തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്ന് ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപൻ. പകരം തിരക്ക് നിയന്ത്രിക്കാനായി ദർശന സമയം കൂട്ടുന്നതടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. നിലവിലുള്ളതിനേക്കാൾ ഒരു മണിക്കൂർ സമയമാണ് കൂട്ടുക. പമ്പയിലെ വാഹന പാർക്കിങ്ങ് പുന:സ്ഥാപിക്കുകയില്ല. പമ്പയിൽ പാർക്കിങ്ങ് അനുവദിക്കരുതെന്നത് കോടതിയുടെ തീരുമാനമാണ്.
ഇന്നും ശബരിമലയിൽ ദർശനത്തിന് തിരക്കേറാനാണ് സാധ്യത.1,07,260 പേരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്.രണ്ടാം തവണയാണ് ഈ സീസണിൽ തീർഥാടകരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്. പമ്പ മുതൽ തീർഥാടകരെ ഘട്ടം ഘട്ടമായി മാത്രമേ കടത്തിവിടൂ. ക്രമീകരണം സുഗമമായി നടപ്പിലാക്കാൻ ഓരോ പോയിന്റിലും കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.ക്യൂവിൽ നിൽക്കുന്ന തീർഥാടകർക്ക് കുടിവെളളവും ലഘുഭക്ഷണവും ഉറപ്പാക്കുമെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.