mid day hd 13

 

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇസ്രായേലി ഗൂഢസംഘമായ ‘ടീം ഹൊഹേ’ തെരഞ്ഞെടുപ്പ് അട്ടിമറികളും വ്യാജപ്രചാരണവും നടത്തിയെന്നു റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്‍ ആണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഇസ്രേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഫോണ്‍ ചോര്‍ത്തിയതു വിവാദമായതിനു പിറകേയാണ് ‘ടീം ഹൊഹേ’ ഇടപെടലുകള്‍ പുറത്തുവരുന്നത്. കൃത്രിമങ്ങളിലൂടെ മുപ്പതു രാജ്യങ്ങളില്‍ തെരഞ്ഞടുപ്പ് അട്ടിമറിച്ചു. വമ്പന്‍ കന്പനികള്‍ക്കായി പലരെയും വിവാദങ്ങളില്‍പ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിലെ ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെയാണു നുണ പ്രചാരണം. മുന്‍ ഇസ്രായേല്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ത്അല്‍ ഹനാനാണ് സംഘത്തിനു നേതൃത്വം നല്‍കുന്നത്.

സ്വപ്‌ന സുരേഷിനു ജോലി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചെന്ന് അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കര്‍ സ്വപ്നയെ അറിയിച്ച വാട്‌സ്ആപ് സന്ദേശം പുറത്ത്. എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ കൂട്ടത്തിലാണ് ഈ വിവരവുമുള്ളത്. നിനക്കു ജോലി വാങ്ങിത്തരണമെന്നു മുഖ്യമന്ത്രി എന്നോടു പറഞ്ഞിട്ടുണ്ട്. താഴ്ന്ന പദവിയാണെങ്കിലും ഇരട്ടി ശമ്പളം കിട്ടുമെന്ന സന്ദേശമാണ് ശിവശങ്കരന്‍ സ്വപ്‌നയ്ക്ക് അയച്ചിരുന്നത്. മുഖ്യമന്ത്രിയെക്കൂടി ബന്ധിപ്പിക്കുന്ന നിലയിലായതോടെ കേസിന്റെ ഗൗരവം വര്‍ധിച്ചു.

ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറിന്റെ സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ്. വേണുഗോപാല്‍ അയ്യര്‍ എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോടു നാളെ കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ബാങ്കില്‍ ലോക്കര്‍ തുടങ്ങിയത് വേണുഗോപാലയ്യരാണ്. ഇരുവരേയും ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്യും.

കോടതി തള്ളിക്കളഞ്ഞ അവാസ്തവ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അനുവദിച്ചുകൊടുക്കാനാവില്ലെന്നു
ബിബിസിക്കെതിരേ വിമര്‍ശനവുമായി ഉപരാഷ്ട്രപതി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലാം അനുവദിക്കാനാവില്ലെന്ന് ജഗദീപ് ധന്‍കര്‍ പറഞ്ഞു. സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കേയാണ് ഇന്ത്യയുടെ വളര്‍ച്ച തടയാനുള്ള വ്യാജപ്രചാരണമെന്ന് ഉപരാഷ്ട്രപതി വിമര്‍ശിച്ചത്.

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ അവധിയെടുത്താണ് ഉല്ലാസ യാത്ര പോയതെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ഉദ്യോഗസ്ഥരുടെ അവധി ഓഫീസില്‍ എത്തിയ പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഎമ്മിനെ ബാധിച്ച ജീര്‍ണതയുടെ തെളിവാണു ആകാശ് തില്ലങ്കേരിയുടേയും സ്വപ്ന സുരേഷിന്റേയും വെളിപ്പെടുത്തലുകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആകാശിനേപോലുള്ള ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊല്ലുകയും സ്വപ്ന സുരേഷിനെ പോലുള്ളവരെ ഉപയോഗിച്ച് കള്ളക്കടത്തിലൂടെ പണമുണ്ടാക്കുകയും ചെയ്യുന്ന സിപിഎം ഒരു ഭീകര സംഘമായി അധഃപതിച്ചു. സതീശന്‍ കുറ്റപ്പെടുത്തി.

ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കുകയോ നല്‍കാനെന്ന പേരില്‍ പണം കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന് അഡ്വ സൈബി ജോസ് കേരളാ ബാര്‍ കൗണ്‍സിലിന്റെ നോട്ടീസിന് മറുപടി നല്‍കി. ആരോപണങ്ങള്‍ തനിക്കെതിരായ ഗൂഡാലോചനയുടെ തുടര്‍ച്ചയാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും മറുപടിയില്‍ പറയുന്നു.

നടന്‍ കാലടി ജയന്‍ തിരുവനന്തപുരത്ത് അന്തരിച്ചു. 72 വയസായിരുന്നു. സംസ്‌കാരം ഇന്നു നാലിനു തൈക്കാട് ശാന്തി കവാടത്തില്‍.

രണ്ടു ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ പതിനേഴുകാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകന്‍ അനസാണ് മരിച്ചത്.

കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെ ഭരിക്കുന്ന സിപിഎം വിമതനെതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം. പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനെതിരായ ആവിശ്വാസ പ്രമേയത്ത കോണ്‍ഗ്രസിന്റെ മൂന്നംഗങ്ങളില്‍ രണ്ടു പേര്‍ പിന്തുണച്ചേക്കും.

വണ്ടിപ്പെരിയാറില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ മുഖത്ത് അടിച്ചെന്ന പരാതിയില്‍ അധ്യാപികയ്‌ക്കെതിരേ പൊലീസ് കേസെടുത്തു. സ്‌ക്കൂളിലെ താല്‍ക്കാലിക അധ്യാപികയായ ജൂലിയറ്റിനെിരെയാണ് കേസ്.

ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന മൂന്നാം ദിവസവും തുടര്‍ന്നു. ഡല്‍ഹി, മുംബൈ ഓഫീസുകളിലാണു പരിശോധന.

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനു വോട്ടെടുപ്പ് ആരംഭിച്ചു. അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. മാര്‍ച്ച് രണ്ടിനാണു വോട്ടെണ്ണല്‍.

സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് സിനിമാ തിയേറ്ററുകള്‍ അമിത ടിക്കറ്റ് നിരക്ക് ഈടാക്കിയെങ്കില്‍ തിരിച്ചുപിടിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ജി ദേവരാജന്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

ജമ്മു കാഷ്മീരിലെ ഗുല്‍മാര്‍ഗ് മഞ്ഞുമലയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മഞ്ഞുമലയില്‍ സ്‌കീയിംഗ് നടത്തുന്നതിന്റെ വീഡിയോ പുറത്തുവിടുകയുംചെയ്തു. ഭാരത് ജോഡോ യാത്രയുടെ തിരക്കിട്ട നാളുകള്‍ക്കുശേഷം ഏതാനും ദിവസം അവധി ആസ്വദിക്കുകയാണെന്ന കുറിപ്പോടെയാണു ദൃശ്യങ്ങള്‍ പങ്കുവച്ചത്.

ട്വിറ്ററിന്റെ സിഇഒ കസേരയില്‍ തന്റെ വളര്‍ത്തുനായയെ ഇരുത്തി ഫോട്ടോ പോസ്റ്റു ചെയ്ത് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. അടുത്ത വര്‍ഷം ട്വിറ്ററിനു പുതിയ സിഇഒ ഉണ്ടായിരിക്കുമെന്ന് ട്വിറ്ററില്‍ ചുമതലയേറ്റപ്പോഴേ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. വളര്‍ത്തുനായ ഫ്‌ളോക്കി എന്ന ഷിബ ഇനു വിഭാഗത്തിലുള്ള പട്ടിയെയാണു കസേരയില്‍ ഇരുത്തിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *