കൊവിഡ് കാലത്തിനു ശേഷമുണ്ടായ തകര്‍ച്ചയില്‍ ബോളിവുഡിന് പ്രതീക്ഷ പകര്‍ന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രത്തില്‍ ഒരു ലവ് ട്രാക്കും ഉണ്ട്. രണ്‍ബീര്‍ കപൂറും അലിയ ഭട്ടുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘കേസരിയ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് പ്രീതം. ശാശ്വത് സിംഗ്, അന്തര മിത്ര എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. സെപ്റ്റംബര്‍ 9 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മികച്ച ഓപണിംഗ് ആണ് നേടിയത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഒരാഴ്ച കൊണ്ട് 300 കോടി നേടിയ ചിത്രം 10 ദിവസത്തെ നേട്ടം 360 കോടി ആയിരുന്നു. അസ്ത്രാവേഴ്‌സ് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ബ്രഹ്മാസ്ത്ര.
തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് രശ്മിക മന്ദാന. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായ രശ്മിക മന്ദാന ഭാഷാഭേദമന്യേ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. രശ്മിക മന്ദാനയുടെ പുതിയൊരു ബോളിവുഡ് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹോളിവുഡ് ആക്ഷന്‍ ചിത്രമായ ‘റാമ്പോ: ലാസ്റ്റ് ബ്ലഡി’ന്റെ ബോളിവുഡ് റീമേക്കില്‍ രശ്മിക മന്ദാന അഭിനയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്. ടൈഗര്‍ ഷ്‌റോഫിന്റെ നായികയായിട്ടാണ് രശ്മിക മന്ദാന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുക. രോഹിത് ധവാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാന ചിത്രത്തില്‍ ഭാഗമാകുന്നതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. രശ്മിക മന്ദാനയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ഗുഡ്‌ബൈ’ റിലീസിന് തയ്യാറായിരിക്കെയാണ് പുതിയ വാര്‍ത്ത.
യൂറോ ഉപയോഗിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ നാണ്യപ്പെരുപ്പം സെപ്റ്റംബറില്‍ റെക്കോര്‍ഡ് നിലയായ 10 ശതമാനത്തില്‍. യൂറോസോണില്‍ ഉള്‍പ്പെടുന്ന 19 രാജ്യങ്ങളില്‍ ഓഗസ്റ്റില്‍ നാണ്യപ്പെരുപ്പം 9.1 ശതമാനമായിരുന്നു. റഷ്യയില്‍നിന്നുള്ള ഇന്ധന വരവ് കുറഞ്ഞതോടെ ഊര്‍ജ മേഖലയിലെ വിലക്കയറ്റമാണ് തിരിച്ചടിയാകുന്നത്. ഒരു വര്‍ഷത്തിനിടെ 40.8 ശതമാനമാണ് വില കൂടിയത്. ആഹാരം, മദ്യം, പുകയില എന്നിവയ്ക്ക് 11.8 ശതമാനവും വില കൂടി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നാണ്യപ്പെരുപ്പം 3.4 ശതമാനം മാത്രമായിരുന്നു.
ആപ്പിള്‍ ഐഫോണ്‍ നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്ന തയ്വാന്‍ കമ്പനി പെഗാട്രോണ്‍ 1,100 കോടി രൂപയുടെ നിക്ഷേപവുമായി തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ 2 ഉള്‍പ്പെടെ ഇന്ത്യയില്‍ ഐഫോണ്‍ ഉല്‍പാദകര്‍ മൂന്നായി. പെഗാട്രോണ്‍ വഴി 14,000 തൊഴിലവസരങ്ങളുണ്ടാകും.ചെങ്കല്‍പ്പെട്ടിലെ മഹീന്ദ്ര വേള്‍ഡ് സിറ്റിയിലാണ് പെഗാട്രോണ്‍ ഫാക്ടറി. ഐഫോണ്‍ ഘടക ഉല്‍പാദനവും അസംബ്ലിങ്ങുമാണ് ഇവിടെ നടക്കുക. 2025 ന് അകം ഹാന്‍ഡ്സെറ്റ് നിര്‍മാണത്തിന്റെ 25 ശതമാനവും വര്‍ഷാവസാനത്തോടെ ഐഫോണ്‍ 14 ഉല്‍പാദനത്തിന്റെ 5 ശതമാനവും ഇന്ത്യയിലേക്കു മാറ്റാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.
രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഹാച്ച്ബാക്ക് ആയ അള്‍ട്ടോയുടെ മൂന്നാം തലമുറ പതിപ്പ് ആള്‍ട്ടോ കെ10 ഒരുമാസം മുമ്പാണ് മാരുതി സുസുക്കി അവതരിപ്പിച്ചത്. ഇപ്പോഴിതാ, ഉത്സവ സീസണിനിടയില്‍, ഹാച്ച്ബാക്കില്‍ വന്‍ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി. പുതിയ കെ10ന് മാരുതി സുസുക്കി 25,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ആള്‍ട്ടോ 800സിസി ഹാച്ച്ബാക്കിന് 29,000 രൂപയുടെ ആനുകൂല്യം ലഭിക്കും. മാരുതി സുസുക്കി ആള്‍ട്ടോ കെ10 ഈ ആഗസ്ത് 18 നാണ് പുറത്തിറങ്ങിയത്. പുതിയ ആള്‍ട്ടോ കെ10 ന്റെ ടോപ്പ്-സ്‌പെക്ക് ഓട്ടോമാറ്റിക് വേരിയന്റിന് 3.99 ലക്ഷം മുതല്‍ 5.84 ലക്ഷം വരെയാണ് എക്‌സ്-ഷോറൂം വില. 800 സിസി മോഡലിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 3.39 ലക്ഷം രൂപയാണ്.
സാമൂഹ്യമാധ്യമങ്ങളിലെ ദുരുപയോഗങ്ങളില്‍ നിന്നും അവനവനെ സംരക്ഷിക്കാനുള്ള ഉപാധി സ്വയം കണ്ടെത്തേണ്ടതാണെന്ന് ബോധ്യപ്പെടുത്തുന്ന മനോഹരമായ സ്ത്രീപക്ഷ നോവല്‍. ‘മുഖപുസ്തകത്തിലെ പ്രണയ പാഠങ്ങള്‍’. കെ എസ് മിനി. കൈരളി ബുക്‌സ്. വില 237 രൂപ.
പലരെയും അലട്ടുന്ന ഒന്നാണ് ഉറക്കമില്ലായ്മ. ദിവസം മുഴുവന്‍ അലഞ്ഞാലും, തളര്‍ന്ന് കിടന്നാലുമൊന്നും ഉറക്കം വരാതിരിക്കുന്നത് വലിയ പ്രശ്‌നമാണ്. ഇത്തരക്കാര്‍ക്ക് ചെറി ജ്യൂസ് ഒരു പരിഹാരമാകുമെന്ന് പറയുകയാണ് ഗവേഷകര്‍. ഫൈബര്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, വൈറ്റമിന്‍ സി, എ, കെ എന്നിവയോടൊപ്പം ബീറ്റാ കരോട്ടിന്‍, കാത്സ്യം, നിരോക്‌സീകാരികള്‍ എന്നിവ അടങ്ങിയ ചെറി നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ്. ശരീരത്തിലെ പീനിയല്‍ ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഉറക്ക ഹോര്‍മോണ്‍ ആയ മെലാടോണിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ചെറി സഹായിക്കുന്നതുകൊണ്ടാണ് ഉറക്കമില്ലായ്മ അനുഭവിക്കുന്നവര്‍ക്ക് ഈ പഴം നല്ലൊരു സുഹൃത്താണെന്ന് പറയാന്‍ കാരണം. ഉറക്കത്തിന്റെ ദൈര്‍ഘ്യം ദീര്‍ഘിപ്പിക്കാനും ചെറി സഹായിക്കും. ഉറങ്ങാന്‍ കിടക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് ചെറി കഴിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ജ്യൂസ് ആക്കിയും കഴിക്കാമെങ്കിലും മധുരം ചേര്‍ക്കരുത്. ചെറിയില്‍ ചെറിയ അളവില്‍ ട്രിപ്‌റ്റോഫാനും മെലാടോണിനും അടങ്ങിയിട്ടുണ്ട്. ഇതില്‍ ട്രിപ്‌റ്റോഫാന്‍, ഉറക്കഹോര്‍മോണുകളുടെ അളവ് നിയന്ത്രിക്കുന്ന ഒരു പ്രോട്ടീന്‍ ആണ്. ചെറിയില്‍ അടങ്ങിയ എന്‍സൈമുകള്‍ ഉറങ്ങാന്‍ മാത്രമല്ല ദീര്‍ഘവും തടസമില്ലാത്തതുമായ ഉറക്കം ലഭിക്കാനും സഹായിക്കും.