നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഓഫീസുകള്‍ അടച്ചു സീല്‍ ചെയ്യാനും സര്‍ക്കാര്‍ ഉത്തരവിറക്കി. യുഎപിഎ നിയമനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ എസ്പിമാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും അധികാരം നല്‍കിക്കൊണ്ടാണ് ഉത്തരവ്. ഡിജിപി വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കും.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് അഞ്ചു കോടി 20 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പോപ്പുലര്‍ ഫ്രണ്ടും സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറുമാണ് ഈ തുക കെട്ടിവയ്‌ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി. കെഎസ്ആര്‍ടിസിയും സര്‍ക്കാരും ആവശ്യപ്പെട്ട തുകയാണിത്.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആറാം പ്രതി. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ ഒന്നാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണ്. ലൈഫ് മിഷന്‍ അഴിമതിയിലെ കമ്മീഷനാണ്. സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നക്ക് ചോര്‍ത്തി. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറന്‍സി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.
അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നു സുപ്രീംകോടതി. ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. 24 ആഴ്ചയ്ക്ക് താഴെ പ്രായമുള്ള ഗര്‍ഭം ഒഴിവാക്കുന്നതിന് വിവാഹിതരായ സ്ത്രീകള്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കി.
കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രി നിയമ വിരുദ്ധമായി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തിലാണോ മുഖ്യമന്ത്രിക്ക് എതിരായ ഹര്‍ജി എന്ന് വിജിലന്‍സ് കോടതി പരാതിക്കാരനോട് ചോദിച്ചു. ഹര്‍ജിയില്‍ തുടര്‍വാദം അടുത്ത മാസം 22 ലേക്ക് മാറ്റി.
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് 80 ലക്ഷം രൂപ നല്‍കി ഒത്തുതീര്‍പ്പാക്കി. വാദിയായ ബിഹാര്‍ സ്വദേശിനിയിയുടെ അപേക്ഷ പരിഗണിച്ച് ബോബെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു. കുട്ടിയുടെ അച്ഛന്‍ ആരെന്ന കണ്ടെത്താന്‍ നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം പുറത്തുവരും മുമ്പേയാണ് കേസ് ഒത്തുതീര്‍ത്തത്.
കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണത്തിനു തൊഴിലാളി യൂണിയന്‍ നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ രണ്ടാം വട്ട ചര്‍ച്ച ഇന്നു മൂന്നിന്. എട്ടു മണിക്കൂറിലധികം വരുന്ന തൊഴില്‍ സമയത്തിന് രണ്ടു മണിക്കൂര്‍ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നല്‍കുമെന്നാണ് മാനേജ്മെന്റിന്റെ വാഗ്ദാനം. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്.
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രിം കോടതിയില്‍. പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്ന ആരോപണവുമായാണ് അതിജീവിത ഹര്‍ജി നല്‍കിയത്. പൊലീസിന്റെ കൈയ്യില്‍ തെളിവുണ്ടെന്നും ആരോപിക്കുന്നുണ്ട്. വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.