സുഖ്വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മുഖ്യമന്ത്രിയാകും. കോൺഗ്രസ് ഹൈക്കമാന്റ് ആണ് ഈ തീരുമാനം അറിയിച്ചത്. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി പ്രതിഭാ സിംഗ് ഉൾപ്പെടെ പലരും രംഗത്തെത്തിയെങ്കിലും കൂടുതൽ എംഎൽഎ മാരുടെ പിന്തുണ ലഭിച്ചത് സുഖ് വിന്ദറിനാണ്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനേത്തുടർന്നാണ് മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ കോൺഗ്രസിൽ തര്‍ക്കം ആരംഭിച്ചത്. എംഎൽഎമാരുടെ യോഗത്തിൽ സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗും അവകാശവാദമുന്നയിച്ചതോടെ തീരുമാനം ഹൈക്കമാന്റിന് വിട്ടു. എന്നാൽ എംഎൽഎമാരിൽ ഭൂരിപക്ഷവും സുഖ് വിന്ദർ സിംഗിന് ഒപ്പമാണെന്നത് കൂടി കണക്കിലെടുത്ത് ഹൈക്കമാൻഡ് സുഖ് വിന്ദറിനെ തെരഞ്ഞെടുക്കുകയായിരുന്നു.
രജ്പുത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടും ഗുണമായി. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറിൽ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്.സ്വദേശമായ ഹമിർപുർ ജില്ലയിലെ നദൗൻ മണ്ഡലത്തിൽ നിന്നും നാലാം തവണയും വിജയിച്ചുവന്ന നേതാവാണ് സുഖ് വിന്ദര്‍. 3363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി തലവനായിരുന്നു അദ്ദേഹം.