yt cover 35

സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂ ട്യൂബ് ചാനല്‍ തുടങ്ങാനോ നടത്താനോ പാടില്ലെന്ന് സര്‍ക്കാര്‍. ചാനല്‍ തുടങ്ങുന്നതിലൂടെ ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണ്. യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള അനുമതി തേടി അഗ്നിശമന സേനാംഗം നല്‍കിയ അപേക്ഷ നിരസിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.

മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോണ്‍ പദ്ധതിയിലും വന്‍ ക്രമക്കേടെന്ന് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. പത്തു കൊല്ലത്തിനിടെ ബില്ലുകളും വൗച്ചറുകളുമില്ലാതെ വന്‍തുക എഴുതിയെടുത്തു. റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഫണ്ട് വിനിയോഗിച്ചതിലും ക്രമക്കേടുണ്ട്. വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് ധനവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി.

സിനിമാ രംഗത്ത് ആദായ നികുതി വകുപ്പു നടത്തിയ റെയ്ഡില്‍ 225 കോടി രൂപയുടെ കളളപ്പണമിടപാട് കണ്ടെത്തി. 72 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണു കണ്ടെത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി മലയാള സിനിമാ മേഖലയില്‍ നിര്‍മാണ രംഗത്തുള്ളവരുടെ സാമ്പത്തിക ഇടപാടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നു. വിദേശത്ത് സ്വത്തുക്കള്‍ വാങ്ങിയതിലും ക്രമക്കേടു കണ്ടെത്തി.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ലൈഫ് മിഷനില്‍ സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് എം ശിവശങ്കറാണെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസ് എന്‍ഫോഴ്സ്മെന്റിനു മൊഴി നല്‍കി. കള്ളപ്പണ ഇടപാടോ ഗൂഢാലോചനയോ താന്‍ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും അനുബന്ധ പ്രദേശങ്ങളും അതീവ സുരക്ഷാ മേഖലയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൊച്ചിയിലെ കൂണ്ടന്നൂര്‍ മുതല്‍ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയത്. ഈ മേഖലയില്‍ ഔദ്യോഗിക രഹസ്യ നിയമം ബാധകമായിരിക്കും.

കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം തൂങ്ങിമരിച്ച ആദിവാസി യുവാവ് വിശ്വനാഥനുമായി സംസാരിച്ച ആറു പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

എംഎല്‍എ ഹോസ്റ്റലിലെ ഒരു കെട്ടിടം പൊളിച്ചതോടെ തിരുവനന്തപുരത്ത് താമസ സൗകര്യമില്ലാതെ 19 എംഎല്‍എമാര്‍. പമ്പ ബ്ലോക്ക് കെട്ടിടം പൊളിച്ചതോടെയാണ് ഇത്രയും എംഎല്‍എമാര്‍ പെരുവഴിയിലായത്. എംഎല്‍എമാര്‍ക്ക് പകരം താമസ സ്ഥലം കണ്ടെത്താന്‍ പരസ്യം നല്‍കിയിരിക്കുകയാണ് നിയമസഭാ സെക്രട്ടറിയേറ്റ്. ബലക്ഷയംമൂലമാണ് 50 വര്‍ഷം പഴക്കമുള്ള എംഎല്‍എ ഹോസ്റ്റലിന്റെ പമ്പ ബ്ലോക്ക് ഇടിച്ചു നിരത്തിയത്. പകരം നിര്‍മിക്കുന്ന 11 നില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാന്‍ രണ്ടര വര്‍ഷം വേണം.

ഹെലികോപ്റ്ററില്‍ പാലക്കാട്ട് പറന്നിറങ്ങിയ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിന്‍ അടക്കം നാലു പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടും കരിങ്കൊടി പ്രതിഷേധം ഇല്ലാതാക്കാനായില്ല. ചാലിശ്ശേരിയില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. സംസ്ഥാനതല തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തിയത്.

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ഇന്നു നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെടുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടി നടപ്പാക്കിയതോടെ കേരളത്തിന്റെ നികുതി വിഹിതം 16 ശതമാനത്തില്‍നിന്നു 11 ശതമാനമായി കുറഞ്ഞു. വരുമാന നഷ്ടം നികത്താന്‍ നഷ്ടപരിഹാര പാക്കേജ് കൂടുതല്‍ വര്‍ഷത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെടും.

കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൈമാറിയതെന്ന് കളമശേരിയിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ കുഞ്ഞിന്റെ അമ്മ. ശിശു ക്ഷേമ സമിതിക്കു മുന്നില്‍ ഹാജരായാണ് ഇങ്ങനെ മൊഴി നല്‍കിയത്. നിലവില്‍ കുഞ്ഞിനെ ഏറ്റെടുക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. കുഞ്ഞ് തല്‍ക്കാലം ശിശുക്ഷേമസമിതിയുടെ സംരക്ഷണയില്‍ തുടരും. കുഞ്ഞിന്റെ അച്ഛന്‍ കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതിക്കു മുന്നില്‍ ഹാജരായിരുന്നു.

ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരല്‍ത്തുമ്പില്‍ വിറയ്ക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറി. ക്രിമിനലുകള്‍ക്ക് സമൂഹമാധ്യമങ്ങളിലിടം കൊടുത്തത് സിപിഎമ്മാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ആകാശ് തില്ലങ്കേരിയെ പിന്തുണയ്ക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു സിപിഎം മുന്നറിയിപ്പ്. ആകാശിനെ സഹായിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പങ്കെടുത്ത ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് താക്കീത്

തൊണ്ടി മുതലായ 125 ഗ്രാം കഞ്ചാവിന്റെ പകുതിയിലേറെയും എലി തിന്നുപോയെന്ന് പ്രോസിക്യൂഷന്‍! തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ തെളിവായി സൂക്ഷിച്ചിരുന്ന 125 ഗ്രാം കഞ്ചാവാണ് എലി ശാപ്പിട്ടത്. 2016 ല്‍ കഞ്ചാവുമായി സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ തൊണ്ടിമുതലാണിത്.

മന്ത്രിയെ കാത്ത് ഒന്നര മണിക്കൂര്‍ വെയിലത്ത് നില്‍ക്കേണ്ടി വന്ന പൊലീസ് കേഡറ്റ് വിദ്യാര്‍ത്ഥികളില്‍ അഞ്ചു പേര്‍ കുഴഞ്ഞു വീണു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന് കീഴിലെ ആദ്യ ബാച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ച വെങ്ങാനൂര്‍ ഗ്രൗണ്ടിലാണു സംഭവം. രാവിലെ ഒമ്പതിനുള്ള പരിപാടിക്ക് എട്ടരയോടെ വിദ്യാര്‍ത്ഥികളെ ഗ്രൗണ്ടില്‍ നിരത്തി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പത്തിനാണ് എത്തിയത്.

കൊല്ലങ്കോട് ഫര്‍ണീച്ചര്‍ സ്ഥാപനം കത്തി നശിച്ചു. കൊല്ലങ്കോട് അഞ്ജലി തടി-ഫര്‍ണ്ണീച്ചര്‍ സ്ഥാപനത്തിനാണ് പുലര്‍ച്ചെ ഒരു മണിയോടെ തീ പിടിച്ചത്.

തിരുവനന്തപുരം കാട്ടാക്കട പൂവച്ചലില്‍ ഫര്‍ണിച്ചര്‍ കടയ്ക്കു തീപിടിച്ച് വന്‍ നാശനഷ്ടം. അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു മല്‍സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി. നോമിനേഷന്‍ രീതി വേണ്ട, തെരഞ്ഞെടുപ്പു വേണമെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയയെ സിബിഐ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. നാളെ എത്താനാണ് നിര്‍ദ്ദേശം. സിസോദിയ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ഹരിയാനയിലെ ലോഹറുവില്‍ വാഹനത്തില്‍ യുവാക്കളെ ജീവനോടെ കത്തിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ടാക്സിഡ്രൈവറായ ഹരിയാന സ്വദേശി റിങ്കു സൈനി ആണ് സംഭവത്തില്‍ അറസ്റ്റിലായത്. പ്രതികളായ അഞ്ചു പേരില്‍ ഒരാളാണ് ഇയാള്‍.

പഞ്ചാബിലെ അതിര്‍ത്തിയില്‍ കള്ളക്കടത്തുകാരുമായി ഏറ്റുമുട്ടല്‍. അതിര്‍ത്തി രക്ഷാ സേന ആയുധ ലഹരിക്കടത്ത് നീക്കം തടഞ്ഞു. ഗുരുദാസ്പൂര്‍ സെക്ടറിലാണ് സംഭവം. ആയുധങ്ങളും ലഹരി വസ്തുക്കളും പിടികൂടി.

ദക്ഷിണാഫ്രിക്കയില്‍നിന്ന് പന്ത്രണ്ടു ചീറ്റപ്പുലികള്‍ ഇന്ത്യയിലെത്തി. മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലേക്കു തുറന്നുവിടും. നമീബിയയില്‍നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നതിനു പിറകേയാണ് ആഫ്രിക്കന്‍ ചീറ്റകളെ കൊണ്ടുവന്നത്.

റസ്റ്റോറന്റിലെ ഫ്രിഡ്ജില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസില്‍ കൊലപാതകത്തിനു മകനെ സഹായിച്ച പിതാവ് അറസ്റ്റിലായി. നിക്കി യാദവ് കൊലപാതക കേസിലാണ് കാമുകന്‍ സഹില്‍ ഗെലോട്ടിന്റെ പിതാവ് അറസ്റ്റിലായത്. കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്. സഹിലും നിക്കിയും 2020 ഒക്ടോബറില്‍ നോയിഡയിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായിരുന്നെന്നു പൊലീസ് അറിയിച്ചു.

കുഴിയില്‍ വീണ കാട്ടുകൊമ്പനെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി. കര്‍ണാടകയിലെ കൊടഗ് ജില്ലയില്‍ കുഴിയില്‍ നിന്ന് ജെസിബി കൈകളുടെ സഹായത്തോടെ പുറത്തെത്തിയ ആന ജെസിബി കൈയിനെ മസ്തകം കൊണ്ട് ഇടിച്ചു നിരത്താന്‍ ശ്രമിക്കുന്ന വീഡിയോ പുറത്തുവിട്ടു. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവച്ചത്.

ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിന് പാര്‍ട്ടി ചിഹ്നമായ അമ്പും വില്ലും നഷ്ടപ്പെട്ടത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. പുതിയ ചിഹ്നം ജനങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവസേന എന്ന പേരും അമ്പും വില്ലും ചിഹ്നവും ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന് നല്‍കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനു പിറകേയാണ് ശരദ് പവാറിന്റെ പ്രതികരണം.

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ 179 റണ്‍സിന് 7 എന്ന നിലയിലയിലാണ്. ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ 5 വിക്കറ്റെടുത്തു.

ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി ജനുവരിയില്‍ 76 ശതമാനം ഇടിഞ്ഞ് 32 മാസത്തെ താഴ്ചയിലെത്തി. ആഗോള, ആഭ്യന്തരവിലകള്‍ കഴിഞ്ഞമാസം പുത്തന്‍ ഉയരത്തിലെത്തുകയും ഡിമാന്‍ഡിനെ ബാധിക്കുകയും ചെയ്തതാണ് കാരണം. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യമായ ഇന്ത്യ ജനുവരിയില്‍ ഇറക്കുമതി ചെയ്തത് 11 ടണ്ണാണ്. 2022 ജനുവരിയില്‍ 45 ടണ്ണായിരുന്നു. ഇറക്കുമതി മൂല്യം 238 കോടി ഡോളറില്‍ നിന്ന് 69.7 കോടി ഡോളറിലേക്കും കുറഞ്ഞു. വിലവര്‍ദ്ധനയെത്തുടര്‍ന്ന് ഉപഭോക്താക്കളും ജ്വല്ലറിക്കാരും വാങ്ങല്‍ കുറയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തത് ഇറക്കുമതി താഴാനിടയാക്കിയെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ബഡ്ജറ്റില്‍ കേന്ദ്രം ഇറക്കുമതിത്തീരുവ കുറച്ചേക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞമാസം ഒട്ടേറെ ജ്വല്ലറിക്കാര്‍ ഇറക്കുമതിയില്‍ നിന്ന് വിട്ട് നിന്നു. എന്നാല്‍ ഇറക്കുമതി കേന്ദ്രം കുറച്ചില്ല. 12.5 ശതമാനമാണ് ഇറക്കുമതിത്തീരുവ. വിലവര്‍ദ്ധനയും ഇറക്കുമതിയെ ബാധിച്ചു. കഴിഞ്ഞമാസം രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 1,800 ഡോളര്‍ നിരക്കില്‍ നിന്ന് 1,950 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. ദേശീയതലത്തില്‍ വില 10 ഗ്രാമിന് റെക്കോഡ് ഉയരമായ 57,270 രൂപയിലുമെത്തി. കേരളത്തിലും പവന്‍വില 42,000 രൂപ കടന്നിരുന്നു. സ്വര്‍ണം ഇറക്കുമതി കുറയുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി താഴാന്‍ സഹായിക്കുമെന്ന നേട്ടമുണ്ട്. ഡോളറിന് ഡിമാന്‍ഡ് കുറയുമെന്നതിനാല്‍ രൂപയ്ക്കും സ്വര്‍ണ ഇറക്കുമതിയിലെ വീഴ്ച നേട്ടമാണ്.

ഇന്ത്യന്‍ വിപണിയില്‍ കിടിലന്‍ ഫീച്ചറുകള്‍ ഉള്ള ബ്ലൂടൂത്ത് സ്പീക്കറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഗാഡ്ജറ്റ് നിര്‍മ്മാതാക്കളായ സെബ്രോണിക്സ്. ഇത്തവണ ബ്ലൂടൂത്ത് സ്പീക്കറുകളുടെ ശ്രേണിയിലേക്ക് സെബ്- റോക്കറ്റ് 500 എന്ന പേരിലുള്ള പുതിയ മോഡലാണ് അവതരിപ്പിച്ചത്. ജനപ്രിയ ഡിസി കഥാപാത്രങ്ങളായ ദി ജോക്കര്‍, ബ്ലാക്ക് ആദം തുടങ്ങിയവയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ബ്ലൂടൂത്ത് സ്പീക്കര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കെട്ടിടത്തിന് അകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന സ്പീക്കറാണ് സെബ്- റോക്കറ്റ് 500. ശക്തമായ ഇരട്ട ഡ്രൈവറുകളാണ് സ്പീക്കറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതിനാല്‍, 20 വാട്സ് വോയിസ് ഔട്ട്പുട്ട് വരെ നല്‍കാന്‍ സാധിക്കുന്നതാണ്. ഇവയില്‍ ഇരട്ട പാസീവ് റേഡിയേറ്ററുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒറ്റ ഫുള്‍ ചാര്‍ജില്‍ ഏകദേശം 6 മണിക്കൂര്‍ വരെയാണ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക. ചാര്‍ജിംഗിന് ടൈപ്പ്- സി കണക്ടിവിറ്റിയാണ് നല്‍കിയിരിക്കുന്നത്. കൂടാതെ, എഫ്എം റേഡിയോ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ആമസോണില്‍ വില്‍പ്പനയ്ക്ക് എത്തുന്ന സെബ്- റോക്കറ്റ് 500 സ്പീക്കറുകളുടെ ഇന്ത്യന്‍ വിപണി വില 3,199 രൂപയാണ്.

നമിത പ്രമോദ് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘ഇരവ്’. ഫസ്ലിന്‍ മുഹമ്മദ്, അജില്‍ വില്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ഇരവ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാംധര്‍, ജൂഡ് എ എസ്, വിഷ്ണു പി വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘ഇരവ്’ എന്ന പുതിയ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘കാണാ ചില്ലമേല്‍’ എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സന്ദീപ് സുധയുടെ വരികള്‍ അരുണ്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച് അമൃത സുരേഷാണ് ആലപിച്ചിരിക്കുന്നത്. നമിത പ്രമോദിനൊപ്പം ഡാനിയല്‍ ബാലാജി, സര്‍ജാനോ ഖാലിദ്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. വെസ്റ്റ്ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയുടെ നിര്‍മാണ സംരഭമായ വിഫ്റ്റ് സിനിമസിന്റെ ബാനറിലാണ് ചിത്രം. രാജ് സക്കറിയാസാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ശ്യാംധര്‍, ജൂഡ് എ എസ് എന്നിവര്‍ സഹനിര്‍മാതാക്കളാണ്. ശ്യാംധര്‍ ക്രിയേറ്റീവ് ഡയറക്ടറുമാണ്.

കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നായക നടന്മാര്‍ ആരൊക്കെയെന്നതിന്റെ ഒരു ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. ഓര്‍മാക്സിന്റെ വിലയിരുത്തല്‍ പ്രകാരം കെജിഎഫ് താരം യഷ് തന്നെയാണ് കന്നഡ നായകന്മാരില്‍ ഏറ്റവും ജനപ്രിയന്‍. രണ്ടാം സ്ഥാനത്ത് കിച്ച സുദീപ് ആണ്. മൂന്ന്, നാല് അ്ഞ്ച് സ്ഥാനങ്ങളില്‍ യഥാക്രമം ദര്‍ശന്‍, റിഷഭ് ഷെട്ടി, രക്ഷിത് ഷെട്ടി എന്നിവരാണ്. ജനുവരി മാസത്തിലെ വിലയിരുത്തല്‍ പ്രകാരമുള്ള ലിസ്റ്റ് ആണിത്. കന്നഡ സിനിമയ്ക്ക് എന്ന പോലെ യഷിന്റെയും കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റര്‍ 1. ഭാഷാതീതമായി ഈ ചിത്രത്തിന് ലഭിച്ച പ്രേക്ഷക സ്വീകാര്യത എന്തെന്ന് വെളിവാക്കുന്നതായിരുന്നു രാജ്യമൊട്ടാകെയുള്ള സിനിമാപ്രേമികളില്‍ കെജിഎഫ് ചാപ്റ്റര്‍ 2 സൃഷ്ടിച്ച കാത്തിരിപ്പ്. നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന് വന്‍ സാമ്പത്തിക നേട്ടമാണ് രണ്ടാം ഭാഗവും നേടിക്കൊടുത്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 1200 കോടിയിലേറെ ആയിരുന്നു.

ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യര്‍. 28 ലക്ഷം രൂപയാണ് ഈ ബൈക്കിന് വില. തമിഴ് സൂപ്പര്‍താരം അജിത്തിനൊപ്പം മഞ്ജു ലഡാക്കിലേക്ക് യാത്ര നടത്തിയിരുന്നു. ലഡാക്ക് ട്രിപ്പില്‍ അജിത്ത് ഓടിച്ചിരുന്ന അതേ സിരീസില്‍ പെട്ട ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് ബൈക്ക് ആണ് മഞ്ജു വാങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റുകളായാണ് ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നത്. പരമാവധി 136 ബിഎച്പി പവറില്‍ 143 എന്‍എം ടോര്‍ക് വരെ നല്‍കുന്ന 1254 സിസി ഇന്‍-ലൈന്‍ ബോക്‌സര്‍ എഞ്ചിനാണ് ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഈ വലിയ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. മൂന്നു വര്‍ഷത്തെ അല്ലെങ്കില്‍ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറണ്ടിയും മോഡലിനൊപ്പം ലഭ്യമാവും. ഹീറ്റഡ് ഗ്രിപ്പുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പവര്‍ സോക്കറ്റുകള്‍, 12 വോള്‍ട്ട് ഓണ്‍ ബോര്‍ഡ് സോക്കറ്റ്, 5 വോള്‍ട്ട് പവര്‍ സപ്ലൈയുള്ള യുഎസ്ബി-എ സോക്കറ്റ്, 6.5 ഇഞ്ച് കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ എന്നീ കിടിലന്‍ ഫീച്ചറുകളും മഞ്ജു വാര്യര്‍ സ്വന്തമാക്കിയ ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ സൂപ്പര്‍ ബൈക്കിലുണ്ട്. ലൈസന്‍സ് ലഭിക്കും മുമ്പേ ബൈക്ക് വാങ്ങിയിരുന്നുവെങ്കിലും ലൈസന്‍സ് കിട്ടിയിട്ടേ ബൈക്ക് പുറത്ത് ഇറക്കൂ എന്ന തീരുമാനത്തിലായിരുന്നു മഞ്ജു.

വളയം പിടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട നൂറുനൂറു കാര്യങ്ങളാണ് ഈ പുസ്തകത്തില്‍. വാഹനാപകടങ്ങള്‍ നമ്മുടെ നിരത്തുകളില്‍ വര്‍ധിക്കുന്ന ഇക്കാലത്ത് ‘സേഫ് ഡ്രൈവിങ്’ നിര്‍ദേശങ്ങള്‍ക്കും ട്രാഫിക് ബോധവല്‍ക്കരണത്തിനും പ്രാധാന്യമേറുന്നു. ഏകാഗ്രതയും നിയന്ത്രിതവേഗവും റോഡ് സൈന്‍ / സിഗ്‌നല്‍ ധാരണയുമൊക്കെ നിങ്ങളിലെ ഡ്രൈവറെ സുരക്ഷിതനാക്കുമെന്നറിയുക. ലേണേഴ്സ് ടെസ്റ്റ് മുതല്‍ ഡ്രൈവിങ് മനഃശാസ്ത്രം വരെ ചര്‍ച്ചയാക്കുന്ന ഈ കൈപ്പുസ്തകം, മയക്കവും മദ്യവും മനഃസംഘര്‍ഷവും നിങ്ങളെ ഡേഞ്ചര്‍സോണിലെത്തിക്കുമെന്ന മുന്നറിയിപ്പുമേകുന്നു. ഇവിടെ, വാഹനം സഞ്ചാരത്തിനുള്ള വെറുമൊരു യന്ത്രശകടമല്ല, അതിനു ജീവനുണ്ട്! ശരിയായ സ്റ്റാര്‍ട്ടിങ്ങും ബ്രേക്കിങ്ങും സര്‍വീസിങ്ങുമൊക്കെ നിങ്ങളുടെ പ്രിയവാഹനത്തിന് ആയുര്‍ബലമേകുന്നുവെന്നതും ഇതില്‍ മനസ്സിലാക്കാം. ‘വാഹനമോടിക്കുമ്പോള്‍’. ജയ്‌സണ്‍ കൊച്ചുവീടന്‍. എച്ച് & സി ബുക്സ്. വില 250 രൂപ.

മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് പയര്‍വര്‍ഗ്ഗങ്ങള്‍. പ്രോട്ടീന്റെ കലവറ, നാരുകളുടെ നല്ല ഉറവിടം, കാര്‍ബോഹൈഡ്രേറ്റ് ലഭിക്കുന്നതിനുള്ള ആരോഗ്യകരമായ മാര്‍ഗ്ഗം, ഇതിലും മികച്ച പോഷകാഹാരം ഉണ്ടാകില്ലെന്ന് തന്നെ പറയാം. പ്രമേഹമുള്ളവര്‍ക്കും പയറുവര്‍ഗ്ഗങ്ങള്‍ ഒരു സൂപ്പര്‍ ഫുഡ് ആണ്. പ്രമേഹനിയന്ത്രണത്തിന് അത്യന്താപേക്ഷിതമായ ഗ്ലൈസെമിക് നിയന്ത്രണം, രക്തത്തിലെ ലിപിഡുകള്‍ കുറയ്ക്കല്‍, ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവയിലേക്ക് പള്‍സ് ഉപഭോഗം എങ്ങനെ നയിക്കുമെന്ന് വര്‍ഷങ്ങളായി നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പതിവായി പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കാന്‍ സഹായിക്കും. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് പയര്‍. അവയില്‍ പ്രോട്ടീന്‍, ഫൈബര്‍, കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ്, ബി വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പയറുകള്‍ നാരുകളാല്‍ സമ്പന്നമാണ്. ഭക്ഷണത്തിന് ശേഷമുള്ള ഗ്ലൂക്കോസ് സ്‌പൈക്കിനെ ഇത് മന്ദഗതിയിലാക്കുന്നു. പയര്‍വര്‍ഗ്ഗങ്ങളില്‍ അന്നജം ധാരാളം അടങ്ങിയിട്ടുണ്ട്. അന്നജത്തിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക സ്രോതസ്സാണിത്. ഇത് കുടല്‍ ബാക്ടീരിയയെ മെച്ചപ്പെടുത്തുന്നു. ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. അവ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. 1 കപ്പ് പയറില്‍ 12-15 ഗ്രാം പ്രോട്ടീന്‍ നല്‍കും. പ്രമേഹരോഗികള്‍ക്ക് ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.77, പൗണ്ട് – 99.63, യൂറോ – 88.51, സ്വിസ് ഫ്രാങ്ക് – 89.43, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.95, ബഹറിന്‍ ദിനാര്‍ – 220.15, കുവൈത്ത് ദിനാര്‍ -270.83, ഒമാനി റിയാല്‍ – 215.54, സൗദി റിയാല്‍ – 22.12, യു.എ.ഇ ദിര്‍ഹം – 22.53, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 61.42.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *