Screenshot 20250705 135848 2

അടിയന്തരാവസ്ഥയെ വിമർശിച്ച് ശശി തരൂരിൻ്റെ ലേഖനം. ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചുവെന്നും രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചുവെന്നും തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല, ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തിൽ പറയുന്നു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും, അവരുടെ പാർട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതൽ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും ശശി തരൂർ ലേഖനത്തിൽ പറയുന്നു.

 

മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ചിലർ മനപ്പൂർവ്വം സർവ്വേ നടത്താൻ ശ്രമിക്കുന്നുണ്ട് ചില കാര്യങ്ങൾ പുറത്തു പറയാനുള്ള ശ്രമമാണ് നടക്കുന്നത് അത്തരം പ്രതികരണങ്ങൾ അനാവശ്യമാണെന്നും ആരൊക്കെയാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തണമെന്നും അടൂർ പ്രകാശ് പറഞ്ഞു. സർവ്വേക്ക് യാതൊരു ആധികാരികതയും ഇല്ല മുതിർന്ന നേതാക്കൾ സ്വയം നിയന്ത്രിക്കണം പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ശശി തരൂർ ഏത് പാർട്ടിയിൽ ആണെന്ന് ആദ്യം തരൂർ തീരുമാനിക്കട്ടെയെന്ന് കെ.മുരളീധരൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ,വിറകുവെട്ടിയവരും വെള്ളം കോരിയവരും ഏറെ ഉണ്ട് മുഖ്യമന്ത്രി കസേരയിലേക്ക് അവരിൽ ഒരാൾ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഏറ്റവുമധികമാളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് തന്നെയാണെന്ന സര്‍വേഫലം കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ തരൂര്‍ പങ്ക് വച്ചിരുന്നു.

 

വിസിക്കെതിരായ ഇടതു സംഘടനകളുടെ പ്രതിഷേധത്തിൽ പുറത്ത് ഡിവൈഎഫ്ഐയും എഐവൈഎഫും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു. പ്രതിഷേധത്തിൽ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായി ഉന്തും തള്ളും നടന്നു. എഎൈഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എഐവൈഎഫ് മാർച്ച് പൊലീസ് തടഞ്ഞിരുന്നു. എ ഐ വൈഎഫ് പ്രവർത്തകർക്ക് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഡിവൈഎഫ്ഐയുടെ പ്രതികരണം. വിദ്യാർത്ഥി പ്രതിഷേധത്തെ ഗുണ്ടായിസം എന്ന് വിളിക്കുന്നുവെന്നും ആർഎസ്എസ് ഏജന്റായി വി ഡി സതീശൻ പ്രവർത്തിക്കുന്നുവെന്നും സതീശനും ഗവർണറും എല്ലാം ചേർന്ന് കുറുമ ഉണ്ടാക്കിയാലും സമരവുമായി തെരുവിൽ ഉണ്ടാകുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. സർവകലാശാല സ്റ്റാറ്റ്യൂട്ട് മറികടന്നാണ് വിസി തീരുമാനമെടുക്കുന്നത് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വി സി യ്ക്ക് അധികാരമില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

 

കേരള സർവകലാശാലയിലെത്തി റജിസ്ട്രാർ കെ എസ് അനിൽകുമാർ. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അനിൽകുമാർ പറഞ്ഞു. മിനി കാപ്പന് റജിസ്ട്രാർ ചുമതല നൽകി കൊണ്ട് വിസി മോഹൻ കുന്നുമ്മേൽ ഉത്തരവിറക്കിയിരുന്നു. അനിൽ കുമാർ എത്തിയാൽ തടയാനും സുരക്ഷ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ വിലക്കുകളെയെല്ലാം മറികടന്നാണ് റജിസ്ട്രാർ അനിൽകുമാർ കേരള സർവകലാശാലയിലെത്തി ഓഫീസിൽ പ്രവേശിച്ചത്. വിസിയുടെ നിര്‍ദേശ പ്രകാരം റജിസ്ട്രാറെ തടയാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

 

റജിസ്ട്രാർ കെഎസ് അനിൽകുമാറിനെതിരെ കടുപ്പിച്ച് വൈസ് ചാൻസലർ മോഹൻ കുന്നുമ്മേൽ. റജിസ്ട്രാർക്ക് ഇ ഫയൽ ലഭ്യമാക്കുന്നത് തടയാനുള്ള നിർദേശം നൽകിയിരിക്കുകയാണ് വിസി. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യമാണ് കേരള സർവകലാശാലയിലുള്ളത്.

 

കേരള സർവകലാശാലയിലെ സംഘർഷങ്ങളിൽ പ്രതികരിക്കാതെ ഗവർണർ രാജേന്ദ്ര ആർലേക്കർ. തിരുവനന്തപുരത്ത് ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവർണർ സംഘർഷത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് നേരിട്ട് പ്രതികരിച്ചില്ല. സർവകലാശാലയിൽ പലതും നടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അകത്തെ പരിപാടിയിലും പലത് നടന്നല്ലോ എന്നായിരുന്നു മറുപടി.

 

മദ്രസ പഠനത്തിന് തടസ്സമാകുന്ന സ്കൂള്‍ സമയമാറ്റത്തിൽ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത നൽകിയ പരാതി പരിഗണിക്കാത്ത പശ്ചാത്തലത്തില്‍ സർക്കാരിനെതിരെ സമരം തുടങ്ങാൻ സമസ്ത. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും.

 

യെമനിലിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി വിദേശകാര്യ മന്ത്രാലയത്തെ എതിർകക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ ഹർജി നൽകി. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി ഇന്ന് സുപ്രീംകോടതിക്ക് മുമ്പാകെ പരാമർശിക്കും. വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടൽ ഉണ്ടാകണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

 

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപയും ബിന്ദുവിന്റെ മകന് സർക്കാർ ജോലിയും നൽകുമെന്ന് മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജും മന്ത്രി വാസവനും ബിന്ദുവിന്‍റെ വീട്ടിലെത്തി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. അടുത്ത കാബിനറ്റ് യോഗത്തിൽ തീരുമാനമെടുക്കുമെന്നാണ് മന്ത്രിമാര്‍ കുടുംബത്തെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയിൽ തുടരുന്ന സാഹചര്യത്തിൽ ഓണ്‍ലൈനായിട്ടാണ് കാബിനറ്റ് യോഗം ചേര്‍ന്നത്. ഈ യോഗത്തിലായിരുന്നു തീരുമാനം.

 

കൊച്ചിയുടെ പുറങ്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നൽകുക പ്രായോഗികമല്ലെന്ന് എം എസ് സി കമ്പനി . 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ചപ്പോഴാണ് ഇത്രയും തുക നഷ്ടപരിഹാരമായി നൽകാനാകില്ലെന്ന് കപ്പൽ കമ്പനി അറിയിച്ചത്. അങ്ങനെയെങ്കിൽ പ്രാഥമികമായി എത്ര തുക കെട്ടിവയ്ക്കാൻ കഴിയും എന്നറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

 

സിപിഎം വയനാട് ഘടകത്തിലെ വിഭാഗീയ പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടും. ഈ മാസം 15-ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെകെ. ശൈലജ, എംവി ജയരാജൻ എന്നിവർ വയനാട്ടിലെത്തി വിഭാഗീയ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും. വയനാട്ടിലെ മുതിർന്ന നേതാവ് എവി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെയാണ് സി.പി.എമ്മിൽ അപ്രതീക്ഷിത പൊട്ടിത്തെറിയുണ്ടായത്.

 

മുൻ മാനേജരെ നടൻ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന കേസില്‍ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. മർദ്ദനം നടന്നതായി തെളിവില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ പിടിവലിയുണ്ടാവുകയും ഇതിൽ വിപിന്‍ കുമാര്‍ എന്ന മുന്‍ മാനേജരുടെ കണ്ണട പൊട്ടുകയും ചെയ്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. സംഭവസമയത്ത് വൈകാരികമായ പ്രതികരണമാണ് ഉണ്ണി മുകുന്ദന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

 

സൗബിൻ ഷാഹിറിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിലെ പരാതിക്കാരൻ സിറാജ് ഹമീദിന്‍റെ ഹർജിയാണ് മാറ്റിയത്. കേസിൽ ചോദ്യംചെയ്യലിനായി സൗബിൻ ഹാജരായിരുന്നു.

 

 

സ്ത്രീ പീഡന കേസിൽ അന്വേഷണം നടത്താതെ പ്രതിയാക്കിയെന്ന പരാതിയിൽ പൊതുപ്രവർത്തകനായ കോഴിക്കോട് തിരുവമ്പാടി സ്വദേശി സെയ്‌ദലവിക്ക് നഷ്ട പരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. പരാതിക്കാരനു 50,000 രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്‌ ഉത്തരവിട്ടു. തുക തിരുവമ്പാടി എസ്ഐ ഇകെ രമ്യയിൽ നിന്നും ഈടാക്കാൻ ഡിജിപി ക്ക് നിർദേശം ലഭിച്ചു. മതിയായ അന്വേഷണം നടത്താതെയാണ് പൊലീസ് കേസ് എടുത്തതെന്ന കണ്ടെത്തലിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി.

 

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഇന്ന് ഉച്ചയ്ക്ക് 12.15 ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്.

 

കോഴിക്കോട് മണിയൂർ അട്ടക്കുണ്ടിലെ സ്വകാര്യ ക്ലിനിക്കിൽ കയറി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ നാലു പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ചിറക്കര സ്വദേശി നിഹാൽ, പയ്യോളി സ്വദേശികളായ ഉനൈസ്, നവാസ്,തുറയൂർ സ്വദേശി റമീസ് എന്നിവർക്കെതിരെയാണ് കേസ്. അക്രമത്തിൽ ഡോക്ടറായ ആലപ്പുഴ സ്വദേശി ഗോപു കൃഷ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഡോക്ടറുമായുള്ള വ്യക്തി വിരോധമാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു.

 

ഹേമചന്ദ്രൻ വധക്കേസ് പ്രതി നൗഷാദിനെതിരെ വീണ്ടും ആരോപണം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശിയെ ആക്രമിച്ചതിന് പിന്നിലും നൗഷാദിന് ബന്ധമെന്ന് ആരോപണം. ഹേമചന്ദ്രനെ കൊലപ്പെടുത്തിയതിന് സമാനമായിട്ടാണ് തന്‍റെ സഹോദരനെ ആക്രമിച്ചതെന്ന് ബത്തേരി സ്വദേശി മോബിഷ് പറഞ്ഞു.

 

മലയാലപ്പുഴ തേവള്ളിൽ കൊല്ലംപറമ്പിൽ കാണാതായ വയോധികയെ കണ്ടെത്തി. നല്ലൂർ തേവള്ളിൽ കൊല്ലംപറമ്പിൽ ഗോപാലകൃഷ്ണൻ്റെ ഭാര്യ സരസ്വതി (77)യെ ആണ് മീൻമുട്ടിക്കൽ വെള്ളച്ചാട്ടത്തിന് സമീപം കണ്ടെത്തിയത്. നടക്കാൻ ബുദ്ധിമുട്ടുകയും അവശനിലയിലാവുകയും ചെയ്ത സരസ്വതി അമ്മയെ എസ്എച്ച്ഒ ശ്രീജിത്ത് തോളിലേറ്റി റോഡിലെത്തിക്കുകയും, അവിടെ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

 

വയനാട് മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് സർക്കാർ ആശുപത്രിയിൽ നിന്ന് കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന് ആരോപണം. കയ്യിൽ തുളച്ചു കയറിയ കല്ല് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തില്ലെന്നാണ് ആരോപണം. വേദന കൂടിയതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. തുളച്ചു കയറിയ കല്ല് സ്വകാര്യ ആശുപത്രിയിലാണ് നീക്കം ചെയ്തതെന്ന് പരിക്കേറ്റ യുവാവ് പ്രതികരിച്ചു.

 

ആലപ്പുഴ ചെന്നിത്തല നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ സ്വദേശി നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാം ക്ലാസ് മുതൽ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ നേഹയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

 

 

നവോദയ സ്കൂളിലെ ദേശീയ ബാസ്കറ്റ് ബോൾ പ്ലേയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ. കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരോട് നേരിട്ട് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. മരണപ്പെട്ടത് ആറാട്ടുപുഴയിൽ നിന്നുള്ള മത്സ്യ തൊഴിലാളി കുടുംബാംഗമായ പെൺകുട്ടിയാണെന്നും റാഗിങ്ങ് സംബന്ധിച്ച സൂചനകൾ നിലവിൽ ലഭ്യമായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

 

ഡിഫന്‍സ് റിസേര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷൻ നിർമ്മിച്ച അത്യാധുനിക പീരങ്കി സംവിധാനം ഇന്ത്യൻ കരസേനയുടെ ഭാഗമാകും. 45 കീലോമീറ്റർ വരെയുള്ള ലക്ഷ്യം തകർക്കാനാകുന്ന പീരങ്കി സംവിധാനം അതിർത്തിമേഖലകളിൽ ഇന്ത്യയ്ക്ക് വലിയ മേൽക്കൈയാകും. പടിഞ്ഞാറാൻ അതിർത്തി മേഖലകളിൽ ഇന്ത്യൻ കരസേനയ്ക്ക് കരുത്താകാൻ എത്തുകയാണ് മൗണ്ടഡ് ഗൺ സംവിധാനം.

 

താൻ നൊബേൽ സമ്മാനത്തിന് അർഹനെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി.അഴിമതിക്കും അരാജകത്വത്തിനും നൊബേൽ സമ്മാനം ഉണ്ടെങ്കിൽ ഉറപ്പായും കെജ്രിവാളിന് തന്നെ കിട്ടുമെന്ന് ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ പറഞ്ഞു.ക്രൂരമായ തമാശയാണ് കെജ്രിവാളിന്റെതെന്നും, ദില്ലിയിലെ ജനം ഇതിന് നേരത്തെ തന്നെ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകിയെന്നും സച്ദേവ പറഞ്ഞു.

 

ഖത്തറിലെ ദന്തൽ ആശുപത്രികളിൽ ജോലി ചെയ്യുന്നതിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്തെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പ്രൊഫഷണൽ രജിസ്‌ട്രേഷനും ലൈസൻസിംഗ് സംവിധാനവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ നിയമം.

 

പുതുച്ചേരിയിൽ ലഫ്റ്റനന്‍റ് ഗവർണർ – സർക്കാർ പോര് അതിരൂക്ഷം.ലഫ്. ഗവർണർ കൈലാഷ നാഥൻ മന്ത്രിസഭാ തീരുമാനങ്ങൾ അംഗീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി എൻ.രംഗസ്വാമി വിമർശിച്ചു. ഏകപക്ഷീയമായി നിയമനങ്ങൾ നടത്തുന്നു പിന്നെ മന്ത്രിമാർ ഓഫീസിൽ വരേണ്ട ആവശ്യം എന്തെന്ന് രംഗസ്വാമി ചോദിക്കുന്നു.

 

ഉത്തർപ്രദേശിലെ പ്രധാന മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരനായ ജമാലുദ്ദീൻ എന്ന ഛാങ്കുർ ബാബയ്‌ക്കെതിരെ പൊലീസ് നടപടികൾ ശക്തമാക്കുന്നു. ബൽറാംപൂരിലെ ഇയാളുടെ 70 മുറികളുള്ള കൂറ്റൻ മാളിക അധികൃതര്‍ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിക്കുകയാണ്. മാളികയുടെ 40 മുറികളടങ്ങിയ ഭാഗം നിയമവിരുദ്ധമാണെന്നാണ് ഭരണകൂടം അറിയിക്കുന്നത്. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് പറയുന്നതനുസരിച്ച്, ഈ കെട്ടിടമായിരുന്നു ഇയാളുടെ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമെന്ന് പൊലീസ് പറയുന്നു.

 

രാജ്യത്തെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ ഉറപ്പാക്കണമെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. 2017 ലെ മന്ത്രിതല പ്രമേയം നമ്പർ (161) ഉം 2015 ലെ നിയമം നമ്പർ (5) ഉം അനുസരിച്ച് എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇ- പേയ്മെന്റ് സംവിധാനം നിർബന്ധമാണ്.വ്യവസായ സ്ഥാപനങ്ങൾ ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങൾ നൽകുന്നില്ലെങ്കിൽ നിയമനടപടികൾക്ക് കാരണമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. രുദ്രപ്രയാഗ് ബദരീനാഥ് പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 85 ആയി. കാണാതായ 34 പേർക്കായി തിരച്ചിൽ തുടരുന്നു. സംസ്ഥാനത്ത് ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

 

ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 14 ആയി. വ്യാഴാഴ്ച രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുക്കുകയായിരുന്നു. ആറ് പേരെയും ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ ആളുകള്‍ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നുണ്ടോയെന്നറിയാന്‍ രണ്ടാം ദിവസവും തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

 

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഫാർമസ്യൂട്ടിക്കൽസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും കാണാതായ എട്ട് തൊഴിലാളികൾ മരിച്ചതായി അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ തീവ്രത കാരണം ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനം.

 

200 രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകളിൽ ഒപ്പ് വെക്കും എന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം ഇതുവരെ പ്രാവർത്തികമാക്കിയത് മൂന്ന് കരാറുകൾ മാത്രം. അതിനിടെ പകരം തീരുവ ഓഗസ്റ്റ് ഒന്ന് മുതൽ ചുമത്തുമെന്ന മുന്നറിയിപ്പുമായി ഏഴ് രാജ്യങ്ങൾക്ക് കൂടി വൈറ്റ് ഹൗസ് കത്ത് അയച്ചു.

 

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് ആക്രമണം. യെമനിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ തടഞ്ഞതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേലിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഇസ്രയേൽ സൈന്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണിത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *