ശബരിമലയിലേക്കുള്ള നെയ്യ് മില്‍മയില്‍ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിന്‍റെ തീരുമാനം. അയ്യായിരം ലിറ്റർ നെയ്യ് മില്‍മ ഇന്ന് ശബരിമലയിലേക്ക് അയക്കും. വിജിലൻസിൽ നിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണ് മില്‍മയും ബോർഡും തമ്മില്‍ ധാരണയിലെത്തുന്നത്.
‎
‎വൈദ്യുതി പർച്ചേസ് വിവാദം സമവായത്തിലേക്ക്. ക്ലിഫ് ഹൗസിലെ ചർച്ചയിൽ മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരായ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും പങ്കെടുത്തു. നിലവിൽ വൈദ്യുതി ക്ഷാമം ഇല്ലെന്നും രണ്ട് മാസത്തേക്ക് വൈദ്യുതി വാങ്ങേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സണ്ണി ജോസഫ് ചർച്ചയിൽ എതിർപ്പൊന്നും ഉയർത്തിയില്ല. ഭാവി മുന്നിൽ കണ്ട് പുതിയ കരാർ സാധ്യത തേടാനും ധാരണയായി.
‎
‎വികസന പദ്ധതികൾക്ക് രൂപം നൽകി തിരുവനന്തപുരം കോര്‍പ്പറേഷന്‍. തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ. മാലിന്യ സംസ്കരണം, റോഡ് വികസനം, സാങ്കേതിക വിദ്യ കൈമാറ്റം, ധന സമാഹാരണം എന്നിവയിൽ ഇരു നഗരസഭകളും കൈകോർക്കും. ഇതിനായി സർക്കാർ അനുമതി നൽകി.
‎
‎സെക്രട്ടേറിയറ്റിന് മുന്നിലെ എൽപി എസ്ടി സമര വേദിയിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയ വളർമതി വീണ്ടും സമരപ്പന്തലിലെത്തി നിരാഹാരം തുടരുന്നു. സമരം അടിച്ചമർത്താമെന്ന് ആരും കരുതേണ്ട. ആരോഗ്യനില മോശമായ ഒരാളെയാണോ പൊലീസ് ഇത്രയും ബലപ്രയോഗം നടത്തി കൊണ്ടുപോയതെന്നും വളർമതി ചോദിച്ചു.
‎
‎എൽപിഎസ്ടി സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിൽ പൊലീസ് ഒരു കേസുകൂടി രജിസ്ടർ ചെയ്തു. പൊലീസ് പൊളിച്ച് നീക്കിയ സമരപ്പന്തലുകൾ പുനസ്ഥാപിച്ചതിന് ഡിവൈഎഫ്ഐക്കും എൽപിഎസ്ടി സമരസമിതിക്കും എതിരെയാണ് കേസ്.
‎
‎അമിത് ഷായും വി.ഡി. സതീശനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് തെളിയിക്കുന്ന നടപടികളാണ് എൽ.പി.എസ്.ടി സമരവുമായി ഉണ്ടായതെന്ന് ജോൺ ബ്രിട്ടാസ് എം.പി. മുഖ്യമന്ത്രി നൽകിയ വാക്ക് നഗ്നമായി ലംഘിച്ചുകൊണ്ട് പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുകയുമാണുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.
‎
‎പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനക്രമീകരണത്തിൽ സർക്കാരിന് ഹൈക്കോടതിയിൽ ആശ്വാസം. ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
‎
‎നക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാർ ലൈസൻസുകൾ റദ്ദാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. നക്ഷത്ര പദവിക്ക് അപേക്ഷ നൽകിയ 290 ഹോട്ടലുകളിൽ 32 ഹോട്ടലുകൾക്ക് നക്ഷത്ര പദവി നിഷേധിച്ചതോടെ ഈ ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കും.
‎
‎കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി പി ദിവ്യക്കെതിരായ ബിനാമി ആരോപണത്തിൽ കാർട്ടൺ അലയൻസ് ഇന്ത്യ കമ്പനിയുടെ എംഡി മുഹമ്മദ്‌ ആസിഫിന്‍റെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് മൊഴി എടുക്കുന്നത്.
‎
‎പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിച്ച രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി പരാതി. കുഞ്ഞിന് 10 ദിവസത്തിനിടെ രണ്ടാമതൊരു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നുവെന്നുവാണ്പരാതി.
‎
‎കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് ഐടി ജീവനക്കാരിയായ അക്ഷര മരിച്ച സംഭവത്തിൽ സർക്കാർ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി. കോഴിക്കോട് സ്വദേശിയായ പൊതുപ്രവർത്തകനാണ് കമ്മീഷന് പരാതി നൽകിയത്.
‎
‎കൊച്ചി നഗരത്തിലൂടെ ബസോടിക്കുന്ന ഡ്രൈവർമാരിലും കണ്ടക്ടർമാരിലും പകുതിയലേറെപ്പേർക്കും പോലീസ് ക്ലിയറൻസസർട്ടിഫിക്കറ്റ് (പി.സി.സി.) ഇല്ല. മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തുവന്നത്.
‎
‎ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തേക്ക് മുസ്ലിംലീഗ് നേതാക്കൾക്ക് നിയമനം ഇന്നുണ്ടാകും. വ്യവസായ വകുപ്പിന് കീഴിലുള്ള അഞ്ച് ബോർഡ് കോർപ്പറേഷൻ ചെയർമാൻമാരുടെകാര്യത്തിലാണ് തീരുമാനമായിരിക്കുന്നത്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം സിൽക്ക് ചെയർമാനാകും.
‎
‎മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തില്‍ ഒരാളുടെ മൊഴി കൂടി രേഖപ്പെടുത്തി. ആത്മഹത്യ ചെയ്ത ലീ സി ബിന്നിന്‍റെ സഹായി ഷാജഹാനാണ് മൊഴി നൽകിയത്.
‎
‎തലസ്ഥാനത്ത് പ്രവർത്തിക്കുന്ന കെ എസ് ഇ ബി ജീവനക്കാരുടെ സഹകരണസംഘത്തിൻ്റെ ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഐയുടെ ഓഫീസർമാരുടെ സംഘടന ഒറ്റക്ക് മത്സരിക്കുന്നു. സിഐടിയു അനുകൂലസംഘടനയായ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വം തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് നീക്കമെന്ന് സിപിഐയുടെ ഓഫീസ‍ർ സംഘടനയായ ഓഫീസേഴ്സ് ഫെഡറേഷൻ.
‎
‎ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച അന്തർസംസ്ഥാന സ്വദേശിയായ യുവാവിനെ നാട്ടുകാരൻ സാഹസികമായി പിടികൂടി പൊലീസിലേൽപ്പിച്ചു. ചേർത്തല നഗരസഭ 23-ാം വാർഡിലെ മാടയ്ക്കൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
‎
‎വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് നവംബർ 13 ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അഞ്ജു കെ എസ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
‎
‎2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (AIMIM) അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും ആസാദ് സമാജ് പാർട്ടി (കാൻഷിറാം) അധ്യക്ഷൻ ചന്ദ്രശേഖർ ആസാദും തമ്മിൽ പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിക്കുമെന്ന് റിപ്പോർട്ട്
‎
‎
‎സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനെ അവഗണിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. നരസിംഹറാവുവിനെ കുറിച്ച് പരാമര്‍ശിക്കുന്നത് രാജ്യത്തെ ചില വിഭാഗങ്ങളെ വേദനിപ്പിക്കുമെന്ന് കരുതിയാകാം സോണിയ ഒഴിവാക്കിയതെന്ന് മുതിര്‍ന്ന നേതാവ് പൃഥ്വിരാജ് ചവാന്‍ വിമര്‍ശിച്ചു.
‎
‎ജമ്മു കാശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ബൂത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയെന്ന് നിഗമനം. കിഷ്താറിൽ ഇന്നലെ കാണാതായ രണ്ട് സ്പെഷൽ പൊലീസ് ഓഫീസർമാരുടെ മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ വനമേഖലയിൽ കണ്ടെത്തി.
‎
‎കശ്മീരിൽ ജാഗ്രത കർശനമാക്കി. ഇതിനിടെ ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഗ്രനേഡുമായി ഒരാൾ പിടിയിലായി. വനമേഖലയിൽ ഒളിപ്പിച്ച നിലയിലാണ് ഗ്രനേഡ് കണ്ടെത്തിയത്. ബാദർകോട്ടെ വനമേഖലയിലാണ് ഇയാൾ പിടിയിലായത്.
‎
‎ഗുവാഹത്തി – ഓഖ ദ്വാരക എക്സ്പ്രസിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിലെ പരിപ്പുകറിയിൽ ലോഹക്കഷണം കണ്ടെത്തിയ സംഭവത്തിൽ കാറ്ററിങ് കരാറുകാരനെതിരെ നടപടിയെടുത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ.
‎
‎മക്ക മേഖലയെ ലക്ഷ്യമാക്കി ഹൂതി ഭീകരർ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന ആകാശത്തുവെച്ച് തന്നെ പ്രതിരോധിച്ച് തകർത്തു. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ താഴെ വീണ ഇടങ്ങളിൽ സിവിൽ ഡിഫൻസ് സംഘം അടിയന്തര ഇടപെടൽ നടത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു.
‎
‎കാവൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹു തനിക്ക് വിവരങ്ങൾ നൽകുന്നില്ലെന്ന് ഗാദി ഐസൻകോട്ട്.  സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് തന്നെ ക്ഷണിച്ച സ്ഥിതിക്ക് സൈന്യത്തിന്‍റെ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്‍റലിജന്‍സ് വിവരങ്ങള്‍ അറിയിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐസന്‍കോട്ട് പ്രതികരിച്ചു.
‎
‎അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടയായ മിസിസിപ്പിയിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ചരിത്രവിജയം. നിലവിലെ റിപ്പബ്ലിക്കൻ സെനറ്റർ സിൻഡി ഹൈഡ്-സ്മിത്തിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാർഥിയും പ്രോസിക്യൂട്ടറുമായ സ്കോട്ട് കോളം യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
‎
‎ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കുമെന്നും അതോടെ ലോകം കൂടുതല്‍ സമാധാനപരമായി മാറുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. യു.എസ്. വെറ്ററന്‍സ് ഡേ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.
‎
‎ഇന്ത്യൻ ഒളിമ്പിക്ക് അസോസിയേഷൻ ജനറൽ അസംബ്ലിയിലേക്കുളള രണ്ട് പ്രതിനിധികളുടെ പട്ടികയില്‍ പി ടി ഉഷയുടെ പേരില്ല. പി ടി ഉഷയെ ഒഴിവാക്കി രണ്ട് പ്രതിനിധികളുടെ പട്ടിക വരണാധികാരിക്ക് എഎഫ്ഐ കൈമാറി.
‎
‎സാഫ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനലിന്‌ സാധ്യത. ഒരേ ഗ്രൂപ്പില്‍ മത്സരിച്ച ഇന്ത്യയും പാക്കിസ്ഥാനും സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്‌. 14 നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ ഭൂട്ടാനെയും രണ്ടാം സെമിയില്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെയും നേരിടും.
‎
‎യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. ഇറ്റലി, ഫ്രാന്‍സിനേയും ഇംഗ്ലണ്ട്, ക്രോയേഷ്യയെയും നേരിടും. സ്‌പെയ്ന്‍, ബെല്‍ജിയം എന്നിവരും ഇന്ന് കളത്തിലിറങ്ങും. മുന്‍ ലോക ചാമ്പ്യന്‍മാരായ ഇറ്റലിയും ഫ്രാന്‍സും മുഖാമുഖം വരും.
‎
‎യുവേഫ നാഷന്‍സ്‌ ലീഗില്‍ ഇറ്റലിക്കെതിരായ മത്സരത്തില്‍ ഫ്രാന്‍സ്‌ ക്യാപ്‌റ്റന്‍ കിലിയന്‍ എംബാപെ കളിക്കില്ല. പേശീവലിവ്‌ കാരണം പരിശീലന സെഷനില്‍ നിന്ന്‌ വിട്ടുനിന്ന എംബാപെയെ ഒഴിവാക്കി പിഎസ്‌ജിയുടെ ഇരുപത്‌ വയസുള്ള സെന്നി മയുലുവിനെ സീനിയര്‍ ടീമിലേക്ക്‌ ആദ്യമായി ഉള്‍പ്പെടുത്തി.
‎
‎
‎
‎
‎
‎
‎
‎
‎
‎ഭൗമ’ ഇന്ന് മുതല്‍. ആകാംക്ഷ ജനിപ്പിക്കുന്നതും ദുരൂഹത നിറഞ്ഞതുമായ ഭൗമയുടെ ട്രെയിലർ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സസ്‌പെന്‍സും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ പശ്ചാത്തലവും സമാന്തരമായാണ് ചിത്രം പുരോഗമിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.
‎പ്രേക്ഷക ശ്രദ്ധ നേടിയ ‘പെൻഡുലം’ എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നവംബർ 12-നാണ് തിയേറ്ററുകളിൽ എത്തുന്നത്.
‎
‎നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണ ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും വമ്പൻ നേട്ടമാണ് കൊയ്യുന്നത്. ഇതുവരെയായി രാമായണ ആഗോളതലത്തില്‍ 934.55 കോടി നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.
‎
‎പുതിയ റെനോ ഡസ്റ്റർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. വാഹനത്തിന് 2.10 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷം ആദ്യം വിപണിയിലെത്തിയ ഡസ്റ്ററിന്റെ ഉയർന്ന വകഭേദങ്ങളായ ടെക്നോ പ്ലസ്, ഐക്കോണിക് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ വിലക്കിഴിവ് ലഭിക്കുന്നത്. നവംബർ 30 വരെ മാത്രമാണ് ഈ ഓഫറുകൾക്ക് സാധുതയുള്ളത്. ടെക്നോ പ്ലസ്, ഐക്കോണിക് വകഭേദങ്ങൾക്ക് 50,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. ഇതിനുപുറമെ 1.50 ലക്ഷം രൂപ വരെ എക്സ്ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്.
‎
‎എല്ലാ വർഷവും നവംബർ 12 ന് ലോക ന്യുമോണിയ ദിനം ആചരിക്കുന്നു. ന്യുമോണിയ എന്ന രോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കാനും പ്രതിരോധ നടപടികളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ബോധവൽക്കരണം നടത്താനുമാണ് ഈ ദിനം ആചരിക്കുന്നത്. ഈ ശ്വാസകോശ അണുബാധയെ പ്രതിരോധിക്കാനും, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കാനും വാക്സിനേഷന്റെ പ്രാധാന്യം അറിയിക്കാനും ഇന്നേ ദിനം ലക്ഷ്യമിടുന്നു. 2009-ലാണ് ആദ്യമായി ലോക ന്യുമോണിയ ദിനം ആചരിച്ചു തുടങ്ങിയത്.
‎
‎ചർമ്മ സംരക്ഷണത്തിനായി പല ഉൽപ്പണങ്ങളും നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം മാത്രം മതിയാകില്ല. നിങ്ങളുടെ വയറു നിറയുന്നതിലും അല്പം കുറച്ചു മാത്രം ഭക്ഷണം കഴിക്കണമെന്നും ആവശ്യമായതിലും ഏകദേശം 20 ശതമാനം കുറച്ച് കലോറി മാത്രമേ ശരീരത്തിലെത്തുന്നുള്ളൂ എന്ന് ഉറപ്പാക്കണം. യുവത്വം നിലനിർത്തുന്നതിനായി ജങ്ക് ഫുഡുകളും പാക്ക് ചെയ്ത ലഘുഭക്ഷണങ്ങളും ഒഴിവാക്കി, വീട്ടിൽ പാകം ചെയ്ത പുതിയ ഭക്ഷണങ്ങൾ കഴിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുക. ഇതിൽ പയറുവർഗ്ഗങ്ങൾ, വിത്തുകൾ, നട്‌സുകൾ, പാൽ, മുട്ട അല്ലെങ്കിൽ ചിക്കൻ ബ്രെസ്റ്റ് എന്നിവ ഉൾപ്പെടുത്താം. അതേസമയം റെഡ് മീറ്റ് (ചുവന്ന മാംസം) പൂർണ്ണമായും ഒഴിവാക്കുക. നിങ്ങളുടെ ചർമ്മത്തിന്റെ ജലാംശം നിലനിർത്താനും മൃദുലമാക്കാനും ധാരാളം ദ്രാവകങ്ങൾ കുടിക്കുക. പഴങ്ങളാൽ സമ്പന്നമായ ഭക്ഷണത്തോടൊപ്പം ഒരു ദിവസം ഏകദേശം 3 ലിറ്റർ വെള്ളം നിർബന്ധമായും കുടിക്കണം.
‎ദിവസവും 7 – 8 മണിക്കൂർ നന്നായി ഉറങ്ങുക. നിങ്ങളുടെ ശരീരത്തിനും ചർമ്മത്തിനും വിശ്രമം നൽകണം. വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുക. എത്രത്തോളം വിയർക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ചർമ്മം ആരോഗ്യകരമാകും.
‎
‎ഇന്നത്തെ വിനിമയ നിരക്ക്
‎ഡോളർ – 93.69, പൗണ്ട് – 124.67, യൂറോ – 104.25, സ്വിസ് ഫ്രാങ്ക് – 112.90, ഓസ്ട്രേലിയൻ ഡോളർ – 64.26, ബഹ്റൈൻ ദിനാർ – 249.19, കുവൈത്ത് ദിനാർ – 301.85, ഒമാനി റിയാൽ – 243.68, സൗദി റിയാൽ – 24.99, യു.എ.ഇ ദിർഹം – 25.51, ഖത്തർ റിയാൽ – 25.74, കനേഡിയൻ ഡോളർ – 65.82.
‎
‎
‎
‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *