2026 സെപ്റ്റംബറില്‍ അരങ്ങേറുന്ന നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ അടിസ്ഥാന ഓഹരി സൂചികയുടെ അര്‍ധവാര്‍ഷിക പുനഃസംഘടനയില്‍ രാജ്യത്തെ മുന്‍നിര ഐ.ടി കമ്പനിയായ വിപ്രോ ലിമിറ്റഡ് നിഫ്റ്റി 50 ല്‍ നിന്ന് പുറത്തായേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ ചരിത്രത്തിനിടെ ഇതാദ്യമായാണ് വിപ്രോ ഓഹരികള്‍, എന്‍.എസ്.ഇയുടെ ബെഞ്ച്മാര്‍ക്ക് സൂചികയില്‍ നിന്ന് പുറത്താകുന്നത്. നിഫ്റ്റി സൂചികയില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ വിദേശ പാസീവ് ഫണ്ടുകളില്‍ നിന്നും ഏകദേശം 24.6 കോടി ഡോളര്‍ (ഏകദേശം 2,300 കോടി രൂപ) മൂല്യം വരുന്ന നിക്ഷേപം പിന്‍വലിക്കുന്നതിന് വിപ്രോ ഓഹരി സാക്ഷ്യം വഹിക്കേണ്ടി വരും. വിപ്രോയ്ക്ക് പകരം നിഫ്റ്റി-50 സൂചികയിലേക്ക് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി തിരഞ്ഞെടുക്കപ്പെട്ടേക്കാം. എന്നാല്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയാല്‍ ടി.വി.എസ് മോട്ടോര്‍ ഓഹരി പകരമായി വരാനും സാധ്യതയുണ്ട്. നിഫ്റ്റി-50 സൂചികയില്‍ നിന്ന് പുറത്തായാല്‍ വിപ്രോ ഓഹരികള്‍ നിഫ്റ്റി നെക്സ്റ്റ്-50 എന്ന സൂചികയുടെ ഭാഗമാകും.
നിഫ്റ്റി 50 ല്‍ നിന്ന് വിപ്രോ ലിമിറ്റഡ് പുറത്തായേക്കും
