മാളികപ്പുറം അപകടത്തിൽ പത്തനംതിട്ട ജില്ലാ കലക്ടറോടും ദേവസ്വം ബോർഡിനോടും മന്ത്രി കെ രാധാകൃഷ്ണൻ റിപ്പോർട്ട് തേടി. പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തരം അപകടങ്ങൾ ഭാവിയിൽ ഉണ്ടാവാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡിനും പൊലീസിനും നിർദ്ദേശം നൽകി.
ശബരിമല മാളികപ്പുറം വെടിപ്പുരയിൽ കതിന പൊട്ടിയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് പമ്പ ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും റഫര്‍ ചെയ്യുകയായിരുന്നു.