night news hd 13

 

അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം 19,633 കോടി രൂപ. ഗ്രാന്റായി ഇരട്ടിയോളം തുക വേറേയും ലഭിക്കും. 2021- 22 ല്‍ നികുതി വിഹിതമായി 17,820 കോടി രൂപയും ഗ്രാന്റായി 30,017 കോടി രൂപയും ലഭിച്ചു. സസ്ഥാനത്തിനു വിവിധ വിഭാഗങ്ങളിലായി കഴിഞ്ഞ വര്‍ഷം 33,000 കോടി രൂപയുടെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചെന്നു സംസ്ഥാന ധനമന്ത്രി ആരോപിച്ചിരുന്നു. സിഎജി അംഗീകരിച്ച കണക്കുകള്‍ 2017 മുതല്‍ ഹാജരാക്കാത്തതിനാലാണ് പല ഫണ്ടും നല്‍കാത്തതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. എന്‍.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍. 2011- 12 മുതല്‍ 2022 വരെ 2,78,979 കോടി രൂപ കേരളത്തിനു ലഭിച്ചെന്നാണു കണക്ക്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായ അദാനിയും തമ്മിലുള്ള ബന്ധവും വഴിവിട്ട സഹായങ്ങളും സംബന്ധിച്ചു പാര്‍ലമെന്റില്‍ ആരോപിച്ചതെല്ലാം സത്യമെന്ന് രാഹുല്‍ ഗാന്ധി. അദാനിക്കു വേണ്ടി ചട്ടങ്ങള്‍ മറികടന്നു. മോദിയുടെ വിദേശ യാത്രകളില്‍ അനുഗമിക്കുന്ന അദാനിക്ക് അനേകം വിദേശ കരാറുകള്‍ നേടിക്കൊടുത്തു. വയനാട്ടിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. വിമാനത്താവളങ്ങളും തുറമുഖങ്ങളും അദാനിക്കു നല്‍കി. പാര്‍ലമെന്റിലെ തന്റെ പ്രസംഗം നീക്കം ചെയ്തു. തനിക്കെതിരേ വ്യക്തിഹത്യ നടത്തിയും അധിക്ഷേപിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചത്. മോദിയുടെ അധിക്ഷേപ പ്രസംഗം നീക്കം ചെയ്തില്ല. വന്യ ജീവി ആക്രമണത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും ബഫര്‍ സോണ്‍ ആശങ്കകള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നമ്മുടെ നാട്ടിലെ എല്ലാ വികസനത്തേയും എതിര്‍ക്കണമെന്നതാണ് ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും തീരുമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിനോടുള്ള മതിപ്പ് ഇല്ലാതാക്കാന്‍ വികസനം മുടക്കുകയാണ്. നാടിന്റെ ഭാവിക്കായി സകല എതിര്‍പ്പിനെയും മറികടക്കും. അതിനെ ധാര്‍ഷ്ട്യം എന്നൊക്കെ ചിലര്‍ പറയും. ജനപിന്തുണ ഉള്ളിടത്തോളം മുന്നോട്ടുതന്നെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിരമിച്ച കെഎസ്ആര്‍ടിസിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ വിരമിച്ച 174 പേരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഈ മാസം തന്നെ നല്‍കണമെന്നു ഹൈക്കോടതി. ജൂണ്‍ മുപ്പതിനു മുന്‍പ് വിരമിച്ചവരുടെ പകുതി പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കണം. കെ.എസ്.ആര്‍.ടിസിയോടു കോടതി നിലപാട് തേടി.

കമ്പി കയറ്റിയ ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് കഴുത്തിലും നെഞ്ചിലും കമ്പികള്‍ കുത്തി കയറി യുവാവ് മരിച്ചു. പാലക്കാട് പുതുക്കാട് മണപ്പാടം സ്വദേശി ശ്രധേഷ് ആണ് മരിച്ചത്. 21 വയസായിരുന്നു. തൃശൂര്‍ ചെമ്പൂത്രയിലാണു സംഭവം. ലോറിക്കു പുറത്ത് മൂടിയിരുന്ന ടാര്‍പോളിന്‍ ഷീറ്റ് പറന്നു പോയത് എടുക്കാന്‍ പെട്ടെന്നു ലോറി നിര്‍ത്തിയപ്പോഴാണ് പിന്നില്‍ വരികയായിരുന്ന ബൈക്ക് ഇടിച്ചത്.

കൊച്ചി നഗരത്തില്‍ നിയമലംഘനം നടത്തിയ 32 ബസുകള്‍ പൊലീസ് പിടിച്ചെടുത്തു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവര്‍മാരാണു പിടിയിലായത്. ഇവരില്‍ നാലു പേര്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും രണ്ടു പേര്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരുമാണ്. മദ്യപിച്ചു വാഹനം ഓടിക്കില്ലെന്ന് ഇവരെ സ്റ്റേഷനിലിരുത്തി ആയിരം തവണ ഇംപോസിഷന്‍ എഴുതുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

മുഖ്യമന്ത്രിയ്ക്കു സുരക്ഷ ഒരുക്കിയ പോലീസ് നാലു വയസുകാരനു മരുന്നു വാങ്ങാന്‍പോയ അച്ഛനെ തടഞ്ഞ് ഭീഷണിപ്പെടുത്തി. കാലടി കാഞ്ഞൂരിലാണ് സംഭവം. പൊലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കല്‍ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ് ഐ ഭീഷണിപ്പെടുത്തി.

കരിങ്കൊടി പ്രതിഷേധത്തെ സഹിഷ്ണുതയോടെ നേരിടാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മൈക്കിനു മുന്നില്‍ ഊരിപ്പിടിച്ച വടിവാളും ഇന്ദ്രചന്ദ്രനുമെന്നൊക്കെ സ്വന്തം അണികളോടു വീരവാദം വിളമ്പുന്ന മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാന്‍ പോലീസ് അകമ്പടിയില്ലാതെ കഴിയാത്തത് നാണക്കേടാണ്. സുധാകരന്‍ പറഞ്ഞു.

പെണ്‍കുട്ടികളെ തൊട്ടാല്‍ ആങ്ങളമാര്‍ പെരുമാറുന്നത് പോലെ കോണ്‍ഗ്രസ് പെരുമാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതാശന്‍. ആജീവനാന്ത മുഖ്യമന്ത്രിയാണെന്ന് പോലീസ് കരുതേണ്ട. ഇവിടെ കോണ്‍ഗ്രസും യുഡിഎഫും കാണും. ഏകാധിപതികള്‍ എന്നും ഭീരുക്കളാണെന്നും സതീശന്‍.

ടിപ്പര്‍ ലോറി ഉടമകളില്‍നിന്ന് മാസപ്പടിയും കൈക്കൂലിയും വാങ്ങിയ മൂന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കോട്ടയം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ബി ഷാജന്‍, അജിത് എസ്, അനില്‍ എംആര്‍ എന്നിവരെയാണ് സസ്‌പെന്ഡു ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തിന്റെ വാടക കൊടുത്തിരുന്നത് ടിപ്പര്‍ ലോറി ഉടമകളാണ്.

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ വെള്ളമില്ല. ആശുപത്രിയിലേക്കുള്ള പ്രധാന പൈപ്പ് പൊട്ടിയതാണു കാരണം. പ്രസവം കഴിഞ്ഞവരും ഡയാലിസിസ് രോഗികളും കൂട്ടിരിപ്പുകാരുമടക്കം നൂറുകണക്കിനു പേരാണ് കുടിക്കാന്‍ പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്.

വയനാടിനു വേണ്ടി എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള ഒരു യോഗത്തിലും രാഹുല്‍ പങ്കെടുക്കുന്നില്ല. മരിച്ച ആളുകളുടെ വീട്ടില്‍ പോയി രാഹുല്‍ നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കൊല്ലം കുപ്പണ മദ്യദുരന്തക്കേസിലെ പ്രതി തമ്പിയെ ജയില്‍ മോചിപ്പിക്കണമെന്നു സുപ്രീംകോടതി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന തടവുകാരനാണു തമ്പി. എന്നാല്‍ വിചാരണക്കോടതി വിധിച്ച 10 ലക്ഷം രൂപ പിഴയടക്കാത്തതിനാല്‍ ജയിലില്‍തന്നെ കഴിയുകയായിരുന്നു. പിഴത്തുക ഒഴിവാക്കി മോചിപ്പിക്കണമെന്നാണു സുപ്രീം കോടതി ഉത്തരവ്. തമ്പിയുടെ മകള്‍ കാര്‍ത്തികയാണു സുപ്രീംകോടതിയെ സമീപിച്ചത്.

പത്തു മണിക്കൂറുകൊണ്ട് 956.2 മീറ്ററിലധികം നീളമുള്ള പേപ്പര്‍ ചങ്ങല നിര്‍മ്മിച്ച് യുവാവ് ഗിന്നസ് ലോക റിക്കാര്‍ഡിലേക്ക്. ലഹരിക്കെതിരെ ബോധവത്കരണവുമായാണ് വെണ്ണിയൂര്‍ വവ്വാമൂല വട്ടവിള സങ്കീര്‍ത്തനത്തില്‍ വിന്‍സന്റിന്റെയും മിനി കുമാരിയുടെയും മകന്‍ വിമിന്‍. എം. വിന്‍സന്റ് ഇങ്ങെനെ റിക്കാര്‍ഡിട്ടത്. വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഡ്രോയിംഗ് പേപ്പര്‍ ഉപയോഗിച്ചു ചങ്ങല നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 11 മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ച 780 മീറ്റര്‍ നീളത്തിലുള്ള ചങ്ങല നിര്‍മിച്ച അമേരിക്കക്കാരന്റെ റിക്കാര്‍ഡാണ് തകര്‍ത്തത്. 18 ഇഞ്ച് നീളത്തിലും നാലര ഇഞ്ച് വീതിയിലും വെട്ടിയെടുത്ത പേപ്പറില്‍ സ്റ്റേപ്ലര്‍ പിന്‍ ഉപയോഗിച്ച് ഉറപ്പിച്ചാണ് ചങ്ങല നിര്‍മിച്ചത്. നീല, പിങ്ക്, മഞ്ഞ എന്നീ കളര്‍ പേപ്പറുകളാണ് ഇതിനായി ഉപയോഗിച്ചത്.

പാറമടമൂലം ജീവിക്കാനാകുന്നില്ലെന്ന പരാതിപ്പെട്ടു കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യ ശ്രമം. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസ് എന്ന സ്ത്രീയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഭൂമിത്തര്‍ക്കത്തെത്തുടര്‍ന്ന് വര്‍ക്കല കല്ലമ്പലത്ത് വീട്ടമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ജാസ്മി (39)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ അമ്മാവനായ മുഹമ്മദ് ഇസ്മയില്‍ വിഷം കഴിച്ചാണ് ജാസ്മിയെ കൊല്ലാനെത്തിയത്. ഇയാളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇലക്ട്രിക് കടയില്‍നിന്ന് അഞ്ചു ലക്ഷം രൂപയുടെ കേബിളുകളും ക്യാമറകളും മോഷ്ടിച്ച കേസില്‍ കൊല്‍ക്കത്ത സ്വദേശികളായ പ്രതികള്‍ പിടിയില്‍. കായംകുളത്തെ ജെ ആര്‍ കെ ഇലക്ട്രിക്കല്‍സിന്റെ ഗോഡൗണില്‍ നിന്നാണു കേബിളുകളും ക്യാമറകളും മോഷ്ടിച്ചത്.

ഭാര്യക്കു ജോലി നല്‍കിയതിനു ഹോംസ്റ്റേയില്‍ അക്രമം നടത്തിയ മണ്ണഞ്ചേരി കണ്ണന്തറ വെളിയില്‍ മനോജിനെ (44) അറസ്റ്റുചെയ്തു. വളവനാട് ഭാഗത്തുള്ള ഹോംസ്റ്റേ ഉടമയെ ഹെല്‍മറ്റുകൊണ്ട് അടിക്കുകയും കത്തി കൊണ്ട് കഴുത്തിനു മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു.

മൂന്നര വയസുകാരിയെ പീഡിപ്പിച്ച പൂജാരിക്ക് 45 വര്‍ഷം കഠിനതടവും എണ്‍പതിനായിരം രൂപ പിഴയും ശിക്ഷ. ഉദയംപേരൂര്‍ സ്വദേശി മണക്കുന്നം ചാക്കുളം കരയില്‍ വടക്കേ താന്നിക്കകത്ത് വീട്ടില്‍ പുരുഷോത്തമനെയാണ് (83) എറണാകുളം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

ജനുവരിയില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 6.52 ശതമാനമായി വര്‍ധിച്ചു. 2022 ജനുവരിയില്‍ റീട്ടെയില്‍ പണപ്പെരുപ്പം 6.01 ശതമാനമായിരുന്നു. ഡിസംബറില്‍ പണപ്പെരുപ്പം 6.10 ശതമാനവുമായിരുന്നു.

മധ്യപ്രദേശിലെ നര്‍മദപുരം ജല്ലയിലെ സുഖ്താവ ഗ്രാമത്തില്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ പള്ളി അക്രമികള്‍ കത്തിച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്.

കര്‍ണാടക കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റില്‍ രണ്ടുപേരെ കടുവ കൊന്നു. പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയുമാണു കടുവ കൊന്നത്. ഹുന്‍സൂര്‍ അന്‍ഗോട്ട സ്വദേശിയായ മധുവിന്റെയും വീണ കുമാരിയുടേയും മകന്‍ ചേതന്‍ (18), ബന്ധുവായ രാജു (72) എന്നിവരാണ് കൊല്ലപ്പെട്ടത്.

ശ്രീലങ്കയിലെ എല്‍ടിടിഇ നേതാവ് വേലുപിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതിനു തെളിവുണ്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന ഡോ. പഴ നെടുമാരന്റെ അവകാശവാദം പൊള്ളയാണ്. 2009 ല്‍ സൈന്യത്തിന്റെ വെടിയേറ്റാണ് പ്രഭാകരന്‍ കൊല്ലപ്പെട്ടതെന്നും ശ്രീലങ്ക.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *