വീണ്ടും പ്രകോപനം ഉണ്ടാക്കുന്ന പരാമര്‍ശങ്ങളുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചുവിടാൻ ഇന്ത്യ ഏത് തരത്തിലുള്ള നിർമതിയുണ്ടാക്കിയാലും അതിനെ തകര്‍ക്കുമെന്നാണ് ഖവാജ ആസിഫിന്റെ ഭീഷണി. പഹല്‍ഹാം ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടിയിലെ ബന്ധം കൂടുതല്‍ മോശമായ സാഹചര്യത്തിലും യുദ്ധക്കൊതി നിറഞ്ഞ പരാമര്‍ശങ്ങള്‍ തുടരുകയാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി.
പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരര്‍ വിമാനത്തില്‍ ഉണ്ടെന്ന സംശയത്തില്‍ ചെന്നൈ-കൊളംബോ വിമാനത്തിൽ പരിശോധന. 6 ഭീകരർ ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കൊളംബോ വിമാനത്താവളത്തിൽ വിശദമായ പരിശോധന നടത്തിയത്. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലാണ് പരിശോധന. അതേസമയം, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് വിമാന കമ്പനി അറിയിച്ചു.
പാകിസ്ഥാൻ പതാകയുള്ള കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിലേക്ക് കടക്കുന്നതിന് വിലേക്കേർപ്പെടുത്തി രാജ്യം. പാകിസ്ഥാനിൽ നിന്നു വരുന്ന ഇറക്കുമതികൾക്ക് രാജ്യത്തിനകത്തേക്ക് കടക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇന്ത്യ വഴി പാക് ഉൽപ്പന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചു.കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് പാകിസ്ഥാൻ പതാകയുള്ള കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തത്തിൽ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോർജ്ജ്. സംഭവം ഇലക്ട്രിക്കൽ ഇൻസ്പെക്ട്രെഡ് അന്വേഷിക്കുന്നുവെന്നും പിഡബ്ല്യുഡി ഇക്ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട്ട് നൽകിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഫോറെൻസിക് പരിശോധനയും നടക്കുന്നുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനടുത്ത് പുക ഉയർന്നത്.
മെഡിക്കൽ കോളേജിൽ അപകടത്തിനിടെ മരിച്ച മേപ്പാടി സ്വദേശി നസീറയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. വിഷം അകത്തു ചെന്നുണ്ടായ മരണമെന്നാണ് റിപ്പോർട്ട്. നേരത്തെ, മരിച്ച 3 പേരുടെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇവരുടെ മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസ്സം മൂലമല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് പുറത്ത് വന്നത്.
ഹൈവേ വികസനത്തിനായി വസ്തു ഏറ്റെടുത്തതിലെയും പുനരധിവാസ ഫണ്ട് അനുവദിച്ചതിലെയും ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനായി വിജിലൻസിന്റെ സംസ്ഥാന തല മിന്നൽ പരിശോധന. ഓപ്പറേഷൻ അധിഗ്രഹൺ എന്ന പേരിലാണ് പരിശോധനകൾ നടക്കുന്നത്. സംസ്ഥാനത്തെ ഹൈവേ വികസനത്തിനായി വസ്തു ഏറ്റെടുക്കൽ നടത്തിയതിലും, പുനരധിവാസ ഫണ്ട് അനുവദിച്ചതിലും ക്രമക്കേടുകളും അഴിമതിയും നടന്ന് വരുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
വയനാട്ടിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂർ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപറമ്പ് സ്വദേശിനിയായ കെ ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും, 96,290 രൂപയും, മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.
കെപിസിസി നേതൃമാറ്റത്തിലെ തീരുമാനം രാഹുല്‍ ഗാന്ധിക്കും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും വിട്ട് കോൺഗ്രസ്. അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് തന്നോട് പറഞ്ഞിട്ടില്ലെന്നും ഏത് തീരുമാനവും അംഗീകരിക്കുമെന്നും കെ സുധാകരന് പ്രതികരിച്ചു. ആന്റോ ആന്റണിയുടെ പേര് സജീവമായിരിക്കേ ഫോട്ടോ കണ്ടാല്‍ മനസിലാകുന്നയാളെ പ്രസിഡന്റാക്കണമെന്ന് കെ മുരളീധരന് ഒളിയമ്പെയ്തു.
പൊലീസ് സേനാംഗങ്ങളിൽ വർധിച്ചുവരുന്ന ആത്മഹത്യ തടയാൻ സേനയുടെ അംഗബലം കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ക്വാണ്ടം കമ്പ്യൂട്ടിംഗ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ജനറേറ്റീവ് എ.ഐ. തുടങ്ങിയ സാങ്കേതികവിദ്യകൾ ലഭ്യമായിട്ടും പൊലീസിലെ പല കാര്യങ്ങളും പരമ്പരാഗതമായ രീതിയിലാണ് നടക്കുന്നതെന്ന് കമ്മീഷൻ സർക്കാരിന് നൽകിയ വിശദമായ ഉത്തരവിൽ പറയുന്നു. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്തതും മാനവിക വിരുദ്ധവുമായ കൊളോണിയൽ കാലത്തെ ശേഷിപ്പുകൾ പൊലീസ് സേനയിൽ അവസാനിപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിലെ ഇരിപ്പിടത്തെച്ചൊല്ലിയുള്ള പരിഹാസത്തിൽ സിപിമ്മിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഹമ്മദ് റിയാസിനെ പരോക്ഷമായി പരിഹസിച്ച് കൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. താന്‍ നേരത്തെ വേദിയില്‍ എത്തിയത് പ്രവര്‍ത്തകരെ കാണാനാണ്. അതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറെ കാണട്ടെ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പരിഹാസം. എത്ര വേണമെങ്കിലും ട്രോളിക്കോളൂ, ഈ ട്രെയിന്‍ വിട്ടുകഴിഞ്ഞു. മരുമകന് വേണമെങ്കില്‍ ഈ ട്രെയിനില്‍ കയറാമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിലെ വാക്പോരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്.രാജീവ് ചന്ദ്രശേഖർ നടത്തുന്ന കാട്ടിക്കൂട്ടൽ കണ്ടാൽ ആരെയാണ് ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞയക്കേണ്ടത് എന്നറിയാമെന്നും ദേശീയതലത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച ഡോക്ടർമാരുടെ പാനലിനെ വെക്കാവുന്നതാണെന്നും റിയാസ് പറഞ്ഞു.
സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയിൽ പൊട്ടിത്തെറി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനിൽ ആണ് ഭിന്നത. സംസ്ഥാന ജനറൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. നാലുമാസമായി ജനറൽ സെക്രട്ടറി യോഗങ്ങളിൽ പങ്കെടുക്കാറില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.
സ്തുതിഗീതമൊരുക്കിയതിന് പിന്നാലെ പിണറായിയെ പുകഴ്ത്തി ഡോക്യുമെന്ററിയും വരുന്നു. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് പിണറായി ദി ലജൻഡ് എന്ന പേരിൽ ലക്ഷങ്ങൾ ചെലവിട്ട് ഡോക്യുമെന്ററി നിർമ്മിക്കുന്നത്. സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്ററി പ്രദർശിപ്പിക്കും.
തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. തലയിൽ ചക്ക വീഴുകയായിരുന്നു. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓപ്പറേഷൻ ഡി ഹണ്ടിൽ സംസ്ഥാന വ്യാപക പരിശോധ. പ്രത്യേക പരിശോധനയിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2226 പേരെ പരിശോധിച്ചു. 116 പേരെ അറസ്റ്റ് ചെയ്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 114 കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
കോഴിക്കോട്ട് മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂർ രാരംപറമ്പിൽ വീട്ടിൽ അജയ് ആർ.പി. (25) ആണ് പിടിയിലായത്. 251.78 ഗ്രാം മെത്താംഫിറ്റമിൻ.ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തു.
ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം(എസിജെ) ഏര്‍പ്പെടുത്തിയ 2024-ലെ മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘സോഷ്യല്‍ ഇംപാക്ട് ജേണലിസം’ വിഭാഗത്തില്‍ മാതൃഭൂമി ഡോട്ട് കോമിലെ സീനിയര്‍ കണ്ടന്റ് റൈറ്റര്‍ അഖില്‍ ശിവാനന്ദ്, കണ്ടന്റ് റൈറ്റര്‍ മുഹമ്മദ് സാബിത്ത് യു.എം. എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.
ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് അഡ്വ.യശ്വന്ത് ഷേണായിക്കെതിരെ സ്വമേധയാ നടപടിയെടുത്ത് ബാര്‍ കൗണ്‍സില്‍. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രവിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് നടപടി. ശനിയാഴ്ച ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ യോഗമാണ് യശ്വന്ത് ഷേണായിയുടെ വിശദീകരണം തേടാന്‍ തീരുമാനിച്ചത്.
കോട്ടയം ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളായ അമല്‍ കെ ജോമോന്, ആല്ബിന് ജോസഫ് എന്നിവരെയാണ് കാണാതായത്. വിദ്യാർത്ഥികൾക്കായി ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.
പാക്കിസ്ഥാനി യുവതിയെ വിവാഹം കഴിച്ച വിവരം മറച്ചുവെച്ചതിന് സിആർപിഎഫ് ജവാനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ജമ്മു സ്വദേശി മുനീർ അഹമ്മദിനെയാണ് സേനയിൽ നിന്ന് പിരിച്ചുവിട്ടത്. ജവാന്റെ പ്രവൃത്തി സേനയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവും എന്ന് കണ്ടെത്തിയാണ് പിരിച്ചുവിട്ടത്.
ലഹരിമരുന്ന് കടത്തിയതിന് ഇന്തോനേഷ്യയിൽ മൂന്ന് ഇന്ത്യക്കാർക്ക് വധശിക്ഷ. ലെജൻഡ് അക്വേറിയസ് കാർഗോ കപ്പലിൽ 106 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കടത്തിയതിന് കഴിഞ്ഞ വർഷം ജൂലൈയിലാണ് തമിഴ്നാട്ടുകാരായ രാജു മുത്തുകുമാരൻ, സെൽവദുരൈ ദിനകരൻ, ഗോവിന്ദസാമി വിമൽകണ്ഠൻ എന്നിവർ അറസ്റ്റിലായത്. കഴിഞ്ഞ മാസം, മൂവർക്കും വധശിക്ഷ വിധിച്ചു.
ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ ലേബർ പാർട്ടി വിജയിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ. ഓസ്ട്രേലിയയിലെ ജനസാന്ദ്രതയുള്ള കിഴക്കൻ സംസ്ഥാനങ്ങളായ സിഡ്നി, മെൽബൺ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് അവസാനിക്കാനിരിക്കെയാണ് ലേബർ പാർട്ടി വിജയത്തിലേക്കെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇടതുപക്ഷ ചായ്വുള്ള ലേബർ പാർട്ടിക്ക് കൺസർവേറ്റീവ് പാർട്ടിയേക്കാൾ നേരിയ ലീഡാണ് ലഭിക്കുകയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർ ശ്രീലങ്കയിൽ എത്തി എന്ന സംശയത്തെ തുടർന്ന് ശ്രീലങ്കൻ എയർലെെൻസ് വിമാനത്തിൽ പരിശോധന നടത്തി. ചെന്നൈയിൽനിന്ന് കൊളംബോയിലെത്തിയ വിമാനത്തിലാണ് പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ശ്രീലങ്കൻ സുരക്ഷാ സേന അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍ ശനിയാഴ്ച വൈകീട്ടാണ് കൂടിക്കാഴ്ചഭീകരാക്രമണത്തിനുശേഷമുള്ള സാഹചര്യങ്ങള്‍ മോദിയും ഒമർ അബ്ദുള്ളയും തമ്മില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
മംഗളൂരുവിൽ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഇവരെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണെന്നുംശനിയാഴ്ച വൈകീട്ടോടെ അറസ്റ്റ് സംബന്ധിച്ച് പോലീസ് ഔദ്യോഗിക പ്രതികരണം നടത്തുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.