കേരളത്തിൽ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച 103 അമൃത് ഭാരത് സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അതോടൊപ്പം പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നത് വികസിത ഭാരതമാണെന്നും പാലക്കാട് ഡിവിഷണൽ റെയിൽവെ മാനേജറുടെ അർപ്പണ മനോഭാവത്ത അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ വടകര റെയിൽവെ സ്റ്റേഷൻ ഉദ്ഘാടന പരിപാടിയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരും ഒന്നിച്ച് പരിശ്രമിക്കുമ്പോഴാണ് ജനങ്ങൾക്ക് നന്മയുണ്ടാകുന്നതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.നവീകരിച്ച ചിറയൻകീഴ് അമൃതഭാരത സ്റ്റേഷൻ ഉദ്ഘാടനപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ രാജ്ഭവന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍.എസ്.എസ് നേതാവായ ഗുരുമൂത്തിയെ പങ്കെടുപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍ കേന്ദ്ര സര്‍ക്കാരുകളെയും മുന്‍ പ്രധാനമന്ത്രിമാരെയും കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് ഗുരുമൂര്‍ത്തി അവിടെ നടത്തിയത്, ഇത്തരം രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കുള്ള വേദിയല്ല രാജ്ഭവന്‍. രാജ്ഭവന്‍ ഗവര്‍ണറുടെ ആസ്ഥാനമാണ്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പരിപാടി നടത്തുന്നതില്‍ പ്രതിപക്ഷത്തിന് ഒരു വിരോധവുമില്ല. മിലിട്ടറി എക്‌സ്പര്‍ട്ടുകളെയോ വിദേശകാര്യ വിദഗ്ധന്‍മാരെയോ കൊണ്ടുവന്നാണ് പ്രഭാഷണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കാലവർഷം എത്തിയതിന് പിന്നാലെ ഇത്തവണത്തെ ആദ്യ ന്യൂനമർദ്ദം അറബിക്കടലിൽ രൂപപ്പെട്ടു. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക-ഗോവ തീരത്തിന് മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദം അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ കേരളത്തിലടക്കം മഴ ശക്തമാകും.
മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ടു. തമിഴ്നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന 67 വയസുകാരിയായ മേരിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ വീടിന് സമീപമാണ് അപകടം ഉണ്ടായത്. ഷോളയാര്‍ ഡാമിന്റെ ഇടതുക്കര ഭാഗത്തായിരുന്നു ഇവരുടെ താമസം. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.
മുനമ്പം ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ അടുത്തയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറും. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് വീണ്ടും തുടരും. മുസ്ലിം മതപരമായ ആചാരത്തെ നിയമം സ്പർശിക്കുന്നില്ലെന്ന് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ വാദിച്ചിരുന്നു.
സംസ്ഥാന അധ്യക്ഷന്‍റെ പ്രവർത്തനശൈലിക്കെതിരെ ബിജെപിയിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. വികസന മുദ്രാവാക്യം മാത്രം ഉയർത്തിയുള്ള പ്രചാരണത്തിനിടെ പ്രത്യക്ഷസമരങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നാണ് ആക്ഷേപം. തീരുമാനങ്ങളെടുക്കും മുമ്പും കാര്യമായ ചർച്ച നടത്തുന്നില്ലെന്നുമുണ്ട് വിമർശനം.
കൗമാര വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ”കൂടെയുണ്ട് കരുത്തേകാൻ” പദ്ധതി ജൂൺ 2 ന് തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കന്ററി അക്കാദമിക വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിനൊപ്പം വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
എസ് എഫ് ഐ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബി ജെ പി യിൽ ചേർന്നു.കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.ഗോകുലിനെ സംഘടനാ വിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. രാഷ്ട്രബോധമെന്ന രാഷ്ട്രീയമായിരിക്കും ഇനി തന്നെ നയിക്കുകയെന്ന് ഗോകുൽ പറഞ്ഞു.
എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായിയെന്നും കൊലപാതകം നടന്നതിന് ഒരു ദിവസത്തിന് മുൻപ് വരെ കുട്ടി പീഡനത്തിന് ഇരയായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചോദ്യം ചെയ്യിലിന്‍റെ ആദ്യ ഘട്ടത്തിൽ പ്രതി കുറ്റം സമ്മതിച്ചില്ല എന്നാൽ തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ ‘അബദ്ധം പറ്റി’ എന്ന് പ്രതി സമ്മതിക്കുകയായിരുന്നു.
അമ്മ പുഴയിൽ എറിഞ്ഞുകൊന്ന 4 വയസുകാരി പീഡനത്തിന് ഇരയായ കേസിൽ പ്രതികരിച്ച് അങ്കണവാടി ടീച്ചർ. എന്തെങ്കിലും ശാരീരികമോ മാനസികമായോ അസ്വസ്ഥതകൾ ഉണ്ടായതായി കുട്ടി പറഞ്ഞിരുന്നില്ലെന്നും അമ്മ ഇത്തരത്തിലുള്ള ഒരു വിവരവും പങ്കുവെച്ചിരുന്നില്ലെന്നും ടീച്ചർ പറഞ്ഞു.
രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷനൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.
മിൽമ തിരുവനന്തപുരം മേഖലയിൽ ഇന്ന് മുതൽ തൊഴിലാളി യൂണിയനുക ളുടെ അനിശ്ചിതകാല സമരം. ഐഎൻടിയുസിയും സിഐടിയും സംയുക്തമായാണ് പണിമുടക്കുന്നത്. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി മുരളിയെ എംഡിയായി വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് സമരം.
റാപ്പർ വേടനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികലക്കെതിരെ സിപിഎം നേതാവ് പി ജയരാജൻ. വേടനെതിരെ നടന്നത് ജാതീയമായ അധിക്ഷേപമാണ്. വർഗീയ വിഷപ്പാമ്പിന്‍റെവായിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടെന്ന് ജയരാജൻ പറഞ്ഞു. പട്ടികജാതിക്കാരെ സംഘപരിവാർ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് വലിച്ചെറിയുകയാണെന്നും പട്ടികജാതിക്കോരാട് സംഘപരിവാറിന്‍റേത് കപട സ്നേഹമാണെന്നും ജയരാജൻ പറഞ്ഞു.
വേടൻ റാപ്പ് ചെയ്യേണ്ടന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവനയെന്ന് വേടൻ പറഞ്ഞു. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണതെന്നും റാപ്പ് ചെയുന്നത് എന്തിനാണ് എന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണെന്നും സംഘപരിവാറും- ജനാധിപത്യവും തമ്മിൽ പുലബന്ധമില്ലെന്നും വേടൻ പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു വേടൻ.
മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അറസ്റ്റിൽ. കോയമ്പത്തൂർ വ്യവസായിയിൽ നിന്ന് 3 കോടി രൂപ തട്ടിയെന്ന പരാതിയിൽ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മധുരയിൽ നിന്നാണ് സ്വാമി സുനിൽദാസിനെ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
അയൽവാസിയുടെ ബൈക്ക് കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ. കാഞ്ഞിരംകുളം കഴിവൂർ പെരുന്താന്നി ചരുവിള പുത്തൻവീട്ടിൽ അഖിലിനെയാണ് കാഞ്ഞിരംകുളം പൊലീസ് പിടികൂടിയത്. അയൽവാസിയായ ബെന്നിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ പ്രതി തീവെച്ചത്. പ്രദേശത്ത് പ്രതി മയക്കുമരുന്ന് വ്യാപാരം നടത്തുന്നതിനെ കുടുംബം ചോദ്യം ചെയ്തിരുന്നതിലെ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
മലപ്പുറം കൊടുവള്ളിയിൽ വീട്ടിൽ നിന്ന് ഒരുസംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയിരിക്കുന്നത്. അച്ഛൻ റസാഖുമായി യുവാവ് ഫോണിൽ സംസാരിച്ചു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.
50 കൊല്ലം കോൺഗ്രസിന് എടുക്കാൻ കഴിയാതിരുന്ന നിലപാടാണ് ഓപ്പറേഷൻ സിന്ദൂറിൽ ശശി തരൂർ സ്വീകരിച്ചതെന്ന് ഗുരുമൂർത്തി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ കുടുംബം ചടങ്ങിൽ പങ്കെടുത്തു. പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചും രാജ്ഭവനിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിലെ കിഷ്തവാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്താണ് വ്യാഴാഴ്ച രാവിലെ മുതല്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശം സുരക്ഷാസേന വളഞ്ഞതോടെ മൂന്ന്-നാല് ഭീകരവാദികള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവര്‍ ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളാണെന്നാണ് സൂചന.
ഓപ്പറേഷന്‍ സിന്ദൂറിൽ ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പ്രതിനിധി സംഘം യുഎഇയിലെത്തി. ശിവസേന എംപി ശ്രീകാന്ത് ഏകനാഥ് ഷിൻഡേ നയിക്കുന്ന സംഘം ഇന്നലെ രാത്രി 11.20നാണ് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നത്.
ദില്ലിയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് മരണം. 11 പേർക്ക് പരിക്കേറ്റു. നിസാമുദ്ദീൻ മേഖലയിൽ ഇലക്ട്രിക് പോസ്റ്റ് വീണാണ് ഭിന്നശേഷിക്കാരനായ ഒരാൾ മരിച്ചത്. 22 വയസുള്ള യുവാവാണ് മരിച്ച മറ്റൊരാൾ. നഗരത്തിൽ പലയിടങ്ങളിലുംമരങ്ങൾ വീണും മറ്റുമാണ് നിരവധി പേർക്ക് പരിക്കേറ്റത്.
ദില്ലിയിൽ വൻ ആക്രമണം നടത്താനുള്ള പദ്ധതി തകർത്ത് രഹസ്യാന്വേഷണ ഏജൻസികൾ. വിദേശിയടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലയിലെ സേന ക്യാംപ് അടക്കമുള്ളവയുടെ വിവരം ഇവർ ശേഖരിച്ചു. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ട്.
വേഗത്തിലുള്ള സേവനത്തിനായി മുൻകൂർ ടിപ്പുകൾ നൽകാൻ ഉപയോക്താക്കളെ പ്രേരിപ്പിച്ചതിന് ഇന്ത്യാ ഗവൺമെന്റിന്റെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) ക്യാബ് അഗ്രഗേറ്റർ കമ്പനിയായ ഉബറിന് നോട്ടീസ് നൽകി. കമ്പനിയുടെ ‘അഡ്വാൻസ്‍ഡ് ടിപ്പ്’ സിസ്റ്റം കാരണമാണ് ഈ നോട്ടീസ് അയച്ചിരിക്കുന്നത്. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഇത്തരം സംവിധാനങ്ങളിലും രീതികളിലും ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു.
യുഎസിലെ വാഷിംഗ്ടണിൽ ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ജൂത മ്യൂസിയത്തിന് സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾ പിടിയിലായി. പിടിയിലായ പ്രതി ഫ്രീ പലസ്തീൻ എന്ന മുദ്രാവാക്യം വിളിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രക്ഷപ്പെട്ട അക്രമിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.
പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുമുമ്പായി ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ട്രാവൽ വ്‌ളോഗറും യൂട്യൂബറുമായ ജ്യോതി മൽഹോത്ര പാക് ഏജന്റുമാര്‍ക്ക് ചോര്‍ത്തിനല്‍കിയതായി എന്‍.ഐ.എ കണ്ടെത്തി. ഇന്ത്യയിലെ ചാരവൃത്തിയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തുനിന്ന് പുറത്താക്കിയ ദില്ലിയിലെ പാക് മുന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷുമായി നടത്തിയ ചാറ്റിങ്ങിലാണ് ഇക്കാര്യങ്ങള്‍ ജ്യോതി പങ്കുവച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘർഷം വ്യാപാരത്തിലൂടെ താൻ പരിഹരിച്ചുവെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് ഓവൽ ഓഫീസിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം ആവർത്തിച്ചത്. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നം ഞങ്ങൾ മുഴുവനായും പരിഹരിച്ചുവെന്നും വ്യാപാരത്തിലൂടെയാണ് ആ പ്രശ്നത്തിന് പരിഹാരമായതെന്നാണ് ട്രംപിന്റെ പ്രസ്താവന.
ഖത്തര്‍ വേദിയാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെയും ഫിഫ അറബ് കപ്പിന്റെയും നറുക്കെടുപ്പ് മേയ് 25ന് ദോഹയിൽ നടക്കും. ലുസൈലിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിൾസ് ദോഹ നറുക്കെടുപ്പിന് വേദിയാകും. ടൂർണമെന്റിന് യോഗ്യത നേടിയ ടീമുകളുടെ പ്രതിനിധികൾ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.