സ്മാർട് റോഡ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്ത നിഷേധിച്ച് മന്ത്രി എംബി രാജേഷ്. മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ലെന്നും വസ്തുതാ വിരുദ്ധമായ വാര്‍ത്തയാണ് പുറത്തുവരുന്നതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് അന്യായമാണ്. നിഷ്കളങ്കമായി കൊടുക്കുന്നതല്ല ഇത്തരം വാര്‍ത്തകള്‍.നിങ്ങളുടെ ഉദ്ദേശം നടക്കില്ലെന്ന് മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് ചോദ്യങ്ങളിൽ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി.
അടുത്ത 3-4 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനു പിന്നാലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനവുമെത്തി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വീണ്ടും സർവീസ് റോഡ് തകർന്നു. കൂളിയങ്കാലിലാണ് റോഡ് ഇടിഞ്ഞുതാണത്. റോഡിൽ പലയിടത്തും വിള്ളലുകളുമുണ്ട്. വീടുകൾക്ക് സമീപത്തേക്ക് റോഡ് ഇടിഞ്ഞുവീഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. നാട്ടുകാർ ഉൾപ്പെടെ ഇടപെട്ടാണ് ഇവിടങ്ങളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നത്. അധികൃതർ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപണമുന്നയിക്കുന്നത്.
ഹിന്ദു ക്ഷേത്രങ്ങള്‍, മഠങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അനിവാര്യമായ മതാചാരങ്ങളില്‍ പോലും സര്‍ക്കാരുകള്‍ ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം ഇടപെടലുകളില്‍ പലതും കോടതികള്‍ ശരിവെച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. മുസ്ലിം മത വിഭാഗത്തിലുള്ളവരുടെ അനിവാര്യമായ മതാചാരമായ വഖഫില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന ആരോപണത്തെ ഖണ്ഡിച്ച് കൊണ്ടാണ് കേന്ദ്രം ഇക്കാര്യം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.
ദേശീയപാത 66ൽ നിര്‍മാണം നടക്കുന്ന കൂരിയാട് ഭാഗത്ത് റോഡ് ഇടിഞ്ഞ സംഭവത്തിൽ സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ സംഘം. സിമന്‍റ് കട്ട കൊണ്ടുള്ള സംരക്ഷണ ഭിത്തി നിര്‍മിച്ചതിൽ അസ്വഭാവികതയില്ലെന്നും റോഡിന് താഴെയുള്ള മണ്ണിന്‍റെ പ്രശ്നമാണ് പ്രാഥമിക നിഗമനമെന്നും വിശദമായി പഠിച്ചശേഷം ദേശീയ പാത അതോറിറ്റിക്ക് റിപ്പോര്‍ട്ട് നൽകുമെന്നും വിദഗ്ധ സംഘം അറിയിച്ചു.
കുട്ടികളിൽ സമ്മർദ്ദം ലഘൂകരിക്കാനും ഉല്ലാസത്തിനുമായി സ്‌കൂളുകളിൽ പ്രത്യേക സമയം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല യോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തിയതായി വിവരം. വനംവകുപ്പിന്റെ തെരച്ചിലിൽ കേരള എസ്റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടത്. മയക്കുവെടി വെക്കാനുളള തയ്യാറെടുപ്പുകൾ നടക്കുന്നതായി വനംവകുപ്പ് അറിയിച്ചു. കടുവ പ്രദേശത്തിറങ്ങുന്നതിന്‍റെ പല സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മലയോര മേഖലയിലെ ആളുകള്‍ക്ക് വലിയ ആശ്വാസമായിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയിലുടനീളമുള്ള റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിനുള്ള അമൃത് ഭാരത് സ്റ്റേഷൻ സ്കീം (ABSS) പ്രകാരം പുനർവികസിപ്പിച്ച വടകര, മാഹി, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകൾ ഉദ്ഘാടനത്തിന് സജ്ജമായി. രാജ്യത്തുടനീളമുള്ള 103 അമൃത് സ്റ്റേഷനുകളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നവീകരിച്ച സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിക്കും.
ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ലോഗർ രോഹിത്തിനെതിരെ കേസ്. രോഹിത്തിന്റെ സഹോദരി നൽകിയ പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തിരിക്കുന്നത്. ദേഹോപദ്രം ഏല്പിക്കൽ, ഗുരുതരമായി പരിക്കേൽപിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് രോഹിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
സംവിധായകൻ ബാലചന്ദ്ര മേനോനെതിരെ ബലാത്സംഗ പരാതി നൽകിയ ആലുവ സ്വദേശിയായ നടി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തന്നെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യ മാധ്യമങ്ങളുടെ അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് ബാലചന്ദ്രമേനോൻ നടിക്കെതിരെ മറ്റൊരു പരാതി നൽകിയിരുന്നു. ഈ കേസിലാണ് നടി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ നൽകിയത്.
കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. രണ്ടു വിദ്യാർത്ഥികൾക്ക് ഫുള്‍ എ പ്ലസും ഒരാൾക്ക് 7 എ പ്ലസും ആണ് ലഭിച്ചിരിക്കുന്നത്. മറ്റുള്ള മൂന്നുപേരും വിജയിച്ചു.ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ഫലം പ്രസിദ്ധീകരിച്ചത്.
സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി നമ്പാല കേശവ റാവുവിനെ സുരക്ഷ സേന വധിച്ചു. ഛത്തീസ്ഗഡിൽ നടന്നഏറ്റുമുട്ടലിലാണ് ബസവരാജു എന്ന നമ്പാല കേശവ റാവു അടക്കം 27 മാവോയിസ്റ്റുകളെ സുരക്ഷ സേന വധിച്ചത്. ഏറ്റമുട്ടലിൽ ഡിസ്ട്രിക് റിസർവ്വ് ഗാർഡിലെ ജവാൻ വീരമൃത്യു വരിച്ചു. സേനകളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
ബെംഗളുരുവിലെ ചന്ദാപുരയിൽ പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കടും നീല നിറത്തിലുള്ള വലിയ ട്രോളി ബാഗിലാണ് 18 വയസ്സ് പ്രായം തോന്നുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. ഹൊസൂർ മെയിൻ റോഡിന് അടുത്തുള്ള റെയിൽവേ ബ്രിഡ്‍ജിന് താഴെ പെട്ടി കിടക്കുന്നത് പ്രദേശവാസികളാണ് ശ്രദ്ധിച്ചത്. ഇതിൽ നിന്ന് ദുർഗന്ധമുയർന്നതോടെ പൊലീസിനെ നാട്ടുകാർ വിവരമറിയിച്ചു. പൊലീസെത്തി പെട്ടി തുറന്നപ്പോഴാണ് ഇതിനകത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ദില്ലിയിലെ പാകിസ്ഥാനി ഹൈക്കമ്മീഷനിലെ ഒരു നയതന്ത്ര ഉദ്യോഗസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി. നയതന്ത്ര മര്യാദ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 24 മണിക്കൂറിനകം രാജ്യം വിടാൻ ഇയാള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നൽകി. നയതന്ത്ര അവകാശം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യരുതെന്ന് കർശന താക്കീതും ഇന്ത്യ നൽകി.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും കൊവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ചില സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ആണെന്ന് കാണുമ്പോള്‍ റഫര്‍ ചെയ്യുന്നത് ശരിയല്ലയെന്നും മന്ത്രി വ്യക്തമാക്കി.
ഭാര്യയെയും ഒപ്പം ജോലി ചെയ്യുന്ന മറ്റൊരാളെയും ഒരുമിച്ച് വീടിനുള്ളിൽ കണ്ട യുവാവ് രണ്ട് പേരെയും മർദിച്ചുകൊന്നു. അസമിലെ നഗാവ് ജില്ലയിലുള്ള കാംപൂരിലാണ് സംഭവം. തുടർന്ന് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
അമിത ജോലി സമ്മർദ്ദത്തെ തുടര്‍ന്ന് ബംഗളൂരുവിൽ 24കാരനായ ടെക്കി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ നിഖിൽ സോംവൻശി ആണ് ആത്മഹത്യ ചെയ്തത്. എച്ച്എസ്ആർ ലേ ഔട്ടിലെ അഗര തടാകത്തിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഓലയുടെ എഐ വിങായ ക്രിട്രിമിൽ മെഷീൻ ലേണിംഗ് എഞ്ചിനീയറായിരുന്നു നിഖിൽ.നിഖിലിന്‍റെ ആത്മഹത്യയിൽ പ്രതിഷേധവുമായി ഐടി ജീവനക്കാരുടെ യൂണിയനുകളും രംഗത്തെത്തി.
ഇടപാടുകാർക്ക് അറിയുന്ന ഭാഷയിൽ ബാങ്ക് ജീവനക്കാർ സംസാരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ബിജെപി എംപി തേജസ്വി സൂര്യയും. ബാങ്കിലെത്തിയ യുവാവിനോട് കന്നഡയിൽ സംസാരിക്കാൻ തയ്യാറാകാതെ തട്ടിക്കയറിയ എസ്ബിഐ മാനേജരെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ഇരുവരും ഒരേ അഭിപ്രായം പറഞ്ഞത്.
ഓണ്‍ലൈനിൽ ഓർഡർ ചെയ്ത രാഖി എത്തിക്കാതിരുന്ന ആമസോണിന് പിഴയിട്ട് മുംബൈയിലെ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 100 രൂപയുടെ രാഖി എത്തിക്കാതിരുന്നതിന് 40,000 രൂപ ആമസോണ്‍ പിഴയൊടുക്കണം. 2019ൽ സഹോദരനു വേണ്ടി ഓർഡർ ചെയ്ത രാഖി ഡെലിവർ ചെയ്തില്ലെന്ന മുംബൈ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.
വഖഫ് ഇസ്ലാം മതത്തിന്റെ അനിവാര്യത അല്ലെന്നും വഖഫ് മൗലിക അവകാശമല്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. വഖഫ് നിയമ ഭേദഗതി സ്റ്റേ ചെയ്യണം എന്ന ആവശ്യമുന്നയിച്ച് സമർപ്പിക്കപ്പെട്ട ഹർജികളിൽ വാദം നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഈ നിലപാട് അറിയിച്ചത്. സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.
മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പരീക്ഷകളിൽ വിജയിക്കാൻ പിന്നോക്ക വിഭാഗ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിക്കുകയടക്കം ചെയ്തുവെന്ന ചെയ്തുവെന്ന ആരോപണത്തിൽ കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം നേടിയ മുൻ ഐഎഎസ് പരിശീലക ഓഫീസർ പൂജ ഖേദ്കറിന് ആശ്വാസം നല്‍കുന്ന വിധിയാണ് സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായിട്ടുള്ളത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും രേഖകളിലുള്ള തെളിവുകൾ നശിപ്പിക്കരുതെന്നും പൂജയ്ക്ക് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗാസയിലേക്കുള്ള എല്ലാ മാനുഷിക സഹായവും തടഞ്ഞ് ഇസ്രായേൽ. ഒരു മാസത്തിനിടെ ആശുപത്രികളിലും അഭയാർത്ഥി ക്യാമ്പുകളിലും അടക്കം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 3340 നിരപരാധികൾ ആണ് കൊല്ലപ്പെട്ടത്. ഗാസയെ പിടിച്ചടക്കി പൂർണ്ണ വിജയം നേടുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പ്രഖ്യാപനം.
സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ ചൈന. ഇതുസംബന്ധിച്ച് ചൈന, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ ധാരണയായി. ബെയ്ജിങിൽ നടന്ന മൂന്ന് രാജ്യങ്ങളുടെയും മന്ത്രിതല ചര്‍ച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ എതിര്‍പ്പ് വകവെക്കാതെയാണ് ചൈനയും പാകിസ്ഥാനും സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നത്.
അമേരിക്കയുടെ പുതിയ മിസൈൽ പ്രതിരോധ സംവിധാന പദ്ധതി വിശദീകരിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഭാവിയിൽ നടപ്പിലാക്കുന്ന ‘ഗോൾഡൻ ഡോം’ എന്ന മിസൈൽ പ്രതിരോധ സംവിധാനത്തെ കുറിച്ചാണ് ട്രംപ് വെളിപ്പെടുത്തിയത്. ബഹിരാകാശത്ത് നിന്ന് തൊടുക്കുന്ന മിസൈലുകൾ വരെ ഈ സംവിധാനം തടുക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. തന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും ഗോൾഡൻ ഡോം പ്രവർത്തനക്ഷമമാകുമെന്ന് ട്രംപ് പറഞ്ഞു.