yt cover 47

ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ വധശ്രമക്കേസിലെ പത്തു വര്‍ഷത്തെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഹമ്മദ് ഫൈസല്‍ അടക്കം നാലു പ്രതികള്‍ക്കും ഉടന്‍ ജയില്‍ മോചിതരാകാം. ഇതോടെ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും. തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് അസാധുവാകുകയും ചെയ്യും. വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ അപ്പീലിനുള്ള അവസരത്തിനു മുമ്പേ തെരഞ്ഞെടുപ്പു നടക്കുമെന്നും അതു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസില്‍ 22 പ്രതികളെ കോടതി വെറുതെ വിട്ടു. ദിയോള്‍ ഗ്രാമത്തില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് പഞ്ചുമഹല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടത്. മൃതദേഹങ്ങള്‍ കത്തിച്ചുകളഞ്ഞെന്നാണ് കേസ്. രണ്ടുവര്‍ഷത്തിനുശേഷമാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.മൃതദേഹങ്ങള്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതികളില്‍ എട്ടു പേര്‍ വിചാരണക്കിടെ മരിച്ചിരുന്നു.

ബിബിസി ഡോക്യുമെന്റി പ്രദര്‍ശിപ്പിച്ചതിനെതിരായി പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധങ്ങള്‍ക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിരോധിക്കാത്ത ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനെതിരെ കേസെടുക്കില്ലെന്നു പൊലീസ്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ബിബിസി ഡോക്യുമെന്ററി രാജ്യതാല്‍പര്യത്തിന് എതിരാണെന്നു പ്രതികരിച്ചതിനു കോണ്‍ഗ്രസില്‍നിന്നു കടുത്ത വിമര്‍ശനം നേരിട്ട അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എഐസിസി ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍നിന്നാണ് രാജിവച്ചത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലും അനിലിനെ തള്ളിപ്പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിനു ചുറ്റും സ്തുതിപാഠകരാണെന്ന് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കോണ്‍ഗ്രസില്‍നിന്നു രാജിവയ്ക്കില്ല. തനിക്കെതിരേ പ്രതികരിച്ചവര്‍ കാപട്യക്കാരാണ്. വ്യക്തിപരമായ ചുമതലകളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിന് എതിരാണെന്ന അനില്‍ ആന്റണിയുടെ പരാമര്‍ശം തള്ളി ശശി തരൂര്‍ എംപി. ബിബിസി ഡോക്യുമെന്ററികൊണ്ട് തകരുന്നല്ല നമ്മുടെ പരമാധികാരം. എന്നാല്‍ ഗുജറാത്ത് കലാപക്കേസില്‍ സുപ്രീം കോടതി അന്തിമ വിധി പറഞ്ഞ സ്ഥിതിക്ക് അക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും ശശി തരൂര്‍.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ജി 20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഇന്ത്യ ലോക നേതാവായി മാറുമ്പോള്‍ ചിലര്‍ക്കുള്ള നിരാശയാണു ബിബിസി ഡോക്യുമെന്ററിയിലൂടെ കാണുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതി വിധിയേക്കാള്‍ ബിബിസിയെ മാനിക്കുന്നവര്‍ക്ക് അതാവാമെന്ന് ഡോക്യുമെന്ററി വിവാദത്തില്‍ അദ്ദേഹം പറഞ്ഞു.

ഐടി നിയമമനുസരിച്ചു നിരോധിച്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണ് കേരള സര്‍ക്കാരിന്റെ നിലപാട്. ഇടത് സംഘടനകള്‍ രാജ്യദ്രോഹത്തിനു കൂട്ടുനില്‍ക്കുന്നു. അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നു പ്രസ്താവിച്ച അനില്‍ ആന്റണിയുടെ ബുദ്ധിപോലും രാഹുല്‍ഗാന്ധിക്കും കമ്പനിക്കും ഇല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഫേസ്ബുക്കിലാണ് ഈ പ്രതികരണം.

കെ.എസ്.ഇ.ബി. സ്മാര്‍ട്ട് മീറ്റര്‍ വാങ്ങി വയ്പിക്കാനുള്ള നീക്കത്തില്‍ യൂണിയനുകളുടെ പരാതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിക്കും. വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കെ.എസ്.ഇ.ബി. ചെയര്‍മാനും ഊര്‍ജ സെക്രട്ടറിയും അംഗങ്ങളായ സമിതിയോട് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കു സ്വകാര്യമേഖലയുമായുള്ള ഇടപാടു വേണ്ടെന്നാണ് ഇടതു നേതാക്കളായ എളമരം കരീമും കാനം രാജേന്ദ്രനും ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസിന്റെ ഓരോ തലത്തിലുമുള്ള കമ്മിറ്റികളേയും കര്‍മനിരതമാക്കാനും കെപിസിസി കേഡര്‍വത്കരിക്കുന്നതിനും കെപിസിസി പ്രസിഡന്റിന്റെ സര്‍ക്കുലര്‍. എല്ലാ കാര്യങ്ങള്‍ക്കും കെപിസിസി ആസ്ഥാനമായ തിരുവനന്തപുരത്തെ ഇന്ദിരാഭവന്‍ കയറിയിറങ്ങേണ്ടതില്ലെന്നും തനിക്കു പരാതികള്‍ അയക്കേണ്ടെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. ബൂത്തുതല പ്രശ്നങ്ങള്‍ മണ്ഡലം തലത്തിലും മണ്ഡലത്തിലേതു ബ്ലോക്കു തലത്തിലും ബ്ലോക്കിന്റേത് ഡിസിസിയിലും പരിഹരിക്കണമെന്നാണു നിര്‍ദേശം. ഡിസിസി തലത്തില്‍ പരിഹരിക്കാത്ത വിഷയങ്ങള്‍ മാത്രമേ ഡിസിസി പ്രസിഡന്റിന്റെ കത്തു സഹിതം തനിക്ക് അയക്കേണ്ടതുള്ളൂവെന്നാണ് നിര്‍ദേശം.

ശബരിമലയില്‍ നാണയങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ യന്ത്രസഹായം വേണമെന്ന് ജീവനക്കാരുടെ സംഘടന. രണ്ടു മാസം എണ്ണിയാലും തീരാത്തത്രയും നാണയമലയാണ് ശബരിമലയിലുള്ളത്. നാണയശേഖരം എണ്ണാന്‍ യന്ത്രസഹായം വേണമെന്ന ആവശ്യവുമായി ദേവസ്വം എംപ്ളോയീസ് ഫെഡറേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 119 കോടി രൂപയാണ് ഇതുവരെ എണ്ണി തിട്ടപ്പെടുത്തിയത്. ഇനി എണ്ണാനുള്ളത് 20 കോടി രൂപയോളം വരുമെന്നാണ് നിഗമനം.

കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അക്കാദമിക് സഹകരണ വാഗ്ദാനവുമായി ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ സംഘം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികളിലാണ് സഹകരണ വാഗ്ദാനം. ലോക വിദ്യാഭ്യാസ സൂചികയില്‍ ഒന്നാം സ്ഥാനത്തുള്ള ഫിന്‍ലന്‍ഡ് സംഘവുമായി മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ ഡിസംബറില്‍ ചര്‍ച്ച നടത്തിയിരുന്നു.

സിപിഎം കൗണ്‍സിലര്‍ എ. ഷാനവാസിന്റെ വാഹനത്തിലെ ലഹരിക്കടത്തിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ സ്പെഷല്‍ ബ്രാഞ്ച് പോലീസിനു സുപ്രധാന വിവരങ്ങള്‍ ലഭിച്ചെന്നു റിപ്പോര്‍ട്ട്. ഷാനവാസിനെ ഡിവൈഎസ്പി ഇന്നലെ ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ആരോപണങ്ങള്‍ ഷാനവാസ് നിഷേധിച്ചു.

കൊല്ലം ആയൂരില്‍ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ നാലു പ്രതികളില്‍ ഒരാള്‍ കീഴടങ്ങി. ആയൂര്‍ മലപ്പേരൂര്‍ സ്വദേശി മോനിഷാണ് ചടയമംഗലം പോലീസില്‍ കീഴടങ്ങിയത്. മറ്റു മൂന്നുപേരെ ഉച്ചയോടെ അറസ്റ്റു ചെയ്തു. ഇടുക്കി സ്വദേശി ആന്‍സന്‍, ആയൂര്‍ സ്വദേശികളായ നൗഫല്‍, ഫൈസല്‍ എന്നിവരെയാണ് കൊട്ടാരക്കരയില്‍ വച്ച് ചടയമംഗലം പൊലീസ് അറസ്റ്റു ചെയ്തത്.

കോഴിക്കോട് മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം വളരെ ഗുരുതരമെന്ന് മദ്രാസ് ഐഐടി റിപ്പോര്‍ട്ട്. ബലപ്പെടുത്താന്‍ 30 കോടി രൂപയെങ്കിലും വേണം. ആര്‍ക്കിടെക്ടില്‍നിന്നും കരാറുകാരില്‍നിന്നും പിഴ ഈടാക്കണമെന്നും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 75 കോടി രൂപ ചെലവിട്ട് 2015 ലാണു കെട്ടിടം പണിതത്. ഇതുവരെ കേസെടുത്തിട്ടില്ല.

നെടുങ്കണ്ടത്ത് മകളെ പീഡിപ്പിച്ച പോക്സോ കേസ് പ്രതി രക്ഷപെട്ട സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പ്രതിക്ക് എസ്‌കോര്‍ട്ട് പോയ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

വര്‍ഷങ്ങളായി അടുപ്പമുണ്ടായിരുന്ന വീട്ടമ്മയുടെ വീട്ടില്‍ ബോധരഹിതനായി കാണപ്പെട്ട യുവാവ് ആശുപത്രിയില്‍ എത്തിച്ചതിനു പിറകേ മരിച്ച സംഭവം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും കുടുംബം. കോട്ടയം വയലാ സ്വദേശി അരവിന്ദിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പരിക്കുകളുണ്ടായിരുന്നെന്നു വീട്ടുകാര്‍ പറയുന്നു. ബോധരഹിതനായി വീണ അരവിന്ദനെ ആശുപത്രിയിലാക്കാന്‍ പത്തു കിലോ മീറ്റര്‍ അകലെനിന്ന് അരവിന്ദന്റെ പരിചയക്കാരനായ ഓട്ടോറിക്ഷക്കാരനെ വിളിച്ചു വരുത്തിയതും ആശുപത്രിയില്‍ എത്തിച്ച വീട്ടമ്മയുടെ സഹോദരന്‍ ഉടനേ മുങ്ങിയതും സംശയകരമാണെന്നു വീട്ടുകാര്‍ പറഞ്ഞു.

പഴനിയില്‍ പോകാനുള്ള നേര്‍ച്ച കാശിന് എത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ നിയമ വിദ്യാര്‍ത്ഥി പിടിയില്‍. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം ജി രാജ് (35) ആണ് പിടിയിലായത്. സിവില്‍ സര്‍വീസ് പഠനത്തില്‍ ഉന്നത വിജയം നേടാന്‍ പഴനിയിലേക്ക് 1001 രൂപ നേര്‍ച്ച കാശ് ചോദിച്ച് ഇറങ്ങിയപ്പോഴാണ് കുട്ടിയെ ആക്രമിച്ചത്.

പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 ാമത്തെ ദിവസമാണ് കുറ്റപത്രം നല്‍കുന്നത്.

നെടുമ്പാശേരിയില്‍ വിമാനം താഴ്ന്നു പറന്നതു കാരണം വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയെന്നു പരാതി. അത്താണി ശാന്തിനഗറില്‍ ഓമന വര്‍ഗീസിന്റെ വീടിന്റെ ഓടുകളാണ് പറന്നു പോയത്. നടപടി ആവശ്യപ്പെട്ട് ഓമന വര്‍ഗീസ് വിമാനത്താവളം അധികൃതര്‍ക്കു പരാതി നല്‍കി.

ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റ് അയ്യപ്പന്‍കുടി സ്വദേശി ശക്തിവേലാണ് കൊല്ലപ്പെട്ടത്. പന്നിയാര്‍ എസ്റ്റേറ്റില്‍ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാന്‍ എത്തിയതായിരുന്നു ശക്തിവേല്‍.

സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുന്നതിനുള്ള രഹന ഫാത്തിമയുടെ വിലക്ക് സുപ്രീം കോടതി നീക്കി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന കാര്യങ്ങളിലും പ്രതികരിക്കരുതെന്ന ഉപാധിയുണ്ട്. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജിയാണ് സുപ്രീം കോടതി തീര്‍പ്പാക്കിയത്.

കോഴിക്കോട് കല്ലായിയില്‍ ട്രെയിനിടിച്ച് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതര പരിക്ക്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ ഒരാള്‍ കോട്ടയം സ്വദേശി സുബൈര്‍ എന്ന സുധീര്‍ ആണ്. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിക്കാണ് പരിക്കേറ്റത്.

കല്‍പറ്റയിലെ പൂവ്യാപാരി താമസ സ്ഥലത്ത് തൂങ്ങി മരിച്ചു. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പൂക്കച്ചവടം നടത്തുന്ന എം.സി. അനില്‍ (38) ആണ് മരിച്ചത്. പൊന്നു ഫ്ളവര്‍ ഷോപ്പില്‍ രാവിലെ പൂക്കളെല്ലാം എത്തിച്ചശേഷമാണ് ജീവനൊടുക്കിയത്.

അതിരപ്പിള്ളി റബര്‍ തോട്ടത്തില്‍ കാട്ടാനക്കൂട്ടം. മുപ്പതിലേറെ ആനകളെ തൊഴിലാളികള്‍ പടക്കംപൊട്ടിച്ച് തത്കാലം കാടുക്കയറ്റി.

മലപ്പുറം ചെറുകര സ്വദേശി മുഹമ്മദലി (58) സൗദി അറേബ്യയിലെ താമസസ്ഥലത്തു കുത്തേറ്റു മരിച്ചത് അബദ്ധത്തിലാണെന്നു വെളിപെടുത്തല്‍. ഹണി ട്രാപ്പില്‍പ്പെട്ടതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മുഹമ്മദലിക്കു അബദ്ധവശാല്‍ കുത്തേറ്റതാണെന്നാണ് പ്രതി ചെന്നൈ സ്വദേശി മഹേഷ് (45) പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിനു ശേഷം സ്വയം കഴുത്തു മുറിച്ച പ്രതിയെ പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജമ്മു കാഷ്മീരില്‍ പ്രകൃതി ക്ഷോഭത്തെത്തുടര്‍ന്ന് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു. റമ്പാന്‍, ബനിഹാള്‍ മേഖലകളില്‍ കനത്ത മഴയും മണ്ണിടിച്ചിലും മൂലമാണ് യാത്ര നിര്‍ത്തിവച്ചത്. നാളെ വിശ്രമത്തിനു ശേഷം മറ്റന്നാള്‍ യാത്ര തുടരും.

ലഖിംപൂര്‍ ഖേരി കേസില്‍ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനുമായ ആശിഷ് മിശ്രക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എട്ടാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. ജാമ്യകാലയളവില്‍ ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കകം യുപി വിടണമെന്നും ഉത്തരവിട്ടു.

കഫേ കോഫി ഡേയ്ക്ക് 25 കോടി രൂപയുടെ പിഴ. 45 ദിവത്തിനകം പിഴ തുക അടയ്ക്കണമെന്നാണ് സെബിയുടെ നിര്‍ദ്ദേശം. കഫേ കോഫി ഡേയുടെ ഏഴ് അനുബന്ധ കമ്പനികളില്‍ നിന്നായി 3500 കോടി രൂപ മൈസൂര്‍ അമാല്‍ഗമേറ്റഡ് കോഫീ എസ്റ്റേഡ് ലിമിറ്റഡിലേക്കു വകമാറ്റിയതിനാല്‍ ഓഹരി പങ്കാളികള്‍ക്ക് നഷ്ടം സംഭവിച്ചതിനാണ് പിഴ ശിക്ഷ വിധിച്ചത്.

അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഇന്‍ഡ്യാനയിലെ വസതിയില്‍ നിന്ന് രഹസ്യരേഖകള്‍ കണ്ടെത്തി. ക്ലാസിഫൈഡ് എന്ന് അടയാളപ്പെടുത്തിയ രേഖകള്‍ പിടിച്ചെടുത്ത് എഫ്ബിഐക്ക് കൈമാറി. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേയും പ്രസിഡന്റ് ജോ ബൈഡന്റേയും കൈവശമുള്ള രഹസ്യ രേഖകളേക്കുറിച്ച് അന്വേഷക്കുന്നതിനിടെയാണ് മൈക്ക് പെന്‍സിന്റെ വീട്ടില്‍നിന്ന് രേഖകള്‍ പിടിച്ചെടുത്തത്.

പതിമ്മൂന്നു വര്‍ഷം മുമ്പ് ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം കുറച്ചുനേരത്തേക്കു നിലച്ചെന്നും പിന്നീട് നേര്‍വിപരീത ദിശയില്‍ പുനരാരംഭിച്ചെന്നും പഠന റിപ്പോര്‍ട്ട്. 2009 ലാണ് അകക്കാമ്പ് ഭ്രമണത്തില്‍ ഇടവേളയെടുത്തതെന്നാണു റിപ്പോര്‍ട്ട്. 35 വര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ദിശാവ്യതിയാനമാണ് ഇതിനു കാരണം. നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

99 രൂപയുടെ റീചാര്‍ജ് പ്ലാന്‍ അവസാനിപ്പിക്കാന്‍ തയ്യാറെടുത്ത് എയര്‍ടെല്‍. രാജ്യത്തെ ഏഴ് സര്‍ക്കിളുകളില്‍ കുറഞ്ഞ റീചാര്‍ജ് നിരക്കായ 99 രൂപ കുത്തനെ ഉയര്‍ത്തി മിനിമം റീചാര്‍ജ് 155 രൂപയാക്കി. ഇതോടെ ഈ സര്‍ക്കിളുകളിലെ കുറഞ്ഞ നിരക്കില്‍ ഒറ്റയടിക്ക് ഉണ്ടായത് 57 ശതമാനത്തിന്റെ വര്‍ധനവാണ്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, നോര്‍ത്ത് ഈസ്റ്റ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയാണ് ഈ സര്‍ക്കിളുകള്‍. നിരക്ക് വര്‍ധനവ് എയര്‍ടെല്ലിന്റെ 40 ശതമാനത്തിലധികം ഉപഭോക്താക്കളെയും ബാധിക്കും. കഴിഞ്ഞ വര്‍ഷം നവംബറില്‍ 99 രൂപയുടെ പ്ലാനുകള്‍ ഹരിയാന, ഒഡീഷ സര്‍ക്കിളുകളില്‍ കമ്പനി നിര്‍ത്തലാക്കിയിരുന്നു. താമസിയാതെ മറ്റ് മേഖലകളിലും നിരക്ക് വര്‍ധനവ് നടപ്പിലാക്കുമെന്നാണ് വിവരം. വരിക്കാരില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം ഉയര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. നിലവില്‍ ടെലികോം മേഖലയിലെ ഏറ്റവും ഉയര്‍ന്ന ശരാശരി വരുമാനമാണ് (190 രൂപ) എയര്‍ടെല്ലിനു ലഭിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഈ വരുമാനം ഉയര്‍ന്നത് 25 ശതമാനത്തോളം ആണ്. 5ജി സേവനങ്ങള്‍ക്കായി പ്രത്യേകം പ്ലാനുകള്‍ തല്‍ക്കാലം ഉണ്ടാകില്ലെന്ന് എയര്‍ടെല്‍ സൂചന നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ 4ജി സേവന നിരക്കുകള്‍ ഉയര്‍ത്തി വരുമാന വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.

നെറ്റ്ഫ്ലിക്സ് പാസ്വേഡ് ഷെയറിംഗ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി നെറ്റ്ഫ്ലിക്സ്. പാസ്വേഡ് ഷെയറിംഗ് ഘട്ടം ഘട്ടമായി അവസാനിപ്പിക്കുമെന്ന് ഉപയോക്താക്കള്‍ക്ക് നേരത്തെ തന്നെ നെറ്റ്ഫ്ലിക്സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പാസ്വേഡ് ഷെയറിംഗ് ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ത്തലാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതോടെ, ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ നെറ്റ്ഫ്ലിക്സ് ഉപയോക്താക്കള്‍ പ്ലാറ്റ്ഫോമിലേക്കുള്ള ആക്സിസ് ലഭിക്കാന്‍ പണം അടയ്ക്കേണ്ടി വരും. വരുമാനവും ഉപയോക്താക്കളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പരസ്യത്തോട് കൂടിയ പുതിയ സബ്സ്‌ക്രിപ്ഷന്‍ വിവിധ രാജ്യങ്ങളില്‍ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഉപയോക്താക്കളുടെ എണ്ണം 20 ദശലക്ഷമായി ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നുണ്ട്. അതേസമയം, ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് സബ്സ്‌ക്രിപ്ഷന്‍ തുക എത്ര ഈടാക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോസ്റ്റാറിക്ക, ചിലി, പെറു തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പാസ്വേഡ് ഷെയറിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ഉപയോക്താക്കളില്‍ നിന്ന് 3 യുഎസ് ഡോളറാണ് സബ്സ്‌ക്രിപ്ഷന്‍ തുകയായി ഈടാക്കുന്നത്.

മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനില്‍ സീരിയല്‍ താരം സുചിത്ര നായരും. രാജസ്ഥാനില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ സുചിത്ര ജോയിന്‍ ചെയ്തു. ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങള്‍ താരം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു. കൃഷ്ണകൃപാസാഗരം സീരിയലില്‍ ദേവിവേഷം ചെയ്തുകൊണ്ടാണ് അഭിനയരംഗത്തു വന്നത്. വാനമ്പാടി സീരിയലില്‍ പപ്പി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക സ്വീകാര്യത നേടുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാര്‍ത്ഥിയായി തിളങ്ങിയ സുചിത്ര നായര്‍ മോഹിനിയാട്ടം നര്‍ത്തകി കൂടിയാണ്. സമൂഹ മാദ്ധ്യമങ്ങളില്‍ സജീവ സാന്നിദ്ധ്യമായ സുചിത്ര തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അതേസമയം മലൈക്കോട്ടൈ വാലിബന് 90 ദിവസത്തെ ചിത്രീകരണമാണ് പ്ളാന്‍ ചെയ്യുന്നത്. ആമേനുശേഷം ലിജോയയും തിരക്കഥാകൃത്ത് പി.എസ് റഫീക്കും വീണ്ടും ഒരുമിക്കുകയാണ്.

തന്റെ പുതിയ ചിത്രത്തിന്റെ പേര് ‘കണ്ണൂര്‍ സ്‌ക്വാഡ്’ ആണെന്ന് വെളിപ്പെടുത്തി മമ്മൂട്ടി. ‘ക്രിസ്റ്റഫര്‍’, ‘കാതല്‍’ എന്നീ സിനിമകളാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം അടുത്തിടെ ചിത്രീകരണം തുടങ്ങിയിരുന്നു. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേരാണ് കണ്ണൂര്‍ സ്‌ക്വാഡ് എന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ തന്റെ പുതിയ പ്രോജക്റ്റുകളെ കുറിച്ച് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ സംസാരിച്ചതില്‍ നിന്നാണ് ആരാധകര്‍ പേര് കണ്ടെത്തിയിരിക്കുന്നത്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി തമിഴ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘ക്രിസ്റ്റഫര്‍’, ‘കാതല്‍’ എന്നിവയാണ് വരാനിരിക്കുന്ന പ്രോജക്റ്റുകള്‍ എന്നാണ് മമ്മൂട്ടി പറയുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ആണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള രാജ്യത്തെ ആദ്യത്തെ ഇരുചക്രവാഹനം സ്മാര്‍ട്ടര്‍ ആക്ടിവ 2023 വിപണിയില്‍ അവതരിപ്പിച്ചു. വാഹനം എളുപ്പത്തില്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന സ്മാര്‍ട്ട് ഫൈന്‍ഡ്, താക്കോല്‍ ഇല്ലാതെ വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനമുള്ള സ്മാര്‍ട്ട് കീ, സ്മാര്‍ട്ട് സ്റ്റാര്‍ട്ട്, വാഹനമോഷണം തടയുന്ന സ്മാര്‍ട്ട് സേഫ് തുടങ്ങിയ സവിശേഷതകളാണ് ഹോണ്ട സ്മാര്‍ട്ട് കീയിലുള്ളത്. എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, 18 ലിറ്റര്‍ ശേഷിയുള്ള സ്റ്റോറേജ് ഇടം, ഡബിള്‍ ലിഡ് ഫ്യൂവല്‍ ഓപ്പണിംഗ് സംവിധാനം, ലോക്ക് മോഡ്, കൂടുതല്‍ ചരക്ക് വഹിക്കാനുള്ള ശേഷി, കൂടുതല്‍ മെച്ചപ്പെട്ട യാത്ര ലഭ്യമാക്കുന്ന ലോംഗ് വീല്‍ ബേസ്, ഡിസി എല്‍ഇഡി ഹെഡ്ലാമ്പ് തുടങ്ങിയ ആക്ടിവ 2023-ന്റെ സവിശേഷതകളാണ്. ഹോണ്ട ആക്ടിവ 2023 അഞ്ച് പേറ്റന്റ് ആപ്ലിക്കേഷനുകളോടെയാണ് വികസിപ്പിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ്, സ്മാര്‍ട്ട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ എത്തുന്ന ആക്ടിവ 2023ന്റെ വില യഥാക്രമം 74,536 രൂപ, 77,036 രൂപ, 80,537 (ഡല്‍ഹി എക്സ്ഷോറൂം വില) രൂപയാണ്. പേള്‍ സൈറണ്‍ ബ്ലൂ, ഡീസന്റ് ബ്ലൂ മെറ്റാലിക്, റെബല്‍ റെഡ് മെറ്റാലിക്, ബ്ലാക്ക്, പേള്‍ പ്രഷ്യസ് വൈറ്റ്, മാറ്റെ ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ ആറു നിറങ്ങളിലും ലഭ്യമാണ്.

കര്‍ണ്ണാടകസംഗീതലോകം തമസ്‌കരിച്ച, മൃദംഗനിര്‍മ്മാതാക്കളുടെ ചരിത്രം സംഗീതജ്ഞനായ ടി.എം. കൃഷ്ണ അന്വേഷിച്ച് കണ്ടെത്തുന്നു. ദക്ഷിണേന്ത്യയിലുടനീളം വ്യാപകമായി സഞ്ചരിച്ച് നിരവധി മൃദംഗനിര്‍മ്മാതാക്കളുമായും മൃദംഗവാദകരുമായും സംസാരിച്ചും അഭിമുഖം നടത്തിയും ചരിത്രരേഖകളും വാമൊഴിചരിത്രവും പഠിച്ചു രചിച്ച കൃതി. യാഥാസ്ഥിതികരില്‍ അസ്വസ്ഥതയും രോഷവും ഉളവാക്കുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ഈ പുസ്തകം, കര്‍ണ്ണാടകസംഗീതരംഗത്ത് നിലനില്‍ക്കുന്ന ജാതിയുടെ അടിയൊഴുക്കുകളെ വെളിപ്പെടുത്തുന്നു. ‘സെബാസ്റ്റ്യനും പുത്രന്മാരും’. ടി.എം. കൃഷ്ണ. പരിഭാഷ – ജോണി എം.എല്‍. മാതൃഭൂമി ബുക്സ്. വില 416 രൂപ.

എപ്പോഴും രോഗത്തിന് കീഴ്പ്പെടുന്നതിന് കാരണം പ്രതിരോധ ശേഷിയുടെ മാത്രമല്ല, വൈറ്റമിന്‍ ഡി അഭാവത്തിന്റെ കൂടി പ്രതിഫലനമാകാം. അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ, എല്ലുവേദന, വിഷാദം, മുടികൊഴിച്ചില്‍, പേശിക്ക് ദുര്‍ബലത, വിശപ്പില്ലായ്മ തുടങ്ങിയ അസ്വസ്ഥതകളും വൈറ്റമിന്‍ ഡി കുറയുന്നതുകൊണ്ടാകാം. വൈറ്റമിന്‍ ഡിയുടെ അഭാവം കുട്ടികളില്‍ റിക്കറ്റ്സ് പോലുള്ള രോഗങ്ങള്‍ക്കും മുതിര്‍ന്നവരില്‍ ഓസ്റ്റിയോമലാസിയക്കും ഓസ്റ്റിയോപോറോസിസിനും കാരണമാകാം. ഇതിനുപുറമേ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അര്‍ബുദം, മള്‍ട്ടിപ്പിള്‍ സ്‌കളീറോസിസ് എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളും വൈറ്റമിന്‍ ഡി അഭാവവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പ്രമേഹ സാധ്യത കുറയ്ക്കുന്നതിലും വിറ്റാമിന്‍ ഡി വലിയ പങ്കാണ് വഹിക്കുന്നത്. വിറ്റാമിന്‍ ഡിയുടെ അളവ് കുറയുകയാണെങ്കില്‍ ഇന്‍സുലിന്‍ പ്രതിരോധ സാധ്യത വര്‍ദ്ധിക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധവും കുറഞ്ഞ അളവില്‍ വിറ്റാമിന്‍ ഡിയും ഉള്ള ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. വിറ്റാമിന്‍ ഡി ശരീരത്തിലെ ഇന്‍സുലിന്‍ പാതകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയാന്‍ കോശങ്ങളെ കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും നന്നായി ആഗിരണം ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞക്കരു, സാല്‍മണ്‍ മത്സ്യം, അയല, കൂണ്‍, പാല്‍ എന്നിവയില്‍ വിറ്റാമിന്‍ ഡി ധാരാളമുണ്ട്. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം. അതിനാല്‍, ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് മെച്ചപ്പെടുത്താനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം സൂര്യപ്രകാശം കൊള്ളുക എന്നത് തന്നെയാണ്. ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്റുകളെയും ആശ്രയിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.62, പൗണ്ട് – 100.57, യൂറോ – 88.87, സ്വിസ് ഫ്രാങ്ക് – 88.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.96, ബഹറിന്‍ ദിനാര്‍ – 216.50, കുവൈത്ത് ദിനാര്‍ -267.32, ഒമാനി റിയാല്‍ – 212.27, സൗദി റിയാല്‍ – 21.74, യു.എ.ഇ ദിര്‍ഹം – 22.22, ഖത്തര്‍ റിയാല്‍ – 22.42, കനേഡിയന്‍ ഡോളര്‍ – 61.07.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *