സംസ്ഥാനത്ത് ഷിഗല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു. മലപ്പുറത്ത് കടുത്ത വയറിളക്കത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ട കീഴാറ്റൂർ സ്വദേശി സരോജിനി (59) ക്കാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു ഇവരുടെ മരണം.
തലസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് ഒരാൾക്ക് ഷിഗല്ല സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ അടിയന്തര പരിശോധനയിൽ പ്രദേശത്തെ ഒരു ബേക്കറിയിൽ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും കട താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു.പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ആരോഗ്യ-ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ കർശന നടപടികളിലേക്ക് കടന്നു.
സംസ്ഥാനത്ത് നിലവിൽ പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്. പ്രതിരോധ നടപടികളുടെ ഭാഗമായി സമ്പർക്കപ്പട്ടികയിൽ ക്വാറന്റൈനിലുണ്ടായിരുന്ന മൂന്ന് പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള രോഗിക്ക് മോണോക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിന് പൂർണ പിന്തുണയെന്ന് പി.എ. മുഹമ്മദ് റിയാസ് എം എൽ എ . ആത്മവിശ്വാസത്തോടെയും ഏകോപനത്തോടെയും സർക്കാർ നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോവണമെന്നും പ്രതിരോധപ്രവർത്തനത്തിന് എംഎൽഎ എന്ന നിലയിൽ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഫലം ജൂൺ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 10 മണിമുതൽ പ്രവേശനം സാധ്യമാകും വിധമായിരിക്കും ഫലം പ്രസിദ്ധികരിക്കുക. ആദ്യ അലോട്ട്മെന്റ് പട്ടിക പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17ന് വൈകിട്ട് അഞ്ചുമണി വരെ നടക്കും.
തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസുകാരൻ കൊല്ലപ്പെടുന്നതിന് 26 ദിവസം മുൻപ് കുട്ടിയുടെ അമ്മൂമ്മ പീഡനവിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ അറിയിച്ചിരുന്നു. കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞതിനെ തുടർന്ന് ഹെൽപ്പ്ലൈനിൽ വിളിച്ചെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്ന് പുറത്തുവന്ന ഫോൺ സംഭാഷണം വ്യക്തമാക്കുന്നു.
പസഫിക് സമുദ്രത്തിൽ എൽനിനോ സാഹചര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും അതേസമയം ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) സാധാരണ നിലയിൽ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ദേവസ്വം പ്ലീഡർ നിയമനത്തിൽ നടന്നത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയെന്ന് മുൻ മന്ത്രി വിഎൻ വാസവൻ. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ വിശദീകരണം നൽകാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപിന്റെ നിയമനമെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു
ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകനെ സർക്കാർ അഭിഭാഷകനാക്കിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് മുൻ മന്ത്രി പി രാജീവ്. കേസിലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു സർക്കാരും ധൈര്യപ്പെടാത്ത കാര്യമാണിതെന്നും നടപടിയിൽ നിഗൂഢതയുണ്ടെന്നും പി രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്കായി ഡോക്ടർമാരെ വിട്ടുനൽകില്ലെന്ന് ആരോഗ്യവകുപ്പ്. സ്വന്തം നിലയിൽ ഡോക്ടർമാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡിന് കത്ത് നൽകി. സേവനത്തിനെത്തുന്ന ഡോക്ടർമാർക്ക് ശബരിമലയിൽ മതിയായ താമസ, ഭക്ഷണ സൗകര്യം ഒരുക്കാറില്ലെന്ന് ആരോഗ്യവകുപ്പ് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഹോട്ടലുകളില് പൊറോട്ടയ്ക്കൊപ്പം ഗ്രേവി സൗജന്യമായി നല്കണോ എന്ന കാര്യത്തില് കൊച്ചി സ്വദേശിയായ അഭിഭാഷകന് സംസ്ഥാന ഉപഭോക്തൃ കമ്മീഷന് പരാതി നല്കി . ഗ്രേവി സൗജന്യമായി നല്കേണ്ടതില്ലെന്ന ജില്ലാ ഉപഭോക്തൃ കമ്മീഷന് ഉത്തരവിനെതിരെ അഡ്വ. ഷിബു വയലകത്ത് സംസ്ഥാന ഉപഭോക്തൃ കമ്മീഷന് നല്കിയ അപ്പീലിലാണ് വിശദമായ തെളിവെടുപ്പിന് കമ്മീഷന് നിര്ദേശം നല്കിയിരിക്കുന്നത്.ഹോട്ടലുകളെ ആശ്രയിക്കുന്ന താഴ്ന്ന വരുമാനക്കാര്ക്കു വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് ഷിബു പറയുന്നു.
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്കായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ‘ആശ്വാസ് 2026’ ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി എം ലിജു. യു.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പദ്ധതി ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെയാണ് നടപ്പിലാക്കുന്നത്.
ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കളായ എ ഡി തോമസ് എംഎൽഎയും അജയ് ജുവൽ കുര്യാക്കോസും അറിയിച്ചു.
കുട്ടികളുടെ ദുരൂഹ മരണക്കേസുകളുടെ അന്വേഷണം സിബിഐക്ക്. കൊല്ലങ്കോട് പൊലീസ് എടുത്ത 12 കാരിയുടെ ദുരൂഹ മരണം ഹൈക്കോടതി സിബിഐക്ക് വിട്ടു. കുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം നടത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തത ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതി കേസ് സിബിഐക്ക് വിട്ടത്.
പിഎം ശ്രീ പദ്ധതിക്ക് കേന്ദ്ര ഫണ്ട് വാങ്ങിയിരുന്നു എന്ന യുഡിഎഫ് സർക്കാരിന്റെ വാദം തെറ്റെന്ന് വ്യക്തമാക്കി കേന്ദ്ര രേഖകൾ. പിഎംശ്രീ ഒപ്പിട്ടതിന് പിന്നാലെ കേന്ദ്രസർക്കാർ നൽകിയ 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പറയുന്നു. പിഎം ശ്രീയിൽ സ്കൂളുകളുടെ പട്ടിക കേരളം നൽകിയാലേ ഫണ്ട് അനുവദിക്കാനാവൂവെന്നും വിദ്യാഭ്യാസ മന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു.
ബെംഗളൂരുവിൽ ആറുവയസ്സുകാരിയായ പെൺകുട്ടിയുടെ കൊലപാതകത്തിൽ കുട്ടിയുടെ അമ്മ പ്രിയങ്കയും കാമുകൻ മോഹൻ എം ജിയ്ക്കുമെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് . ആറുവയസുകാരിയായ വെണ്ണില മാർച്ച് മാസം 24നാണ് മരിച്ചത്.കാമുകനെയും കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഒമാൻ തീരത്ത് യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഭവത്തെപ്പറ്റി കോംപ്രമൈസ്ഡ് പ്രധാനമന്ത്രി ഒരു വാക്കുപോലും പ്രതികരിച്ചില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ലന്നും നാവികരെ കൊലപ്പെടുത്തിയവരെ എതിർക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യമോ ശക്തിയോ ഇല്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ബംഗാളിലെ സർക്കാർ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നാലായിരത്തോളം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ കത്തിനശിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറി മറയ്ക്കാനാണ് ഇതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുമ്പോൾ, സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി തിരിച്ചടിച്ചു
നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷക്ക് കേന്ദ്രസേന വിന്യസിക്കാൻ തീരുമാനം. പരീക്ഷ കേന്ദ്രങ്ങളിലേക്ക് ചോദ്യപ്പേപ്പർ എത്തിക്കുന്നതിന് സിആർപിഎഫ്, സിഐഎസ്എഫ് സുരക്ഷ ഒരുക്കും. 551 പരീക്ഷ നഗരങ്ങളിൽ നിന്ന് പരീക്ഷ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പർ എത്തിക്കുന്നതിനാണ് കേന്ദ്ര സേനയെ വിന്യസിക്കുന്നത്.
ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. നിലവിലെ കേന്ദ്ര സർക്കാർ അധികകാലം നിലനിൽക്കില്ല. കേരളത്തിലെ രാഷ്ട്രീയ പോരാട്ടം കാരണം പിണറായി വിജയനെ ആലിംഗനം ചെയ്യാൻ കഴിയില്ലെന്നും രാഹുൽ തുറന്നുപറഞ്ഞു. രാജ്യത്ത് ഇലക്ഷൻ പൂർണ്ണമായും അട്ടിമറിക്കപ്പെടുന്നുണ്ടെന്നും അതിൽ ആർക്കും സംശയം വേണ്ടെന്നും രാഹുൽ പറഞ്ഞു.
മുംബൈയിൽ 11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി പിടിയിലായി. 28കാരിയായ ഹർഷ സണ്ണി ആണ് അറസ്റ്റിലായത്. തായ്ലൻഡിലെ ബാങ്കോക്കിൽനിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിച്ചേർന്നതിനിടെ ആണ് അറസ്റ്റ്.
നീറ്റ് യുജി പുനഃപരീക്ഷയിൽ പുതിയ മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ഈ വർഷം മുതൽ 195 മിനിട്ടാണ് പരീക്ഷാ സമയം. അതോടൊപ്പം റഫ് പേപ്പറുകളുടെ എണ്ണം 4 ആക്കി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ വരെ ചോദ്യപേപ്പർ ബുക്ക്ലെറ്റിൽ റഫ് വർക്കിനായി നൽകിയിരുന്ന പേജുകളുടെ എണ്ണം രണ്ട് എണ്ണമായിരുന്നു. ഈ മാറ്റങ്ങളോടെയാണ് ജൂൺ 21ന് പുനപരീക്ഷ നടപ്പാക്കുക.
പുതിയ ഐആർസിടിസി (IRCTC) വെബ്സൈറ്റ് ജൂലൈ 15-നകം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുമായി നടത്തിയ ആശയവിനിമയത്തിനിടെയാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെ എസ് ആർ ടി സി ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് അധികൃതർ ഔദ്യോഗികമായി പുറത്തിറക്കി. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ് ലിമിറ്റഡ് സ്റ്റോപ്പ്, ഗ്രാമവണ്ടി എന്നിവയാണ് സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യമുള്ള ഏഴ് ബസ് വിഭാഗങ്ങൾ.
മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാകില്ലെന്നും തെരഞ്ഞെടുപ്പ് ഹർജിയായി ഹൈക്കോടതിയെ സമീപിക്കാനും നിർദേശിച്ചു.
ഇന്തോനേഷ്യയിൽ സർക്കാർ നയങ്ങൾക്കെതിരെ വിദ്യാർത്ഥികളുടെ രോഷം. പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ പാഴ്ചെലവുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. രാജ്യത്ത് ഇന്ധനവില വർധിച്ചതിനെതിരെയും രോഷം ഉയർന്നു.
അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ചകൾക്കായുള്ള നയതന്ത്ര ധാരണകളുടെ അടിസ്ഥാനത്തിലുള്ള പതിനാലിന പട്ടിക ഇറാൻ മാധ്യമമായ മെഹർ ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള കടുത്ത സൈനിക – സാമ്പത്തിക തർക്കങ്ങൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദ്ദേശങ്ങൾ.
വളർത്തുനായകളെ പരിശീലിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു. മൂന്ന് വർഷത്തോളമായി കോമയിൽ ആയിരുന്ന തായ്ലാൻഡ് രാജകുമാരി അന്തരിച്ചു. 47 വയസായിരുന്നു. തായ് രാജവംശത്തിലെ ഏറ്റവും പ്രഗത്ഭയും കഴിവുതെളിയിച്ചതുമായ ഒരു വ്യക്തിത്വമായിരുന്ന ബജ്രകിതിയാഭയാണ് അന്തരിച്ചത് .
യുകെയിൽ 18 വയസ്സുള്ള പെൺകുട്ടിയെ പാർക്കിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ പാകിസ്ഥാൻ സ്വദേശിക്ക് 10 വർഷം കഠിന തടവ് ശിക്ഷ. 28 കാരനായ ഷെറാസ് മാലിക്കിനാണ് ബിർമിംഗ്ഹാം ക്രൗൺ കോടതി 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.
