2022 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളെ ഒക്ടോബർ 7 ന് ഓസ്ലോയിൽ പ്രഖ്യാപിക്കാൻ ഇരിക്കേ സാധ്യതാ പട്ടികയിൽ ആൾട്ട് ന്യൂസ് സ്ഥാപകരായ ഫാക്ട് ചെക്കേഴ്സ് മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ. 2018 ൽ നടത്തിയ ഒരു ട്വീറ്റിന്റെ പേരിൽ മുഹമ്മദ് സുബൈറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുബൈറിന്റെ അറസ്റ്റ് ഇന്ത്യക്ക് പുറത്തും പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി. ഒരു മാസത്തിന് ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ സുബൈർ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു.
ലൈഫ് മിഷൻ അഴിമതി കേസിൽ എം ശിവശങ്കറിന് സിബിഐ നോട്ടിസ്. ചോദ്യംചെയ്യലിന് നാളെ രാവിലെ 10.30 ന് സി ബി ഐ ഓഫീസിൽ ഹാജരാകണമെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ ആവശ്യം. ലൈഫ് മിഷൻ കേസിൽ ഇതാദ്യമായാണ് ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമിക്കുന്നതിന് കരാർ നൽകിയതിൽ കോടിക്കണക്കന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നും യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറും ഇത് വീതിച്ചെടുത്തെന്നും സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവശങ്കറെ വിളിപ്പിച്ചിരിക്കുന്നത്.
തന്നെ കൂടുതല്‍ എതിര്‍ക്കുന്നത് കേരളത്തിലെ നേതാക്കളെന്ന് ശശി തരൂര്‍. മറ്റൊരാൾക്ക് വിഷം കൊടുത്തോ ചവിട്ടി താഴ്ത്തിയോ വളർന്ന നേതാവല്ല താനെന്നും തരൂർ ഓർമിപ്പിച്ചു. കെ സി വേണുഗോപാൽ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന അറിവ് മാധ്യമങ്ങളിൽ നിന്നാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടവരാണെന്നും തരൂർ പറഞ്ഞു.ഹൈക്കമാൻഡ് ഇറക്കിയ തെരഞ്ഞെടുപ്പ് മാർഗരേഖ അനുസരിച്ച് ഒരു പിസിസിയും നേതാവും ഒരു സ്ഥാനാർത്ഥിക്കായി പ്രചാരണം പാടില്ലെന്ന് നിര്‍ദേശമുണ്ടെന്നും ഇത് ലംഘിക്കപ്പെടുന്നുണ്ടെന്ന് അറിയിപ്പ് കൊടുത്തുവെന്നും തരൂർ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജ്ജുൻ ഖാര്‍ഗേക്കായി രമേശ് ചെന്നിത്തല എംഎൽഎ പ്രചാരണത്തിനിറങ്ങും. വിവിധ സംസ്ഥാനങ്ങളിൽ ഖാർഗെക്കൊപ്പം പ്രചാരണം നടത്തുന്ന രമേശ് ചെന്നിത്തലയ്ക്ക് നിലവിൽ കോൺഗ്രസിന്റെ ഔദ്യോഗിക പദവിയൊന്നും വഹിക്കാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശം ബാധകമല്ല. നേരത്തേ കെ സുധാകരൻ, വി.ഡി സതീശൻ , കെ മുരളീധരൻ എം പി തുടങ്ങിയ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ഖാർഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ നിന്നാണ് കൂടുതൽ എതിർപ്പെന്ന് ശശി തരൂർ പറഞ്ഞിരുന്നു.
തൃശൂരിൽ ശക്തൻ സ്റ്റാൻഡിന് സമീപമുല്ല സൈക്കിൾ കടയിൽ തീപിടുത്തം. വെളിയന്നൂർ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ സൈക്കിളുകളും സൈക്കിൾ പാട്സുകളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഒട്ടേറെ സൈക്കിളുകൾ കത്തിനശിച്ചു. രണ്ടാമത്തെ നിലയിലായിരുന്നു ജീവനക്കാരുണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഇവര്‍ പുറത്തേക്കിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. നാല് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീ അണച്ചു.
ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ നിക്ഷേപങ്ങൾ വരുന്നു, ടൂറിസത്തിൽ വളർച്ച തുടങ്ങി കശ്മീരിൽ കാര്യങ്ങൾ മാറുകയാണെന്ന് അമിത് ഷാ പറഞ്ഞു. എന്നാൽ ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും അമിത് ഷാ വ്യക്തമാക്കി. രണ്ടു ദിവസമായി ജമ്മുവിലുള്ള അമിത് ഷാ ജമ്മു കശ്മീരിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ ഉന്നതലയോഗം ചേർന്നു. അമിത് ഷായുടെ സന്ദർശനത്തിനിടെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മുൻ മുഖ്യമന്ത്രി മെഹുബൂബ മുഫ്തി ആരോപണത്തെ പൊലീസ് നിഷേധിച്ചു.