മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ തെരുവിലെ പ്രതിഷേധത്തിലേക്ക് അടക്കം എത്തി നിൽക്കുന്ന വേളയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഭാരതാംബ വിവാദവും കേരള അടക്കം സർവകലാശാലയിലെ പ്രതിസന്ധിയുമടക്കം ചർച്ചയോ എന്നതിൽ വ്യക്തതയായിട്ടില്ല.
സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതി സംബന്ധിച്ച് ലഭിച്ച വിവരങ്ങളെ തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തി. “ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിലായിരുന്നു പരിശോധന. സംസ്ഥാനത്തെ 17 റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും 64 സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലുമായി പരിശോധന നടന്നു.21 ഉദ്യോഗസ്ഥർ വിവിധ ഏജൻ്റുമാരിൽ നിന്ന് 7,84,598 രൂപ യുപിഐ ഇടപാടിൽ നിയമവിരുദ്ധമായി കൈപ്പറ്റിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന വെള്ളാപ്പള്ളി നടേശന്‍റെ വർഗ്ഗീയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരമാണ്. ശ്രീനാരായണഗുരുവും എസ്എൻഡിപി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധമാണിത്. മതനിരക്ഷേ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയുമെന്ന് എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു .
വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും സതീശൻ ആരോപിച്ചു. പിണറായി വിജയൻ പറഞ്ഞു കൊടുക്കുന്നതാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്. മത സാമുദായിക നേതാക്കൾ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകളിൽ നിന്ന് സമുദായ നേതാക്കൾ പിന്മാറണം എന്നും വീഡി സതീശൻ പറഞ്ഞു..
വെള്ളാപ്പള്ളി നടേശൻ്റെ വിവാദ പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവന. മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ജാഗ്രതയോടെ കാണണമെന്ന് പ്രസ്താവനയിൽ പറയുന്നു. വെള്ളാപ്പള്ളി നടേശൻ്റെ പേരെടുത്ത് പറയാതെയുള്ള പ്രസ്താവനയിൽ എസ്എൻഡിപി യോഗം മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകണമെന്നാണ് ആവശ്യപ്പെടുന്നത്.
വെള്ളാപ്പള്ളി നടേശൻ ഇടക്കിടെ ഓരോന്ന് പറയുന്നതുകൊണ്ട് അദ്ദേഹത്തിൻ്റെ പ്രസംഗം ഗൗരവത്തിലെടുക്കുന്നില്ലെന്ന് പാണക്കാട് സാദിഖലി തങ്ങൾ. അതൊന്നും ജനങ്ങൾ ഏറ്റെടുക്കില്ല. കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷം സൗഹൃദത്തിൻ്റെ അന്തരീക്ഷമാണ്. സാമുദായിക നേതാക്കളും മത നേതാക്കളും ആ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്നും സാദിഖലി തങ്ങൾ ഓർമിപ്പിച്ചു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി എൻ വാസവൻ. വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്നാണ് വാസവന്റെ പുകഴ്ത്തൽ. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നിർഭയ നിലപാടുകൾ പറയുന്നയാളാണ് വെള്ളപ്പള്ളി നടേശൻ. ഭാവനാ സമ്പന്നനും ദീർഘവീക്ഷണവുമുള്ള വെള്ളാപ്പള്ളി, കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ് എൻ ഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും വാസവൻ അഭിപ്രായപ്പെട്ടു.
വർഗീയ പരാമർശ വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. തന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷം നിലനിൽക്കുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി, കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയുമെന്നും വ്യക്തമാക്കി. ഞാൻ പാവങ്ങൾക്കു വേണ്ടി നിൽക്കുന്നവനാണ്. പണക്കാർക്ക് എന്നെ ഇഷ്ടമല്ല. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങൾ പടർന്നുപന്തലിച്ചു. അസംഘടിത സമുദായം തകർന്ന് താഴെ വീണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
എംപി ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ. കോൺഗ്രസിന്‍റെ രക്തം സിരകളിൽ ഓടുന്ന ഒരാളും ഇന്ദിരാ ഗാന്ധിയെ വിമർശിക്കാൻ തയാറാകില്ലെന്ന് കാസര്‍കോട് എംപിയായി രാജ്മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു. കോൺഗ്രസിന്‍റെ ദോഷൈകദൃക്കുകൾ അല്ലാതെ മറ്റാരും ശശി തരൂരിനെ പിന്തുണയ്ക്കില്ല. കോൺഗ്രസ് പാർട്ടിയെ കൊണ്ട് നേടാവുന്നതെല്ലാം ശശി തരൂർ നേടിയിട്ടുണ്ട്. പാർട്ടി പുറത്താക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്തതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പി എം ശ്രീ കേന്ദ്രീയ വിദ്യാലയങ്ങളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് നിലവിൽ പുസ്തകങ്ങളില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്.വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തി അടിയന്തരമായി പാഠപുസ്തകങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കാലിക്കറ്റ് സർവകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയിൽ നിന്ന് വേടൻ, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങൾ നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാർശയെ അപലപിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവമ്പാടിയിൽ മുസ്ലിം ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് വിമതർ രംഗത്ത്. മുസ്ലിം ലീഗ് അച്ചടക്ക നടപടി എടുത്തവർ തിരുവമ്പാടിയിൽ യോഗം ചേരുകയാണ്. പാർട്ടിയുടെ കൊടിയും ചിഹ്നവും ഉപയോഗിച്ചാണ് പരിപാടി. പാർട്ടിയുടെ വിവിധ ഘടകങ്ങൾക്ക് രൂപം നൽകാനാണ് യോഗം വിളിച്ചതെന്ന് വിമത നേതാക്കൾ വ്യക്തമാക്കി.
നിപ ജാഗ്രതയെ തുടർന്ന് പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന 18 വാർഡുകളിലെയും കുമരംപുത്തൂർ, കാരാക്കുറുശ്ശി, കരിമ്പുഴ, മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലേയും നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്.
വിതുര താലൂക്ക് ആശുപത്രിയിലെ രോഗിയുടെ മരണത്തിലേക്ക് നയിച്ച യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ നേതാക്കൾ. ഇത് അതിദാരുണമായ മരണമെന്നും യൂത്ത് കോൺഗ്രസിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും വികെ സനോജും ഷിജൂഖാനും ദില്ലിയിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് ഇങ്ങനെ അധപതിക്കാൻ പാടില്ലെന്നും അവർ കുറ്റപ്പെടുത്തി.വെള്ളാപ്പള്ളിയുടെ പ്രസ്താവനയെയും ഡിവൈഎഫ്ഐ നേതാക്കൾ തള്ളി.
നിപ സംശയത്തെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 15കാരിയുടെ പരിശോധന ഫലം നെഗറ്റീവ്. ഇതോടെ പെൺകുട്ടിക്ക് നിപ അല്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് നിപ അല്ലെന്ന് തെളിഞ്ഞത്. കുട്ടിക്ക് തലച്ചോറിനെ ബാധിച്ച വൈറൽ പനിയാണെന്നും വിദഗ്ധ ചികിത്സ തുടരുന്നതായും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
കേസുകളിൽ വിധി എഴുതാനോ തീർപ്പിൽ എത്താനോ എ.ഐ ഉപയോഗിക്കരുതെന്ന് ജഡ്ജിമാര്‍ക്ക് കേരള ഹൈക്കോടതി നിര്‍ദ്ദേശം. ഈ വിഷയത്തിൽ കർശന മാർഗ്ഗ നിർദ്ദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചു. നിയമപരമായ കുറിപ്പുകളോ മറ്റോ വിവർത്തനം ചെയ്യാൻ എഐ ടൂൾ ഉപയോഗിക്കുമ്പോൾ, വിവർത്തനം ജഡ്ജിമാർ സ്വയം പരിശോധിക്കണം.എഐ ഉപയോഗിക്കുന്ന എല്ലാ സാഹചര്യങ്ങളുടെയും വിശദമായ രേഖകൾ കോടതികൾ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നു.
ക്രൈം കോണ്‍ഫറന്‍സില്‍ വൈകിയെത്തിയതിനും യോഗത്തിനിടെ ഉറങ്ങിയതിനും സിഐമാര്‍ക്കും പൊലീസുകാരിക്കും എറണാകുളം ജില്ലാ പൊലീസ് മേധാവി പത്ത് കിലോമീറ്റര്‍ ഓടാന്‍ ശിക്ഷ വിധിച്ചതായി ആരോപണം. കഴിഞ്ഞാഴ്ച നടന്ന കോണ്‍ഫറന്‍സിനിടെയായിരുന്നു നടപടി. ശിക്ഷ സ്വീകരിച്ച് സിഐമാരിലൊരാള്‍ ഓടുകയും ചെയ്തു. എറണാകുളം റൂറൽ പൊലീസ് മേധാവിക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് കേരള പൊലീസ് ഓഫീസർസ് അസോസിയേഷൻ. എന്നാല്‍ റണ്ണിംഗ് ചലഞ്ചിന്‍റെ ഭാഗമായി തമാശയ്ക്ക് പറഞ്ഞതെന്നാണ് റൂറല്‍ പൊലീസിന്‍റെ വിശദീകരണം.
മാസപ്പടി കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ പേരെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി, സിഎംആർഎൽ കമ്പനി, എക്‌സാലോജിക്ക് ഉൾപ്പെടെ 13 പേരെ കൂടി കക്ഷിയാക്കാനാണ് നിർദേശിച്ചത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
സ്കൂൾ വിദ്യാര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ചര്‍ച്ച. സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകൾ ശക്തമായി എതിർത്തിരുന്നു. സമരം അടക്കം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം,
കേരള സര്‍വകലാശാലയിലെ തര്‍ക്കം തുടരുന്നു. സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെഎസ് അനിൽ കുമാറിനെ പുറത്താക്കാതെ സിന്‍ഡിക്കറ്റ് യോഗം വിളിക്കില്ലെന്ന് നിലപാടിൽ ഉറച്ച് നിൽക്കുന്ന വി.സി ഡോ മോഹൻ കുന്നുമ്മൽ, സസ്പെന്‍ഷൻ പിന്‍വലിച്ച് അനിൽകുമാറിന് ചുമതല കൈമാറുന്നതായി ഓഫീസ് ഓർഡർ ഇറക്കിയ ജോയിന്‍റ് രജിസ്ടാര്‍ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.
ആലപ്പുഴ കാർത്തികപ്പള്ളിയിൽ യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. ശക്തമായ മഴയിൽ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.
കാര്‍ത്തിക പള്ളിയിൽ തകര്‍ന്നു വീണ സ്കൂൾ കെട്ടിടം പ്രവര്‍ത്തിക്കുന്നതായിരുന്നില്ലെന്ന പ്രധാന അദ്ധ്യാപകൻ ബിജുവിന്റെ വാദം തള്ളി വിദ്യാര്‍ത്ഥികളും നാട്ടുകാരും. ഇവിടെ ക്ലാസുകൾ കഴിഞ്ഞ ആഴ്ച വരെ പ്രവര്‍ത്തിച്ചിരുന്നു, അപകടം നടന്നതിന് പിന്നാലെ ക്ലാസ് റൂമുകളിലെ ബെഞ്ചും ഡെസ്ക്കും എടുത്ത് മാറ്റിയെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് പ്രതിഷേധം ശക്തമാണ്.
പെരുമ്പാവൂർ ഒക്കൽ ഗവ. എൽപി സ്കൂൾ മതിലിന്റെ ഒരു ഭാഗം തകർന്നു വീണു. ശക്തമായ മഴയെ തുടർന്നാണ് മതിൽ തകർന്നത്. സ്കൂളിന് പുറകിലുള്ള കനാൽ ബണ്ട് റോഡിലേക്കാണ് മതിൽ വീണത്. ഇന്ന് അവധി ദിവസമായതിനാൽ വലിയ ദുരന്തം ഒഴിവായി.
ഇത്തവണയും ഓണത്തിന് മഞ്ഞ കാര്‍ഡുടമകൾക്ക് ഓണ കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ. മഞ്ഞ റേഷൻ കാർഡുകളുള്ള ആറ് ലക്ഷം കുടുംബങ്ങൾക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകും. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരു കിറ്റ് സൗജന്യമായി ലഭിക്കും.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് തുറന്ന കത്തുമായി റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ സി പി എം പ്രവർത്തൻ രംഗത്ത്. ബൈക്ക് യാത്രക്കിടെ ഒറ്റപ്പാലം – മണ്ണാർക്കാട് റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ പിലാത്തറ സ്വദേശി കബീറിനാണ് ഫേസ്ബുക്കിലൂടെ മന്ത്രിക്ക് തുറന്ന കത്തുമായി രംഗത്തെത്തിയത്. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന്‍റെ കാരണമെന്നും ഉദ്യോഗസ്ഥ അനാസ്ഥക്ക് പരിഹാരം കാണണമെന്നുമാണ് കബീർ ആവശ്യപ്പെട്ടിരിക്കുന്നത്.
മകൾ ക്രൂരപീഡനം നേരിട്ടിരുന്നുവെന്ന് ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശി അതുല്യയുടെ അമ്മ തുളസീഭായ്. മകളെ ഉപദ്രവിച്ച ശേഷം മാപ്പ് പറഞ്ഞ് വീണ്ടും കൂടെ നിർത്തും. . പലവട്ടം മകളോട് തിരിച്ചുവരാൻ പറഞ്ഞതാണെന്നും തുളസീഭായ് പറഞ്ഞു. മകളെ ഓർത്താണ് അതുല്യ എല്ലാം സഹിച്ചത്. മകളുടെ ഭര്‍ത്താവ് സതീഷ് മനുഷ്യമൃഗമാണെന്നാണ് അച്ഛൻ രാജശേഖരൻ പിളള പ്രതികരിച്ചത്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അച്ഛന്‍ പറഞ്ഞു.
ഷാര്‍ജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തിൽ ഭര്‍ത്താവ് സതീഷിനെതിരെ കൂടുതൽ ആരോപണം. അതുല്യയുടെ കല്യാണത്തിനുശേഷം പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സതീഷിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ സുഹൃത്തിന്‍റെ വെളിപ്പെടുത്തൽ.
കൊച്ചി വടുതലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ദമ്പതിമാരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പരിക്കേറ്റ ക്രിസ്റ്റഫറിന്‍റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ഭാര്യ മേരിയും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണ്.
നിയമ സഭയിലിരുന്ന് റമ്മി കളിച്ച് മഹാരാഷ്ട്രയിലെ കൃഷിമന്ത്രി മണിക്റാവു കൊകാതെ. മൊബൈൽ ഫോണിൽ ജംഗ്ലീ റമ്മീ കളിക്കുന്ന മന്ത്രിയുടെ വീഡിയോ ദൃശ്യങ്ങൾ ഞായറാഴ്ചയാണ് പുറത്ത് വന്നത്. എൻസിപി (എസ്പി) വിഭാഗം നേതാവ് രോഹിത് പവാറാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കൃഷി മന്ത്രിക്ക് ജോലിയൊന്നും ഇല്ലാത്തതിനാൽ റമ്മി കളിച്ച് സമയം കൊല്ലുന്നുവെന്നാണ് രോഹിത് പവാർ വീഡിയോ പങ്കുവച്ച് വിശദമാക്കിയത്.
കഴിഞ്ഞ ഏപ്രിലിൽ ആഗ്രയിൽ നിന്ന് തട്ടിക്കൊണ്ടുപോയ എട്ടുവയസ്സുകാരൻ്റെ മൃതദേഹം രാജസ്ഥാനിലെ മണിയ ഗ്രാമത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രാജസ്ഥാൻ പൊലീസിന്റെ സഹായത്തോടെ ആഗ്ര പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. ആഗ്രയിലെ വിജയ് നഗറിലെ ട്രാൻസ്പോർട്ട് സ്ഥാപന ഉടമ വിജയ് പ്രതാപിന്റെ മകനും ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ അഭയ്, ഏപ്രിൽ 30-ന് വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ കാണാതാവുകയായിരുന്നു.
മുംബൈ ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കം രൂക്ഷമായ ഭാഷാ തര്‍ക്കത്തിലേക്ക് മാറി. മറാത്തി സംസാരിക്കാത്ത സ്ത്രീയെ ‘മറാത്തി അറിയില്ലെങ്കിൽ മുംബൈയിൽ നിന്ന് പുറത്തുപോ’ എന്ന് മറ്റൊരു സ്ത്രീ ആക്രോശിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സെൻട്രൽ ലൈനിലെ തിരക്കേറിയ ലേഡീസ് കോച്ചിലാണ് സംഭവം.
ബിജെപിയുമായി ചേർന്ന് സർക്കാറുണ്ടാക്കാൻ ഞങ്ങൾ വിഡ്ഢികളല്ലെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസ്വാമി. 2026ൽ എഐഎഡിഎംകെ ഒറ്റയ്ക്ക് സർക്കാരുണ്ടാക്കുമെന്നും ഇപിഎസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2026ൽ എഐഎഡിഎംകെ ഒറ്റയ്ക്ക് സർക്കാരുണ്ടാക്കും. ബിജെപിയുമായി ചേർന്ന് സർക്കാറുണ്ടാക്കാൻ മാത്രം ഞങ്ങൾ വിഡ്ഢികളല്ലെന്നും ഇപിഎസ് തുറന്നടിച്ചു.
ഉത്തർപ്രദേശിലെ മിർസാപുർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് ചോദിച്ച സിആർപിഎഫ് ജവാന് കൻവാർ തീർത്ഥാടകരുടെ ക്രൂരമർദ്ദനം. സംഭവത്തിൽ ഏഴു തീർത്ഥാടകരെ അറസ്റ്റ് ചെയ്തു. തീർഥാടകർ ജവാനെ വളഞ്ഞിട്ട് മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. വീഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തലിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് കര്‍ണാടക സർക്കാർ ഉത്തരവിറക്കി. ഡിജിപി പ്രണബ് മൊഹന്തി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. ഐജി എം എൻ അനുചേത്, ഡിസിപി സൗമ്യലത, എസ് പി ജിതേന്ദ്രകുമാർ ദായം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങൾ.
തൃശൂർ ജില്ലയിലെ റോഡുകളിലെ കുഴികള്‍ അടിയന്തരമായി അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡിലെ കുഴികള്‍ മൂലം എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ ദുരന്തനിവാരണനിയമം 2005 ലെ സെക്ഷന്‍ 51 (ബി) പ്രകാരം നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.
തമിഴ്നാട് കരൂരിലെ സർക്കാർ ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. 27 വയസുകാരി ശ്രുതിയാണ് മരിച്ചത്. പുലർച്ചെ നാലരയോടെ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതി വിശ്രുത് ഒളിവിൽ പോയെന്നും ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.
മിഷൻ അസ്മിത’ എന്ന പേരിൽ പൊലീസ് നടത്തിയ നടപടിയിൽ ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിച്ചുവെന്നാരോപിച്ച് ആറ് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നായി 10 പേരെ ഉത്തർപ്രദേശ് അറസ്റ്റ് ചെയ്തു. ഗോവ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ദില്ലി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി ഒരേസമയം 11 റെയ്ഡുകൾ നടത്തിയതിനു ശേഷമാണ് അറസ്റ്റ്.
കാനഡയിലുള്ള യുവതിയുമായി വിവാഹം വാഗ്ദാനം ചെയ്ത് നിരവധി കുടുംബങ്ങളെ കബളിപ്പിച്ച വൻ തട്ടിപ്പ് സംഘത്തെ പഞ്ചാബിലെ ഖന്ന പൊലീസ് പിടികൂടി. അമ്മയും മകളും ചേര്‍ന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. സുഖ്ദർശൻ കൗർ, മകൾ ഹർപ്രീത് കൗർ എന്ന ഹാരി എന്നിവരാണ് പ്രതികൾ. വിവാഹശേഷം വിദേശത്ത് സ്ഥിരതാമസമാക്കാം എന്ന വാഗ്ദാനം നൽകി പഞ്ചാബിലെ യുവാക്കളെയും അവരുടെ കുടുംബങ്ങളെയും ഇവർ ലക്ഷ്യം വയ്ക്കുകയായിരുന്നു.
ഹരിയാനയിലെ സ്കൂളുകളിൽ രാവിലെ നടക്കുന്ന അസംബ്ലികളിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ ഈശ്വര പ്രാർത്ഥനയോടൊപ്പം ചൊല്ലണമെന്ന് സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്‍റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ഹരിയാന വിദ്യാഭ്യാസ ബോർഡ് എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കും കത്തയച്ചു. വിദ്യാർത്ഥികളുടെ ധാർമികവും മാനസികവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സമഗ്രമായ വികസനത്തിന് സഹായിക്കുന്നതിനുമാണ് ഈ തീരുമാനമെന്നാണ് ബോർഡ് ചെയർമാൻ അഭിപ്രായപ്പെട്ടത്.
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിൻ്റെ പിൻഭാഗത്തെ പരിശോധനയിലാണ് കണ്ടെത്തല്‍. പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങൾ കത്തിയത് വൈദ്യുതി തകരാർ മൂലമുള്ള തീപിടുത്തത്തിലാണോയെന്നും സംശയിക്കുന്നു.
റഷ്യയെ നടുക്കി ഒറ്റ മണിക്കൂറിൽ അഞ്ച് ഭൂചലനങ്ങൾ. റഷ്യയുടെ കംചാട്ക തീരത്താണ് 7.4 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. റഷ്യയുടെ കിഴക്കൻ മേഖലയിലെ കംചാട്ക തീരത്തിനടുത്ത് ശക്തമായ ഭൂകമ്പങ്ങളെ തുടർന്ന് സുനാമി മുന്നറിയിപ്പടക്കം പുറപ്പെടുവിച്ചു. 300 കിലോമീറ്റർ വരെ ദൂരത്തിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത ഉയർന്നതായി മുന്നറിയിപ്പ് നൽകി.
ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. മറ്റൊരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയതായും നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
വിഫ ചുഴലിക്കാറ്റിന്റെ ആഘാതത്തെ നേരിടാൻ തയാഖായി ഹോങ്കോങ്. കൊടുങ്കാറ്റ് വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തി. കനത്ത വെള്ളപ്പൊക്കത്തിനും ശക്തമായ മഴക്കും കാരണമാകുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വിഫ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് പേൾ റിവർ ഡെൽറ്റയിലേക്ക് നീങ്ങി. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച 270 വിമാന സർവീസുകൾ റദ്ദാക്കിയതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു .
കോൾഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെ സഹപ്രവർത്തകയെ ആലിംഗനം ചെയ്ത വീഡിയോ പ്രചരിച്ചതിനെ തുടർന്നുണ്ടായ ‘കിസ് കാം’ വിവാദങ്ങൾക്ക് പിന്നാലെ പ്രമുഖ ക്ലൗഡ് കമ്പനിയായ ആസ്‌ട്രോണമർ സിഇഒ ആൻഡി ബൈറൺ രാജിവെച്ചു. നേരത്തെ കമ്പനി അദ്ദേഹത്തിന് നിർബന്ധിത അവധി നൽകിയിരുന്നു. ബൈറണിന്റെ രാജി സ്ഥിരീകരിച്ച് കമ്പനി പ്രസ്താവനയിറക്കി. കമ്പനിയുടെ സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫീസറുമായ പീറ്റ് ഡിജോയ് ഇടക്കാല സി.ഇ.ഒ. ആയി നിയമിച്ചെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയുടെ അതിർത്തിക്കടുത്തുള്ള തെക്കുകിഴക്കൻ ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ കൂറ്റൻ അണക്കെട്ട് നിർമ്മാണം ആരംഭിച്ചു. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഡിസംബറിലാണ് ചൈനീസ് ഭരണകൂടം പദ്ധതിക്ക് അംഗീകാരം നൽകിയത്. പദ്ധതിയെ ഇന്ത്യ എതിർത്തിരുന്നു.
ഉഭയകക്ഷി വ്യാപാര കരാറിനായുള്ള അഞ്ചാം റൗണ്ട് ചർച്ചകൾ അവസാനിപ്പിച്ച് ഇന്ത്യൻ സംഘം തിരിച്ചെത്തി. അമേരിക്കയുമായുള്ള പുതിയ വ്യാപാരക്കരാറുകളെ കുറിച്ചുള്ള ചർച്ച നാല് ദിവസം നീണ്ടുനിന്നു. വാഷിംഗ്ടണിൽ ആണ് ഇന്ത്യ, അമേരിക്ക പ്രതിനിധികൾ യോഗം ചേർന്നത്. ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്ററും വാണിജ്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറിയുമായ രാജേഷ് അഗർവാളാണ് ചർച്ചകൾക്കുള്ള ടീമിനെ നയിക്കുന്നത്.
തന്ത്രപ്രധാനമായ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ വിദേശ ചാര ഏജന്‍സികള്‍ കടത്തിക്കൊണ്ടുപോവുകയാണെന്ന ആരോപണവുമായി ചൈനയുടെ സുരക്ഷാ മന്ത്രാലയം. അമേരിക്കയുമായി അടുത്തിടെ നടന്ന വ്യാപാര ചര്‍ച്ചകള്‍ക്കൊടുവില്‍ ഈ നിര്‍ണായക വ്യവസായ വിഭവങ്ങളുടെ കയറ്റുമതി അപേക്ഷകള്‍ പുനഃപരിശോധിക്കാന്‍ ചൈന സമ്മതിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.
ഇന്ത്യന്‍ സേനയുടെ കരുത്തുകൂട്ടാന്‍ എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളെത്തുന്നു. മൂന്ന് എഎച്ച് 64 ഇ ഹെലികോപ്ടറുകള്‍ അടുത്ത രണ്ടുദിവസത്തിനകം സേനയുടെ ഭാഗമാകും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ രാജസ്ഥാനിലെ ജോധ്പുരിലെത്തിക്കുന്ന ഹെലികോപ്ടറുകള്‍ ജൂലൈ 22-ന് സേനയിലേക്ക് ഔദ്യോഗികമായി ചേര്‍ക്കപ്പെടുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
120 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയേ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദക്ഷിണ കൊറിയയിൽ കൊല്ലപ്പെട്ടത് 14 പേർ. മഴക്കെടുതിയിലും മണ്ണിടിച്ചിലിലും മരണ സംഖ്യ ഇനിയും ഉയരുമെന്ന സൂചനയാണ് ദുരന്ത നിവാരണ മാനേജ്മെന്റിനെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യമങ്ങൾ നൽകുന്നത്. 12ലേറെ പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം ഇനിയും അവസാനിച്ചിട്ടില്ല.