Screenshot 20260331 1339472

ലോക്സഭയിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ച പുരോഗമിക്കുന്നു. 2023ലെ വനിത സംവരണ ബില്ല് ഇന്നലെ വിജ്ഞാപനം ചെയ്തതിൽ ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ലോക്സഭ തുടങ്ങിയപ്പോൾ കെസി വേണുഗോപാൽ എംപിയാണ് ഇക്കാര്യം ഉന്നയിച്ചത്.

 

വനിതാ സംവരണ ബില്ലിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് ഡോ. ശശി തരൂർ. എന്തിനാണ് വനിതാ സംവരണത്തെ മണ്ഡല പുനർനിർണയുമായി ബന്ധിപ്പിച്ചത്. നോട്ട് നിരോധനത്തിൽ കാണിച്ച വേഗതയാണ് സർക്കാർ മണ്ഡലം നിർണയത്തിന് കാണിക്കുന്നത്. മണ്ഡല പുനർനിർണയത്തെ പേരിൽ വനിതാ സംവരണം വൈകിപ്പിക്കുകയാണെന്നും ശശി തരൂർ പറഞ്ഞു.

 

 

വനിതാ സംവരണ ബില്ല് വന്നാൽ പാർലമെന്റിലെ തമിഴ് ശബ്ദമില്ലാതാകുമെന്നും ജനസംഖ്യാ നിയന്ത്രണം മികച്ച രീതിയിൽ നടത്തിയ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണ് ബില്ലെന്നും കനിമൊഴി. പ്രതിഷേധ സൂചകമായി സഭയിൽ ഇന്നും കറുപ്പണിഞ്ഞ് കൊണ്ടാണ് ഡിഎംകെ അംഗങ്ങൾ എത്തിയത്.

 

യു.ഡി.എഫ് ക്യാമ്പിൽ തുടങ്ങിയ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ നിരീക്ഷിച്ച് ഹൈക്കമാൻഡ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഫോണിൽ സംസാരിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വിവരം തേടുകയും ചെയ്തു.

 

കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകുമെന്ന പോരിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്ന് സൂചന. യുഡിഎഫ് ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരാകുന്നുവെന്നും, നേതാക്കൾ തന്നെയാണ് മുഖ്യമന്ത്രി വിവാദത്തിന് വഴി വെച്ചതെന്നും മുസ്ലിം ലീഗ് വിലയിരുത്തുന്നു.

 

പൊരി വെയിലത്ത് പ്രവർത്തിച്ച ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകർ ചെയ്‌ത ത്യാഗത്തെ വിസ്മരിക്കലാണ് മുഖ്യമന്ത്രി ആരാകുമെന്ന കോൺഗ്രസ് പ്രവർത്തകരുടെ വാദപ്രതിവാദങ്ങളെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. യുഡിഎഫ് പ്രവർത്തകർക്കിടയിൽ നൈരാശ്യം ഉണ്ടാകുന്ന പ്രവർത്തനങ്ങളിലേക്ക് നേതാക്കൾ പോകരുതെന്നാണ് ലീഗിന്റെ പൊതു അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

 

മുഖ്യമന്ത്രി പദവി ചർച്ചയ്ക്കെതിരെ എംകെ രാഘവൻ എംപി. ചിലർ എംപിമാർ മത്സരിക്കാൻ പാടില്ലെന്ന് വാശി പിടിച്ചു. ചിലരുടെ ദുർവാശിയാണ് ഇതിന് കാരണം. സമയം വരുമ്പോൾ പലതും പറയാനുണ്ട്. ഡിസിസി പ്രസിഡൻറ് ഷിയാസ് ആണ് ഇത് ആദ്യം പറഞ്ഞത്. ആ പ്രസ്താവനയാണ് എല്ലാ പ്രശ്നവും തുടങ്ങിയത്. അവിടെ നിന്നാണ് വ്യാപകമായ ചർച്ചയായത്. വിഡി സതീശൻ പിന്നിലുണ്ടെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

 

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു. നിജേഷിനെ ബേപ്പൂര്‍, എലത്തൂര്‍ ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ മുമ്പ് വന്നിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് വന്നപ്പോള്‍ അതില്‍ നിജേഷിന്റെ പേരുണ്ടായിരുന്നില്ല.

 

സർക്കാർ ടൗൺഷിപ്പിൽ വിള്ളൽ വീണ ആദ്യഘട്ട വീടുകൾ ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ സന്ദർശിച്ചു. രണ്ടു വീടുകളിലാണ് വിള്ളൽ കണ്ടെത്തിയത്. സംഭവത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് ഊരാളുങ്കൽ അധികൃതർ പറഞ്ഞു. വീട് വാസയോഗ്യമാക്കാൻ വേണ്ടി ധാരാളം ടെസ്റ്റുകൾ നടത്താറുണ്ട്. അതിനിടയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും അത് പിന്നീട് പരിഹരിക്കുകയാണ് ചെയ്യുന്നതെന്നും ഊരാളുങ്കൽ അറിയിച്ചു.

 

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ ചക്കരയ്ക്കല്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ആപ്പുമായി ബന്ധപ്പെട്ടവര്‍ നിതിനെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നും ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

 

നിതിൻ രാജിന്‍റെ മരണത്തിൽ പ്രതികളായ ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹർജി നൽകി. മുൻകൂർ ജാമ്യഹർജി തലശ്ശേരി കോടതിയിൽ നേരത്തെ നൽകിയിരുന്നു. നിതിന്‍റെ മരണത്തിൽ പങ്കില്ലെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

 

ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഒരുമാസമായി റേഷന്‍ അരി ലഭിച്ചില്ലെന്ന പരാതിയിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍. റേഷന്‍ കടകളില്‍ അരി സ്റ്റോക്കില്ലാത്ത സാഹചര്യത്തിലാണ് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

 

 

ദളിത് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് കോടതിയാണ് പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

 

കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാദ വിവാഹം അന്വേഷിക്കുന്ന മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ തുടരുന്നതായി വിവരം. ഇന്നലെ പൊലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മധ്യപ്രദേശ് പൊലീസ് അറിയിച്ചു.

 

ഹരിയാന കുരുക്ഷേത്ര എന്‍.ഐ.ടിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം. രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആണ് ജീവനൊടുക്കിയത്. രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് മൂന്ന് മരണങ്ങളാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ക്യാമ്പസില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യകള്‍ക്ക് കാരണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

 

 

രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവൻഷ് നാരായൺ സിങിനെ വീണ്ടും നിയമിക്കാനുള്ള പ്രമേയവുമായി കേന്ദ്ര സർക്കാർ. ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

 

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ ആഞ്ഞടിച്ച് പി.എം.കെ അധ്യക്ഷൻ അൻപുമണി രാംദാസ്. സ്റ്റാലിൻ നിഴൽ മുഖ്യമന്ത്രിയാണെന്നും സ്റ്റാലിനെ ഇരുട്ടത്ത് നിർത്തി ഭരണം നടത്തുന്നത് നാലു മന്ത്രിമാരാണെന്നും പാട്ടാളി മക്കൾ കക്ഷി അധ്യക്ഷൻ ആരോപിച്ചു.

 

തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ നടൻ പ്രകാശ്‌ രാജ്‌. നടന് വേണ്ടി വിസിൽ അടിക്കാം. പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. ജനങ്ങളുടെ സ്നേഹം ദുരുപയോഗം ചെയ്യരുത്. സിനിമയിൽ മുഖ്യമന്ത്രി ആയി അഭിനയിക്കാം. രാഷ്ട്രീയം അതല്ല എന്നും അദ്ദേഹം പറഞ്ഞു.

 

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അന്താരാഷ്ട്ര നാണ്യ നിധി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് ഇന്ത്യ ആറാമതായത്. ലോകത്തെ നാലാമത്തെ വലിയ സമ്പത്തിക ശക്തിയായിരുന്ന ഇന്ത്യ, പുതിയ പട്ടിക പ്രകാരം ബ്രിട്ടനും ജപ്പാനും പിന്നിലാണ്.

 

കുവൈത്തിലെ ഇന്ത്യൻ എംബസി വഴി ഇന്ത്യൻ പൗരന്മാർക്ക് നൽകി വന്നിരുന്ന സൗദി ട്രാൻസിറ്റ് വിസാ സേവനങ്ങൾ അടിയന്തരമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ഏപ്രിൽ 15-ന് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.

 

ചെങ്കോട്ട സ്ഫോടനത്തിൽ പ്രതികളായ ഡോക്ടർമാരെ ഉൾപ്പെടുത്തി പുതിയ കുറ്റപത്രം തയ്യാറാക്കി അന്വേഷണ ഏജൻസി. നൗഗാം പൊലീസ് എടുത്ത കേസിൽ പത്തു പേരാണ് പ്രതികൾ. ഡോക്ടർ എന്ന തൊഴിലിനെ മറയാക്കി ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും ഉന്നത വിദ്യാഭ്യാസമുള്ളവരെ ലക്ഷ്യമിട്ടെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.

 

കുവൈത്തിലെ വിദ്യാഭ്യാസ മേഖലയിൽ നിന്ന് പ്രവാസി അധ്യാപകരെ ഘട്ടം ഘട്ടമായി ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാനുള്ള വിപുലമായ അഞ്ച് വർഷത്തെ പദ്ധതിക്ക് സിവിൽ സർവീസ് കമ്മീഷൻ രൂപരേഖ തയ്യാറാക്കി. അധ്യാപകരുടെ എണ്ണത്തിൽ നിലവിൽ മിച്ചമുള്ള എട്ട് പ്രത്യേക വിഷയങ്ങളിലാണ് പ്രവാസി അധ്യാപകരെ ഒഴിവാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

 

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ബിസിനസ് പ്രോസസ് ഔട്ട്സോഴ്‌സിംഗ് കേന്ദ്രത്തിലെ നിർബന്ധിത മതപരിവർത്തന കേസിൽ പ്രതിയായ യുവതി കോടതിയിൽ താൻ ഗ‍ർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

 

രാജ്യം മാവോയിസ്റ്റ് സംഘർഷങ്ങളിൽ നിന്ന് മുക്തമായെന്ന് ദില്ലിയിൽ നടന്ന ഉന്നത തല അവലോകനത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് വ്യക്തമാക്കി. രാജ്യത്തെ ഇടത് തീവ്രവാദം അവസാനിപ്പിക്കാനുള്ള നയത്തിൻ്റെ ഭാഗമായി 2015 ൽ അവതരിപ്പിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമായാണ് കേന്ദ്രം ഇതിനെ വിശേഷിപ്പിക്കുന്നത്.

 

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള എസ് ഐ അറുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി തന്റെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെട്ടു.

 

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ബ്രിട്ടനും ഫ്രാൻസും ചേർന്ന് വെള്ളിയാഴ്ച ലോകനേതാക്കളുടെ അടിയന്തര ഉച്ചകോടി സംഘടിപ്പിക്കും. 40 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കുന്ന ഈ വെർച്വൽ യോഗത്തിൽ, ഇറാൻ പ്രഖ്യാപിച്ച വെടിനിർത്തൽ നിലനിർത്തുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും വിശദമായ ചർച്ചകൾ നടക്കും.

 

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 9.5 ശതമാനം വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53 ലക്ഷം യൂറോ (57 കോടി രൂപയിലധികം) വര്‍ധിച്ച് 6.17 കോടി യൂറോ ആയാണ് (ഏകദേശം 677 കോടി രൂപ) സമ്മാനത്തുക ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ പാരിസിലെ റൊളാങ് ഗാരോസില്‍ 24ന് ആരംഭിക്കുന്ന ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്റിലെ പുരുഷ-വനിതാ സിംഗിള്‍സ് മത്സരങ്ങളില്‍ ജേതാവാകുന്നവര്‍ക്ക് 28 ലക്ഷം യൂറോ (30 കോടി രൂപ) വീതം ലഭിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *