പെട്രോളിൽ എഥനോൾ കലർത്തിയത് നിശ്ചിത പരിധിയിലും കൂടുതലാണോയെന്നു കണ്ടെത്താനുള്ള നൂതന പരിശോധനാ കിറ്റുകൾ കേരളത്തിൽ എത്തി. ശേഖരിച്ച സാംപിളുകളുടെ പരിശോധന ഇവ ഉപയോഗിച്ച് ഈയാഴ്ചതന്നെ ആരംഭിക്കും.ഇന്ത്യൻ ഓയിൽ കോ‍ർപറേഷനിൽ നിന്നാണ് ഇവ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികളിൽ എത്തിച്ചത്.

‎
‎തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കെഎസ്ഇബി വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സർവീസിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സൂപ്പർവൈസറി വീഴ്ചയുടെ പേരിലാണ് നടപടി.
‎
‎ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയില്ലെന്ന് പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്. പരീക്ഷാ ക്രമക്കേട് സംബന്ധിച്ച അന്വേഷണം കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കും നീളുമെന്നാണ് സൂചന.
‎
‎തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലിൽ ഡെങ്കിപ്പനി പടരുന്നതിനാൽ കോളജ് അടച്ചു. ഒരാഴ്ചയ്ക്കിടെ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ ചേർന്ന സിൻഡിക്കേറ്റിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും യോഗത്തിൽ ആണ് തീരുമാനം. ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റാനും യോഗത്തിൽ തീരുമാനിച്ചു.
‎
‎വൃശ്ചിക പുലരിയില്‍ അയ്യപ്പ ദ‍ർശനത്തിനായി ശബരിമലയില്‍ ഭക്തജനത്തിരക്ക്. ഇന്ന് ഉച്ച വരെ ഇരുപത്തിയയ്യായിരത്തോളം തീർത്ഥാടകർ സന്നിധാനത്തെത്തി. അറുപതിനായിരത്തോളം പേരാണ് ഇന്ന് വിർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. ശബരിമലയില്‍ ഇന്ന് മുതല്‍ എല്ലാ ദിവസവും ഭക്തർക്ക് ഇലയിട്ട് സദ്യ വിളമ്പും.
‎
‎കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുൻ എം.എൽ.എ എം. വി. രാജഗോപാലൻ മാസ്റ്ററുടെ മകനുമായ എസ്. ആർ. വിനയകുമാർ പാർട്ടി ബന്ധം ഉപേക്ഷിക്കുന്നു. പാർട്ടിയിൽ ‘പിണറായിസം’ മാത്രമാണ് നിലനിൽക്കുന്നതെന്നും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടപ്പെടുത്തി മുന്നോട്ടുപോകുന്ന പാർട്ടിയിൽ ഇനി തുടരുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു
‎
‎E 20 വിവാദത്തിൽ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചിലർ E20 യെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, ഈ പൊട്ടന്മാർക്ക് അതിന്റെ സയൻസ് അറിയില്ല. ചില മഹാന്മാർ കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തോ എന്ന് അറിയില്ല. അങ്ങനെയെങ്കിൽ സിബിഐ വരും. എഥനോൾ ബ്ലെൻഡിങ് മെഷീൻ 20ശതമാനം വരുന്ന രീതിയിലാണ് കാലിബറേറ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
‎
‎കാലടി സർവകലാശാല സസ്പെൻഷനുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി. നാളെ ഉച്ചയ്ക്ക് രണ്ടിന് ഹർജിയിൽ വാദം നടക്കും. ഭേദഗതി ഹർജി അംഗീകരിക്കരുതെന്ന സർവകലാശാല വാദം തള്ളി.
‎
‎നടിയെ ആക്രമിച്ച കേസ് വാദം കേൾക്കുമ്പോൾ അതിജീവിതയുടെ അഭിഭാഷക ഉറങ്ങുകയായിരുന്നുവെന്ന പരാമർശത്തിനെതിരെ അഭിഭാഷക ടി.ബി. മിനി സമർപ്പിച്ച ഹർജി കോടതി തള്ളി. വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതി അലക്ഷ്യ നടപടി വേണമെന്നായിരുന്നു ടി.ബി. മിനിയുടെ ആവശ്യം.
‎
‎പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍. വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയെ ഉദ്ഘാടകനാക്കാനാണ് ശ്രമം. സഹകരണ വകുപ്പിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റര്‍ തയ്യാറാക്കി.
‎
‎മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. കേസിലാകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആർഎസ്എസ് പ്രവർത്തകനായിരുന്ന രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റക്കാർക്കുള്ള ശിക്ഷ നാളെ വിധിക്കും.
‎
‎ജപ്തിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നടുവണ്ണൂര്‍ എസ്ബിഐ ബാങ്കിന് മുന്നിൽ ഇന്നലെ നടന്ന സമരത്തിൽ കേസെടുത്ത് പൊലീസ്. ഗതാഗത തടസമുണ്ടാക്കിയതിന് അടക്കം രണ്ട് കേസുകളാണ് ബാലുശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്തത്.
‎
‎അപൂർവ ജനിതക രോഗമായ എസ്.എം.എ. ബാധിച്ച മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ഇതുവരെ ലഭിച്ചത് 21.5 കോടി രൂപ. ഒറ്റ പ്രസവത്തിലുണ്ടായ കല്ലുരുട്ടി പൂവ്വത്തേരിച്ചാലിൽ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായാണ് ചികിത്സാസഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തുന്നത്.
‎
‎ചാല സ്വർണക്കവർച്ച ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ടെന്ന സംശയത്തിൽ പൊലീസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ചാലയിലെ മാളവിക ജ്വല്ലറിയുടമ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യും. ഗൂഢാലോചനയിലെ പ്രധാനി ജയാറാം ആണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം.
‎
‎ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് നാലംഗ സംഘം 9.90 ലക്ഷം രൂപ കവര്‍ന്നു. കാളികാവ് അഞ്ചവടി സ്വദേശി ഫൈസലിനാണ് പണം നഷ്ടമായത്. നിലമ്പൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.
‎
‎എറണാകുളം വരാപ്പുഴയിൽ ഭാര്യയെ ക്രൂരമായി മർദിച്ചശേഷം വീട്ടിൽ വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് കരിങ്ങാംതുരുത്തിൽ മാളോത്ത് പള്ളിക്ക് സമീപം അറയ്ക്കപ്പാട്ട് വീട്ടിൽ സുനിൽ ആണ് അറസ്റ്റിലായത്. ഭാര്യ ഷൈനി നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
‎
‎ഫേസ്ബുക്കിലൂടെ സ്ത്രീയുടെ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ചികിത്സാസഹായമെന്ന പേരില്‍ വയനാട് സ്വദേശിയില്‍നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് മേപ്പയൂര്‍ ആവള, മണമ്മല്‍ വീട്ടില്‍ ലത്തീഫിനെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു.
‎
‎വായുമലിനീകരണത്തിൽ വലഞ്ഞ് ഡൽഹി. ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് രേഖപ്പെടുത്തിയ എക്യുഐ 263 ആണ്. 201 മുതൽ 300 വരെയുള്ള ഗുണനിലവാരം ‘മോശം’ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
‎
‎തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ കേരളമടക്കം അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.  ഇത്തരത്തിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജിയോളജി വകുപ്പ് ഡയറക്ടർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
‎
‎മധുര തനിഷ്ക് ജ്വല്ലറിയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണത്തിന്‍റെ ഒരുഭാഗം കണ്ടെടുത്ത് പൊലീസ്. മുഖ്യപ്രതി നിഷാന്ത് ഒളിപ്പിച്ച 6.4 കിലോ സ്വർണമാണ് പൊലീസ് കണ്ടെത്തിയത്.  അതേസമയം, നിഷാന്തിന്‍റെ കയ്യിലെ ടാറ്റു അന്വേഷണത്തിൽ നിർണായകമായെന്ന് അന്വേഷണ സംഘം അറിയിച്ചു.
‎
‎സെൻസസ് പോർട്ടലിലെ പുതിയ മാറ്റങ്ങൾ വിവാദമാകുന്നു. പൗരന്മാർക്ക് സ്വയം വിവരങ്ങൾ ചേർക്കാനുള്ള മതങ്ങളുടെ വിവരങ്ങളിൽ ഈയിടെ വരുത്തിയ മാറ്റങ്ങൾ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് കോൺഗ്രസ് വിമർശിച്ചു.
‎
‎ജമ്മു കശ്മീരിലെ കുൽഗാമിൽ ലഷ്കർ ഭീകരർക്കായി സുരക്ഷാസേനയുടെ വൻ തിരച്ചിൽ. ഏറ്റുമുട്ടലിൽ പരിക്കേറ്റ ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനായി വനമേഖല അരിച്ചു പെറുക്കുകയാണ് സൈന്യവും പൊലീസും. ഏറ്റുമുട്ടലിന് മുൻപ് സ്കൂളിനുള്ളിൽ ഒളിക്കാനുള്ള ഭീകരരുടെ നീക്കം സുരക്ഷ സേന തകർത്തു.
‎
‎സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ് ‘ബിലോങ്ങിങ്, എ ജേർണി ഓഫ് ലവിന്‍റെ പ്രകാശന ചടങ്ങിൽ സഖ്യകക്ഷികൾക്ക് മുൻഗണന നൽകിയുള്ള ഇരിപ്പിട ക്രമീകരണം ചർച്ചയാകുന്നു. സോണിയ ഗാന്ധിയുടെ തൊട്ടടുത്ത് അഖിലേഷ് യാദവ്, രാഹുൽ ഗാന്ധിയുടെ അടുത്ത് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് എന്നിവർക്കാണ് ഇരിപ്പിടം നൽകിയത്.
‎
‎ഡൽഹി നിയമ മന്ത്രി കപിൽ മിശ്രയുടെ ക്യാമ്പ് ഓഫീസിന് സമീപം അജ്ഞാത സംഘം നടത്തിയ വെടിവയ്പ്പിൽ യുവാവ് കൊല്ലപ്പെട്ടു. മുസ്തഫാബാദ് സ്വദേശി സമീർ ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികൾ യുവാവിന് നേരെ ഇരുപതോളം റൗണ്ട് വെടിയുതിർത്തതായാണ് വിവരം.
‎
‎സൗദി അറേബ്യയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി ഹൂതി ഭീകര സംഘടന വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സഖ്യസേന ആകാശത്തുവെച്ച് തകർത്തു. സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.
‎
‎ലോകത്തിലെ ഏറ്റവും മൂല്യമേറിയ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക്     ജെൻസെൻ ഹുവാങ് തിരിച്ചെത്തുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
‎
‎ഹോർമൂസിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം.ഒമാനിലെ ഖസബിന് സമീപമാണ് ആക്രമണം ഉണ്ടായത്. കപ്പലിന്റെ എഞ്ചിൻ റൂമിന് തീ പിടിച്ചു. കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്നാണ് വിവരം. ഹോർമൂസിൽ ഈ മാസം ഇതുവരെ ആക്രമിക്കപ്പെട്ടത് 11 എണ്ണ കപ്പലുകളാണ്.
‎
‎ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിക്കിടെ നടക്കുന്ന ക്വാഡ് നേതാക്കളുടെ യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച നടത്തുമോ എന്നതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. കൂടിക്കാഴ്ച നടന്നാലും ഹ്രസ്വ ചർച്ചയ്ക്ക് മാത്രമാണ് സാധ്യത.
‎
‎ഇറ്റാലിയൻ ക്ലബ് എ സി മിലാനിലേക്ക് ചുവടു മാറ്റാനുള്ള തയ്യാറെടുപ്പിൽ പോർച്ചുഗൽ താരം ബ്രൂണോ ഫെര്‍നാണ്ടസ്‌. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ റെലഗേഷന്‍ വിഭാഗത്തിലേക്ക്‌ വീണു പോയതോടെ ക്ലബ്ബുമായി പുതിയ കരാര്‍ ഒപ്പുവെക്കാന്‍ താരം തയ്യാറാകുന്നില്ല. 2027 ജൂണില്‍ കരാര്‍ അവസാനിക്കാനിരിക്കെ, ക്ലബ്ബ്‌ മുന്നോട്ടുവെച്ച രണ്ടാമത്തെ കരാര്‍ വാഗ്‌ദാനവും ബ്രൂണോ തള്ളിക്കളഞ്ഞു എന്നാണ് വിവരം
‎
‎ക്രിക്കറ്റിന്‌ പിന്നാലെ ഫുട്‌ബോളിലും ഇന്ത്യ-പാക്‌ ഫൈനല്‍ പോര്‌. സാഫ്‌ കപ്പ്‌ ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശിലെ ധാക്കയിലുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 7.30 ന് ഏറ്റുമുട്ടും.
‎
‎കറുത്ത ടക്സീഡോ ധരിച്ച് ഇരുട്ടിൽ നിന്ന് കൈത്തോക്കുമായി പുറത്തേക്ക് വരുന്ന ഏജന്റ് 007. ‘ഐഡന്റിറ്റി കൺഫേംഡ്’ ‘ജെയിംസ് ബോണ്ട് തിരിച്ചെത്തും’ എന്ന കുറിപ്പോടെ ആമസോൺ എംജിഎം സ്റ്റുഡിയോസ് പുതിയ ജെയിംസ് ബോണ്ടിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് നടൻ റോബർ‌ട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ട് ആകും. ഹാരി പോട്ടറിലെ സെഡ്രിക്കായും ട്വിലൈറ്റിലെ എഡ്വേർഡ് കുള്ളനായും ബാറ്റ്മാനായും പ്രേക്ഷകർക്ക് മുന്നിലെത്തിയ നാല്പതുകാരൻ റോബർട്ട് പാറ്റിൻസൺ ഇനി ഹോളിവുഡിന്റെ ഏറ്റവും പ്രശസ്തനായ രഹസ്യ ഏജൻ്റാകും. പുതിയ ചിത്രത്തിന്റെ പേര്, ചിത്രീകരണം ആരംഭിക്കുന്ന തീയതി, മറ്റ് താരങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല.
‎
‎ഇന്ത്യൻ വാഹന വിപണിയിലേക്ക് പുതിയ കാർ ബ്രാൻഡുമായി ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ഡിസംബർ 3ന് പുതിയ പാസഞ്ചർ വാഹന നിര അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ആദ്യ എസ്‌യുവി കോംബാറ്റ് എന്ന പേരിൽ വിപണിയിലെത്തുമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്ന ജെറ്റൂർ ടി2 അടിസ്ഥാനമാക്കിയായിരിക്കും പുതിയ എസ്‌യുവി നിർമിക്കുക. പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന കോംബാറ്റിന് ഫുൾ ടാങ്കിൽ ഏകദേശം 1,100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാഹനത്തിന്റെ ഡെലിവറി 2027ലായിരിക്കും ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ ജെഎസ്ഡബ്ല്യുവിന്റെ നിർമാണശാലയിലായിരിക്കും എസ്‌യുവി അസംബിൾ ചെയ്യുക. ഏകദേശം 25 ലക്ഷം രൂപ മുതൽ 35 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നുണ്ട്.
‎
‎ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിൻ വഴി ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ധാതുവാണ് ഇരുമ്പ്. ഇരുമ്പിന്റെ അളവ് കുറയുമ്പോൾ, അത് ക്ഷീണം, തലകറക്കം, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമാകും. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടാൻ മത്തങ്ങ് വിത്തുകൾ നല്ലതാണ്. ഇതിൽ ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ചെറിയ പിടി മത്തങ്ങ് വിത്തുകൾ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പ്രതിദിന ഇരുമ്പിന്റെ അളവ് ലഭിക്കാൻ സഹായിക്കും. കൂടാതെ വെള്ള കടലയിൽ പ്രോട്ടീനും നാരുകൾക്കും  പുറമെ, ശരീരത്തിന് ആവശ്യമായ ഇരുമ്പിന്റെ അംശവും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേ സമയം കൂടുതൽ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റിലും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇതിൽ ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം, ചെമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. ലഘുഭക്ഷണമായോ മധുരപലഹാരമായോ അല്പം കഴിക്കുന്നത്, ശരീരത്തിലേക്ക് ഇരുമ്പ് എത്തിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്.
‎
‎കേരളത്തിൽ സ്വർണ വില കുറഞ്ഞു.
‎ഗ്രാമിന് 70 രൂപ കുറഞ്ഞ് 12470 രൂപയും, പവന് 99760 രൂപയുമായി.
‎
‎ഇന്നത്തെ വിനിമയ നിരക്ക്
‎ഡോളർ – 93.66,പൗണ്ട് – 123.58,യൂറോ – 103.08,സ്വിസ് ഫ്രാങ്ക് – 111.59, ഓസ്ട്രേലിയൻ ഡോളർ – 63.15
‎ബഹ്റൈൻ ദിനാർ – 249.09
‎കുവൈത്ത് ദിനാർ – 300.50
‎ഒമാനി റിയാൽ – 243.58,സൗദി റിയാൽ  24.98,യു.എ.ഇ ദിർഹം – 25.50,ഖത്തർ റിയാൽ – 25.73,കനേഡിയൻ ഡോളർ  65.48
‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *