സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റവാഡ ചന്ദ്രശേഖർ രാജ്‌ഭവനിലെത്തി. ഗവർണർ രാജേന്ദ്ര അർലേകറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതിൽ ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച.
സംസ്ഥാന കോണ്‍ഗ്രസിൽ ഖദറിനെ ചൊല്ലി തര്‍ക്കം. ഖദറിനോട് എന്താണിത്ര നീരസമെന്ന് ചോദിച്ച് അജയ് തറയിൽ ഖദർ ഇടാത്ത യുവ നേതാക്കളെ വിമർശിച്ചു. വസ്ത്രധാരണത്തിന് നിയന്ത്രണമില്ലെന്ന് പറഞ്ഞ് തറയിലിനെ പക്ഷേ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തള്ളി. യുവാക്കളുടെ വസ്ത്രധാരണത്തിൽ ഇടപെടേണ്ടെന്നായിയിരുന്നു കെപിസിസി പ്രസിഡന്‍റിന്റെയും പ്രതികരണം.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. വിചാരണ കോടതിയിൽ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ സി ബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി. കരുവന്നൂർ ബാങ്കിലെ മുൻ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ക്രൈം ബ്രാഞ്ചിനെ കൂടാതെ കേസ് അന്വേഷണിക്കുന്ന ഇഡിയും കേസിൽ കുറ്റപത്രം നൽകിയിട്ടുണ്ട്.
സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ സസ്പെൻഷനിലായ റജിസ്ട്രാർക്ക് പിന്തുണയേറുന്നു. സംസ്ഥാനത്തെ മന്ത്രിമാരും കേരള സർവകലാശാല സിൻ്റിക്കേറ്റ് അംഗങ്ങൾക്കും പുറമെ വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും കെഎസ്‌യുവും വിസിക്കെതിരെ രംഗത്തെത്തി. എസ്എഫ്ഐ ഇന്ന് രാത്രി രാജ്‌ഭവനിലേക്ക് മാർച്ച് നടത്തും.
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി സി ഡോ. മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. ഗവർണർ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം.
തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്‍റർ ഡിആർഡിഒ ഏറ്റെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഇക്കാര്യത്തിലുള്ള ഉറപ്പ് കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചതായും സെന്റർ പൂട്ടുമെന്ന പ്രചാരണം തെറ്റാണെന്നും രാജീവ് ചന്ദ്രശേഖർ ദില്ലിയിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ വിമർശിക്കപ്പെട്ടെന്നത് വസ്തുതാവിരുദ്ധമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. 30 വീടുകളാണ് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചത്. മീൻ വിറ്റും പായസം വിറ്റും സമാഹരിച്ച മുഴുവൻ പണവും യൂത്ത് കോൺഗ്രസിൻ്റെ അക്കൗണ്ടിലുണ്ട്. അതിൽ ഒരു രൂപ പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിൻവലിച്ചിട്ടില്ല. ഇത് സംബന്ധിച്ച ബാങ്ക് രേഖകൾ പരസ്യപ്പെടുത്തി കൊണ്ടായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശദീകരണം.
സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയും, ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്കരണത്തിൽ ഗൗരവമായി പരിഗണിക്കും. ആദ്യഘട്ടത്തിൽ എസ്‌സിഇആർടി-യുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുകയെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്. വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശ പ്രകാരമാണ്, എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകനായ ടി കെ അഷ്‌റഫിനോട് മാനേജ്മെന്റ് വിശദീകരണം തേടിയത്. 3 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.
സുംബയുടെ പേരിൽ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടികെ അഷറഫിനെതിരെയുള്ള വിദ്യാഭ്യാസ വകുപ്പ് നടപടി ഫാസിസമെന്ന് സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുൽ ലത്തീഫ്. കോഴിക്കോട് സുംബ വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സുംബയുടെ പേരിൽ ഇങ്ങനെ ഒന്ന് തുള്ളിയാൽ ലഹരിയോടുള്ള കുട്ടികളിലെ താൽപര്യം നഷ്ടമാകും എന്നതിന് ഒരു ശാസ്ത്രീയ പഠനവും ഇല്ലെന്നും അബ്ദുൽ ലത്തീഫ് ചൂണ്ടിക്കാട്ടി.
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ പുതിയ കരട് സൗരോര്‍ജ്ജ നയത്തിലെ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികവും കേരളത്തിന്റെ വൈദ്യുതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് സൗരോര്‍ജ്ജ മേഖലയില്‍ നിക്ഷേപം നടത്തിയ സംരംഭകരുടെ സംഘടനയായ മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍. നയത്തിലെ നിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ സോളാര്‍ ബന്ദ് ആചരിക്കും.
ഊബര്‍, ഓല, റാപ്പിഡോ, ഇന്‍ഡ്രൈവ് തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക്് തിരക്കേറിയ സമയങ്ങളില്‍ അടിസ്ഥാന നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. നിലവില്‍ ഇത് 1.5 ഇരട്ടിയായിരുന്നു. ഇത് യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഈ മാറ്റം.
ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ് പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഭർത്താവുമായി പിണങ്ങി ജാസ്മിൻ കുറച്ചുനാളായി വീട്ടിൽ കഴിയുകയായിരുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ നേതൃനിരയിലുണ്ടായ ക്യാപ്റ്റൻ-മേജർ തർക്കം കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലും ചർച്ചയായി. നേതാക്കൾ പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമെന്ന് യോഗത്തിൽ പരാമർശമുയർന്നു. കോൺഗ്രസ് നേതാക്കളുടെ പ്രതികരണം അണികളിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് വിമർശനം.
ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സിലറുടെ നടപടിക്കെതിരേ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. വൈസ് ചാന്‍സിലര്‍ അധികാരദുര്‍വിനിയോഗമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ആര്‍എസ്എസ് കൂറ് തെളിയിച്ചതിന്റെ ഭാഗമായിട്ട് കേരള സര്‍വകലാശാല വിസി ആ സ്ഥാനത്തെത്തിയതെന്നും വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കില്‍ അത് ആ നിലയില്‍ കൈകാര്യം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിൽ അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നൽകി. ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
സഹോദരന്‍റെ വിവാഹത്തിന് ബിരിയാണി വെക്കാനെന്ന് പറഞ്ഞ് വാടകക്കെടുത്ത ബിരിയാണി ചെമ്പും ഉരുളിയും ആക്രിക്കടയില്‍ വിറ്റ യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. താമരശ്ശേരിയില്‍ വാടകക്ക് താമസിക്കുന്ന യുവാവാണ് വിദഗ്ധമായി മോഷണം നടത്തിയത്.പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് ആക്രിക്കടയുടമ ചെമ്പും പാത്രങ്ങളും വാടക് സ്റ്റോര്‍ ഉടമകക്ക് തിരികെ നല്‍കി.പൂനൂരിലെ ആക്രിക്കടയില്‍ സാധനം വിറ്റ് യുവാവ് മുങ്ങിയതാണെന്ന് മനസിലായതോടെയാണ് താമരശ്ശേരി പൊലീസില്‍ പരാതി നൽകിയത്.
എസ്എഫ്ഐ ദേശീയ സമ്മേളനത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ഹൈസ്കൂളിന് അവധി നൽകിയ സംഭവത്തിൽ സ്കൂൾ അധികൃതരെ വെള്ളപൂശി ഡിഇഒ റിപ്പോർട്ട്. കോഴിക്കോട് ഡിഇഒയുടെ ചുമതല നിർവഹിക്കുന്ന കോഴിക്കോട് സിറ്റി എഇഒയാണ് റിപ്പോർട്ട് തയ്യാറാക്കി ഡിഡിഇയ്ക്ക് സമർപ്പിച്ചത്. പ്രശ്നം ഒഴിവാക്കാൻ വേണ്ടി സ്കൂളിന് അവധി നൽകി എന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത് എന്നാണ് വിവരം.
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നാണ് പരാതി. എന്നാൽ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന നൂലാണിതെന്നും അത് അലിഞ്ഞ് തൊലിയോട് ചേരാൻ ഒരു വർഷം വരെ സമയമെടുക്കാറുണ്ടെന്നും ഡോക്ടർമാർ പ്രതികരിച്ചു.
ഫോൺ ചോർത്തൽ നിയമവിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി. കുറ്റകൃത്യം തടയാനെന്ന പേരിൽ ഫോൺ ചോർത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. സിബിഐ കേസിൽ പ്രതിയായ ചെന്നൈ സ്വദേശി നൽകിയ ഹർജിയിൽ ആണ് കോടതിയുടെ ഉത്തരവ്. 2011 ൽ ഇയാളുടെ ഫോൺ ചോർത്താൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയ ഉത്തരവ് ഭരണഘടനാവിരുദ്ധം എന്നും കോടതി ചൂണ്ടിക്കാട്ടി.
തെലുങ്കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയായ യുവ സന്യാസിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു. നേപ്പാളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാമധ്യേ ശനിയാഴ്ചയാണ് തെലങ്കായിലെ കമ്മത്ത് വച്ച് തൃശൂർ മാങ്ങാട് സ്വദേശി ശ്രീ ബിൻ എന്ന ബ്രഹ്മാനന്ദഗിരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.തെലുങ്കാനയിലെ കമ്മം സ്റ്റേഷനടുത്ത് റെയില്‍ർവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
റഷ്യ യുക്രൈൻ യുദ്ധത്തിൽ യുക്രൈന് വൻ തിരിച്ചടിയായി യുഎസ് നടപടി. യുക്രൈന് വേണ്ടിയുള്ള ആയുധ സഹായം അമേരിക്ക ഭാഗികമായി മരവിപ്പിച്ചു. റഷ്യൻ വ്യോമാക്രമങ്ങളെ ചെറുക്കന്നതിനുള്ള മിസൈലുകളടക്കം കിട്ടാതായതോടെ റഷ്യൻ ആക്രമണം ചെറുക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് യുക്രൈൻ സൈന്യം. യുഎസ് വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകൾ ഉള്‍പ്പെടെയുള്ള നിര്‍ണായക ആയുധ സഹായമാണ് അമേരിക്ക നിർത്തലാക്കിയത്.
60 ദിവസത്തെ വെടിനിർത്തലിനുള്ള വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞ ശേഷവും ഗാസയിൽ ആക്രമണം. ഇസ്രയേൽ ആക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം, ഇസ്രയേലി ആക്രമണങ്ങളിൽ 116 പലസ്തീനികൾ കൊല്ലപ്പെട്ടു. ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇസ്രയേലും ഹമാസും പ്രതികരിച്ചിട്ടില്ല.
60 ദിവസത്തെ വെടിനിർത്തലിനുള്ള വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞ ശേഷവും ഗാസയിൽ ആക്രമണം. ഇസ്രയേൽ ആക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം, ഇസ്രയേലി ആക്രമണങ്ങളിൽ 116 പലസ്തീനികൾ കൊല്ലപ്പെട്ടു. ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇസ്രയേലും ഹമാസും പ്രതികരിച്ചിട്ടില്ല.
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ വിവാദ പരാമര്‍ശവുമായി പ്രതിഭാഗം വക്കീല്‍. നടന്നത് ബലാത്സംഗമാണോ എന്ന് താന്‍ സംശയിക്കുന്നതായും പ്രധാന പ്രതി മനോജിത്ത് മിശ്രയുടെ ശരീരത്തില്‍ ലൗ ബൈറ്റിന്‍റെ പാടുകൾ കണ്ടെന്നുമാണ് അഭിഭാഷകനായ രാജു ഗാംഗുലിയുടെ ആരോപണം.
കരസേനയുടെ ശക്തി കൂട്ടുന്നതിന്റെ ഭാഗമായി ഇന്ത്യ വാങ്ങിയ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഈ മാസം ലഭിക്കും. അമേരിക്കയുമായുള്ള 60 കോടി ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് ആറ് അപ്പാച്ചെ AH-64E ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.2015ല്‍ ഒപ്പിട്ട കരാര്‍ പ്രകാരമാണ് ഇവ വാങ്ങിയത്.
റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പൻ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയാന്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ് സെനറ്റില്‍ ഇതിനുള്ള ബില്ല് കൊണ്ടുവരുമെന്നാണ് സൂചന.
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് പടിയിറങ്ങി മനോള മാര്‍ക്വേസ്. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ പരിശീലകസ്ഥാനത്തുനിന്ന് ഒഴിയാന്‍ മനോള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി മനോളയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
2,000 കോടി രൂപ ആസ്തിയുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് കൈവശപ്പെടുത്താൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ഗൂഢാലോചന നടത്തിയതായി പ്രത്യക സിബിഐ കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ആവാമി ലീഗിന്റെ നേതാവുമായ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍..കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഗൊലാം മൊര്‍തുസ മസുംദാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ബുധനാഴ്ച വിധി പുറപ്പെടുവിച്ചത്.