മദ്ധ്യാഹ്ന വാർത്തകൾ 20261006 203348 0000

 

 

സൗദി-ഹൂത്തി സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദിയിലെ വിമാനത്താവളങ്ങൾക്കും ഓയിൽ റിഫൈനറികൾക്കും നേരെ ഹൂത്തികളുടെ ആക്രമണം. ഹോർമുസിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 11 ഇന്ത്യക്കാർക്ക് പരിക്കേറ്റു. പാകിസ്ഥാനും തുർക്കിയും സൗദിക്കൊപ്പം ചേർന്നതോടെ യെമനിൽ പോരാട്ടം കൂടുതൽ ശക്തമായിരിക്കുകയാണ്.

 

കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സു​ഗതൻ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ മോചിതനായ സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയും ഷാളണിയിച്ചുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

 

എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. മൂന്ന് കോടിയിലധികം രൂപ സമാഹരിച്ച ഉത്സവത്തിന് ശേഷം 35 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന ദേവസ്വം ഓഫീസറുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഉപദേശക സമിതി പരാതി നൽകിയത്.

 

നടി മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസിൽ അഭിഭാഷകൻ വേണ്ടെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. നേരിട്ട് വാദിച്ചോളാമെന്ന് സനൽകുമാർ കോടതിയെ അറിയിച്ചു. മ‍ഞ്ജു വാര്യർ നൽകിയ പരാതിയിലെ ഒപ്പ് വ്യാജമെന്നും സനൽകുമാർ ആരോപിച്ചു. എതിർ കക്ഷികളുടെ വാദം കേൾക്കാൻ കേസ് ഈ മാസം 17 ലേക്ക് മാറ്റി വെച്ചു.

 

കെഎസ്ആർടിസി വിജയകരമായി നടത്തിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി കാർഗോ സേവനങ്ങൾ കൂടി ആരംഭിക്കുന്നു. കാർഗോ സർവീസിന്‍റെ ഫ്ലാഗ് ഓഫ് നാളെ (ഒക്ടോബർ ഏഴിന്) ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ ഗതാഗത മന്ത്രി സി.പി ജോൺ നിർവഹിക്കും.

 

ശബരിമല ദർശനത്തിനെത്തിയ അയ്യപ്പഭക്തരുടെ നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കുന്നതിനായി സെപ്റ്റംബർ മാസത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 8 സംസ്ഥാനങ്ങളിൽ നിന്നായി 70-ലധികം മൊബൈൽ ഫോണുകൾ പമ്പ പോലീസ് കണ്ടെത്തി. കണ്ടെടുത്ത ഫോണുകൾക്ക് ആകെ 10 ലക്ഷത്തിലധികം രൂപ മൂല്യം വരുമെന്ന് പൊലീസ് അറിയിച്ചു.

 

മീറ്റര്‍ റീഡര്‍മാരുടെ സമരം നേരിടാൻ കടുത്ത നടപടിയുമായി കെഎസ്ഇബി. ജോലിക്ക് എത്താത്ത റീഡര്‍മാരുടെ കരാര്‍ അവസാനിപ്പിക്കാൻ ഡിസ്ട്രിബ്യൂഷൻ ഡയറക്ടര്‍ സര്‍ക്കുലറിൽ നിര്‍ദ്ദേശിച്ചു. മെഷീൻ ഉടനടി തിരികെ വാങ്ങണം. ശരാശരി ഉപയോഗം കണക്കാക്കി ബിൽ നൽകണമെന്നും നിർദേശിച്ചു. സ്വയം റീഡിങ് എടുക്കാൻ അപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നൽകണമെന്നും നിര്‍ദേശമുണ്ട്.

 

സംസ്ഥാനത്തെ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ നാല് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

 

തിരുവനന്തപുരം കോര്‍പേറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ. ഒരു തരത്തിലുള്ള ഒത്തുകളിയും ഉണ്ടായിട്ടില്ല. സുഗതന് ലീവ് കൊടുത്തത് ഉൾപ്പെടെ സംസ്ഥാന സർക്കാർ പരിശോധിക്കും.

 

 

കണ്ണൂർ തലശ്ശേരി ജുമാ മസ്ജിദിലെ ഭണ്ഡാരം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനാണ് പിടിയിലായത്. മണിക്കൂറുകൾക്കകം പ്രതിയെ പിടിക്കാനായതിന്‍റെ അശ്വാസത്തിലാണ് തലശ്ശേരി പൊലീസ്.

 

 

സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ബി.ജെ.പി-കോൺഗ്രസ് ഒത്തുകളി ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയനും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.സൈക്കിൾ തട്ടി നായ ചത്താൽ പോലും ബി.ജെ.പി-കോൺഗ്രസ് ഒത്തുകളിയാണെന്ന് പറയുന്ന അവസ്ഥയിലാണ് എൽ.ഡി.എഫ് നേതാക്കളെന്ന് അദ്ദേഹം പരിഹസിച്ചു.

 

ശബരിമല സന്നിധാനത്ത് ഭക്തർക്കുള്ള ഓൺലൈൻ റൂം ബുക്കിംഗ് സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് വിപുലീകരിച്ചു. തുലാമാസ പൂജ മുതൽ പ്രതിദിനം 400 മുറികൾ വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. പണം നഷ്ടപ്പെട്ടാൽ പരാതിപ്പെടാനുള്ള ഇ-മെയിൽ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

 

വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക് അല്ലെന്നും കെ എം ഷാജഹാന്റെ ഹർജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

 

അടിസ്ഥാന ഗണിതശേഷിയിലും മലയാളം, ഇംഗ്ലീഷ് ഭാഷാവിജ്ഞാനത്തിലും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പിന്തുണ നൽകി മറ്റുള്ളവർക്കൊപ്പം എത്തിക്കുന്ന റിവൈവ് പദ്ധതി സംസ്ഥാനത്തെ വിദ്യാർഥികൾക്ക് മുതൽക്കൂട്ടാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ഭാഷാ-ഗണിത ശേഷികൾ മെച്ചപ്പെടാതെ ഒരു കുട്ടിയെയും ഇനി ഏഴാം ക്ലാസിലേക്ക് ജയിപ്പിച്ചു വിടില്ലെന്നും മന്ത്രി പറഞ്ഞു.

 

 

പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന് എതിരെ പരാതികളില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ചില വാർത്ത ശൃംഖലകൾ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തയാണെന്നും ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

 

കാസർകോട് കേന്ദ്ര സർവകലാശാലയിലെ വി.സി ഒന്നാന്തരം ആർ.എസ്.എസുകാരനാണെന്നും വിദ്യാർത്ഥികളെ പുറത്തിറക്കിയാണ് വന്ദേമാതരം സെമിനാർ നടത്തിയതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. വന്ദേമാതരത്തിലെ ആദ്യ വരികൾ എസ്.എഫ്.ഐ ഉൾപ്പെടെ രാജ്യത്തിലെ എല്ലാ വിദ്യാർത്ഥികളും പാടുമെന്നും, എന്നാൽ അതിനപ്പുറമുള്ളത് വിഭജനത്തിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് ഒക്ടോബർ 31-ന് വിരമിക്കുന്ന ഒഴിവിൽ, അന്ന് ഉച്ചകഴിഞ്ഞ് എയർ ചീഫ് മാർഷൽ പദവിയിൽ അശുതോഷ് ദീക്ഷിത് ചുമതലയേൽക്കും.

 

​ഗ്യാനേഷ് കുമാറിനെതിരെ ദില്ലിയിൽ നടത്തിയ പ്രതിഷേധത്തിൽ കോൺ​ഗ്രസ് നേതാവ് രാ​ഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും അറസ്റ്റ് ചെയ്ത് പൊലീസ്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ഇരുനേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

 

ഡിആർഡിഒ വികസിപ്പിച്ച ഏറ്റവും പുതിയ അഡ്വാൻസ്ഡ് ഹൈ-ആൾട്ടിറ്റ്യൂഡ് പാരച്യൂട്ടിന്റെ പരീക്ഷണം ലഡാക്കിലെ ന്യോമയിൽ വിജയകരമായി പൂർത്തിയാക്കി. 16,000 അടി ഉയരത്തിൽ നിന്നാണ് ഈ പാരച്യൂട്ട് ജമ്പ് നടത്തിയത്. പ്രതികൂല കാലാവസ്ഥയിലും സൈനികരെ സുരക്ഷിതമായി താഴെയിറക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ സംവിധാനം.

 

തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം എംപിമാർ ദില്ലിയിൽ പ്രതിഷേധിക്കുന്നു. കമ്മീഷണറെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന് രാഹുലും പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി. പൊലീസും നേതാക്കളും തമ്മിൽ സംഘർഷാവസ്ഥ തുടരുകയാണ്.

 

മകനും മകന്റെ സുഹൃത്തിനും എതിരെയുള്ള 50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ദിനേശ് ബാസിയെ അമൃത്സറിലെ സിവിൽ ലൈൻസ് പോലീസ് അറസ്റ്റ് ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനായി ബാസിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

 

വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമ്മിച്ച ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പ് ‘ഐ.എൻ.എസ് സൂര്യ’ കടലിലിറക്കി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.

 

കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. കപ്പൽ മുങ്ങി, ജീവനക്കാരെ കാണാതായി. നാറ്റോ സഖ്യ രാജ്യമായ ബൾഗേറിയൻ തീരത്തിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഈ ആക്രമണമെന്നാണ് ബൾഗേറിയൻ പ്രധാനമന്ത്രി റുമെൻ രാദേവ് വിശദമാക്കിയത്.

 

ക്യുബെക്കിൽ നടന്ന തിരഞ്ഞെടുപ്പിൽ വിഘടനവാദി പാർട്ടിയായ പാർട്ടി ക്യുബെക്വായ്ക്ക് വൻ വിജയം നേടി. കാനഡയിലെ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ദേശീയ ഐക്യ ആഹ്വാനങ്ങൾക്കും നയങ്ങൾക്കും വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് ഫ്രഞ്ച് സംസാരിക്കുന്ന പ്രവിശ്യയായ ക്യുബെകിൽ വിഘടനവാദം മുന്നോട്ട് വയ്ക്കുന്ന പാർട്ടിക്ക് വൻ വിജയം നേടിയത്. 60 സീറ്റുകളാണ് ക്യുബെക്വാ നേടിയത്.

 

ഹൂത്തികൾക്കെതിരെ സൗദിക്കൊപ്പം അണിനിരന്ന് തുർക്കിയും പാകിസ്ഥാനും. മക്കാ കരാറിന്റെ ഭാഗമായി ഇന്നലെ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അതേസമയം, ഹൂത്തികളുടെ പിടിയിലായിരുന്ന അൽ മോഖ തുറമുഖ നഗരം യെമൻ സേന തിരിച്ചു പിടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *