ഗൾഫ് മേഖലയിൽ നിർത്തിവെച്ച എസ്.എസ്.എൽ.സി പരീക്ഷകൾ പുന:രാരംഭിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല കൂടിയാലോചന യോഗം ചേർന്നു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ യോഗത്തിൽ തീരുമാനമായി.
കേരളത്തിലും അസമിലും വോട്ടെടുപ്പ് പൂർത്തിയായെങ്കിലും, മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാകാത്തതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എക്സിറ്റ് പോൾ ഫലങ്ങൾക്ക് വിലക്കേർപ്പെടുത്തി. വോട്ടർമാരെ സ്വാധീനിക്കാതിരിക്കാനുള്ള ഈ മുൻകരുതൽ പ്രകാരം, പശ്ചിമ ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് കഴിയുന്ന ഏപ്രിൽ 29-ന് വൈകുന്നേരം മാത്രമേ ഫലങ്ങൾ പുറത്തുവിടൂ.
പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ടിന് നോട്ട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മൊഴി നൽകി. കണ്ണാടി പഞ്ചായത്തിലെ വയോധികയ്ക്ക് പണം നൽകി വോട്ട് സ്വാധീനിക്കാൻ ശ്രമിച്ചെന്ന കോൺഗ്രസ് ആരോപണത്തെ തുടർന്ന് ആര്‍ഡിഒ ഓഫീസിലെത്തിയാണ് ശോഭ മൊഴി നൽകിയത്.
യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എൽഡിഎഫ് എംഎൽഎ പി വി ശ്രീനിജിൻ. സ്ഥാനമാനങ്ങൾക്കായി എന്ത് നെറികേടും ചെയ്യുന്ന വ്യക്തിയാണ് യുഡിഎഫ് സ്ഥാനാർത്ഥിയെന്നും രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ പാർട്ടി പിളർത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ശ്രീനിജിൻ ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിക്കിപീഡിയ പേജിൽ അദ്ദേഹത്തെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ചിത്രീകരിച്ച് എഡിറ്റിംഗ് നടന്നു. അതേസമയം, 35 വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണ് യുഡിഎഫ് കാഴ്ചവെച്ചതെന്നും നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പൊലീസ് ആസ്ഥാനത്തിന് മുന്നിലെ പൊലീസുകാരുടെ കൈയാങ്കളിയിൽ നടപടി. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മർദ്ദിച്ച കിരണ്‍ എന്ന പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. പൊലീസ് ആസ്ഥാനത്ത് പാറാവ് ഡ്യൂട്ടിലുണ്ടായിരുന്നു കിരണും ട്രാഫിക് ഡ്യൂട്ടിലുണ്ടായിരുന്ന വിശാഖും തമ്മിലാണ് ഏറ്റമുട്ടിയത്.
സംവിധായകൻ രഞ്ജിത്ത് ജയിൽ മോചിതനായി. ലൈംഗികാതിക്രമ കേസിൽ10 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് എറണാകുളം ഫസ്റ്റ് ക്സാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രഞ്ജിത്തിൻ്റെ ആരോഗ്യ നില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു.
എറണാകുളം ആലുവയിൽ കാറിനെ മറികടക്കുന്നതിനിടെ ബൈക്കിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെയും കണ്ടക്ടറെയും യുവാക്കൾ ഹെൽമറ്റ് കൊണ്ട് മർദിച്ചു. പരിക്കേറ്റ അടൂർ ഡിപ്പോയിലെ ജീവനക്കാരായ ശ്യാംകുമാർ, പ്രവീൺ എന്നിവരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വൈറൽ കുംഭമേള താരത്തിന്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കമ്മീഷന്റെ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന കണ്ടെത്തലിന് പിന്നാലെ ആണ് നടപടി.
കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ശ്രീനയനാർ ദേവക്ഷേത്രം സെക്രട്ടറി അജിത്ത് കുമാർ. വിവാഹത്തിനുമുൻപ് രേഖകൾ ആധാർ കാർഡും ജനന സർട്ടിഫിക്കറ്റ് കോപ്പിയും പരിശോധിച്ചിരുന്നു. അന്ന് സംശയം ഒന്നും തോന്നിയില്ല. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ രേഖകൾ വെരിഫൈ ചെയ്തിരുന്നുവെന്നും അജിത്ത് കുമാർ വ്യക്തമാക്കി.
ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന കത്തോലിക്ക സഭ മുഖപത്രമായ ദീപികയിലെ മുഖപ്രസംഗത്തിനെതിരെ സീറോമലബാർ സഭയുടെ ഉന്നത നേതൃത്വവുമായി സംസാരിച്ചെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലായിലെ എൻഡിഎ സ്ഥാനാർഥിയുമായ ഷോൺ ജോർജ്. കാര്യങ്ങൾ സഭാ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിശദമായ പരാതി എഴുതി നൽകാൻ സഭാ നേതൃത്വം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജും. ചില മെത്രാന്മാർ യുഡിഎഫിന് വേണ്ടി കുരക്കുകയാണെന്നും തെരഞ്ഞെടുപ്പിൽ അവർക്കായി വോട്ട് പിടിച്ചെന്നും അദ്ദേഹം ആരോപിച്ചു. വിദേശത്ത് നിന്ന് പണം വന്നാൽ കണക്ക് കാണിക്കണമെന്നും നിയമം പാലിക്കാത്തവരെ പാലിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മെത്രാന്മാർക്കെതിരെ അതിരൂക്ഷ ഭാഷയിൽ വിമർശനം ഉന്നയിച്ച പി.സി. ജോർജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ്. രാഷ്ട്രീയ പ്രവർത്തനം എന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ലെന്ന് കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത വ്യക്തമാക്കി.
കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം. പോസ്റ്റ്മോർട്ടത്തിന്‍റെ സമയം കഴിഞ്ഞാലും പ്രത്യേക കേസായി പരിഗണിക്കാനാണ് ചിക്കമഗളൂരു ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. പോസ്റ്റ്‍മോർട്ടം പൂർത്തിയായാൽ മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബം അറിയിച്ചു.
സജി ചെറിയന്റെ പ്രസ്താവനകൾക്ക് മറുപടിയുമായി കായംകുളം യുഡിഎഫ് സ്ഥാനാർഥി എം ലിജു. മെയ് നാലിന് ആര് കടലിൽ ചാടും എന്നറിയാം. സജിയും പിണറായിയും നീന്തൽ പരിശീലനം നടത്തുന്നത് നന്നാകും. ഇരുവരും ലൈഫ് ജാക്കറ്റ് എങ്കിലും ഉപയോഗിക്കണമെന്നും എം ലിജു പറഞ്ഞു.
കേരളത്തിൽ സ്ത്രീ വോട്ടർമാരുടെ പോളിങ് കണക്കിൽ റെക്കോർഡ്. സംസ്ഥാനത്ത് സ്ത്രീ വോട്ടർമാരുടെ ഏറ്റവും ഉയർന്ന പോളിങ് ശതമാനം ഈ വർഷം രേഖപ്പെടുത്തി. ആകെയുളള സ്ത്രീ വോട്ടർമാരിൽ 81.19 ശതമാനം പേർ വോട്ട് ചെയ്തു. പുരുഷ വോട്ടർമാരുടേത് 75.19 ശതമാനം മാത്രമാണ്.
സംസ്ഥാനത്ത് താപനില കൂടുന്നു. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്. പാലക്കാട് 39 ഡിഗ്രി വരെയും, കൊല്ലം ജില്ലയിൽ 38 ഡിഗ്രി വരെയും താപനില രേഖപെടുത്തി. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി അധിക താപനിലയാണ് നിലവിൽ രേഖപ്പെടുത്തുന്നത്.
ദുരന്തബാധിതരെ രാഷ്ട്രീയത്തിന് ഉപയോഗിച്ചത് മനുഷ്യത്വരഹിതമെന്ന് ടി സിദ്ദിഖ് വിമര്‍ശിച്ചു. ശ്രുതിയെ പച്ചക്കള്ളം പറഞ്ഞ് പ്രചാരണത്തിലേക്ക് വലിച്ചെഴച്ചു. ശ്രുതിയുടെ വീടിനുള്ള അപേക്ഷ മന്ത്രിസഭായോഗത്തിൽ നിരാകരിച്ചോ എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണെമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. കാര സ്വദേശി വിജയൻ (70)ആണ് മരിച്ചത്. 20 പേർ ചികിത്സയിൽ തുടരുകയാണ്. 350ലധികം പേരാണ് ഇതുവരെ ചികിത്സതേടിയത്.
കത്ത് കൊടുത്താൽ, കൊടുത്തു എന്ന് പറയാനുള്ള ആർജവമുണ്ടെന്നും തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കാമെന്നും കെപിസിസി അധ്യക്ഷനും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായി സണ്ണി ജോസഫ്. കത്ത് വിവാദത്തിലാണ് സണ്ണി ജോസഫിന്റെ പ്രതികരണം.
കാമുകനൊപ്പം ജീവിക്കാൻ 6 വയസുള്ള മകനെ കൊലപ്പെത്തി യുവതി. പൂനെ ജില്ലയിലെ ഖേഡിൽ താമസിക്കുന്ന 27 കാരിയായ ബാസിരൻ മെഹബൂബ് ഷെയ്ക്ക് ആണ് കാമുകനുമായി ചേർന്ന് മകനെ ബക്കറ്റിൽ മുക്കിക്കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കാൻ കുട്ടിയെ തറയിൽ അടിച്ചു. ഏപ്രിൽ 4 ന് രാത്രി 11.30 ഓടെയാണ് ക്രൂര കൊലപാതകം നടന്നത്. സംഭവത്തിൽ യുവതിയേയും കാമുകനായ റാം വിനായക് കജേവാദിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ മഥുരയിൽ യമുനാ നദിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പത്തുപേർ മരിച്ചു. മരിച്ചവരിൽ ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.
തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഹുമയൂൺ കബീറുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദ ‘സ്റ്റിംഗ് ഓപ്പറേഷൻ’ വീഡിയോ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിൽ അയോധ്യയിലെ ബാബറി മസ്ജിന്‍റെ മാതൃകയിൽ പള്ളി പണിയാൻ ശ്രമിക്കുന്നവരുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരക്കാരുമായി കൈകോർക്കുന്നതിനേക്കാൾ 20 വർഷം പ്രതിപക്ഷത്തിരിക്കാനാണ് ബിജെപിക്ക് താൽപ്പര്യമെന്നും അദ്ദേഹം കൊൽക്കത്തയിൽ പറഞ്ഞു.
ഉത്തർപ്രദേശിലെ കുശിനഗറിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്കും മാതാവിനും നേരെ ആസിഡ് ആക്രമണം. ആക്രമണത്തിൽ കാജൽ (23) എന്ന യുവതി മരിച്ചു. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് ലീലാവതി ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതോടെ അദ്ദേഹം ഉടന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും. ഇതോടെ ബിഹാറില്‍ പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കും.
ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ മുന്നൊരുക്കങ്ങളിൽ നിർണ്ണായക കടമ്പ പിന്നിട്ട് ഐഎസ്ആര്‍ഒ. രണ്ടാമത്തെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് (ഐഎഡിറ്റി) വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിൽ വെച്ചായിരുന്നു പരീക്ഷണം നടത്തിയത്.
പാകിസ്ഥാൻ തീവ്രവാദ സംഘടനകൾക്കായി ചാരപ്രവൃത്തി നടത്തിയ 11 യുവാക്കൾ ദില്ലി പൊലീസിന്‍റെ പിടിയിൽ. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങൾക്ക് സമീപം സിസിടിവികൾ സ്ഥാപിച്ച് സൈനിക നീക്കത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ സംഘമാണ് പിടിയിലായത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഇറാനുമായി സമാധാന ചർച്ചകൾ നടത്തുന്നതിനായുള്ള ഉന്നതതല അമേരിക്കൻ സംഘത്തെ നയിക്കാൻ അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാകിസ്ഥാനിലേക്ക്. ചർച്ചകളെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഫലം പോസിറ്റീവ് ആയിരിക്കുമെന്ന് കരുതുന്നുവെന്നുമാണ് ജെ ഡി വാൻസ് പാക് യാത്രയ്ക്ക് മുന്നോടിയായി വിശദമാക്കിയത്.
ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ സൈനിക നീക്കത്തിലൂടെ വധിച്ച ഇസ്രായേലിനും അമേരിക്കയ്ക്കും കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നുവെന്ന് വിലയിരുത്തൽ. ഇറാനിൽ അധികാരമേറ്റ പുതിയ ഭരണകൂടം മുൻപത്തേക്കാൾ തീവ്രവും അപകടകാരിയുമാണെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) തന്നെ ഇസ്രായേൽ പാർലമെന്‍റിന് മുന്നറിയിപ്പ് നൽകി.
വെടിനിർത്തൽ കരാർ പ്രഖ്യാപനത്തിന് ശേഷവും കുവൈത്തിലേക്ക് ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണം. രാജ്യത്തിന്‍റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനായി നാഷണൽ ഗാർഡ് സേന ഉയർന്ന ജാഗ്രതയിലും പൂർണ്ണ സജ്ജതയിലും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
സമാധാന ചർച്ചകൾക്കായി ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം യുഎസിലേക്ക്. യുദ്ധം തുടരുമ്പോഴും ലെബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇസ്രയേൽ താത്പര്യം പ്രകടിപ്പിച്ചതാണ് ഈ നയതന്ത്ര നീക്കത്തിന് വഴിയൊരുക്കിയത്. ഹിസ്ബുള്ളയുടെ നിരായുധീകരണം ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം ശക്തമാക്കുമ്പോൾ, ഉടൻ വെടിനിർത്തൽ വേണമെന്നാണ് ലെബനന്റെ ആവശ്യം.
