ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശൻ റെഡ്ഡി.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള തൻ്റെ വിമർശനം ശക്തമാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ ഗയയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് മോഷണം ഭാരതാംബയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്ന് പറഞ്ഞ അദ്ദേഹം, ഇത് പിടിക്കപ്പെട്ടശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുകയാണെന്നും പറഞ്ഞു.
സിപിഎമ്മിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ ഉയർത്തിയത് അല്പായുസുള്ള വിവാദമെന്ന് പി ജയരാജൻ. കത്ത് അല്പായസുള്ള വിവാദമായി കെട്ടടങ്ങുമെന്നും ബിരിയാണി ചെമ്പിൽ സ്വർണം കടത്തുന്നുവെന്ന് അപവാദം പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങൾ, സിപിഐഎം വിരുദ്ധ വാർത്തകൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും പി ജയരാജന്‍ പ്രതികരിച്ചു.
സിപിഎം കത്ത് ചോര്‍ച്ച വിവാദത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍. വിഷയത്തില്‍ സിപിഎം പ്രതിക്കൂട്ടിലാണെന്നും ആരോപണങ്ങളെ അവഗണിക്കാനാണ് നീക്കമെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. വെറുക്കപ്പെട്ടവരുമായിട്ടാണ് സിപിഎമ്മിന് ചങ്ങാത്തം. വിഎസിന്‍റെ അഭാവം സിപിഎം എന്തും ചെയ്യാനുള്ള ലൈസൻസാക്കിയിരിക്കുകയാണ്. വിഷയത്തില്‍ ഗോവിന്ദൻ മൗനം വെടിയണം. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ തൊലിപൊളിക്കും എന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മുമായി ബന്ധപ്പെട്ട കത്ത് വിവാദം രണ്ട് വ്യക്തികൾ തമ്മിലുള്ള തർക്കം മാത്രമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. രാജേഷ് കൃഷ്‌ണയ്ക്കെതിരെ ഷെർഷാദും, ഷെർഷാദിനെതിരെ അദ്ദേഹത്തിൻ്റെ മുൻ ഭാര്യയും പരാതി കൊടുത്തു. അങ്ങോട്ടും ഇങ്ങോട്ടുമുള്ള കേസുകൾ. വിഷയം പാർട്ടി പ്രശ്‌നമല്ലെന്നും രണ്ടാളുകൾ തമ്മിലുള്ള തർക്കമാണെന്നും ഇതിൽ നിന്ന് വ്യക്തമാണ്. ഷെർഷാദ് ആദ്യം മുൻ ഭാര്യക്ക് ജീവനാംശം നൽകുകയാണ് വേണ്ടത്. വിഷയത്തിൽ സംസ്ഥാനത്തെ മാധ്യമങ്ങൾ ഇരുട്ടിൽ പൂച്ചയെ തിരയുകയാണെന്നും എംവി ജയരാജൻ പരിഹസിച്ചു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് ഹർജികൾ കേൾക്കുന്നത് കുറച്ചുസമയത്തേക്ക് നിർത്തിവെച്ചു. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. കോടതി ഹാളിൽ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് അടിയന്തര ഹർജികൾ പരിഗണിച്ചശേഷം കോടതി പിരിഞ്ഞത്.കോടതി ഹാളിൽ ഇന്നലെ രാത്രി മരപ്പട്ടി കയറി മൂത്രമൊഴിച്ചിരുന്നു. ഇന്ന് രാവിലെ കോടതി തുടങ്ങിയതോടെയാണ് ദുർഗന്ധം അനുഭവപ്പെട്ടത്.
സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. രാജേഷ് കൃഷ്ണ കേരളത്തിലെ പദ്ധതികളുടെ ഇടനിലക്കാരനാണോയെന്ന ചോദ്യമാണ് വിഡി സതീശന്‍ ഉന്നയിക്കുന്നത്. രാജേഷ് കൃഷ്ണയും സിപിഎം നേതാക്കളും തമ്മിൽ ബന്ധമുണ്ട്, സുഹൃത്തുക്കളുണ്ടാവുന്നതിൽ തെറ്റില്ല. എന്നാൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ ഉണ്ടാകുന്നതാണ് പ്രശ്നം. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരുന്ന കാലത്തെ പദ്ധതിയിലേക്ക് രാജേഷ് കൃഷ്ണ എന്തിന് പണമയച്ചു എന്നും വിഡി സതീശന്‍ ചോദിച്ചു.
തെരുവുനായ ശല്യത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി എന്ന തരത്തിലാണ് എ.ബി.സി നിയമമെന്ന് ബിജു പ്രഭാകർ ഐഎഎസ് ( റിട്ട) പറഞ്ഞുു ചില വാക്സിൻ കമ്പനികളുടെ ലോബി സുപ്രീംകോടതിയിൽ വരെ വക്കീലന്മാരെ നിയമിച്ചിരിക്കുന്നു. ആൻ്റി റാബിസ് വാക്സിൻ ലോബി കേരളത്തിലും പ്രവർത്തിക്കുന്നു . വിചാരണ തടവുകാർ ഇന്ത്യയിലെ ജയിലുകളിൽ പെരുകുകയാണ് ഇവർക്ക് വേണ്ടി സംസാരിക്കാൻ വക്കീലമാരില്ല , പക്ഷേ പട്ടിക്കുവേണ്ടി സംസാരിക്കാൻ ആളുണ്ടെന്നും അദ്ദേഹം പരിഹസിച്ചു
സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് നൽകിയ രഹസ്യപരാതിയടക്കം രേഖയായി സമർപ്പിച്ച് ലണ്ടനിലെ പാർട്ടിയംഗം രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ടക്കേസ് സെപ്റ്റംബർ ഒന്നിന് ഡൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ചെന്നൈയിലെ മലയാളി വ്യവസായി ബി. മുഹമ്മദ് ഷർഷാദിനും വാർത്ത നൽകിയ .മാധ്യമസ്ഥാപനങ്ങൾക്കും ഗൂഗിൾ, മെറ്റ എന്നിവയ്ക്കുമെതിരായാണ് രാജേഷിന്റെ ഹർജി.
യുണസ്കോയുടെ മാനണ്ഡങ്ങളിൽ മിക്കവയും പാലിക്കാതെ തിടുക്കത്തിൽ കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷതര കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി വ്യാഴാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് ഇലക്ഷൻ ഗിമ്മിക്ക് ആണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.കെ.ഫോൺ മുഖേനയുടെ സാർവത്രിക ഇൻ്റർനെറ്റ് കണക്ടീവിറ്റി ഒരു മിഥ്യയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്‌സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് നാലു മണി വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കൾ വിലക്കുറച്ച് ലഭ്യമാക്കുന്നത്. സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10% വരെ വിലക്കുറവ് വിവിധ ഉൽപ്പന്നങ്ങൾക്ക് ലഭിമാക്കും.
സിപിഎമ്മിലെ കത്ത് ചോർച്ച വിവാദം മാധ്യമസൃഷ്ടിയെന്ന് മുതിർന്ന സിപിഎം നേതാവ് എളമരം കരീം. ഇടതുപക്ഷത്തിനെതിരെ തുടർച്ചയായി ആരോപണങ്ങൾ കൊണ്ട് വരാൻ താൽപ്പര്യം ഉള്ള ഒരു വിഭാഗം മാധ്യമങ്ങളുണ്ട്. അത്തരക്കാരുടെ സൃഷ്ടിയാണ് ഈ കത്ത് ചോർച്ച വിവാദമെന്ന് എളമരം കരീം പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിയായതുകൊണ്ടാണ് എംവി ഗോവിന്ദൻ ആക്രമിക്കപ്പെടുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ഏതെങ്കിലും രണ്ട് വാർത്ത വന്നാൽ പത്രങ്ങളിൽ വന്നാൽ പാർട്ടി സെക്രട്ടറിയുടെ മകനെ സംശയ നിഴലിൽ നിർത്തേണ്ടതുണ്ടോയെന്നും സജി ചെറിയാൻ ചോദിച്ചു. ശുദ്ധനമായ മനുഷ്യനാണ് ഗോവിന്ദൻ മാഷ്. സത്യസന്ധനായ മനുഷ്യനാണ്. ഇതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെയില്ല. വഴിയിൽ പോകുന്നവർ അയക്കുന്ന കത്ത് ചോർത്തികൊടുക്കുന്നത് അല്ല എംഎ ബേബിയുടെ പണിയെന്നും സജി ചെറിയാൻ പറഞ്ഞു.
പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാലു പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു.അൻസാർ, ബിലാൽ,റിയാസ്, സഹീർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകരാണ് ഇവരെന്നായിരുന്നു എൻഐഎയുടെ വാദം. ജസ്റ്റിസ് രാജ വിജയരാഘവൻ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം നൽകി ഉത്തരവിട്ടത്. 2022 ഏപ്രിൽ 16നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസൻ കൊല്ലപ്പെടുന്നത്.
പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. വിഎസ്സിന് വയ്യാതായതിനു ശേഷം താനായിരുന്നു ഉദ്ഘാടകനെന്നും മാറ്റം ഉണ്ടായത് ഇത്തവണയാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക അനുസ്മരണ പരിപാടി കഴിഞ്ഞ ശേഷം ജി സുധാകരൻ ഒറ്റയ്ക്ക് വലിയ ചുടുകാടിൽ എത്തുകയായിരുന്നു.
കൊല്ലത്ത് സ്വകാര്യ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉടമ ജീവനൊടുക്കി. അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശി അമൽ ശങ്കറാണ് മരിച്ചത്. കൊല്ലം നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് അമൽ ശങ്കർ. അംഗീകാരമില്ലാത്ത കോഴ്സുകളുടെ പേരിൽ പണം തട്ടിയെന്ന പരാതി സ്ഥാപനത്തിനെതിരെ ഉയർന്നിരുന്നു.
മലപ്പുറത്ത് പതിനേഴുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം വണ്ടൂർ അയനിക്കോടാണ് ഞായറാഴ്ച വൈകിട്ടാണ് സംഭവം.ചെമ്പ്രശേരി സ്വദേശി മുഹമ്മദിന്റെ മകൻ അൻഷിദിനാണ് മർദ്ദനമേറ്റത്. മര്‍ദനത്തിൽ കുട്ടിയുടെ കൈ പൊട്ടി. ശരീരത്തില്‍ മുറിവേറ്റിട്ടുണ്ട്. മര്‍ദനത്തിൽ കുട്ടിയുടെ പുറത്തും പരിക്കേറ്റിട്ടുണ്ട്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിൽ വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒഡിഷയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ രണ്ട് പേരെ തിരുവനന്തപുരത്ത് പൊലീസിൻ്റെ ഡാൻസാഫ് സംഘം പിടികൂടി. വിഴിഞ്ഞം പിറവിളാകം കാവുവിള സ്വദേശി രാജു(48) നെ വിഴിഞ്ഞത്ത് നിന്നും തെരുവ് മൈത്രി മൻസിലിൽ നാസുമുദീൻ (50) നെ ബാലരാമപുരത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്. രാജുവിൻ്റെ ചുമലിൽ തൂക്കിയിട്ടിരുന്ന ബാഗിൽ നിന്ന് 4.2 കിലോ കഞ്ചാവും നാസുമുദ്ദീൻ്റെ കൈയ്യിലുണ്ടായിരുന്ന ബാഗിൽ നിന്ന് 2.5 കിലോ കഞ്ചാവുമാണ് പൊലീസ് പിടികൂടിയത്.
ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ മോഷണത്തിന് കേസെടുത്തു. ബോഡി ബിൽഡിങ് സെന്ററിൽ മോഷണം നടത്തിയെന്ന പരാതിയിലാണ് കേസ്. വിലപ്പെട്ട രേഖകളും 10000 രൂപയും മോഷണം പോയെന്നാണ് പരാതിയിൽ പറയുന്നത്. ജിന്‍റോ ജിമ്മിൽ കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ജിം തുറക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പാലാരിവട്ടം പോലീസാണ് കേസെടുത്തത്.
എഡിജിപി എം ആർ അജിത് കുമാറിനോടുള്ള സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ആശ്വാസ്യ മല്ലാത്ത ചില നടപടികൾ അജിത് കുമാറിന്‍റെ ഭാഗത്ത് നിന്നുണ്ടായി തുടർച്ചയായി ആർഎസ്എസ് നേതാക്കളെ അദ്ദേഹം കണ്ടു .സിപിഐയെ ഒഴിവാക്കികൊണ്ട് പോകാൻ LDF ന് കഴിയില്ല ആ ഘട്ടം വരുമ്പോൾ സിപിഐ ക്ക് നിലപാട് ഉണ്ടെന്ന കാര്യം സിപിഐ പറഞ്ഞിരിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് വടകരയിൽ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. കടമേരി സ്വദേശി അബ്ദുൾ ലത്തീഫ് ആണ് പിടിയിലായത്. വള്ളിക്കാട് കപ്പുഴിയിൽ സുഹൃതത്തിൽ അമൽ കൃഷ്ണയെ (27) ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. ഈ കാർ ഏറാമലയിൽ നിന്ന് ഞായറാഴ്ച്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ വടകര പൊലീസ് ആണ് പിടികൂടിയത്.
കാസർകോട് കുണ്ടംകുഴി സ്കൂളിൽ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കർണ്ണപടം പൊട്ടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഹെഡ്മാസ്റ്റർ എം അശോകനെതിരെ ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകൾ ചേര്‍ത്താണ് കേസ് രജിസ്ട്രര്‍ ബേഡകം പൊലീസാണ് കേസെടുത്തത്. ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുക്കും.
പരസ്യ പ്രതികരണത്തിന് വിലക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് മുന്നറിയിപ്പ് നൽകിയത്. ഡോ. ഹാരിസ് ചിറക്കലിന്റെയും ഡോ മോഹൻദാസിന്റെയും പ്രതികരണങ്ങൾ കണക്കിലെടുത്താണ് നടപടി. പരാതികളുണ്ടെങ്കിൽ മേലധികാരികളെ അറിയിക്കണം. ഇനി പരസ്യമായി പ്രതികരിച്ചാൽ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കണ്ണൂരിലെത്തും. ജസ്റ്റിസ് സി എന്‍ രാമചന്ദൻ, മുൻ ഡിജിപി ജേക്കബ്ബ് പുന്നൂസ് എന്നിവരടങ്ങുന്നതാണ് സമിതി. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെയടക്കം മൊഴിയെടുക്കും.
വിയ്യൂർ സെൻട്രൽ ജയിലില്‍ സഹ തടവുകാര്‍ തമ്മിൽ തല്ലി. തമ്മില്‍ തല്ലില്‍ ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്കേറ്റു. ഇന്നലെയാണ് സംഭവം. രഹിലാൽ എന്ന തടവുകാരനുമായാണ് സംഘർഷം ഉണ്ടായത്.
സംസ്ഥാനത്ത് ഇന്നും മഴ തുടരും. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പാണുളളത്. നാളെയും മിക്ക ജില്ലകളിലും ശക്തമായി മഴ ലഭിക്കും. ബുധനാഴ്ചയ്ക്ക് ശേഷം മഴ കുറയാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍.
ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരിയായ യുവതി നൽകിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. വേടനെതിരെ കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചു. ഇതിന്‍റെ വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂർ പാറക്കണ്ടി ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം. ഔട്ട്ലെറ്റിന്‍റെ പൂട്ടുകള്‍ തകർത്തതാണ് കവര്‍ച്ച നടത്തിയത്. ഔട്ട്ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബിവറേജസ് ഔട്ട്ലെറ്റിനു പുറമേ രണ്ട് കടകളുടെ പൂട്ടുകളും പൊളിച്ച നിലയിലാണ്. പുലർച്ചെ 2.30 ഓടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
ജബൽപൂരിൽ ഇസാഫ് ബാങ്ക് പട്ടാപ്പകൽ കൊള്ളയടിച്ചതിന് പിന്നാലെ പ്രതികൾ സ്വർണ്ണം കടത്തിയത് ബീഹാറിലേക്കെന്ന് സൂചന. പിന്നാലെ മോഷണം പോയ സ്വർണ്ണം കണ്ടെത്താൻ നടപടികൾ തുടങ്ങിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇതിനായി പ്രത്യേക സംഘം ബീഹാറിൽ എത്തി. 15 കിലോ സ്വർണ്ണമാണ് കൊള്ളയടിച്ചത്. അറസ്റ്റിലായ നാല് പ്രതികളും രാജ്ഘട്ടിൽ മറ്റൊരു ബാങ്ക് കൊള്ളയും പദ്ധതിയിട്ടതായാണ് വിവരം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബുള്ളറ്റിൽ മടങ്ങും വഴി 25കാരിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥ അപകടത്തിൽ കൊല്ലപ്പെട്ടു. യുപി പൊലീസ് സബ് ഇൻസ്പെക്ടറായ റിച സചനാണ് മരിച്ചത്. തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റിചയും ബൈക്കും മറിഞ്ഞിരുന്നു. പിന്നാലെ വന്ന കാർ റിചയെ ഇടിച്ചതോടെയാണ് മരണം സംഭവിച്ചത്
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാർത്ഥ് വരദരാജിനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്. ‘ദ വയറി’ന്റെ സ്ഥാപക പത്രാധിപനും മുതിർന്ന മാധ്യമ പ്രവർത്തകനുമാണ് സിദ്ധാർത്ഥ് വരദരാജന്‍. ഇരുവര്‍ക്കും പൊലീസ് സമൻസ് അയച്ചു. ഓഗസ്റ്റ് 22 ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് നിർദേശം. സമൻസിനൊപ്പം എഫ്‌ഐആര്‍ നൽകിയിട്ടില്ലെന്നാണ് വിവരം. കേസിനെക്കുറിച്ചുള്ള ഒരു വിവരവും പൊലീസ് പങ്കുവെച്ചിട്ടില്ല.
കഴിഞ്ഞ വർഷം രാജ്യത്ത് നിന്ന് ഏഴര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് വിദേശത്തേക്ക് പോയെന്ന് കേന്ദ്രസർക്കാരിൻ്റെ കണക്ക്. അഞ്ച് വർഷത്തിനിടെ 30 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് വിദേശത്തേക്ക് പോയത്. ലോക്സഭയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാറാണ് പിസി മോഹൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകിയത്. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ കണക്ക് പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം കേന്ദ്ര സഹമന്ത്രി വെളിപ്പെടുത്തിയത്.
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും. കുളുവിലെ ലാഗ് താഴ്‌വരയിലാണ് മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ട്. തുടർച്ചയായ മേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കവും കാരണം വലിയ പ്രതിസന്ധിയാണ് ഹിമാചൽ പ്രദേശ്.
പിഞ്ചുകുഞ്ഞിനോട് ലൈംഗിക അതിക്രമവുമായി 15കാരൻ. ഉത്തർ പ്രദേശിലെ ബാഗ്പാതിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച 15കാരൻ പിടിയിൽ. വൈദ്യ പരിശോധനയിൽ പിഞ്ചുകുഞ്ഞ് ലൈംഗിക അതിക്രമത്തിന് ഇരയായെന്നാണ് കണ്ടെത്തിയത്. പിന്നാലെ 15കാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ ഇന്നുമുതൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുക.ബില്ലുകളില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സംബന്ധിച്ച് 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയത്.
ഇന്ത്യയ്ക്കുള്ള പിഴ തീരുവയെ ന്യായീകരിച്ച് ഡോണൾഡ് ട്രംപിൻറെ ഉപദേഷ്ടാവ് പീറ്റർ നവാറോ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി മറിച്ച് വിറ്റ് ലാഭം കൊയ്യുന്നുവെന്ന് ഇന്ത്യയെ കുറ്റപ്പെടുത്തിയ അദ്ദേഹം റഷ്യയുമായും ചൈനയുമായും ഇന്ത്യ അടുക്കാൻ നോക്കുന്നെന്നും കുറ്റപ്പെടുത്തി. ഇന്ത്യയ്ക്ക് വേദനിക്കുന്നിടത്താണ് അടിച്ചതെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫിനാൻഷ്യൽ ടൈംസിലായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.
ലോകം ഉറ്റുനോക്കിയ ട്രംപ് സെലൻസ്കി ഉച്ചകോടിയിൽ സമാധാന പ്രഖ്യാപനമുണ്ടായില്ല. വൈറ്റ് ഹൗസിൽ നടന്ന യുക്രെയിൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് വൻ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചത്. വെടിനിർത്തലടക്കമുള്ള പ്രഖ്യാപനങ്ങളും കൂടിക്കാഴ്ചയിൽ ഉണ്ടായില്ല. അതേസമയം, യുക്രെയ്ന് ഭാവിയിൽ സുരക്ഷാ ഉറപ്പ് നൽകാൻ ധാരണയായി.
മുംബൈയിൽ കനത്ത മഴ തുടരുന്നു. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. റോഡ്, ട്രെയിൻ, വ്യോമയാന സർവീസുകളെ മഴ ബാധിച്ചു. റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയോടെ ട്രെയിൻ സർവീസും മന്ദഗതിയിലാണ്. 155 വിമാന സർവീസുകൾ വൈകി. 9 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.
ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായി, വളം, റെയര്‍ എര്‍ത്ത് മിനറല്‍സ്, തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ചൈന ഇന്ത്യക്ക് ഉറപ്പ് നല്‍കി. ചൈനീസ് വിദേശകാര്യ മന്ത്രി നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഈ വിഷയത്തില്‍ അനുകൂലമായ തീരുമാനം എടുക്കുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ അറിയിച്ചത്.
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായി ഇന്ത്യ യാചിക്കാന്‍ നിര്‍ബന്ധിതരായെന്ന് പാക് സൈനിക മേധാവി അസിം മൂനീര്‍. ബെല്‍ജിയത്തില്‍ നടന്ന ഒരു പരിപാടിയിലാണ് അസീം മുനീര്‍ അവകാശവാദം ഉന്നയിച്ചത്. ഇന്ത്യയുടെ നിര്‍ബന്ധം കാരണമാണ് പ്രശ്‌നത്തില്‍ ട്രംപ് ഇടപെട്ടതെന്നും അസീം മുനീര്‍ പറഞ്ഞു.