സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് അട്ടിമറി നടത്താന്‍ പദ്ധതിയിട്ട പാകിസ്ഥാനി ഭീകര ശൃംഖലയിലെ ഇരുന്നൂറിലേറെ ഭീകരരെ ഇന്ത്യന്‍ സുരക്ഷാസേന പിടികൂടി. കേരളത്തില്‍നിന്നു രണ്ടു പേരെ പിടികൂടിയിട്ടുണ്ട്. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ‘ഷഹസാദ് ഭട്ടി നെറ്റ് വര്‍ക്കിന്റെ’ പ്രവര്‍ത്തകരെയാണ് 14 സംസ്ഥാനങ്ങളില്‍നിന്നായി പിടികൂടിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെളിപെടുത്തി. ഉത്തര്‍പ്രദേശില്‍നിന്ന് 62 പേരാണു പിടിയിലായത്.
സ്മൃതി ഇറാനി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി. കേരളത്തില്‍നിന്നുള്ള കെ സുരേന്ദ്രന്‍ ബിജെപി ദേശീയ സെക്രട്ടറിയാകും. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയായി തുടരും. ബി എല്‍ സന്തോഷ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി. രാം മാധവ്, താരിഖ് മന്‍സൂര്‍ എന്നിവര്‍ ഉപാധ്യക്ഷന്മാരാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എ പി അബ്ദുള്ളക്കുട്ടിയെ മാറ്റി. ഹേമന്ത് ജോഷിയാണ് യുവമോര്‍ച്ച അധ്യക്ഷന്‍.
കാട്ടാനകള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതിന്റെ പേരില്‍ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും ആനത്താരകള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി. ആനകളെ തുരത്താന്‍ വെടിവയ്പ് ഉള്‍പ്പെടെയുള്ള ബലപ്രയോഗം ഒഴിവാക്കണമെന്നും കോടതി.
വിഴിഞ്ഞം തുറമുഖത്ത് ആഗോള വ്യാപാരത്തിന്റെ കവാടം ഇന്നു തുറക്കും. അമേരിക്കയിലേക്കും യൂറോപ്പിലേക്കുമടക്കം 107 രാജ്യങ്ങളിലേക്ക് സര്‍വീസുള്ള വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ എക്സിം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്നു രാവിലെ 10.45ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പങ്കെടുക്കും.
വിദ്യാര്‍ത്ഥികള്‍ കുറഞ്ഞതിനാല്‍ സംസ്ഥാനത്ത് ഈ വര്‍ഷം 850 ഗവണ്‍മെന്റ് സ്‌കൂളുകളിലെ എല്‍പി, യുപി തസ്തികകള്‍ നഷ്ടപ്പെടുമെന്ന് പൊതുവിദ്യാഭ്യാസ വകപ്പു ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഹൈസ്‌കൂളുകളിലെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നു മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ ഇരുസഭകളും നേരത്തെ ബില്‍ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാകും രേഖപ്പെടുത്തുക.
ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേടില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി എസ്പി എം ജെ സോജന് നിര്‍ദേശം നല്‍കി. കേസില്‍ മില്‍മ തിരുവനന്തപുരം, പത്തനംതിട്ട മേഖലകളിലെ ഓഫീസില്‍ നിന്ന് രേഖകള്‍ കസ്റ്റഡിയിലെടുത്തെന്നും സാക്ഷികളെ ചോദ്യം ചെയ്തെന്നും എസ്പി എം ജെ സോജന്‍ കോടതിയെ അറിയിച്ചു.
നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. റാമിന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സുധീര്‍ കല്ലെനെ സസ്‌പെന്‍ഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. സവര്‍ക്കറിനെ കുറിച്ച് ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു,. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കത്ത് നല്‍കിയ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സില്‍ പരാതി നില്‍ക്കെ എഡിജിപിയെ ഡിജിപിയാക്കിയെന്നും കോടതി സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ചു.
കാലടി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ സിസാ തോമസിനെതിരായ പ്രതിഷേധത്തില്‍ അറസ്റ്റിലായ നാല് എസ് എഫ് ഐ പ്രവര്‍ത്തകരെ കോടതി റിമാന്‍ഡു ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചു, കലാപമുണ്ടാക്കി തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ശക്തമായ സമരം തുടരുമെന്ന് എസ് എഫ് ഐ.
മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ജി എസ് റ്റി കമ്മീഷണര്‍ ശ്രീവത്സ, ജോയിന്റ് കമ്മീഷണര്‍ സജിത്, ഡെപ്യൂട്ടി കമ്മീഷണര്‍ സജിനി എന്നിവര്‍ക്ക് ചാര്‍ജ് മെമ്മോ അയച്ചു. കാഞ്ഞങ്ങാട് ഓഫീസിലെ ഇന്റലിജന്‍സ് ഓഫീസര്‍ക്ക് ഉള്‍പ്പെടെ മെമ്മോ ലഭിച്ചു. ജിഎസ്ടി ഈടാക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനാണ് നീക്കം. പ്രാഥമിക പരിശോധനയില്‍ എസ്.ഐ.ടി ജി.എസ്.ടി വെട്ടിപ്പ് സ്ഥിരീകരിച്ചെന്നാണ് വിവരം.
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. ഡോക്ടര്‍മാരുടെ പേരും ഒ.പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണമെന്നാണു നിര്‍ദേശം.
തൊഴില്‍ വകുപ്പു മന്ത്രി ബിന്ദു കൃഷ്ണയ്ക്കു മൂന്നു മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല. അണ്ടര്‍ സെക്രട്ടറിയായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി വേണമെന്നാണു ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംഎല്‍എയും മന്ത്രിയുമായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നയാളാണു ശരത് ചന്ദ്രന്‍.
സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ പണം ആവശ്യപ്പെട്ട് കര്‍ഷക ദിനത്തില്‍ പാലക്കാട്ടെ നെല്‍കര്‍ഷകര്‍ സപ്ലൈകോ ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലയില്‍ പതിനാലായിരത്തോളം കര്‍ഷകര്‍ക്കാണ് പണം ലഭിക്കാനുള്ളത്. ഓണത്തിന് മുമ്പ് പണം വിതരണം ചെയ്യുമെന്നാണ് കൃഷി മന്ത്രി ഉറപ്പു നല്‍കിയത്. ആറുമാസം മുമ്പാണു സര്‍ക്കാരിനു കര്‍ഷകര്‍ നെല്ലു നല്‍കിയത്. ഒരാഴ്ചക്കുള്ളില്‍ പണം കൊടുക്കുമെന്ന് സപ്ലൈകോ എംഡി ഉറപ്പു നല്‍കിയശേഷമാണു സമരം അവസാനിപ്പിച്ചത്.
അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതരായ 14 കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഓണത്തിനു മുമ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക നല്‍കാന്‍ ധാരണയായി. നഷ്ടപരിഹാര പാക്കേജില്‍നിന്ന് പുറത്തായതിനാല്‍ ഒരുമാസത്തോളമായി ദുരന്തബാധിതര്‍ സമരത്തിലായിരുന്നു.
കുട്ടിക്കര്‍ഷകന്‍ ആലപ്പുഴ അരീപ്പറമ്പ് സ്വദേശി ആദിത്യന് വീടു നിര്‍മിച്ചു നല്‍കുമെന്ന് കൃഷി മന്ത്രി ടി. സിദ്ധിഖ്. ആറാം ക്ലാസുകാരന്‍ ആദിത്യന്റെ കൃഷി മികവിനെകുറിച്ചും ഒറ്റമുറി ഷെഡിലെ ജീവിതത്തെക്കുറിച്ചും അറിഞ്ഞാണ് ഇടപെടല്‍. എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കാര്‍ഷിക ദിനാഘോഷ ചടങ്ങിലാണ് അവാര്‍ഡ് ദാനവും, വീട് പ്രഖ്യാപനവും നടത്തിയത്.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം 10 കിലോഗ്രാം കഞ്ചാവുമായി ഒരു ഇതര സംസ്ഥാനക്കാരന്‍ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റു ചെയ്തു. ഒഡീഷ സ്വദേശിയും കഞ്ചാവ് മൊത്തവില്‍പനക്കാരനുമായ സിദ്ധാന്ത് സാബര്‍ (28), പള്ളിക്കല്‍ ഉണ്യാല്‍ പറമ്പ് അമ്പാടംകുഴി സലീം (53), പള്ളിക്കല്‍ബസാര്‍ കരുവീട്ടില്‍ മുസ്തഫ (47) എന്നിവരാണ് പിടിയിലായത്.
മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. മിക്ക പ്രതികളെയും വെറുതെവിട്ട കല്‍പ്പറ്റ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കുക. അബ്ദുല്‍ സലാം വധശ്രമക്കേസിലെ അപ്പീല്‍ പരിഗണിക്കവേ സിബിഐ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. എം. ഗീതാനന്ദന്‍ ഉള്‍പ്പടെയുള്ളവരുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
ബോഡി ബില്‍ഡര്‍മാരായ ഷിനു ചൊവ്വ, ചിത്തരേഷ് നടേശന്‍ എന്നിവരെ ആംഡ് പൊലീസ് ഇന്‍പെക്ടര്‍മാരായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി അഴിമതി നിയമന നിരോധന പ്രകാരം നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ടെസ്റ്റ് നടത്തിയപ്പോള്‍ കുഴഞ്ഞുവീണത് കായിക ക്ഷമതയില്ലാത്തതുകൊണ്ടല്ലേയെന്ന് കോടതി ചോദിച്ചു.
ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്തിനെ തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ് 14 ന് രാത്രി സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച ‘റീസര്‍ജ് – ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന പരിപാടിയെയും സ്ത്രീകളെയും അധിക്ഷേപിച്ചതിനാണ് നടപടി.
ചാലക്കുടി വാല്‍പ്പാറയില്‍ നിയന്ത്രണം വിട്ട മിനി ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്. രാമേശ്വരത്തുനിന്നു വന്ന 23 അംഗ സംഘം വാല്‍പ്പാറ സന്ദര്‍ശിച്ച് തിരികെ പോകവേയാണ് അപകടമുണ്ടായത്.
തമിഴ്നാട്ടില്‍ 6,220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇതനുസരിച്ച്, സഹകരണ ബാങ്കുകളില്‍നിന്ന് 75,000 രൂപ വരെ വായ്പയെടുത്തവരുടെ കടം പൂര്‍ണമായും എഴുതിത്തള്ളും.
യുജിസി നെറ്റ് പരീക്ഷ റദ്ദാക്കാന്‍ ഇടയാക്കിയ വീഴ്ചകള്‍ക്ക് ഉത്തരവാദികളായ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയിലെ അമ്പതിലേറെ ഉദ്യോഗസ്ഥരെ നീക്കി. കര്‍ശന നടപടിയുണ്ടാകുമെന്നും പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതുമാക്കുമെന്നും എന്‍ടിഎ അറിയിച്ചു. പരീക്ഷാ വീഴ്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എന്‍ടിഎ അധികൃതരുമായി യോഗം നടത്തിയിരുന്നു. പരീക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ജാര്‍ഖണ്ഡില്‍ റിക്രൂട്ട്മെന്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരേ സമരം ചെയ്ത വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അംഗീകരിച്ചു. ടിഡിപിഎല്‍ നടത്തിയ എല്ലാ പരീക്ഷകളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍, ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മിറ്റി – കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷകളും റദ്ദാക്കി. 2014 മുതലുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ നടന്ന ക്രമക്കേടുകളില്‍ അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.
ദേശീയപാതയോരത്തെ നിര്‍മാണങ്ങള്‍ക്ക് ദൂരപരിധി നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് നടപ്പാക്കിയോയെന്നു സുപ്രീം കോടതി സെപ്റ്റംബര്‍ ഒന്നിനു പരിശോധിക്കും. കോടതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഭൂവുടമകളുടെ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് സ്വദേശിനി ഫൗസിയ എടക്കാട് കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
അമിത വിമാന ടിക്കറ്റ് നിരക്കില്‍ വിമാനക്കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്പിക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. വിമാന നിരക്ക് നിയന്ത്രണത്തിനുള്ള മാര്‍ഗ രേഖകള്‍ തയാറാക്കിവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നീറ്റ് പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിനു നേരെ പോലീസ് എകെ 47 തോക്ക് പ്രയോഗിച്ചതിനു സുപ്രീം കോടതിയില്‍ വിശദീകരണവുമായി ബിഹാര്‍ സര്‍ക്കാര്‍. എകെ 47 ഉപയോഗിച്ച് ആകാശത്തേക്കാണു വെടിയുതിര്‍ത്തത്. വെടിവയ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വെടിവച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡു ചെയ്തെന്നും കോടതിയെ അറിയിച്ചു. അക്രമങ്ങളില്‍ 157 പോലീസുകാര്‍ക്കും 7 സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരിക്കേറ്റു. 69 കേസുകളുണ്ട്. അറസ്റ്റു ചെയ്ത 500 പേരില്‍ 222 വിദ്യാര്‍ഥികളെ ജാമ്യത്തില്‍ വിട്ടെന്നും ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
ചെന്നൈ – തിരുവനന്തപുരം വ്യാവസായിക ഇടനാഴി വേണമെന്ന് തമിഴ്നാട്. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ യോഗത്തിലാണ് തമിഴ്നാട് വ്യവസായമന്ത്രി കീര്‍ത്തന ഈ ആവശ്യം ഉന്നയിച്ചത്.
നടിയും മോഡലുമായ ട്വിഷ ശര്‍മയുടെ മരണത്തില്‍ ഭര്‍ത്താവിനും മുന്‍ ജഡ്ജിയായ ഭര്‍തൃമാതാവിനുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഗാര്‍ഹിക പീഡനം, മാനസിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് മുന്‍ ജഡ്ജി ഗിരിബാല സിങ്, ട്വിഷയുടെ ഭര്‍ത്താവ് സമര്‍ഥ് സിങ് എന്നിവര്‍ക്കെതിരെയാണു സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചത്.
ബിജെപിയുടെ സോഷ്യല്‍ മീഡിയ കണ്‍വീനറായി ദീപക് മസ്‌കെയെ നിയമിച്ചു. പാര്‍ട്ടിയുടെ ഐടി ഇന്‍ചാര്‍ജ് സ്ഥാനം വഹിച്ചിരുന്ന അമിത് മാളവ്യയെ നീക്കിയാണ് 58 കാരനായ മസ്‌കെയുടെ നിയമനം. പ്രീതി ഗാന്ധി, ശിവാനന്ദ് ദ്വിവേദി, അലോക് ഭട്ട്, അരുണ്‍ യാദവ് എന്നിവരെ സോഷ്യല്‍ മീഡിയ സഹ കണ്‍വീനര്‍മാരായും നിയമിച്ചു.
പുതുതായി പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത എല്ലാ ഭാരവാഹികളെയും അഭിനന്ദിക്കുന്നതായി മോദി എക്സില്‍ കുറിച്ചു. സംഘടനാ മികവും അനുഭവ പരിചയവും ഊര്‍ജ്ജസ്വലതയും ജനകീയ അടിത്തറയുമുള്ള മികച്ചൊരു നിരയാണ് പുതിയതായി നിലവില്‍ വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
ഇറാനുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദം യുദ്ധത്തോല്‍വിയില്‍നിന്നുള്ള മനോവിഭ്രാന്തിയാണെന്ന് ഇറാന്റെ സൈന്യമായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ്. ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് സൈനിക വക്താവ് ഹുസൈന്‍ മൊഹേബി പറഞ്ഞതായി ഇറാനിലെ തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഡ്യൂറന്‍ഡ് കപ്പിലെ ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജാംഷെഡ്പൂര്‍ എഫ്സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എട്ടിനെതിരേ ഒമ്പതു ഗോളുകള്‍ക്കു കീഴടക്കി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ് സെമിയിലെത്തി. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 സമനില പാലിച്ചതിനെത്തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലും ഒപ്പത്തിനൊപ്പം സമനില പാലിച്ചതിനെതുടര്‍ന്ന് സഡന്‍ ഡെത്തിലായിരുന്നു ബഗാന്റെ ജയം.
ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മൂന്നാം ദിനത്തില്‍ 178 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 462 റണ്‍സിന് മറുപടിയായി ശ്രീലങ്ക 284 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. തുടക്കത്തിലെ കൂട്ടത്തകര്‍ച്ചക്കുശേഷം സെഞ്ചുറിയുമായി പൊരുതിയ സൊനാല്‍ ദിനുഷയുടെയും(100), അര്‍ധസെഞ്ചുറി നേടിയ നിരോഷന്‍ ഡിക്വെല്ലയുടെയും ബാറ്റിംഗ് മികവിലാണ് ശ്രീലങ്ക ഫോളോ ഓണ്‍ ഒഴിവാക്കിയത്. മൂന്നാം ദിനം ശ്രീലങ്കന്‍ ഇന്നിംഗ്സ് അവസാനിച്ച ഉടന്‍ മഴയും വെളിച്ചക്കുറവും മൂലം കളി നിര്‍ത്തിവച്ചു.
ലോക ബാഡ്മിന്റണില്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ലോക ചാമ്പ്യന്‍ ചൈനയുടെ ഷി യുക്കിയെ അട്ടിമറിച്ച് ഇന്ത്യയുടെ 21-കാരന്‍ ആയുഷ് ഷെട്ടി. ലോക റാങ്കിങ്ങില്‍ 22ാം സ്ഥാനത്തുള്ള ആയുഷ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒന്നാം റാങ്കുകാരനായ ഷി യുക്കിയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-14, 13-21, 21-19.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ട് അനായാസം കടന്ന് ഇന്ത്യയുടെ പി.വി സിന്ധു. വനിതാ സിംഗിള്‍സില്‍ അയര്‍ലന്‍ഡിന്റെ സോഫിയ നോബ്‌ളിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഇന്ത്യന്‍ താരം കീഴടക്കി. സ്‌കോര്‍: 21-7, 21-11.
പുരുഷ ഹോക്കി ലോകകപ്പില്‍ ശക്തരായ ഇംഗ്ലണ്ടിനോട് ഇന്ത്യ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു പരാജയപ്പെട്ടു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യ 2-1 എന്ന നിലയില്‍ മുന്നിട്ടുനിന്നതായിരുന്നു. രണ്ടാം പകുതിയിലെ പ്രതിരോധത്തിലെ പിഴവുകള്‍ മൂലമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.
പൊതുമേഖലാ ടെലികോം കമ്പനിയായ ബി. എസ്.എന്‍.എല്‍. നെറ്റ്വര്‍ക്ക് ശേഷി വിപുലമാക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 77,000 കോടി രൂപയുടെ നിക്ഷേപത്തിനു പദ്ധതിയിടുന്നു. ഈ നിക്ഷേപം വഴി ബി.എസ്.എന്‍.എലിന് രാജ്യത്തെ 98 ശതമാനം പ്രദേശങ്ങളിലും കവറേജ് ലഭ്യമാക്കാനാകും. രണ്ടുലക്ഷം പുതിയ 4ജി സൈറ്റുകളൊരുക്കാനും തന്ത്രപ്രധാന മേഖലകളില്‍ 5ജി സേവനം തുടങ്ങാനുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. 2028-29 സാമ്പത്തിക വര്‍ഷത്തോടെ നഷ്ടമില്ലാതെ പ്രവര്‍ത്തിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. 2019-നുശേഷം ബി.എസ്.എന്‍.എലിന്റെ നവീകരണത്തിനും പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കുമായി 3.2 ലക്ഷം കോടി രൂപയ്ക്കടുത്ത് വിവിധ രൂപത്തിലായി സര്‍ക്കാര്‍ ചെലവിട്ടിട്ടുണ്ടെന്നാണ് കണക്ക്. ബി.എസ്.എന്‍.എലിന് 2026 ജൂണിലെ കണക്കനുസരിച്ച് 2.29 കോടി വയര്‍ലെസ് ഉപഭോക്താക്കളാണുള്ളത്. 7.3 ശതമാനം മാത്രമാണ് വിപണി വിഹിതം.
ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ നിന്ന് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുപിഐ വഴി അതിവേഗം പണമയക്കാനുള്ള പുതിയ സംവിധാനം നിലവില്‍ വന്നു. ഇന്ത്യ പോസ്റ്റ്, ഖത്തര്‍ പോസ്റ്റ്, യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍, എന്‍.പി.സി.ഐ, ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്സ് ലിമിറ്റഡ് എന്നിവ സംയുക്തമായാണ് ഈ സേവനം ആരംഭിച്ചത്. ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് ചെറുകിട വരുമാനക്കാര്‍ക്കും തൊഴിലാളികള്‍ക്കും, നാട്ടിലേക്ക് ഏറ്റവും ലളിതമായും കുറഞ്ഞ നിരക്കിലും പണമയക്കാന്‍ ഇത് സഹായകമാവും. നാട്ടില്‍ പണം സ്വീകരിക്കാന്‍ ബാങ്ക് അക്കൗണ്ട് നമ്പറോ ഐ.എഫ്.എസ്.സി കോഡോ ആവശ്യമില്ല; യുപിഐ ഐഡി മാത്രം മതിയാകും. ഒരു ഇടപാടിന് ഫ്ലാറ്റ് നിരക്കായി 15 ഖത്തര്‍ റിയാല്‍ മാത്രമാണ് സര്‍വീസ് ചാര്‍ജ്. അയക്കാന്‍ സാധിക്കുന്ന കുറഞ്ഞ തുക 10 റിയാല്‍, കൂടിയ തുക 4,000 റിയാല്‍.
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ഐ ആം ഗെയി’മിലെ ആദ്യ ഗാനത്തിന് യൂട്യൂബില്‍ 10 മില്യണിലധികം കാഴ്ചക്കാര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്ന ‘മഴവില്ലായേ’ എന്ന പ്രണയ ഗാനമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുന്നത്. ചിത്രം 2026 സെപ്റ്റംബര്‍ 3 ന് ആഗോള തലത്തില്‍ വമ്പന്‍ റിലീസായി എത്തും. അര്‍മാന്‍ മാലിക് ആലപിച്ച ഈ ഗാനത്തിന് വരികള്‍ രചിച്ചത് ഷര്‍ഫു ആണ്. ദുല്‍ഖര്‍ സല്‍മാന്‍, കയദു ലോഹര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് ഈ ഗാനത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറില്‍, ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പ്രേമലു’വിന്റെ ഹിന്ദി റീമേക്ക് ടീസര്‍ എത്തി. ‘പ്രേം കീടാണു’ എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ വീര്‍ പഹാരിയ, ആഫിയ സയിദ്, അപര്‍ശക്തി ഖുറാന എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ‘പ്രേമലു’വിന്റെ അതേ കഥയല്ല ഹിന്ദിയില്‍ എത്തുമ്പോള്‍ ഒരുക്കിയിരിക്കുന്നത്. കഥയില്‍നിന്നുള്ള പ്രധാന ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ഒരുക്കിയ റീമേക്ക് ആണിത്. ഭാവന സ്റ്റുഡിയോസ് നിര്‍മാണ പങ്കാളികളാണ്. ‘പ്രേമലു’വില്‍ ഐടി കമ്പനിയിലെ സുഹൃദ്ബന്ധം ഹിന്ദിയിലെത്തുമ്പോള്‍ കോളജ് സൗഹൃദമാകുന്നു. കോളജ് പശ്ചാത്തലമാക്കിയുള്ള റൊമാന്റിക് കോമഡി എന്റര്‍ടെയ്നര്‍ ആകും ‘പ്രേം കീടാണു’. ചിത്രം ഒക്ടോബര്‍ രണ്ടിനു തിയറ്ററുകളിലെത്തും. ഈ സിനിമ റിലീസ് ചെയ്യുന്ന സമയം വരെ ഹോട്ട്സ്റ്റാറില്‍ നിന്നും ‘പ്രേമലു’ സിനിമ നീക്കം ചെയ്തു വച്ചിരിക്കുന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
വിയറ്റ്‌നാമീസ് കാര്‍ നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് പുതിയ കോംപാക്ട് ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിഎഫ് 5 എന്ന പേരില്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്ന പുതിയ ഇവിയുടെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിഎഫ് 6, വിഎഫ് 7 എന്നി മോഡലുകള്‍ക്ക് താഴെയായിരിക്കും വിഎഫ് 5 ഇടംപിടിക്കുക. വിഎഫ് 5ല്‍ ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ ആണ് ഉള്ളത്. ഇതിന് പുറമേ ഫ്രീസ്റ്റാന്‍ഡിങ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 2 സ്‌പോക്ക് സ്റ്റിയറിങ് വീല്‍ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ഇത് ലഭ്യമാക്കിയത്. ഇതില്‍ 269 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നതാണ് 29.6 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക്. പരമാവധി 326 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 37.23 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കാണ് മറ്റൊന്ന്.
ഓര്‍മ്മയുടെയും മറവിയുടെയും നടുവിലെ നൂല്‍പ്പാലത്തിലൂടെ പതറി നീങ്ങുന്ന മനുഷ്യപാദങ്ങള്‍. കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുന്ന, ദാഹജലം പോലെ നഷ്ട്ടപ്പെടുന്ന മോഹങ്ങള്‍. പകവീട്ടലിന്റെ ചിന്നംവിളിയായി മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്കുള്ള പരകായപ്രവേശങ്ങള്‍. എന്നോ എഴുതപ്പെട്ട പ്രാചീന മൂല്യങ്ങളുടെ അടിക്കല്ലുകള്‍ ഇളകുന്നു. തിന്മയും നന്മയും പാപവും പുണ്യവും പുതിയ നിര്‍വചനങ്ങളുടെ ശാഖികളില്‍ ചേക്കേറുന്നു. പുതിയ കാലത്തിന്റെ കഥകള്‍ക്ക് സഞ്ചരിക്കാന്‍ പുതിയ വഴികള്‍ അനിവാര്യമാണെന്നു തെളിയിക്കുന്ന സൃഷ്ടികള്‍. ‘എന്റെ ഭാര്യയുടെ ഭര്‍ത്താവിന്റെ ഭാര്യ’. അജയഘോഷ്. ഗ്രീന്‍ ബുക്സ്. വില 228 രൂപ.
സ്തനാര്‍ബുദം മൂലമുള്ള മരണത്തെ പ്രതിരോധിക്കുന്നതില്‍ കാപ്പിയുടെ പങ്ക് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ന്യൂട്രീഷനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാപ്പിയിടെ പോളിഫിനോള്‍ എന്ന ഘടകം സ്തനാര്‍ബുദമരണങ്ങള്‍ക്കുള്ള സാധ്യതയും വീണ്ടും സ്തനാര്‍ബുദം വരാനുള്ള സാധ്യതയും കുറയ്ക്കുമെന്ന് ഗവേഷകര്‍ പറയുന്നു. സ്തനാര്‍ബുദം സ്ഥിരീകരിച്ച 95 സ്ത്രീകളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. പതിനഞ്ചുവര്‍ഷത്തോളം നീണ്ട പഠനകാലയളവില്‍ കാപ്പി കുടിക്കുന്നതിലൂടെ പോളിഫിനോള്‍ ശരീരത്തിലെത്തുന്നതും വിലയിരുത്തി. തുടര്‍ന്നാണ് പോളിഫിനോള്‍ സ്തനാര്‍ബുദമരണ സാധ്യതയും വീണ്ടും രോഗംവരാനുള്ള സാധ്യതയും കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ഓക്സിഡേറ്റീവ് സ്ട്രെസ്, വിട്ടുമാറാത്ത വീക്കം , ഇന്‍സുലിന്‍ സംവേദനക്ഷമത, പ്രതിരോധ സംവിധാനത്തിലെ സിഗ്നലിങ്, കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവയുള്‍പ്പെടെ കാന്‍സര്‍ അതിജീവനവുമായി ബന്ധപ്പെട്ട നിരവധി പ്രക്രിയകളെ പോളിഫിനോളുകള്‍ സ്വാധീനിക്കുന്നുണ്ടെന്നും ഇതുവഴി സ്തനാര്‍ബുദമരണസാധ്യത കുറയ്ക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. മിതമായ അളവില്‍ കാപ്പി കുടിക്കുന്ന, ആരോഗ്യമുള്ള മുതിര്‍ന്നവരില്‍ കൊറോണറി ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസ്തംഭനം, ഏട്രിയല്‍ ഫൈബ്രിലേഷന്‍, രക്താതിസമ്മര്‍ദം, ടൈപ്പ്-2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറഞ്ഞിരുന്നു.
ശുഭദിനം
കവിത കണ്ണന്‍
കാട്ടിലെ ആ ആനയ്ക്ക് വലിയ ധാര്‍ഷ്ട്യമായിരുന്നു. ശക്തിയുടെ അഹങ്കാരത്തില്‍ അത് കാട്ടിലെ മറ്റു ജീവികളെയെല്ലാം ഉപദ്രവിക്കുമായിരുന്നു. ആനയെ പേടിച്ചിരുന്നതിനാല്‍ ആരും അതിനെതിരെ പ്രതികരിച്ചിരുന്നില്ല. ഒരു ദിവസം വെള്ളം കുടിക്കുന്നതിനിടെ ആന ഒരു ഉറുമ്പിന്‍കൂട് കണ്ടു. യാതൊരു കാരണവുമില്ലാതെ തുമ്പിക്കൈയില്‍ വെള്ളമെടുത്ത് ഒഴിച്ച് ആ കൂട് മുഴുവന്‍ നശിപ്പിച്ചു. ഇതുകണ്ട് ഒരു ഉറുമ്പ് പ്രതിഷേധിച്ചപ്പോള്‍ ആന അതിനെയും ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടു. അന്ന് രാത്രി ആന ഉറങ്ങാന്‍ കിടന്നപ്പോള്‍, ആ ഉറുമ്പ് ആനയുടെ തുമ്പിക്കൈയ്ക്കുള്ളില്‍ കയറി കടിക്കാന്‍ തുടങ്ങി. വേദനകൊണ്ട് ആന നിലവിളിച്ചു. സഹായത്തിനായി പലരെയും വിളിച്ചെങ്കിലും, ആന ഇതുവരെ ഉപദ്രവിച്ചിരുന്ന ജീവികളാരും അതിനെ സഹായിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ ഉറുമ്പ് പറഞ്ഞു: ”നീ പേടിപ്പിച്ച് ഓടിച്ച അതേ ഉറുമ്പാണ് ഞാന്‍. മറ്റുള്ളവരെ വേദനിപ്പിക്കുമ്പോള്‍, അവര്‍ അനുഭവിക്കുന്ന വേദന എന്താണെന്ന് നീ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഇന്ന് ആ വേദന നിനക്കും മനസ്സിലായിക്കാണും.” നിവൃത്തിയില്ലാതെ ആന തന്റെ തെറ്റ് സമ്മതിച്ച് ഉറുമ്പിനോട് ക്ഷമ ചോദിച്ചു. ആ ദിവസത്തോടെ ആനയും തന്റെ ഉപദ്രവിക്കുന്ന സ്വഭാവം ഉപേക്ഷിച്ചു. അഹംബോധം ഒരിക്കലും അഹങ്കാരമായി മാറരുത്. ഓരോരുത്തരിലും മറ്റാര്‍ക്കും ഇല്ലാത്ത കഴിവുകള്‍ ഉണ്ടാകും. മറ്റുള്ളവരെ കീഴടക്കിയാണ് സ്വന്തം കരുത്ത് തെളിയിക്കേണ്ടത് എന്ന ചിന്തയാണ് പലപ്പോഴും അധികാരത്തെയും ശക്തിയെയും വികൃതമാക്കുന്നത്. കായികശക്തിക്ക് ഒരു കാലാവധിയുണ്ട്. അധികാരത്തിനും ഒരു അതിരുണ്ട്. സ്വന്തം ശക്തിയുടെ പേരില്‍ മറ്റുള്ളവരെ ചെറുതാക്കുന്നവര്‍ ഒരിക്കല്‍ ആ ശക്തിയുടെ പരിമിതികള്‍ തിരിച്ചറിയേണ്ടി വരും. ഈ ലോകത്ത് ഒറ്റയ്ക്ക് ജീവിക്കുക അസാധ്യമാണ്. നമുക്ക് ചുറ്റുമുള്ള ഓരോ മനുഷ്യനും ഓരോ ജീവനും ഈ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ട്, മറ്റുള്ളവരെ തോല്‍പ്പിക്കുന്നതിലല്ല യഥാര്‍ത്ഥ കരുത്ത്… മറ്റുള്ളവരെ ബഹുമാനിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതിലാണ്.- ശുഭദിനം
