2024 നവംബര്‍ വരെയുള്ള കാര്‍ വില്‍പനയുടെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ വാഗണ്‍ ആറിനെ മറികടക്കുന്ന പ്രകടനം നടത്തി എര്‍ട്ടിഗ. 2021ലും 2022ലും 2023ലും വില്‍പനയില്‍ ഒന്നാമതായിരുന്ന മാരുതി വാഗണ്‍ ആറിനേക്കാള്‍ 483 യൂണിറ്റുകള്‍ കൂടുതലാണ് ഇക്കുറി എര്‍ട്ടിഗ വിറ്റിരിക്കുന്നത്. 2024 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള വില്‍പനയുടെ കണക്കുകളിലാണ് എര്‍ട്ടിഗയുടെ പടിപടിയായുള്ള മുന്നേറ്റം. 11 മാസത്തില്‍ 1,74,035 യൂണിറ്റുകള്‍ വിറ്റാണ് എര്‍ട്ടിഗ എംപിവി മാരുതി സസുക്കിയുടെ ഇതുവരെയുള്ള ബെസ്റ്റ് സെല്ലര്‍ പട്ടം നേടിയിരിക്കുന്നത്. രണ്ടാമതുള്ള വാഗണ്‍ ആര്‍ ഇതേ കാലയളവില്‍ 1,73,552 എണ്ണമാണ് വിറ്റത്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ 2,01,301 വാഗണ്‍ ആറുകളാണ് വിറ്റു പോയതെങ്കില്‍ ഇതേ കാലയളവില്‍ വിറ്റ എര്‍ട്ടിഗയുടെ എണ്ണം 1,29,968 മാത്രമായിരുന്നു. 2023ല്‍ എര്‍ട്ടിഗയേക്കാള്‍ 71,333 വാഗണ്‍ ആറുകള്‍ വിറ്റു പോയിരുന്നു. ഈ വ്യത്യാസം കൂടി കണക്കിലെടുത്താലേ എര്‍ട്ടിഗയുടെ 2024ലെ കുതിപ്പ് കൂടുതല്‍ വ്യക്തമാകൂ.