ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇത്രയധികം ഭാഷകളില്‍ റീമേക്ക് നടന്ന ഒരു ചിത്രം ‘ദൃശ്യം’ പോലെ മറ്റൊന്ന് ഉണ്ടാവില്ല. അതിനാല്‍ത്തന്നെ ദൃശ്യം 2 ന് ഉള്ള കാത്തിരിപ്പ് ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. പ്രൈം വീഡിയോയിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ദൃശ്യം 2 പാന്‍ ഇന്ത്യന്‍ പ്രതികരണങ്ങളാണ് നേടിയത്. അജയ് ദേവ്ഗണ് നായകനായ ദൃശ്യം 2 റീമേക്ക് ബോക്സ് ഓഫീസ് വിജയവും നേടിയിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 സംബന്ധിച്ച ഒരു പ്രധാന അപ്ഡേറ്റ് പുറത്തെത്തുകയാണ്. സിനിമയുടെ ചിത്രീകരണം സംബന്ധിച്ചാണ് അത്. ദൃശ്യം 3 ന്റെ ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങും. ഹിന്ദിയിലും ദൃശ്യം 3 ഒരുങ്ങുന്നുണ്ട്. നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ആണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഫയല്‍ ചെയ്ത വിവരങ്ങളില്‍ ദൃശ്യം 3 ന്റെ കാര്യവും ഉള്‍പ്പെടുത്തിയിരുന്നത്. ദൃശ്യം 3 സജീവ നിര്‍മ്മാണത്തില്‍ ആണെന്നും അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ് ആയിരിക്കും നായകനെന്നും നിര്‍മ്മാണ കമ്പനി നല്കിയ വിവരത്തില്‍ ഉണ്ടായിരുന്നു.