കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാൻഡിൽ ധാരണ. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മത്സരത്തിൽ നിന്ന് പിൻവാങ്ങാൻ തയ്യാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും.
കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ കെസി വേണുഗോപാൽ മുന്നിൽ. ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല.
കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയില്ല. എംഎൽഎമാരുടെ സംഖ്യയെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് ഇതുവരെയും എഐസിസി പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രചാരണം മാത്രമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചു .
നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് UDF – ബിജെപി ഡീൽ നടന്നെന്ന ഗണേഷ് കുമാറിൻ്റെ ആരോപണം തള്ളി ജ്യോതികുമാർ ചാമക്കാല . തോറ്റതോടെ ഗണേഷ് കുമാറിൻ്റെ സമനില തെറ്റിയെന്ന് അദ്ദേഹം പരിഹസിച്ചു. 10 വർഷം കൊണ്ട് 8% വോട്ടിൻ്റെ കുറവാണ് എൽഡിഎഫിന് ഉണ്ടായത് 18000 വോട്ടിൻ്റെ വർധന യുഡിഎഫിന് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
വാടാനപ്പള്ളിയിൽ കെസി വേണുഗോപാലിന് അനുകൂലമായി ഫ്ലക്സ് വെച്ച് സിസിടിവിയിൽ കുടുങ്ങിയ സിപിഎം നേതാവ് മുഹമ്മദ് അരവശേരി പുതിയ വിശദീകരണവുമായി രംഗത്തെത്തി. കെസിയോടുള്ള ഇഷ്ടം കൊണ്ട് വെച്ചതെന്നായിരുന്നു പറഞ്ഞത്. തൊട്ടടുത്ത കടയിലെ സിസിടിവി കേടായിക്കിടക്കുകയാണെന്ന് കരുതിയാണ് ഫ്ളക്സ് വെയ്ക്കാൻ മുതിർന്നതെന്നായിരുന്നു നേരത്തെ മുഹമ്മദ് വാട്സ്ആപ്പ് ഗ്രൂപ്പിൽ വിശദീകരിച്ചത്.
കെസി വേണുഗോപാൽ അനുകൂല ഫ്ലക്സ് വെച്ച സിപിഎം നേതാവ് മുഹമ്മദിനെ തള്ളി സിപിഎം. ഇത് തെറ്റായ നടപടിയാണെന്നും അംഗീകരിക്കില്ലെന്നും സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുൽ ഖാദർ പറഞ്ഞു. പാർട്ടി നയത്തിന് വിരുദ്ധമാണ്. സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. നാട്ടിക ഏരിയാ കമ്മിറ്റിയോട് തുടർ നടപടി എടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും കെവി അബ്ദുൽ ഖാദർ പറഞ്ഞു.
മുഖ്യമന്ത്രി തർക്കത്തിൽ ഇനി കേരളത്തിൽ ഫ്ലക്സും പരസ്യ പ്രതിഷേധവും പാടില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളി കൊല്ലത്ത് വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് ബോർഡ് വെച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് സൂചന. ആരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല. ‘
കെപിസിസി അധ്യക്ഷസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ മല്ലികാർജുൻ ഖാർഗെയുമായി ഡൽഹിയിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാവായ തനിക്ക് അധ്യക്ഷസ്ഥാനത്തിന് അർഹതയുണ്ടെന്നും എന്നാൽ പലതവണ മാറ്റിനിർത്തപ്പെട്ടതായും കൊടിക്കുന്നിൽ സുരേഷ് ഖാർഗെയെ അറിയിച്ചു. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്നും അർഹമായ പദവി നൽകണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
വാർഷിക വരുമാനം പത്തു ലക്ഷം രൂപയിൽ കൂടുതലുള്ളവരുടെ പാചകവാതക സബ്സിഡി ഉടൻ പിൻവലിച്ചേക്കും. പൊതുമേഖലാ എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച സന്ദേശമയച്ചുതുടങ്ങി. ആദായനികുതി വിവരങ്ങൾ പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വിമർശനവും ഇതിനകം ഉയർന്നിട്ടുണ്ട്.
ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് ബേപ്പൂരിൽനിന്ന് അതിവേഗ കപ്പൽ സർവീസ് തുടങ്ങുന്നു. മൺസൂൺ കഴിഞ്ഞ് ഓഗസ്റ്റ് 15-നുശേഷം സർവീസ് തുടങ്ങാനാണ് തീരുമാനം.
തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു. കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന്.പകരക്കാരനാകാൻ എം.വി. ഗോവിന്ദന് സാധിച്ചില്ലെന്ന് യോഗം വിലയിരുത്തി.
കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു.
സിപിഎമ്മിലും തലവേദനയായി ഫ്ലക്സ്. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ മണ്ഡലത്തിൽ ഫ്ലക്സ് ഉയർന്നു. ‘ഇവിടെ വ്യക്തികളല്ല വേണ്ടത്, പാർട്ടിയാണെന്നും, ‘പണാധിപത്യം തുലയട്ടേ’ എന്നുമാണ് ഫ്ലക്സിലെ വാചകങ്ങൾ. കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ശ്യാം മോഹന്റെ ചിത്രവും ഫ്ലക്സിലുണ്ട്.
മുഖ്യമന്ത്രി ചർച്ചയിൽ നേതാക്കളോട് ചേരിതിരിഞ്ഞുള്ള പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിസി വിഷ്ണുനാഥ്. പ്രഖ്യാപനത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്. മിനിറ്റുകൾക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് മുമ്പ് പറഞ്ഞത് ആഗ്രഹം കൊണ്ടാണ്. അങ്ങനെയൊരു ആഗ്രഹം ഞാൻ പ്രകടിപ്പിച്ചതിനെ കുറ്റം പറയാൻ പറ്റുമോ എന്നും പിസി വിഷ്ണുനാഥ് ചോദിച്ചു.
ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൽ ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും. നിലവിൽ 83 വീടുകൾ ആണ് ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ, വീടുകളിൽ ദുരന്തബാധിതർ ഇനിയും താമസം തുടങ്ങിയിട്ടില്ല. ഈ മാസം അവസാനം തന്നെ 178 വീടുകളും പൂർത്തിയാക്കുമെന്നാണ് ഊരാളുങ്കലിൻ്റെ പുതിയ പ്രഖ്യാപനം.
വാർഷിക വരുമാനം പത്തു ലക്ഷം രൂപയിൽ കൂടുതലുള്ളവരുടെ പാചകവാതക സബ്സിഡി ഉടൻ പിൻവലിച്ചേക്കും. പൊതുമേഖലാ എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച സന്ദേശമയച്ചുതുടങ്ങി. ആദായനികുതി വിവരങ്ങൾ പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വിമർശനവും ഇതിനകം ഉയർന്നിട്ടുണ്ട്.
ദേശീയ പാതാ നിർമാണം എങ്ങുമെത്താതായതോടെ വടകര അഴിയൂർ-വെങ്ങളം റീച്ചിലെ ഉപകരാർ എടുത്ത നിർമാണ കമ്പനിയായ വാഗാഡ് കമ്പനിയെ മാറ്റി. നിർമാണ കരാർ എടുത്ത അദാനി എന്റർ പ്രൈസസാണ് വാഗാഡിനെ മാറ്റിയത്. കെല്ലർ ഗ്രൂപ്പും, ഗൾഫാർ ഗ്രൂപ്പും ആണ് പുതിയ ഉപകരാർ എടുത്തത്.
ചാലക്കുടി പഴയ പാലം അടച്ചതിനെത്തുടർന്ന് ഗതാഗതക്കുരുക്കിൽ കുടുങ്ങി യാത്രക്കാർ. ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പാലമാണ് ശനിയാഴ്ച അടച്ചത്. ബെയറിങ് മാറ്റുന്നതിനായാണ് പാലം അടച്ചത്. അറ്റകുറ്റപ്പണിക്ക് 20 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ അധികം പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും മുൻ മുഖ്യമന്ത്രി കെ കരുണാകരനും തമ്മിലുള്ള അകൽച്ചയുടെ കാരണം വെളിപ്പെടുത്തി മുതിർന്ന നേതാവ് കെ വി തോമസിന്റെ പുസ്തകം. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിന് സീറ്റ് നൽകാൻ സോണിയ ഗാന്ധി താൽപര്യമെടുക്കാതിരുന്നതാണ് ഈ ഭിന്നതയ്ക്ക് പ്രധാന കാരണമെന്നാണ് തോമസ് തന്റെ ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത്.
കെവി തോമസിന്റെ പുസ്തകത്തിൽ കരുണാകരനെ കുറിച്ചുള്ള പരാമർശത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് പത്മജാ വേണുഗോപാൽ. തോമസിന്റെ പുസ്തകത്തിൽ പറയുന്നത് മുഴുവൻ തെറ്റാണെന്നും ചാലക്കുടിയിൽ തന്നെ നിർത്താൻ അച്ഛൻ ആഗ്രഹമുണ്ടായിരുന്നുവെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു. കെ മുരളീധരനെ കെപിസിസി അധ്യക്ഷൻ ആക്കുന്നതിൽ സോണിയ ഗാന്ധിക്ക് എതിർപ്പുണ്ടായിരുന്നെന്ന വാദവും തെറ്റാണെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു.
പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്.
പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി സുധാകർ (46) ആണ് പിടിയിൽ ആയത്. പന്തളം പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
വിജയ് നയിക്കുന്ന ടിവികെ മന്ത്രിസഭയിൽ ചേരാൻ വിസികെയ്ക്ക് ക്ഷണം ലഭിച്ചതായി പാർട്ടി നേതാവ് തോൽ തിരുമാവളവൻ സ്ഥിരീകരിച്ചു. മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണയ്ക്കാനുള്ള മുൻ തീരുമാനം പുനഃപരിശോധിക്കുമെന്നും പാർട്ടി ഉന്നതാധികാര സമിതി ഉടൻ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
തമിഴ്നാട് നിയമസഭാംഗമായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ് ഉൾപ്പെടെ ടിവികെയിൽ നിന്ന് 99 പേര് ആദ്യമായാണ് നിയമസഭാംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉദയനിധി സ്റ്റാലിനും സത്യപ്രതിജ്ഞ ചെയ്തു.
തമിഴ്നാട്ടിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കാണാൻ മുഖ്യമന്ത്രി വിജയ്. സഭ കഴിഞ്ഞാൽ സ്റ്റാലിനെ കാണാനായി വിജയ് വീട്ടിലേക്ക് എത്തുമെന്നാണ് വിവരം. സ്റ്റാലിൻ്റെ വീട്ടിലേക്ക് വരാനാകുമോ എന്ന് വിജയ് തിരക്കിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. സമ്മതം അറിയിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് വിജയ്യുടെ സന്ദർശനം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ചന്ദ്രനാഥ് റഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഉത്തർ പ്രദേശിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സിഐഡി, എസ്ടിഎഫ് സംയുക്ത സംഘമാണ് പ്രതികളെ പിടികൂടിയത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ വച്ച് മെയ് ആറിനാണ് വെടിവച്ച് കൊലപ്പെടുത്തിയത്.
മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേട് പരാതിയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പൊലീസ് അന്വേഷണം കേരളത്തിലേക്ക്. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർത്ഥിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘം കേരളത്തിലേക്ക് എത്തുന്നത്.
പശ്ചിമ ബംഗാളിലെ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കലാപം. സുവേന്ദു അധികാരിയെ പുകഴ്ത്തി പാർട്ടി വക്താവ് രംഗത്തെത്തിയതോടെ വക്താവിനെ പുറത്താക്കി. ഐപാക്കിനെ പോലുള്ള പുറത്തുനിന്നുള്ള ഏജൻസിയെ എല്ലാം ഏല്പിച്ചതിൻ്റെ ഉത്തരവാദിത്വം അഭിഷേക് ബാനർജിക്കാണെന്നും തന്നെ പുറത്താക്കിയത് താൻ നെപ്പോ കിഡ് അല്ലാത്തത് കൊണ്ടെന്നും യുവ നേതാവ് റിജു ദത്ത പ്രതികരിച്ചു. അഴിമതി നിറഞ്ഞ സർക്കാരിന് കിട്ടിയ അർഹിക്കുന്ന ജനവിധിയാണിതെന്ന് മുൻ മന്ത്രി മനോജ് തിവാരി കുറ്റപ്പെടുത്തി.
രാജ്യത്തെ ഹൈവേകളിലെ യാത്രാ രീതി തന്നെ മാറ്റിക്കുറിക്കുന്ന പുതിയ ടോൾ പിരിവ് സംവിധാനം വരുന്നു. ടോൾ നൽകാനായി വാഹനങ്ങൾ പ്ലാസകളിൽ കാത്തുനിൽക്കേണ്ടതില്ലാത്ത മൾട്ടി ലൈൻ ഫ്രീ ഫ്ലോ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു
ഇന്നലത്തെ പ്രസ്താവന പ്രധാനമന്ത്രിയുടെ കഴിവുകേടിൻറെ തെളിവാണെന്ന് രാഹുൽ ഗാന്ധി. ഭരണ പരാജയത്തിൻറെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുകയാണ്. എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാനെന്നുംഅദ്ദേഹം കുറ്റപ്പെടുത്തി.
അറുപതുകാരനായ പിതാവ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതിനെ ചൊല്ലി അവിവാഹിതനായ മകനുമായി തർക്കം. മകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മുൻ സൈനികൻ വിഷം കഴിച്ച് മരിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ലുധിയാനയിലെ ന്യൂ അഗർ നഗറിൽ ഞായറാഴ്ച രാത്രി വൈകിയാണ് കൊലപാതകവും ആത്മഹത്യയും നടന്നത്.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വയം നിയന്ത്രണ നിർദ്ദേശങ്ങൾ വിവിധ മന്ത്രാലയങ്ങൾ ചർച്ച ചെയ്യും. ഇക്കാര്യത്തിൽ ബോധവത്ക്കരണത്തിന് കൂടുതൽ നടപടികൾ വരുമെന്നാണ് റിപ്പോർട്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും നിർദ്ദേശങ്ങൾ ഏറ്റെടുക്കും. ഭാഗിക ലോക്ക്ഡൗൺ ഒന്നും തത്ക്കാലം പരിഗണനയിൽ ഇല്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ ടിവികെ പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് മന്ത്രി കീർത്തന സമ്പത്ത്. തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പിന്തുണ ടിവികെയ്ക്കാണ് ലഭിച്ചത്. ശിവകാശിയിലെ പടക്കശാലകളിൽ 70 ശതമാനം വരെ അപകടങ്ങൾ കുറയ്ക്കുയാണ് ലക്ഷ്യം എന്നും കീർത്തന പറഞ്ഞു.
കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി നടക്കുന്ന തർക്കങ്ങളിൽ രൂക്ഷമായ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തzരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചിട്ടും ഒരു നേതാവിനെ കണ്ടെത്താൻ അവർക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സർക്കാരിന്റെ കാര്യത്തിൽ രണ്ടര വർഷത്തെ അധികാര പങ്കിടലോ, അല്ലെങ്കിൽ അഞ്ച് വർഷത്തിനിടെ അഞ്ച് മുഖ്യമന്ത്രിമാർ എന്ന ഫോർമുലയോ കോൺഗ്രസ് പരീക്ഷിക്കട്ടെ എന്ന് അദ്ദേഹം പരിഹസിച്ചു.
ഉത്തർകാശി, തെഹ്രി ഗർവാൾ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചാർ ധാം യാത്രയ്ക്ക് പോകുന്ന തീർത്ഥാടകർ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം.കാലാവസ്ഥ മെച്ചപ്പെട്ട ശേഷം യാത്ര ചെയ്യുന്നതാണ് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമെന്ന് നിർദേശം .
അപൂർവ ഫംഗസ് ബാധ. കാലിഫോർണിയയിൽ ഇന്ത്യൻ ടെക്കിക്ക് ദാരുണാന്ത്യം.അമേരിക്കയിലെ കാലിഫോർണിയയിൽ ജോലി ചെയ്തിരുന്ന മുപ്പത്തിയേഴുകാരനായ ഇന്ത്യൻ സോഫ്റ്റ്വെയർ എൻജിനീയർ ചിരഞ്ജീവി കൊല്ലയാണ് മരണപ്പെട്ടത്.
ലാൻഡിംഗിനിടെ ടയറിന് തീ പിടിച്ചു. പിന്നാലെ യാത്രക്കാർ എമർജൻസി വാതിലുകളിലൂടെ പുറത്തേക്ക്. തിങ്കളാഴ്ച നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട വിമാനത്താവളത്തിലാണ് അപകടമുണ്ടായത്.വിമാനത്തിലുണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും സുരക്ഷിതമായി പുറത്തിറങ്ങിയതായും ആർക്കും പരിക്കേറ്റില്ലെന്നും വിമാനത്താവള അധികൃതർ വിശദമാക്കുന്നത്.
ഇറാന്-അമേരിക്ക സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്ചൈനയിലേക്ക്. ഈ മാസം 14, 15 തീയതികളിലാണ് ട്രംപിന്റെ ചൈനാ സന്ദർശനം. വ്യാപാര തീരുവകള്‍, തായ്വാന് വിഷയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, തുടങ്ങിയവയെ ചൊല്ലി ചൈന- അമേരിക്ക ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം.
ദീർഘകാല സംഘർഷത്തിന് തയ്യാറെടുക്കുകയാണെന്ന സൂചനകൾ ഇറാൻ നൽകിയതോടെ പശ്ചിമേഷ്യയിലെ സാഹചര്യം അതീവ സങ്കീർണമായി തുടരുന്നു. ശത്രുവിന് മുന്നിൽ ഒരിക്കലും തലകുനിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ ശക്തിപൂർവ്വം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാനെതിരെ ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് മുതിർന്നാൽ, ശത്രുക്കൾക്ക് അതിൻ്റെ പ്രത്യാഘാതം വളരെ വലുതും അപകടകരവും ദൂരവ്യാപകവും വേദനാജനകവും ആയിരിക്കുമെന്നാണ് മുനീറിൻ്റെ മുന്നറിയിപ്പ്.
