ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ സിനിമയാണ് ‘കുമാരി’. നിര്‍മല്‍ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മല്‍ സഹദേവിനൊപ്പം ഫസല്‍ ഹമീദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘കുമാരി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മന്ദാരപ്പൂവേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജേക്ക്‌സ് ബിജോയിയുടെ സംഗീതത്തില്‍ ജോ പോള്‍ രചിച്ച വരികള്‍ ആവണി മല്‍ഹാര്‍ പാടിയിരിക്കുന്നു. അബ്രഹാം ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28നാണ് റിലീസ്. ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്ക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്ക ജോഫ്, മൃദുല പിനപാല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് സഹനിര്‍മാണം.
സല്‍മാന്‍ ഖാന്‍ ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രം ടൈഗര്‍ 3 ന്റെ റിലീസ് നീട്ടി. ഈദ് റിലീസ് ആയി അടുത്ത വര്‍ഷം ഏപ്രിലില്‍ എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം ആ സമയത്ത് എത്തില്ലെന്നാണ് നിര്‍മ്മാതാക്കളുടെ പുതിയ അറിയിപ്പ്. മറിച്ച് 2023 ദീപാവലിക്ക് ചിത്രം തിയറ്ററുകളില്‍ എത്തും. നവംബര്‍ രണ്ടാം വാരമാണ് അടുത്ത വര്‍ഷത്തെ ദീപാവലി. ആക്ഷന്‍ സ്‌പൈ ചിത്രങ്ങള്‍ അടങ്ങുന്ന യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമാണ് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ ഫ്രാഞ്ചൈസി. അവിനാശ് സിംഗ് റാത്തോര്‍ എന്ന, റോയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്‌പൈ ഏജന്റ് ആണ് സല്‍മാന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ഏക് ഥാ ടൈഗര്‍ ആയിരുന്നു ഈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം. 2014 ല്‍ പുറത്തെത്തിയ ടൈഗര്‍ സിന്താ ഹെ ആയിരുന്നു ഇതിന്റെ രണ്ടാം ഭാഗം. മൂന്നാം ഭാഗമായ ടൈഗര്‍ 3 ന്റെ സംവിധാനം മനീഷ് ശര്‍മ്മയാണ്. സോയ ഹുമൈനി എന്ന നായികാ കഥാപാത്രമായി കത്രീന കൈഫും ചിത്രത്തില്‍ ഉണ്ടാവും.
റിപ്പോ നിരക്ക് വര്‍ധനവിന് ആനുപാതികമായി ബാങ്കുകളും നിക്ഷേപ പലിശ ഉയര്‍ത്തി. ചെറുകിട ബാങ്കുകള്‍ എട്ടുശതമാനത്തിന് മുകളിലേയ്ക്ക് പലിശ ഉയര്‍ത്തി. സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഫിന്‍കെയര്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 1000 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 8.25ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് 7.75ശതമാനവും പലിശ ലഭിക്കും. ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആകട്ടെ 888 ദിവസത്തെ നിക്ഷേപത്തിന് 7.50ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്കാകട്ടെ അര ശതമാനം അധിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രണ്ടു വര്‍ഷത്തിന് മുകളില്‍ മൂന്നു വര്‍ഷംവരെയുള്ള സ്ഥിര നിക്ഷേപത്തിന് 7.25ശതമാനം പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75ശതമാനം പലിശയും ലഭിക്കും. കേരള ബാങ്കില്‍ രണ്ടു വര്‍ഷവും അതിനു മുകളിലുമുള്ള നിക്ഷേപ പലിശ നിലവിലെ ആറില്‍നിന്ന് 6.75ശതമാനമായി കൂട്ടി. മറ്റ് സഹകരണ ബാങ്കുകള്‍ ഒരുവര്‍ഷത്തിന് മുകളിലുള്ള പലിശ 7.75ശതമാനവുമാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം അധിക പലിശയും ലഭിക്കും.
ചില്ലറവില (റീട്ടെയില്‍) നാണയപ്പെരുപ്പത്തിന് കടകവിരുദ്ധമായി സെപ്തംബറില്‍ മൊത്തവില (ഹോള്‍സെയില്‍) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കുത്തനെ താഴ്ന്നു. ആഗസ്റ്റിലെ 12.41 ശതമാനത്തില്‍ നിന്ന് 10.70 ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യോത്പന്നങ്ങളുടെ മൊത്തവില കുറഞ്ഞതാണ് കഴിഞ്ഞമാസം ആശ്വാസമായത്. അതേസമയം, തുടര്‍ച്ചയായ 18-ാം മാസമാണ് മൊത്തവില നാണയപ്പെരുപ്പം 10 ശതമാനത്തിനുമേല്‍ തുടരുന്നതെന്ന ആശങ്കയുണ്ട്. റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് പരിഷ്‌കരിക്കാന്‍ പ്രധാനമായും വിലയിരുത്തുന്നത് റീട്ടെയില്‍ നാണയപ്പെരുപ്പമാണ്. ഇത് കഴിഞ്ഞമാസം ആഗസ്റ്റിലെ 7 ശതമാനത്തില്‍ നിന്ന് 7.41 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. നാണയപ്പെരുപ്പം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അഭികാമ്യമായ 6 ശതമാനത്തിന് താഴേക്ക് തിരിച്ചെത്തിക്കാനായി കഴിഞ്ഞ 4 യോഗങ്ങളിലായി റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് 1.9 ശതമാനം കൂട്ടിയിരുന്നു. ഡിസംബറിലെ യോഗത്തിലും പലിശനിരക്ക് കൂട്ടാനാണ് സാദ്ധ്യത.
വില്‍പ്പനയില്‍ 28 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ. 2022 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 11,469 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചു എന്നാണ് കണക്കുകള്‍. 2021 ലെ ഇതേ കാലയളവില്‍ ബ്രാന്‍ഡ് 8,958 യൂണിറ്റുകള്‍ ആണ് വിറ്റത്. എ -ക്ലാസ് ലിമോസിന്‍ , സി-ക്ലാസ് , എസ്-ക്ലാസ് , മെയ്ബാക്ക് ജിഎല്‍എസ് 600, മെയ്ബാക്ക് എസ്-ക്ലാസ് , എഎംജി മോഡലുകള്‍ എന്നിവ പ്രധാനമായും വില്‍പ്പന വളര്‍ച്ചയ്ക്ക് സംഭാവന നല്‍കി. ജിഎല്‍ഇ , ജിഎല്‍എസ് എന്നിവ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയ്ക്ക് സാക്ഷ്യം വഹിച്ചു. അതായത് മൊത്തത്തിലുള്ള മൂന്നാം പാദ വളര്‍ച്ചയുടെ 30 ശതമാനം. 2022 സെപ്റ്റംബറില്‍ ജിഎല്‍എസ് എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയും രേഖപ്പെടുത്തി. മെഴ്സിഡസ്-ബെന്‍സ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഏക മോഡലായി ഇ ക്ലാസ് എല്‍ഡബ്ല്യുബി തുടര്‍ന്നു.
പാരിസ്ഥിതിക വിമര്‍ശനത്തെക്കുറിച്ചുള്ള മലയാളത്തിലെ പ്രഥമ റഫറന്‍സ് ഗ്രന്ഥത്തിന്റെ വിപുലീകരിച്ച പുതിയ പതിപ്പ്. പാരിസ്ഥിതിക സൗന്ദ-ര്യശാസ്ത്രം, കവിതാപഠനങ്ങള്‍, കഥാപഠനങ്ങള്‍, നോവല്‍ പഠനങ്ങള്‍, കലാപഠനങ്ങള്‍ എന്നിങ്ങനെ അഞ്ചു ഭാഗങ്ങളിലായി, അക്ഷരങ്ങളിലേക്ക് പ്രകൃതിബോധം കടന്നുവന്ന വഴികള്‍ പരിശോധിക്കുന്ന എഴുപതു പഠനങ്ങളുടെ സമാഹാരം. സാഹിത്യത്തിലെ പുതിയ വികാസങ്ങളുടെ മികച്ച ആഖ്യാനങ്ങള്‍. ‘ഹരിതനിരൂപണം’. വിപുലീകരിച്ച പുതിയ പതിപ്പ്. ജി മധുസൂദനന്‍. ഡിസി ബുക്‌സ്. വില 470 രൂപ.
ഭക്ഷണം കഴിക്കുന്നതിന്റെ സമയം ശരീരത്തിന്റെ ഊര്‍ജ്ജവിനിയോഗത്തെയും വിശപ്പിനെയും കൊഴുപ്പ് ശേഖരിക്കുന്ന രീതിയെയുമൊക്കെ സ്വാധീനിക്കുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. പ്രഭാതഭക്ഷണത്തിനു ശേഷം പറ്റുമെങ്കില്‍ 10 മണിക്കൂറിനുള്ളില്‍ ആ ദിവസത്തേക്ക് ആവശ്യമായ ഭക്ഷണമെല്ലാം കഴിക്കുന്നത് കൂടുതല്‍ ആരോഗ്യകരമായ ശരീരത്തെ പ്രദാനം ചെയ്യുമെന്ന് ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. അതായത് രാവിലെ എട്ട് മണിക്ക് പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ വൈകുന്നേരം ആറ് മണിക്കെങ്കിലും രാത്രി ഭക്ഷണം കഴിച്ചിരിക്കണം. നാലു മണിക്കൂര്‍ വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക് കൂടുതല്‍ വിശപ്പുണ്ടാകുമെന്നും ഇവരുടെ ശരീരം കാലറി ദഹിപ്പിക്കുന്നതിന്റെ നിരക്ക് കുറവായിരിക്കുമെന്നും കൊഴുപ്പ് കെട്ടിക്കിടക്കാനുള്ള സാധ്യത ഇവരില്‍ കൂടുതലാണെന്നും സെല്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അമിതഭാരമുള്ള 16 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. വൈകി കഴിച്ചവരില്‍ ലെപ്റ്റിന്‍ എന്ന ഹോര്‍മോണ്‍ താഴ്ന്ന തോതിലാണ് നിരീക്ഷിക്കപ്പെട്ടത്. വിശപ്പിനെ നിയന്ത്രിക്കാനും വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കാനും സഹായിക്കുന്ന ഹോര്‍മോണാണ് ഇത്. വൈകി കഴിക്കുന്നവരില്‍ നേരത്തെ കഴിച്ചവരെ അപേക്ഷിച്ച് 60 കാലറി കുറവാണ് ദഹിപ്പിക്കപ്പെട്ടതെന്നും ഗവേഷകര്‍ പറയുന്നു. 10 മണിക്കൂര്‍ ദൈര്‍ഘ്യത്തിനുള്ളില്‍ ദിവസത്തിലെ എല്ലാ ഭക്ഷണവും കഴിക്കുന്നവരില്‍ ചീത്ത കൊളസ്ട്രോളിന്റെ തോത് കുറവായിരിക്കുമെന്നും ഇവരുടെ മാനസികാരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കുമെന്നും മദ്യപാനത്തിന്റെ തോതും ഇവരില്‍ കുറവായിരിക്കുമെന്നും മറ്റൊരു പഠനവും ചൂണ്ടിക്കാണിക്കുന്നു.