍ മുറിക്കാനിരിക്കെയായിരുന്നു ഈ ഇളവു നല്‍കിയത്.

കഷായവും ഉഴിച്ചിലും ഇല്ലാത്ത ആയുര്‍വേദ ചികിത്സയുമായി ആയുഃകെയര്‍. ആയുര്‍വേദ മരുന്നുകളുടെ ബാഷ്പസത്തായ അര്‍ക്കം ഉപയോഗിച്ചുള്ള ചികിത്സാ സേവനം ഇപ്പോള്‍ കേരളത്തിലെ 250 ക്ലിനിക്കുകളില്‍. ജി.എം.പി, ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ള തൃശ്ശൂര്‍ ജില്ലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ തെറാപ്പീസ് എന്ന സ്ഥാപനത്തിലാണ് ഉന്നത ഗുണമേന്മയുള്ള അര്‍ക്കങ്ങള്‍ ആയുഃകെയര്‍ തയ്യാറാക്കുന്നത്. അര്‍ക്കത്തിന് പത്ഥ്യം ആവശ്യമില്ല. ഏറ്റവും മികച്ച ഫലം നല്‍കുന്ന ചികിത്സാ രീതിയെ കുറിച്ചറിയാനും നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആയുഃകെയര്‍ ക്ലിനിക്കിനെ കുറിച്ചറിയാനും മറ്റു വിവരങ്ങള്‍ക്കും 7510537950 എന്ന നമ്പറില്‍ ബന്ധപ്പെടുക. WhatsApp : https://wa.me/+919745537950

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍നിന്ന് വിട്ടുനില്‍ക്കുന്ന കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍ കൊച്ചിയില്‍ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.. ഇ.പി ജയരാജന്‍ കെ.വി തോമസിനൊപ്പം പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ജനകീയ പ്രതിരോധ ജാഥ ആരംഭിച്ചതിന്റെ തലേന്നാണ് ഈ ചടങ്ങ് നടന്നത്.

നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരില്‍ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍. ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയില്‍ പോയത്. ക്ഷേത്രത്തിലെ പരിപാടിയില്‍ അവിചാരിതമായാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം ജീവനൊടുക്കിയ ആദിവാസി യുവാവ് വിശ്വനാഥന്‍ പോലീസിന്റെ സഹായം തേടിയിരുന്നു. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ചോദ്യം ചെയ്ത ദിവസം അര്‍ധരാത്രിയോടെ ആശുപത്രിയില്‍നിന്ന് കരഞ്ഞുകൊണ്ട് ഓടിപ്പോകുന്നതിനു മുമ്പ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്കു മൂന്നു തവണ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ മൂന്നുതവണയും ആരും ഫോണെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍. നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

ksfe.com/offers/ksfe-bhadratha-smart-chits-2022

ആര്‍എസ്എസും ജമാ അത്തെ ഇസ്ലാമിയുമായുള്ള ചര്‍ച്ച എന്തായിരുന്നെന്നു തുറന്നു പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സിപിഎം ആര്‍എസ്എസുമായി ഉഭയക്ഷകി ചര്‍ച്ച നടത്തിയിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള ചര്‍ച്ചയായിരുന്നു അത്. എന്നാല്‍ രണ്ടു വര്‍ഗീയ ശക്തികള്‍ തമ്മിലുള്ള ചര്‍ച്ച എന്തിനു വേണ്ടിയായിരുന്നു എന്നാണ് അറിയേണ്ടത്. ഗോവിന്ദന്‍ പറഞ്ഞു.

ആരോഗ്യ വകുപ്പ് ഡയറക്ടറായി ഡോ. കെ.ജെ. റീനയെ നിയമിച്ചു. നിലവില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറാണ്. ഇന്ത്യയില്‍ ആദ്യമായി കൊവിഡ് തൃശൂരില്‍ സ്ഥിരീകരിക്കുമ്പോള്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറായിരുന്നു ഡോ. കെ.ജെ. റീന. തൃശൂര്‍ ജില്ലയിലെ കുറ്റൂര്‍ സ്വദേശിയാണ്.

ജോയ്ആലുക്കാസ് വിശേഷങ്ങള്‍ : ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം നിര്‍ത്തിവക്കാന്‍ സുപ്രീം കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനും സംസ്ഥാനസര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. വിശദമായി പരിശോധിച്ചശേഷമേ ഉത്തരവു പുറപ്പെടുവിക്കാനാകൂവെന്നു കോടതി.

ആരൊക്കെ പാടി പുകഴ്ത്തിയാലും ബിബിസിയുടെ ഗൂഡലക്ഷ്യം മറച്ചുവയ്ക്കാനാവില്ലെന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍. സുപ്രീംകോടതി തീര്‍പ്പുകല്പിച്ചതും രാജ്യം മറക്കാന്‍ ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ വീണ്ടും പറയുകയാണ് അവര്‍ ചെയ്തത്. ഏതു കൊടി കെട്ടിയ കൊമ്പന്‍ ആയാലും ഈ കാര്യം അനുവദിക്കാനാവില്ല. മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുകളെക്കുറിച്ചുള്ള പരിശോധനകള്‍ തുടരുന്നു. വിജിലന്‍സ് അനര്‍ഹരെന്നു കണ്ടെത്തിയവരില്‍ അര്‍ഹരുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അര്‍ഹതയില്ലാത്തതിന്റെ പേരില്‍ അപേക്ഷ നിരസിക്കപ്പെട്ട വ്യക്തിക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നാലു ലക്ഷം രൂപ നല്‍കിയെന്നും കണ്ടെത്തി. കൊല്ലം ശാസ്താംകോട്ട സ്വദേശിയുടെ അക്കൗണ്ടിലേക്കാണു നാലു ലക്ഷം രൂപ നല്‍കിയത്.

അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചുള്ള പാര്‍ട്ടി അന്വേഷണത്തില്‍ പ്രതിഷേധവുമായി സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന്‍. പാര്‍ട്ടി പരിപാടികളില്‍നിന്ന ജയന്‍ വിട്ടു നിന്നു. ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാനുള്ള കാനം പക്ഷത്തിന്റെ ശ്രമമാണ് ആക്ഷേപത്തിനും അന്വേഷണത്തിനും പിന്നിലെന്നാണ് ജയനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്.

കാസര്‍കോട് കടമ്പാറില്‍ തോക്ക് ചൂണ്ടി ലോറികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അധോലോക സംഘത്തലവന്‍ രവി പൂജാരിയുടെ കൂട്ടാളിയടക്കം നാലു പേര്‍ അറസ്റ്റില്‍. രാകേഷ് കിഷോര്‍ അടക്കമുള്ളവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസുകാര്‍ക്കെതിരെയും പ്രതികള്‍ തോക്കു ചൂണ്ടി. കടമ്പാര്‍ ബജ്ജയില്‍ കാറും ബൈക്കും കുറുകെ ഇട്ട് തോക്ക് ചൂണ്ടി ഡ്രൈവര്‍മാരെ ആക്രമിച്ച് ലോറികള്‍ തട്ടിയെടുക്കുകയായിരുന്നു.

കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹക്കീം ഫൈസിയെ രാജി വയ്പ്പിച്ചതില്‍ പ്രതിഷേധം. സിഐസിയിലെ രണ്ടു വിദ്യാര്‍ഥി യൂണിയനുകള്‍ പിരിച്ചു വിട്ടു. വാഫി, വഫിയ്യ വിദ്യാര്‍ഥി യൂണിയനുകളാണ് പിരിച്ചുവിട്ടത്.

ട്രെയിനില്‍ കയറാന്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യാത്രക്കാരന്‍ അറസ്റ്റിലായി. രാജധാനി എക്സ്പ്രസ്സില്‍ ബോംബ് ഭീഷണി മുഴക്കിയ പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തറാണു തൃശൂരില്‍ അറസ്റ്റിലായത്.

അടിമാലിയില്‍ ആദിവാസി യുവാവ് വിനീതിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അടിമാലി പോലീസ് കേസെടുത്തു. അടിമാലി സ്വദേശി ജസ്റ്റിനും, കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് വിനീതിന്റെ മൊഴി.

മണിമലയില്‍ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. മണിമല പാറവിളയില്‍ രാജം (70) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സെല്‍വരാജനെയും (76) മകന്‍ വിനീഷിനെയും (30) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പയ്യന്നൂരില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം റോഡ് നിര്‍മ്മാണത്തിനായി ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും സ്ഥലം കയ്യേറുന്നു. പെരുമ്പ – മാതമംഗലം റോഡ് വീതികൂട്ടാന്‍ അമ്പതിലേറെ കുടുംബങ്ങളുടെ സ്ഥലമാണ് ഒരു രൂപ പോലും നല്‍കാതെ കയ്യേറിയത്. കോടതിയുടെ സ്റ്റേ ഉത്തരവ് മറികടന്നാണ് അതിക്രമം.

ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്‍ വീടു തകര്‍ത്തു. ശാന്തന്‍പാറ ചുണ്ടല്‍ വളവുകാട് ചുരുളിനാഥന്റെ വീടാണു തകര്‍ത്തത്. വീട്ടില്‍ ആരും ഇല്ലായിരുന്നു. സമീപത്തെ കൃഷിയും കാട്ടാന നശിപ്പിച്ചു.

ആര്‍ത്തവ അവധി നടപ്പാക്കണമെന്ന് ആവശ്യപ്പട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നയപരമായ വിഷയത്തില്‍ സര്‍ക്കാരാണു തീരുമാനമെടക്കേണ്ടതെന്നു കോടതി നിരീക്ഷിച്ചു. ആര്‍ത്തവാവധി പ്രഖ്യാപിച്ചാല്‍ പല സ്ഥാപനങ്ങളും സ്ത്രീകളെ ജോലിക്കെടുക്കില്ലെന്നും കോടതി.

കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര നടത്തിയ മോദി വിരുദ്ധ പരാമര്‍ശത്തില്‍ നിയമ നടപടി തുടരുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാഷ്ട്രീയത്തില്‍ സംസ്‌കാരമില്ലാത്ത ഭാഷ ഉപയോഗിക്കരുത്. പവന്‍ ഖേര കോടതിയില്‍ മാപ്പ് പറഞ്ഞതിന്റെ രേഖകള്‍ സഹിതമാണ് ഹിമന്ത ട്വീറ്റു ചെയ്തത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പണം എടിഎമ്മിലെന്നപോലെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് കടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതി ഇല്ലാതാക്കാന്‍ ബിജെപിക്കു കഴിഞ്ഞു. സര്‍ക്കാര്‍ പദ്ധതികളുടെ പണം ജനങ്ങളിലേക്ക് നേരിട്ട് എത്തിച്ചെന്നും മോദി പറഞ്ഞു. നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജാതി സെന്‍സസ് വേണമെന്ന് ബിഎസ്പി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജാതി സെന്‍സസ് ആവശ്യം ഉന്നയിച്ച് ബിജെപിയെ പ്രതിരോധത്തിലാക്കാനാണ് നീക്കം. ജാതി സെന്‍സസിനായി സമാജ്വാദി പാര്‍ട്ടിയും നിതീഷ്‌കുമാറും പ്രചാരണം ശക്തമാക്കിയിരിക്കേയാണ് മായാവതിയും നിലപാട് വ്യക്തമാക്കിയത്.

റെയില്‍വേ ട്രാക്കില്‍ നിന്നുകൊണ്ട് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ രണ്ടു യുവാക്കള്‍ ട്രെയിനിടിച്ചു മരിച്ചു. ഡല്‍ഹിയിലെ കാന്തി നഗര്‍ ഫ്ളൈ ഓവറിനടുത്താണ് അപകടം. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വാന്‍ ശര്‍മ്മ(23), സെയില്‍സ് മാനായ മോനു(20)എന്നിവരാണ് മരിച്ചത്.

യുക്രെയിനില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നു. റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 193 അംഗ ജനറല്‍ കൗണ്‍സില്‍ പ്രമേയം അംഗീകരിച്ചത്.

രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെട്ടതോടെ സിമന്റ് ഉപഭോഗത്തില്‍ വന്‍ കുതിച്ചുചാട്ടം. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ 10 മാസത്തെ കണക്കുകള്‍ പ്രകാരം, സിമന്റ് ഉപഭോഗത്തില്‍ 11 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ സിമന്റ് ഉപഭോഗം 7 ശതമാനം മുതല്‍ 9 ശതമാനം വരെ ഉയര്‍ന്ന് 425 മില്യണ്‍ ടണ്‍ ആകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലും സിമന്റ് ഉപഭോഗം ഉയരാന്‍ സാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയതോടെയാണ് സിമന്റ് ഉപഭോഗം വര്‍ദ്ധിച്ചത്. കൂടാതെ, റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തിരിച്ചുവരവും, ഗ്രാമീണ ഭവനപദ്ധതികളുടെ വളര്‍ച്ചയും സിമന്റ് ഉപഭോഗം കൂടാന്‍ സഹായിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്ര റോഡ് വികസന മന്ത്രാലയം, ദേശീയപാത അതോറിറ്റി എന്നിവയുടെ പദ്ധതി ചെലവുകള്‍ 14 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് ഉയര്‍ന്നത്. പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതി 12 ശതമാനം വളര്‍ച്ചയും നേടിയിട്ടുണ്ട്. ഈ ഘടകങ്ങളാണ് ഇത്തവണ സിമന്റ് വില്‍പ്പനയ്ക്ക് നേട്ടമായത്.

ഇന്ത്യന്‍ ബ്രാന്‍ഡ് ലാവയുടെ പുതിയ ഹാന്‍ഡ്സെറ്റ് ലാവ യുവ 2 പ്രോ വിപണിയിലേക്ക്. 6.5 ഇഞ്ച് എച്ച്ഡി+ നോച്ച് ഡിസ്‌പ്ലേയും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമായാണ് ബജറ്റ് ഫോണ്‍ വരുന്നത്. മീഡിയടെക് ഹീലിയോ ജി37 ആണ് പ്രോസസര്‍. ലാവ യുവ 2 പ്രോയുടെ അടിസ്ഥാന വില 7,999 രൂപയാണ്. ഇത് 4 ജിബി റാമിനൊപ്പം വരുന്നു. ഒക്ടോബറില്‍ അവതരിപ്പിച്ച ലാവ യുവ പ്രോയുടെ പരിഷ്‌കരിച്ച മോഡലാണിത്. ഗ്ലാസ് വൈറ്റ്, ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് ലാവെന്‍ഡര്‍ എന്നീ മൂന്ന് കളര്‍ വേരിയന്റുകളിലാണ് പുതിയ ഫോണ്‍ വരുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജുമുള്ള ഹാന്‍ഡ്സെറ്റ് അധിക 3 ജിബി വെര്‍ച്വല്‍ റാമിന്റെ ഒറ്റ കോണ്‍ഫിഗറേഷനില്‍ ലഭ്യമാണ്. 256 ജിബി വരെ വികസിപ്പിക്കാവുന്നതാണ് സ്റ്റോറേജ്. ആന്‍ഡ്രോയിഡ് 12 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ലാവ യുവ 2 പ്രോയുടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റിന് 13 മെഗാപിക്സല്‍ പ്രൈമറി എഐ സെന്‍സറും രണ്ട് അധിക വിജിഎ ക്യാമറകളും ഉണ്ട്. 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയ്ക്ക് ഒരു സ്‌ക്രീന്‍ ഫ്ലാഷും ഉണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് വി5.1, 4ജി കണക്റ്റിവിറ്റി എന്നിവ ലാവ യുവ 2 പ്രോ പിന്തുണയ്ക്കുന്നു. ഇതിന് യുഎസ്ബി ടൈപ്പ്-സി കണക്റ്റിവിറ്റിയും ഉണ്ട്. 3.5 എംഎം ഓഡിയോ ജാക്ക് സ്ലോട്ടും ഫോണിലുണ്ട്. 5,000 എംഎഎച്ച് ലിപോളിമര്‍ ബാറ്ററിയാണ് ഇതില്‍ പായ്ക്ക് ചെയ്യുന്നത്.

തമിഴ് നടി ജ്യോതികയും മമ്മൂട്ടിയുമൊന്നിക്കുന്ന ചിത്രം കാതലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് പുറത്ത് വരുന്നത്. ഏപ്രില്‍ 20ന് ചിത്രം റിലീസ് ചെയ്‌തേക്കും. ജിയോ ബേബിയാണ് കാതല്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം മാത്യൂസ് പുളിക്കന്‍ ആണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ശ്രദ്ധ നേടിയിരുന്നു. ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് കാതല്‍. മമ്മൂട്ടി കമ്പനിയാണ് സിനിമയുടെ നിര്‍മ്മാണം. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാതല്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആണ് പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ ചിത്രം. രണ്ടാം ചിത്രം റോഷാക്ക് ആയിരുന്നു.

റസല്‍ ക്രോ വൈദികനായി എത്തുന്ന ഹൊറര്‍ ചിത്രം ദ് പോപ്സ് എക്സോസിസ്റ്റ് ട്രെയിലര്‍ റിലീസ് ചെയ്തു. ജൂലിയസ് അവെറി സംവിധാനം ചെയ്യുന്ന ചിത്രം വത്തിക്കാനിലെ ചീഫ് എക്സോസിസ്റ്റ് ആയിരുന്ന വൈദികന്‍ ഗബ്രിയേലെ അമോര്‍ത്തിന്റെ കഥയാണ് പറയുന്നത്. ഡാനിയല്‍ സൊവാറ്റോ, അലക്സ് എസോ, ഫ്രാങ്കോ നീറോ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഈ വര്‍ഷം ഏപ്രില്‍ 14ന് ചിത്രം റിലീസ് ചെയ്യും. സോണി പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുക.

ബൗണ്‍സ് ഇന്‍ഫിനിറ്റി ഇന്‍ഫിനിറ്റി ഇ1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. 96,799 രൂപ എക്സ്-ഷോറൂം വിലയിലാണ് അവതരണം. മോഡല്‍ ലിമിറ്റിഡ് യൂണിറ്റുകളില്‍ മാത്രമാണ് എത്തുക. ടോപ്പ് എന്‍ഡ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ ബൗണ്‍സ് ഇന്‍ഫിനിറ്റി ഇ1 ലിമിറ്റഡ് എഡിഷന് ഏകദേശം 16,800 രൂപ വില കൂടുതലാണ്. മോഡലിന് സ്‌പോര്‍ട്ടി ബ്ലാക്ക് കളറിലുള്ള ഫ്ലോര്‍ബോര്‍ഡ് പാനലുകളും ‘ലിമിറ്റഡ് എഡിഷന്‍’ ബാഡ്ജും ഗ്രാബ് റെയിലിന് താഴെ സ്ഥാപിച്ചിരിക്കുന്ന സൈഡ് പാനലില്‍ ഇരുണ്ട ചാരനിറം/വെള്ളി വരയും ഉണ്ട്. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമായി, കോമറ്റ് ഗ്രേ, പേള്‍ വൈറ്റ്, സ്പാര്‍ക്കിള്‍ ബ്ലാക്ക്, സ്പോര്‍ട്ടി റെഡ്, ഡെസാറ്റ് സില്‍വര്‍ എന്നീ അഞ്ച് പെയിന്റ് സ്‌കീമുകളിലാണ് പ്രത്യേക പതിപ്പ് വരുന്നത്. ബൗണ്‍സ് ഇന്‍ഫിനിറ്റി ഇ1 ലിമിറ്റഡ് എഡിഷന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്സ് മോഡ്, ടോ അലേര്‍ട്ട് തുടങ്ങിയ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച് സ്‌കൂട്ടര്‍ റിമോട്ടായി ട്രാക്ക് ചെയ്യാനും ജിയോഫെന്‍സിംഗ് ചെയ്യാനും ചാര്‍ജിംഗ് സ്റ്റാറ്റസ് പരിശോധിക്കാനും മറ്റും ഉപയോഗിക്കാവുന്ന ഒരു സ്മാര്‍ട്ട് ആപ്പുമായി ഇ-സ്‌കൂട്ടര്‍ വരുന്നു.

ലോഹിതദാസിന്റെ ആത്മകഥനങ്ങളാണ് ഈ പുസ്തകത്താളുകള്‍. ജീവിതത്തിലുടനീളം കയ്പ്പും വേദനയും ഏറ്റുവാങ്ങിയ ഒരേകാകിയുടെ അനുഭവസാക്ഷ്യങ്ങള്‍. ഈ അനുഭവകുറിപ്പികളിലൂടനീളം അദ്ദേഹം വാരിവിതറിയ മരണത്തിന്റെ ഗന്ധമാണ് നമ്മെ പരിഭ്രമിപ്പിക്കുന്നത്. ബഹുദൂര്‍, ശങ്കരാടി, രവീന്ദ്രന്‍ മാസ്റ്റര്‍, പത്മരാജന്‍, ഭരതന്‍, ഒടുവില്‍ ഉണ്ണിക്കൃഷണന്‍ എന്നിങ്ങനെ ഒട്ടേറെ സഹപ്രവര്‍ത്തകരുടെ മരണത്തിന്റെ ഘോഷയാത്ര. അവസാനം ഒരു കടങ്കഥ പോലെ മരണത്തിന്റെ അജ്ഞാതമായ ഭൂമികളിലേക്ക് ലോഹിതദാസും ജീവിതത്തിന്റെ നിസ്സാരതയും മരണത്തിന്റെ കരാളതയും നിറഞ്ഞുനില്‍ക്കുന്ന ഒരു ബര്‍ഗ് മാന്‍ ചിത്രം പോലെ. ആത്മ സ്പര്‍ശിയാണ് ഈ കഥനങ്ങള്‍. തന്റെ പ്രതിഭാവിശേഷം ഒരു ചലചിത്ര സംവിധായകന്റേതുമാത്രമല്ല എഴുത്തുകാരന്റേതു കൂടിയാണെന്ന് ബോധ്യപ്പെടുത്തുന്ന അതിമനോഹരമായ കുറിപ്പുകള്‍. ‘കാഴ്ചവട്ടം’. ലോഹിതദാസ്. ഗ്രീന്‍ ബുക്സ്. വില 103 രൂപ.

കോവിഡ് രോഗമുക്തരായി രണ്ട് വര്‍ഷത്തിനു ശേഷവും പല രോഗികളുടെയും ശ്വാസകോശത്തിന് സാരമായ കേടുപാടുകള്‍ തുടരുന്നതായി െനഞ്ചിന്റെ സിടി സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. പല അവയവങ്ങള്‍ക്കും കോവിഡ് ദീര്‍ഘകാല നാശമുണ്ടാക്കാമെന്ന സംശയങ്ങളെ ശരി വയ്ക്കുന്നതാണ് പുതിയ പഠനങ്ങള്‍. വുഹാനിലെ ഹുവാസ് ഹോങ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ രണ്ട് വര്‍ഷം നീണ്ട പഠനം വ്യക്തമായ സൂചനകള്‍ ഇതിനെക്കുറിച്ച് നല്‍കുന്നു. 79 പുരുഷന്മാരും 65 സ്ത്രീകളും അടക്കം 144 പേരിലാണ് പഠനം നടത്തിയത്. 2020 ജനുവരി 15 നും മാര്‍ച്ച് 10 നും ഇടയില്‍ കോവിഡ് രോഗമുക്തി നേടിയവരാണ് ഇവര്‍. ഇവരില്‍ ആറ് മാസത്തിനും ഒരു വര്‍ഷത്തിനും രണ്ട് വര്‍ഷത്തിനും ശേഷം നെഞ്ചിന്റെ സിടി സ്‌കാന്‍ നടത്തി. ആറ് മാസത്തിനു ശേഷം നടത്തിയ പരിശോധനയില്‍ 54 % രോഗികള്‍ക്കും ഏതെങ്കിലും തരത്തിലുള്ള ശ്വാസകോശ പ്രശ്നങ്ങള്‍ കണ്ടെത്തി. രണ്ട് വര്‍ഷത്തിനു ശേഷം ഇത് 39 ശതമാനമായി കുറഞ്ഞു. ശ്വാസകോശത്തിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്ന ഫൈബ്രോട്ടിക് ലങ് അസാധാരണത്വം 23 ശതമാനം പേരില്‍ കണ്ടപ്പോള്‍ നോണ്‍ ഫൈബ്രോട്ടിക് ലങ് പ്രശ്നങ്ങള്‍ 16 ശതമാനം പേരില്‍ കണ്ടെത്തി. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഭൂരിഭാഗം പേരിലും കാണപ്പെട്ട ഒരു ലക്ഷണം ശ്വാസം മുട്ടലായിരുന്നതായും ഗവേഷകര്‍ പറയുന്നു. പഠന ഗ്രൂപ്പിലെ 14 ശതമാനം പേരിലും ഈ ലക്ഷണം കണ്ടെത്തി. വായു അറകളില്‍ വച്ച് ഓക്സിജന്‍ രക്തത്തിലേക്ക് നല്‍കുകയും തിരികെ കാര്‍ബണ്‍ഡയോക്സൈഡ് രക്തത്തില്‍ നിന്ന് എടുക്കുകയും ചെയ്യുന്ന പള്‍മനറി ഡിഫ്യൂഷന്‍ പ്രക്രിയയില്‍ 29 ശതമാനം പേരില്‍ കണ്ടെത്തി. കോവിഡ് രോഗമുക്തര്‍ ശ്വാസംമുട്ടല്‍ പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം തുടര്‍ചികിത്സകള്‍ക്ക് വിധേയരാകണമെന്ന് റേഡിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.78, പൗണ്ട് – 99.54, യൂറോ – 87.65, സ്വിസ് ഫ്രാങ്ക് – 88.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.21, ബഹറിന്‍ ദിനാര്‍ – 219.60, കുവൈത്ത് ദിനാര്‍ -269.71, ഒമാനി റിയാല്‍ – 215.00, സൗദി റിയാല്‍ – 22.06, യു.എ.ഇ ദിര്‍ഹം – 22.54, ഖത്തര്‍ റിയാല്‍ – 22.74, കനേഡിയന്‍ ഡോളര്‍ – 61.04.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *