രാജ്യത്ത് വിമാനയാത്ര ചെയ്തവരുടെ എണ്ണത്തില്‍ വീണ്ടും കുതിച്ചുചാട്ടം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2023 ജനുവരിയില്‍ 1.25 കോടി ആളുകളാണ് വിമാനയാത്ര നടത്തിയത്. 2021 ജനുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 95.72 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ജനുവരിയില്‍ 64.08 ലക്ഷം ആളുകളാണ് രാജ്യത്ത് വിമാനയാത്ര നടത്തിയത്. ഇത്തവണ സര്‍വീസുകളില്‍ 80 ശതമാനം മുതല്‍ 90 ശതമാനം സീറ്റുകളിലും യാത്രക്കാരെ നേടാന്‍ വിമാന കമ്പനികള്‍ക്ക് സാധിച്ചിട്ടുണ്ട്. സര്‍വീസുകളില്‍ ഏറ്റവും അധികം പേരെ ഉള്‍ക്കൊള്ളിച്ചത് സ്‌പൈസ് ജെറ്റാണ്. 91 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ സ്‌പൈസ് ജെറ്റിന് സാധിച്ചിട്ടുണ്ട്. തൊട്ടുപിന്നിലായി ഗോ ഫസ്റ്റ് (90.9 ശതമാനം), എയര്‍ ഇന്ത്യ (87.5 ശതമാനം), ഇന്‍ഡിഗോ (82 ശതമാനം) എന്നിങ്ങനെയാണ് ലോഡ് ഫാക്ടര്‍. അതേസമയം, 2022- ല്‍ പ്രവര്‍ത്തനമാരംഭിച്ച പുത്തന്‍ കമ്പനിയായ ആകാശ എയറിന്റെ ലോഡ് ഫാക്ടര്‍ 82.8 ശതമാനമാണ്.