കേരള സർവകലാശാലയിലെ രജിസ്ട്രാർ വിവാദം തുടരുന്നു. സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെഎസ് അനിൽ കുമാറിനെ പുറത്താക്കാതെ സിന്‍ഡിക്കറ്റ് യോഗം വിളിക്കില്ലെന്ന് നിലപാടിൽ ഉറച്ച് നിൽക്കുന്ന വി.സി ഡോ മോഹൻ കുന്നുമ്മൽ, സസ്പെന്‍ഷൻ പിന്‍വലിച്ച് അനിൽകുമാറിന് ചുമതല കൈമാറുന്നതായി ഓഫീസ് ഓർഡർ ഇറക്കിയ ജോയിന്‍റ് രജിസ്ടാര്‍ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.രജിസ്ട്രാറുടെ എല്ലാ ചുമതലയും ഫയൽ ആക്സസും താല്‍ക്കാലിക രജിസ്ട്രാര്‍ മിനി കാപ്പന് കൈമാറണമെന്നും വിസി ആവശ്യപ്പെടുന്നു.

കേരളത്തിലെ സ‍ര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവ‍ര്‍ണര്‍-സ‍ര്‍ക്കാര്‍ പോര് കടുക്കുന്ന സാഹചര്യത്തിൽ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം പോളിറ്റ് ബ്യൂറോ. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങൾ അട്ടിമറിക്കാൻ ഗവർണ്ണറും കേന്ദ്ര സർക്കാരും ശ്രമിക്കുകയാണെന്ന് പി.ബി. കുറ്റപ്പെടുത്തി. ഗവർണ്ണർ രാജേന്ദ്ര അർലേക്കർ ഭരണഘടന പദവി ദുരുപയോഗം ചെയ്യുകയാണെന്നും സംസ്ഥാന സർക്കാരിന്റെ സുഗമമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും സി.പി.എം പ്രസ്താവനയിൽ വ്യക്തമാക്കി.

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈൻ നീക്കം ചെയ്തു. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിൽ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു.

കൊല്ലം തേവലക്കരയിലെ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരു പാവം പ്രിൻസിപ്പാളിനെ സസ്‌പെൻഡ് ചെയ്യുകയല്ല വേണ്ടതെന്നും കോട്ടയത്തെ ബിന്ദുവിന്റെയും കൊല്ലത്തെ മിഥുന്റെയും മരണത്തിന് സർക്കാരും ഉദ്യോഗസ്ഥരുമാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്തെ സ്കൂൾ വിദ്യാ‌ർഥി മിഥുന്‍റെ ദാരുണ മരണത്തിന് പിന്നാലെ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന സമയ ബന്ധിതമായി നടത്താന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിര്‍ദ്ദേശം നല്‍കി. അടുത്തകാലത്ത് നടന്ന വിവിധ വൈദ്യുതി അപകടങ്ങളുടെ കാരണങ്ങള്‍ പരിശോധിച്ചതിൽ വൈദ്യുതി ലൈനുകളുടെ സുരക്ഷാ പരിശോധന വീഴ്ച കൂടാതെ നടത്തി ഉചിത പരിഹാര നടപടികൾ ഊർജ്ജിതമാക്കേണ്ടതുണ്ടെന്ന് കാണുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 581 പേ‍ർ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 63 പേരും പാലക്കാട് 420 പേരും കോഴിക്കോട് 96 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 14 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. കണ്ടൈന്‍മെന്റ് സോണ്‍ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിനോട് തീരുമാനം അറിയിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വീണ്ടും വിജിലൻസിന്റെ മിന്നൽ പരിശോധന. വൈകിട്ട് 4:30 മുതൽ സംസ്ഥാനത്തെ 81 മോട്ടോർ വാഹന ഓഫീസുകളിലാണ് ഒരേ സമയം പരിശോധന ആരംഭിച്ചത്. ഓപ്പറേഷൻ ക്ലീൻ വീൽസ്’ എന്ന പേരിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയാണ് റെയ്ഡ് നടത്തുന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുക്കിയ കെണിയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ആഴക്കടല്‍ മത്സ്യബന്ധന നയത്തിനെതിരെയും, കടല്‍ മണല്‍ ഖനന നടപടികള്‍ക്കെതിരേയും, അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

സ്വകാര്യ ബസിന്റെ അമിതവേഗതക്ക് ഒരു ഇര കൂടി. പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അബ്ദുൾ ജബാദാണ് (19) മരിച്ചത്. ബൈക്കിനെ മറികടക്കുന്നതിനിടെ, ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ലാസ്റ്റ് ​ഗ്രേഡ് സെർവന്‍റ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന അവസാന മണിക്കൂറുകളിലും പരമാവധി പേർക്ക് നിയമനം ഉറപ്പാക്കിയെന്ന് സംസ്ഥാന സർക്കാർ. അവസാന 24 മണിക്കൂറിൽ വിവിധ വകുപ്പുകളിലായി 1200ഓളം ഒഴിവിൽകൂടി നിയമനം സാധ്യമാക്കിയാണ് കേരള പിഎസ്‍സി പുതുചരിത്രം കുറിച്ചത്.

ശബരിമലയിലെ വിവാദ ട്രാക്ടർ യാത്രയിൽ എഡിജിപി എംആ‍ര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായതായി ഡിജിപി റവാഡ ചന്ദ്രശേഖ‍ര്റിന്റെ അന്വേഷണ റിപ്പോർട്ട്. ചട്ടം ലംഘിച്ച് ശബരിമല സന്നിധാനത്ത് ട്രാക്ടർ യാത്ര നടത്തിയതായി എഡിജിപി സമ്മതിച്ചു. ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഡിജിപി കർശന നിർദ്ദേശം നൽകിയതായാണ് വിവരം.

സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ ഒമ്പത് വരെ സംഘടിപ്പിക്കാൻ തീരുമാനം. സെപ്റ്റംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലായി തീവ്രന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. ജൂലൈ 24ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ജൂലൈ 19,20 തീയതികളിൽ അതിതീവ്ര മഴയ്ക്കും ജൂലൈ 19 മുതൽ 21 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാല്‍ മതി കേരള സര്‍ക്കാരെന്ന നിലയിലേക്കെത്തി കാര്യങ്ങളെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍കോട്ടയത്ത് നടന്ന എസ്എന്‍ഡിപി യോഗം നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർകോട് പാണത്തൂർ മഞ്ഞടുക്കം പുഴയിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം. കർണാടക ബൽഗാം സ്വദേശി ദുർഗപ്പയെ (18) ആണ് കാണാതായത്. പോകുന്ന വഴിയുള്ള ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് സംശയം. ഫയർഫോഴ്സ് തെരച്ചിൽ നടത്തിവരുന്നു.

കെ എസ് ആർ ടി സിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന കെ എസ് ആർ ടി സി ട്രാവൽ കാർഡ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 100961 പേർ. കാർഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാൽ അഞ്ച് ലക്ഷത്തോളം ട്രാവൽ കാർഡുകളാണ് കെ എസ് ആർ ടി സി ഉടൻ എത്തിക്കുന്നത്.

ഇരിങ്ങാലക്കുടയില്‍ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവിന്‍റെ ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രി ആര്‍ ബിന്ദുവിന്റെ അനാസ്ഥ മൂലം കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്തിലായെന്നും ആരോപിച്ചാണ് കെ എസ് യു ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യഭ്യാസ മന്ത്രിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്.

ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റ് മെനുവിൽ നിന്ന് ചിക്കൻ വിഭവങ്ങൾ നീക്കം ചെയ്തു. നിലവിൽ നടന്നുവരുന്ന ശ്രാവണ മാസത്തിലെയും കാൺവാർ യാത്രയുടെയും പശ്ചാത്തലത്തിൽ മാംസാഹാരം വിൽക്കുന്നതിനെതിരെ ഹിന്ദു രക്ഷാ ദൾ നടത്തിയ പ്രതിഷേധങ്ങളെ തുടർന്ന് ചിക്കൻ വിഭവങ്ങൾ ഒഴിവാക്കിയത്. ഇന്ദിരാപുരം മേഖലയിലാണ് പ്രതിഷേധം ആരംഭിച്ചത്.

ട്രാൻസ്‌ജെൻഡർ ‘നേഹ’ എന്ന വ്യാജേന കഴിഞ്ഞ എട്ട് വർഷമായി ഭോപ്പാലിൽ താമസിച്ചുവരികയായിരുന്ന അബ്‍ദുൾ കലാം എന്ന ബംഗ്ലാദേശ് പൗരനെ ഭോപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റത്തിന്‍റെയും വ്യാജ തിരിച്ചറിയൽ രേഖ ചമയ്ക്കലിന്‍റെയും വലിയൊരു റാക്കറ്റിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.ഇയാൾ ജൈവികമായി ട്രാൻസ്‌ജെൻഡർ ആണോ അതോ പിടികൂടുന്നത് ഒഴിവാക്കാനുള്ള മറയായി ഈ വ്യക്തിത്വം ഉപയോഗിച്ചതാണോ എന്ന് നിർണ്ണയിക്കാൻ നിലവിൽ വൈദ്യപരിശോധന നടത്തിവരികയാണ്.

പതിനഞ്ചുകാരിയെ മൂന്നംഗ സംഘം പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഒഡീഷയിലെ പുരി ജില്ലയിലെ ബയബർ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. 70 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

അടിയന്തരാവസ്ഥ ലേഖന വിവാദത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. ​ഗാന്ധി കുടുംബത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും വിമർശിക്കുന്നത് തന്നെ വായിക്കാത്തവരാണെന്നും തരൂർ പറഞ്ഞു. 1997ൽ താൻ എഴുതിയത് തന്നെയാണ് ഇത്തവണയും എഴുതിയത്. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതിൽ ഉൾപ്പെട്ട ചില വ്യക്തികളെക്കുറിച്ചും ആണ് ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളതെന്നും ശശി തരൂർ വിശദമാക്കി.

ദേശീയ സുരക്ഷാ വിഷയങ്ങളില്‍ താന്‍ സ്വീകരിച്ച നിലപാടുകളിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂര്‍. സമീപകാലത്തെ പ്രവര്‍ത്തനങ്ങളിലും അഭിപ്രായപ്രകടനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനങ്ങളുയരുന്നതിനിടെയാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്.

മേയില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിനിടെ അഞ്ച് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഈ അഞ്ച് യുദ്ധവിമാനങ്ങളെ കുറിച്ചുള്ള സത്യം എന്താണെന്ന് രാഹുല്‍ ചോദിച്ചു. ‘രാജ്യത്തിന് അത് അറിയാനുള്ള അവകാശം ഉണ്ട്’ എന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു. ട്രംപ് ഇക്കാര്യം അവകാശപ്പെടുന്ന വീഡിയോ പങ്കുവെച്ചായിരുന്നു രാഹുലിന്റെ ചോദ്യം.

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ടപതി ദ്രൗപദി മുര്‍മു നല്‍കിയ റഫറന്‍സ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ആണ് റഫറന്‍സ് പരിഗണിക്കുന്നത്.

ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി നേരിടാന്‍ അമേരിക്ക തയ്യാറെടുത്തിട്ടില്ലെന്നും ആ രംഗത്തെ മുന്നേറ്റത്തെത്തന്നെ അത് തടസപ്പെടുത്തിയേക്കുമെന്നും ഗൂഗിളിന്റെ .മുന്‍ സിഇഒ എറിക് ഷ്മിറ്റ്. അമേരിക്ക ഒരു ഗുരുതരമായ ഊര്‍ജ്ജക്ഷാമം നേരിടേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

ഇസ്രയേലിനും അമേരിക്കയ്ക്കും കനത്ത പ്രഹരമേൽപ്പിക്കുമെന്ന പ്രസ്താവനയ്ക്കു പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ജൂതരെയും ഇസ്രയേലി സൈനികരെയും എലികളായി ചിത്രീകരിക്കുന്ന എഐ ചിത്രം ഒദ്യോ​ഗിക വെബ്സെെറ്റിൽ പങ്കുവച്ചു. ഇറാനിയൻ മിസൈലുകളിൽനിന്ന് രക്ഷപ്പെടാനായി ജൂതരും ഇസ്രയേലി സൈനികരും ഒരു അമേരിക്കൻ കപ്പലിൽ ഭയന്ന് ഇരിക്കുന്നതാണ് ചിത്രത്തിൽ.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) പരസ്യമായി പിന്തുണച്ച് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ധര്‍. ടിആര്‍എഫിനെ നിയമവിരുദ്ധമായ ഒരു സംഘടനയായി കണക്കാക്കുന്നില്ലെന്നും പഹല്‍ഗാം ആക്രമണം നടത്തിയത് ടിആര്‍എഫ് ആണെന്നതിന് തെളിവ് കാണിക്കൂവെന്നും പാക് പാർലമെന്റിൽ അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാർട്ടി നേതാവും പ്രശസ്ത പഞ്ചാബി ​ഗായികയുമായ അൻമോൽ ​ഗ​ഗൻ മാൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. ഖരാർ എംഎൽഎയായിരുന്ന അൻമോൽ, ഞായറാഴ്ച പഞ്ചാബ് നിയമസഭ സ്പീക്കർ കുൽതാർ സിങ് സൻധ്വാന് രാജി സമർപ്പിച്ച് സ്ഥാനമൊഴിയുകയായിരുന്നു.

ശിക്ഷ ഒഴിവാക്കാൻ ഒളിവിൽ പോകുമെന്ന ആശങ്കയെത്തുടർന്ന് മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയോട് ഇലക്ട്രോണിക് നിരീക്ഷണ ആംഗിൾ ടാഗ് ധരിക്കാൻ ബ്രസിൽ പോലീസ് ഉത്തരവിട്ടു. ഇതിനുപുറമെ, വിദേശ നയതന്ത്രജ്ഞരുമായി ആശയവിനിമയം നടത്തുന്നതിനും രാത്രി വീട് വിട്ടിറങ്ങുന്നതിനും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും അധികൃതർ വിലക്കേർപ്പെടുത്തി. ഇത് അങ്ങേയറ്റത്തെ അപമാനകരമാണെന്നും രാജ്യം വിട്ട് പോകാൻ താൻ ഒരിക്കൽപോലും ചിന്തിച്ചിട്ടില്ലെന്നും ബോൾസോനാരോ പ്രതികരിച്ചു.

മണിപ്പുരില്‍ സന്ദര്‍ശനം നടത്താത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ .മല്ലികാര്‍ജുന്‍ ഖാര്‍ഗെ…പ്രധാനമന്ത്രി മോദി 42 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും പക്ഷേ മണിപ്പുരില്‍ പോയില്ലെന്നും ഖാര്‍ഗെ പറഞ്ഞു. ശനിയാഴ്ച കര്‍ണാടകയിലെ മൈസൂരുവില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവേ ആയിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *