സാമൂഹികമായ ഒറ്റപ്പെടല്‍ മാനസികമായി മാത്രമല്ല, പ്രായമായവരില്‍ പ്രമേഹ സാധ്യത 34 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. കോവിഡ് കാലം മുതലാണ് സാമൂഹികമായ ഒറ്റപ്പെടല്‍ ഒരു ആരോഗ്യ അപകടമായി വിലയിരുത്തുന്നത്. ഇത് പ്രത്യേകിച്ച്, പ്രായമായവരില്‍ ശാരീരികമായും ബാധിക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നമ്മുടെ ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാത്തതു മൂലമോ അല്ലെങ്കില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിനോട് ശരീരം ശരിയായി പ്രതികരിക്കാത്തത് മൂലമോ ആണ് പ്രമേഹം ഉണ്ടാകുന്നത്. ഇത് ഹൃദയാരോഗ്യം, വൃക്കകള്‍ക്ക് തകരാറ്, കാഴ്ച സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ എന്നിവയിലേക്ക് വരെ നയിക്കാം. 2003 മുതല്‍ 2008 വരെയുള്ള നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയില്‍ നിന്നുള്ള ഡാറ്റ ഗവേഷകര്‍ വിശകലനം ചെയ്തു. സാമൂഹികമായി ഒറ്റപ്പെട്ട പ്രായമായവരില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 34 ശതമാനം കൂടുതലാണെന്നും ഒറ്റപ്പെടാത്തവരെ അപേക്ഷിച്ച് 75 ശതമാനം പേര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മോശമായിരിക്കുമെന്നും അവര്‍ കണ്ടെത്തി. പ്രമേഹത്തിന്റെ കാര്യത്തില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ഘടകമാണ് ഒറ്റപ്പെടല്‍ എന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. വയോജനങ്ങളുടെ ക്ഷേമത്തിന് സാമൂഹിക ബന്ധങ്ങളുടെ പ്രാധാന്യം പഠനം അടിവരയിടുന്നു. ഇത് തിരിച്ചറിയേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.