ലിജു തോമസിന്റെ സംവിധാനത്തില്‍ അര്‍ജുന്‍ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അന്‍പോട് കണ്‍മണി’യിലെ ‘രാ ശലഭങ്ങളായി നമ്മള്‍’ എന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ ഗാനം കെ എസ് ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. 123 മ്യൂസിക്‌സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെ അകറ്റി നിര്‍ത്തി, പ്രണയം വീണ്ടും കണ്ടെത്താന്‍ പുറപ്പെട്ട ഒരു ദമ്പതികളുടെ ഹൃദയ സ്പര്‍ശിയായ യാത്രയാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. ചിത്രത്തില്‍ അല്‍ത്താഫ് സലിം, മാലാ പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു.