മാരുതി സുസുക്കി തങ്ങളുടെ പുതിയ പ്രീമിയം എസ്യുവിയായ ഗ്രാന്‍ഡ് വിറ്റാരയുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ആരംഭിച്ചു. കാമരാജര്‍ തുറമുഖത്ത് നിന്ന് ലാറ്റിനമേരിക്കയിലേക്കുള്ള ആദ്യ ബാച്ചുമായാണ് കമ്പനി പുത്തന്‍ കാല്‍വെപ്പ് നടത്തിയത്. ലാറ്റിനമേരിക്ക, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ആസിയാന്‍ മേഖല എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലായി 60ലധികം രാജ്യങ്ങളിലേക്ക് വാഹനം കയറ്റുമതി ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്. 2022 ജൂലൈയില്‍ ലോഞ്ച് ചെയ്ത മോഡലാണ് ഗ്രാന്‍ഡ് വിറ്റാര. മാരുതി സുസുക്കി ഇന്ത്യ 2022ല്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി കണക്കുകള്‍ കൈവരിച്ചിരുന്നു. 2022ല്‍ കമ്പനി 2.6 ലക്ഷം വാഹനങ്ങളാണ് കയറ്റുമതി നടത്തിയത്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ അടിസ്ഥാന നോണ്‍-ഹൈബ്രിഡ് വേരിയന്റിന് 10.45 ലക്ഷം രൂപയിലാണ് (എക്സ്-ഷോറൂം) വില ആരംഭിക്കുന്നത്. ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് വേരിയന്റിന് 17.99 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയെ കൂടാതെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സബ്-ഫോര്‍ മീറ്റര്‍ എസ്യുവി ബ്രെസ്സയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.