അനിര്‍ബന്‍ ബോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ബോളിവുഡ് ചിത്രം ‘അയെ സിന്ദഗി’യുടെ ഒഫിഷ്യല്‍ ട്രെയ്ലര് പുറത്തെത്തി. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കുന്ന സിനിമയെന്ന് അണിയറക്കാര്‍ പറഞ്ഞിരിക്കുന്ന ചിത്രം ഒരു 26 കാരന്റെ കഥയാണ് പറയുന്നത്. ലിവര്‍ സിറോസിസ് ബാധിച്ച ചെറുപ്പക്കാരനും ആശുപത്രിയിലെ ഗ്രീഫ് കൌണ്‍സിലര്‍ക്കുമിടയില്‍ ഉടലെടുക്കുന്ന ഊഷ്മളമായ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വിനയ് ചൗള എന്ന രോഗിയായ ചെറുപ്പക്കാരനെ സത്യജീത് ദുബേയാണ് അവതരിപ്പിക്കുന്നത്. രേവതിയാണ് ആശുപത്രിയിലെ കൗണ്‍സിലറായി എത്തുന്നത്. രേവതി എന്നുതന്നെയാണ് ഈ കഥാപാത്രത്തിന്റെ പേര്. രേവതിയുടെ ഇടപെടലുകള്‍ വിനയ്യുടെ മനസില്‍ വീണ്ടും പ്രതീക്ഷകള്‍ പാകുകയാണ്. ഒക്റ്റോബര്‍ 14 ന് തിയറ്ററുകളില്‍ എത്തും.
മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്വന്’ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ അധികരിച്ചാണ് മണിരത്നം ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിനം മികച്ച കളക്ഷന്‍ ചിത്രത്തിന് നേടാനായി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ‘പൊന്നിയിന്‍ സെല്വന്’ ആദ്യ ദിനം ഏകദേശം 39 കോടിയോളം കളക്ഷന്‍ നേടിയെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022ല്‍ ഏറ്റവും കളക്ഷന്‍ നേടിയ രണ്ടാമത്തെ തമിഴ് ചിത്രമായിരിക്കുകയാണ് ‘പൊന്നിയിന്‍ സെല്‍വ’ന്. 2002ല്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ‘വിക്ര’ത്തിനെയും വലിമൈയെയും പിന്നിലാക്കിയാണ് പൊന്നിയിന്‍ സെല്‍വന്റെ മുന്നേറ്റം. തമിഴ്നാട്ടില്‍ 23- 24 കോടി രൂപയ്ക്കടുത്ത് നേടിയ ‘പൊന്നിയിന്‍ സെല്‍വ’ന് മുന്നില്‍ വിജയ്യുടെ ‘ബീസ്റ്റ്’ മാത്രമാണ് തമിഴ്നാട്ടില്‍ നിന്നുള്ളത്. വടക്കേ ഇന്ത്യയില്‍ നിന്ന് 2.75 കോടി രൂപയാണ് ‘പൊന്നിയിന്‍ സെല്വന്’ നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 3.25 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തപ്പോള്‍ കര്‍ണാടകയില്‍ നിന്ന് നാല് കോടി നേടി. ആന്ധ്രാപ്രദേശ്/ തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് 5.50 കോടിയും സ്വന്തമാക്കി.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ദ്ധനയ്ക്ക് ശേഷമാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,200 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നലെ 25 രൂപ ഉയര്‍ന്നിരുന്നു. വിപണി വില 4650 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3845 രൂപയാണ്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയില്‍ അകപ്പെട്ട കമ്പനിയെന്ന ചീത്തപ്പേര് നേടുകയും ലോകരാജ്യങ്ങളെയാകെ കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളുകയും ചെയ്ത അമേരിക്കന്‍ ധനകാര്യ, റിയല്‍എസ്റ്റേറ്റ് സ്ഥാപനമായ ലേമാന് ബ്രദേഴ്സ് ഒടുവില്‍ ബാദ്ധ്യതകള്‍ പൂര്‍ണമായി തീര്‍ത്തു. അമേരിക്കയിലെ നാലാമത്തെ വലിയ നിക്ഷേപക ബാങ്കായിരുന്ന ലേമാന് ബ്രദേഴ്സ് നീണ്ട 14 വര്‍ഷവും 13 ദിവസവുംകൊണ്ടാണ് ബാദ്ധ്യതകള്‍ വീട്ടിയത്. ലേമാന് ബ്രദേഴ്സ് 11,500 കോടി ഡോളറിന്റെ (ഏകദേശം 9.4 ലക്ഷം കോടി രൂപ) ബാദ്ധ്യതകളാണ് വീട്ടിയത്. കമ്പനിയുടെ ഉപഭോക്താക്കളായിരുന്ന 1.11 ലക്ഷം പേര്‍ക്കായി 10,600 (8.65 ലക്ഷം കോടി രൂപ) കോടി ഡോളര്‍ നല്കി. കമ്പനിക്ക് വായ്പനല്‍കിയ സ്ഥാപനങ്ങള്‍ക്ക് 940 കോടി ഡോളറും (77,000 കോടി രൂപ) തിരിച്ചുനല്‍കി. യു.എസ് ബാങ്ക്റപ്റ്റ്സി ജഡ്ജി ഷെല്ലി ചാപ്മാന്റെ നേതൃത്വത്തിലാണ് ലിക്വിഡേഷന് (ബാദ്ധ്യത വീട്ടല്‍) നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ജാവ, ജാവ 42 എന്നീ 2 മോട്ടോര്‍സൈക്കിളുകളുമായി ക്ലാസിക് ലെജന്‍ഡ്സ് 2018-ല്‍ ആണ് ജാവ നെയിംപ്ലേറ്റ് വീണ്ടും അവതരിപ്പിച്ചത്. കമ്പനി ‘ഫാക്ടറി കസ്റ്റം’ ബോബര്‍ മോട്ടോര്‍സൈക്കിളായ ജാവ പെരാക്ക് 2019-ല്‍ പുറത്തിറക്കിയിരുന്നു. ഇതിന് വാങ്ങുന്നവരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചു. ഇപ്പോള്‍, കമ്പനി പുതിയ ജാവ 42 ബോബര്‍ പുറത്തിറക്കി. അത് പ്രധാനമായും ഫാക്ടറി കസ്റ്റം ട്രീറ്റ്മെന്റോടുകൂടിയ ജാവ 42 ആണ്. മിസ്റ്റിക് കോപ്പര്‍, മൂണ്‍സ്റ്റോണ്‍ വൈറ്റ്, ജാസ്പര്‍ റെഡ് (ഡ്യുവല്‍ ടോണ്‍) എന്നിങ്ങനെ ആകര്‍ഷകമായ മൂന്ന് നിറങ്ങളില്‍ പുതിയ ജാവ 42 ബോബര്‍ ലഭ്യമാകും. മിസ്റ്റിക് കോപ്പറിന് 2,06,500 രൂപയും മൂണ്‍സ്റ്റോണ്‍ വൈറ്റിന് 2,07,500 രൂപയും ജാസ്പര്‍ റെഡിന് 2,09,187 രൂപയുമാണ് ദില്ലി എക്സ് ഷോറൂം വില.
ഹിന്ദി സിനിമയിലെ അനശ്വരഗാനങ്ങളുടെ പിറവിയെക്കുറിച്ചുള്ള പുസ്തകം. പ്രണയത്തിന്റെയും വിരഹത്തിന്റെയും ആഘോഷങ്ങളുടെയും ഭൂമികയില്‍ ഇന്നും ഒഴുകുന്ന വരികള്‍ക്കും സംഗീതത്തിനും പിന്നിലെ മഹദ് വ്യക്തികളുടെ കയ്ക്കും മധുരവും നിറഞ്ഞ ജീവിതം. മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരന് രവി മേനോന്റെ സംഗീതം തുളുമ്പുന്ന ഏറ്റവും പുതിയ പുസ്തകം. ‘പിന്നിലാവിന്റെ പിച്ചകപ്പൂക്കള്‍’. ഒലീവ് പബ്ളിക്കേഷന്‍സ്. വില 171 രൂപ.
ദിവസവും രണ്ടില്‍ കൂടുതല്‍ തവണ മലവിസര്‍ജ്ജനം ചെയ്യുന്നവര്‍ക്ക് ഹൃദയാഘാതം, ടൈപ്പ് 2 പ്രമേഹം, വൃക്കരോഗം എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പെക്കിംഗ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 30-നും 79-നും ഇടയില്‍ പ്രായമുള്ള 500,000 പേരെ പത്ത് വര്‍ഷത്തോളം നിരീക്ഷിച്ചായിരുന്നു പഠനം നടത്തിയത്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവനുസരിച്ചാണ് മലവിസര്‍ജ്ജനസമയം ശരീരം തന്നെ നിജപ്പെടുത്തുന്നത്. സാധാരണ ഒരാള്‍ ദിവസം മലവിസര്‍ജനത്തിനായി ഒന്നോ രണ്ടോ തവണ ടോയ്ലറ്റില് പാേകേണ്ട ആവശ്യമേ ഉള്ളൂ. എന്നാല്‍ മൂത്രമൊഴിക്കാന്‍ കൂടുതല്‍ തവണ പോകേണ്ടി വരും. ഭക്ഷണം ശരിയായി ദഹിച്ച് അതില്‍ നിന്ന് ശരീരത്തിന് ആവശ്യമായവ വലിച്ചെടുത്തശേഷം ശേഷിക്കുന്ന മാലിന്യമാണ് മലമായി പുറത്തുപോകുന്നത്. ഭക്ഷണം ശരിയായി ദഹിക്കാതിരിക്കുമ്പോള്‍ മലത്തിന്റെ അളവ് കുറയുന്നതിനൊപ്പം ശരീരത്തില്‍ നിന്ന് പുറത്തുപോകാന്‍ കൂടുതല്‍ സമയം എടുക്കുകയും ചെയ്യും. ഭക്ഷണം നന്നായി ദഹിക്കാതിരിക്കുന്നത് കുടല് ക്യാന്‍സറിന്റെ ലക്ഷണമാവാം. ഇടവിട്ട് ടോയ്ലറ്റില് പോകുന്നത് മലാശയ കാന്‍സറിന്റെ ലക്ഷണവുമാവാം. ഇതിനൊപ്പം വയറ്റില്‍ വേദന, കടുത്ത ക്ഷീണം, ഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ദഹന വ്യവസ്ഥയ്ക്ക് പുറത്തുസംഭവിക്കുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും ഇത്തരം അസ്വസ്ഥതകള്‍ ശരീരത്തിനുണ്ടാവാം എന്നും ഗവേഷകര്‍ പറയുന്നുണ്ട്. ഇത്തരത്തിലുളളവര്‍ക്ക് ഹൃദയാഘാതം വരാന്നുള്ള സാദ്ധ്യതയും കൂടുതലാണത്രേ. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം ടോയ്ലറ്റില് പോകുന്നത് ഗുരതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്‍കുന്നുണ്ട്. പഴകിയ മലം കെട്ടിനില്‍ക്കുന്നതാണ് പ്രശ്നമാകുന്നത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.64, പൗണ്ട് – 91.03, യൂറോ – 80.02, സ്വിസ് ഫ്രാങ്ക് – 82.57, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.24, ബഹറിന്‍ ദിനാര്‍ – 216.40, കുവൈത്ത് ദിനാര്‍ -263.41, ഒമാനി റിയാല്‍ – 212.07, സൗദി റിയാല്‍ – 21.73, യു.എ.ഇ ദിര്‍ഹം – 22.23, ഖത്തര്‍ റിയാല്‍ – 22.42, കനേഡിയന്‍ ഡോളര്‍ – 59.02.